UPDATES

ന്യൂസ് അപ്ഡേറ്റ്സ്

1000, 500 നോട്ട് നിരോധനം; സാമ്പത്തിക ശാസ്ത്രത്തിന്റെ കവല അനുഭവങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

എന്ത് 500? എന്ത് 1000? വേണമെങ്കില്‍ 100-ന്റെയും 50-ന്റെയും കൂടി നോട്ട് നിരോധിച്ചോ എനിക്കൊരുബുദ്ധിമുട്ടുമില്ല. എന്റെ കൈയില്‍ പൈസയില്ലാ. ങ്ങ്ഹ… എന്റെ കൈയില്‍ പൈസയില്ല,’

കേന്ദ്ര സര്‍ക്കാര്‍ 500-ന്റെയും 1000-ന്റെയും കറന്‍സി നോട്ടുകള്‍ നിരോധിച്ചത് നിങ്ങളെ ബാധിച്ചോ? എന്നു ചോദിച്ചപ്പോള്‍ തിരുവനന്തപുരം ശാസ്തമംഗലത്തെ ബേബി ചേട്ടന്റെ മറുപടിയാണ്. 

1000 ന്റെയും 500 ന്റെയും കറന്‍സി നോട്ടുകള്‍ക്ക് നിരോധനം വന്നതിനു പിന്നാലെ  വ്യത്യസ്തമായ അനുഭവങ്ങളാണ് തിരുവനന്തപുരത്ത്  കാണാന്‍ കഴിഞ്ഞത്. തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകനായ വിഷ്ണു വേണുഗോപാലും സുഹൃത്ത് രോഹിലും(ടെക്‌നോപാര്‍ക്കിലെ ഐടി ഉദ്യോഗസ്ഥന്‍) നോട്ട് പിന്‍വലിക്കല്‍ വാര്‍ത്തയറിഞ്ഞ് ചില്ലറ മാറാനും വണ്ടിക്ക് പെട്രോള്‍ അടിക്കാനും പമ്പില്‍ കയറിയ പറ്റിയ അവസ്ഥ ദയനീയമായിരുന്നു. സമയം രാത്രി 12 മണിയോടെ അടുത്തിരുന്നുവെങ്കിലും പമ്പില്‍ തിരക്കിന് കുറവുണ്ടായിരുന്നില്ല. മണിക്കൂറുകള്‍ ക്യൂവില്‍ നിന്ന് വിഷ്ണു അടുത്തെത്തിയപ്പോള്‍ പമ്പുകാരന്റെ ഭീഷണി; ചില്ലറയുണ്ടെങ്കിലെ പെട്രോള്‍ അടിക്കൂ. 500 രൂപയുടെ നോട്ടും പിടിച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്‍ അവസാനം തര്‍ക്കിച്ച് തര്‍ക്കിച്ച് ആ പൈസയ്ക്ക് മുഴുവന്‍ പെട്രോള്‍ അടിച്ച് തിരിച്ചു മടങ്ങി.

ഇന്നലെ ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായ ഉദ്യോഗസ്ഥന്‍ വഴുതക്കാട് പെട്രോള്‍ പമ്പിലെ ജീവനക്കാരോട് കെഞ്ചുന്നു; ഞാന്‍ എന്നും ഇവിടെ നിന്നു പെട്രോള്‍ അടിക്കുന്ന ആളല്ലെ. എനിക്ക് കുറച്ചു പെട്രോള്‍ തന്നുകൂടെ. പമ്പുകളില്‍ 100 രൂപയും 50 രൂപയും ഉള്ളവന്‍ വിഐപിയായി വരുന്നു ഇന്ധനം അടിക്കുന്നു, പോകുന്നു. എന്നാല്‍ 1000-വും. 500-ഉം മായി പോക്കറ്റ് നിറഞ്ഞിരിക്കുന്ന ബെന്‍സിലും ഓഡിയിലും വന്നവര്‍ കാത്തു നില്‍ക്കുന്നു. ചില പമ്പുകളില്‍ മുഴുവന്‍ തുകയ്ക്കും ഇന്ധനം അടിക്കുവാണെങ്കില്‍ 500,1000 ഒക്കെ സ്വീകരിക്കും. ചിലയിടത്ത് കള്ളനോട്ടിനെ പേടിച്ച് ‘വലിയ പേപ്പറിനെ’ തിരിഞ്ഞുപോലും നോക്കുന്നില്ല. ചെറിയ നോട്ടുകള്‍ ഉള്ളവന്‍ രാജാവായി. വലിയ നോട്ടുകള്‍ ഉപയോഗിച്ചു ശീലിച്ച കൈകളുടെയും അവസ്ഥ ദയനീയമായി.

വെള്ളയമ്പലത്തിനടുത്ത്‌ പണിക്കേഴ്‌സ് ലൈനിലെ പലചരക്ക് കടക്കാരന്‍ അമീര്‍ ഇക്ക ആകെ ബേജാറിലാണെങ്കിലും, കള്ളപ്പണകാര്‍ക്കും, കള്ളനോട്ടുകാര്‍ക്കും നല്ലൊരു പണി കിട്ടിയതില്‍ സന്തോഷവുമുണ്ട്. രാവിലെ മുതല്‍ കടയില്‍ ആളുവരുന്നുണ്ട്. പക്ഷെ ചില്ലറയില്ലാത്തതിനാല്‍ കച്ചവടം നടക്കുന്നില്ല. അതിന് പുറമെ ചില്ലറ അന്വേഷിച്ചുള്ള ആളുകളുടെ വരവും. അവസാനം ആമീര്‍ ഇക്കക്ക് ബോര്‍ഡ് എഴുതി വയ്‌ക്കേണ്ടി വന്നു. ‘500-ന്റെയും 1000-ന്റെയും കറന്‍സി നോട്ടുകള്‍ എടുക്കില്ല, ചില്ലറ തരണം’ ജില്ലയിലെ പല കടകളിലും ഇത്തരം ബോര്‍ഡുകളാണ് നിറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്തെ മെഡിക്കല്‍ ഷോപ്പുകളുടെ അവസ്ഥയും പരുങ്ങലിലാണ്. എന്നാലും രണ്ടു മൂന്ന് ദിവസങ്ങള്‍കൊണ്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നാണ് ഇവര്‍ കരുതുന്നത്. പക്ഷെ പലരും മെഡിക്കല്‍ ഷോപ്പില്‍ ചില്ലറ കിട്ടുമെന്നു കരുതി എത്തുകയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ഡോക്ടറുമാരുടെ കുറിപ്പുകൊണ്ട് എത്തുന്നവര്‍ക്ക് മാത്രമാണ് വലിയ നോട്ടിന് മരുന്ന് നല്‍കുന്നതെന്ന് അവരോട് പറഞ്ഞിട്ട് അവര്‍ അംഗീകരിക്കുന്നില്ല. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും കേന്ദ്രത്തിന്റെ നടപടി എന്തുകൊണ്ടും നല്ലതാണെന്നാണ് മെഡിക്കല്‍ ഷോപ്പ് ഉടമ സൂര്യ. കെ പറയുന്നത്.

മാര്‍ ഇവാനിയോസ് കോളേജിലെ ഒരു വിദ്യാര്‍ഥി സംഘം പറയുന്നത് ഇത്തരം നടപടികള്‍ രാജ്യത്തിന് നല്ലതാണ്‌, പക്ഷെ ഇത്ര പെട്ടെന്ന് നിയമം പ്രഖ്യാപിച്ചത് ശരിക്കും വലച്ചു എന്നാണ്.  

കോളേജ് ഫീസ് അടക്കാന്‍ പോയപ്പോള്‍ 500,1000 നോട്ടുകള്‍ സ്വീകരിച്ചില്ലെന്നും പണം അടയ്ക്കാനുള്ള അവസാന ദിവസമായതിനാല്‍ എത്ര അന്വേഷിച്ചിട്ടും ചില്ലറ കിട്ടിയില്ല. കോളേജ് അധികൃതരോട് വിവരം ധരിപ്പിച്ചിട്ടുണ്ട്. പണം അടയ്ക്കാനുള്ള തീയതി നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്; വിഷ്ണു എന്ന വിദ്യാര്‍ഥി പറയുന്നു. കൂടെയുണ്ടായിരുന്ന അഖില്‍ എം, റിജോ ജോസും, രശ്മി കെആറും വിഷ്ണുവിനോട് യോജിക്കുന്നു. പഠിത്തം കഴിഞ്ഞ് നഗരത്തില്‍ കറങ്ങി നടക്കുന്ന മറ്റൊരു സംഘം പറഞ്ഞത് പെട്രോള്‍ അടിക്കാന്‍ ബുദ്ധിമുട്ടി, പക്ഷെ വെറെ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായില്ല. അതിനുള്ള കാരണവും സംഘത്തിലെ ബ്രുവന്‍ പറയുന്നത് ‘ഞങ്ങടെ കൈയില്‍ ആകെ വീട്ടുകാര്‍ തരുന്നത് നൂറോ നൂറ്റമ്പത്തോ രൂപയാണ്. അതുകാരണം ഇപ്പം ഞങ്ങള്‍ പൈസകാരാണ്.’

ശാസ്തമംഗലം കവലയില്‍ ലോട്ടറി വില്‍ക്കുന്ന തുളസീധരന്‍ പറയുന്നത്. ‘രാവിലെ ഒന്നു രണ്ടു പേരു വന്നപ്പോള്‍ വലിയ നോട്ട് മേടിച്ചില്ല, എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ വാങ്ങി. നോട്ട് മേടിച്ചിട്ട് നമ്മള്‍ ബാങ്കില്‍ കൊണ്ടുപോയി മാറ്റിയാല്‍ പോരെ.‘ അടുത്തുള്ള ഓട്ടോറിക്ഷ ഡ്രൈവറുമാരായ ബാബു, സന്തോഷ്, ബിജു തുടങ്ങിയവരും സര്‍ക്കാരിന്‍െ നടപടിയെ വാഴ്ത്തുകയണ്. രാവിലെ മുതല്‍ ഓട്ടം ഇല്ലാത്തതിനാല്‍ അതിന്റെ ഒരു പരിഭവം ഉണ്ടെങ്കിലും രാജ്യത്തിനു വേണ്ടി രണ്ട് ദിവസമല്ല രണ്ട് മാസം വരെ ബുദ്ധിമുട്ടുകള്‍ സഹിക്കാന്‍ തയ്യാറാണെന്നാണ് ഇവര്‍ പറയുന്നത്. നമ്മുടെ വീട്ടില്‍ ചില ബുദ്ധിമുട്ടുകള്‍ ഉണ്ടായാല്‍ സഹിക്കില്ലെ, അതുപ്പോലെ രാജ്യത്തിന്റെ ഒരു കാര്യത്തിനായി സഹിക്കുമെന്നാണ് ശ്രീരാമകൃഷ്ണന്‍ ആശുപത്രിയുടെ അടുത്തുള്ള ഓട്ടോ തൊഴിലാളികള്‍ പറയുന്നത്.

പെട്ടിക്കട നടത്തുന്ന ശകുന്തളക്ക് എന്തിനാണ് നോട്ട് നിരോധിച്ചതെന്ന് അറിയില്ല. അവരുടെ കടയില്‍ 500, 1000വും കൊണ്ട് ആരും വരാറില്ല. കള്ളനോട്ടായതുകൊണ്ടാണ് ആ നോട്ടുകള്‍ നിരോധിച്ചത് എന്നാണ് ശകുന്തള കരുതിയിരിക്കുന്നത്. ശ്രീരാമകൃഷ്ണന്‍ ആശുപത്രിയില്ലെ ബില്ലിംഗ് കൗണ്ടര്‍ ജീവനക്കാര്‍ ആകെ പരിഭ്രത്തിലാണ് കാരണം രോഗികള്‍ക്ക് അത്യാവശ്യ മരുന്നുകള്‍ വേണ്ടി നടത്തുന്ന പണമിടപാടുകള്‍ പോലും നടത്താന്‍ കഴിയാത്തതിനാല്‍ രോഗികളുടെ ബന്ധുകള്‍ രോഷാകുലരാണ്. അവര്‍ തങ്ങളെ ആക്രമിക്കുമെന്ന ഭയമാണ്. പച്ചക്കറികടക്കാരും മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുക്കാരും തുടങ്ങി മിക്ക കച്ചവടക്കാരും ഇന്നലെ ഷോപ്പുകള്‍ രാവിലെ തന്നെ അടച്ചു. സ്ഥിരം സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവര്‍ ചില്ലറയില്ലാത്തതിനാല്‍ മുഷിഞ്ഞ് സംസാരിക്കുന്നു. ഇപ്പം കച്ചവടം കുറയുന്നതു കുഴപ്പമില്ല, കാരണം രാജ്യത്തിനു വേണ്ടിയല്ലെ. ആളുകളുമായുള്ള ബന്ധത്തിന് പ്രശ്‌നമുണ്ടായാല്‍ ഭാവിയില്‍ കച്ചവടം കുറയുമെന്ന ഭീതിയിലാണ് അവര്‍.

ശാസ്തമംഗലം പോസ്റ്റ് ഓഫീസില്‍ ധാരാളം ആളുകള്‍ ചില്ലറക്കായി വന്നിരുന്നു. എന്നാല്‍ രണ്ട് മണിക്കൂര്‍ കൊണ്ട് അത് തീര്‍ന്നു. പിന്നെ വരുന്നവരെ മടക്കി അയ്ക്കുവാന്‍ വളരെ കഷ്ടപ്പെട്ടുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. ബാങ്കില്‍ നിന്നും ആവശ്യത്തിനുള്ള ചെറിയ കറന്‍സികള്‍ കിട്ടിയില്ലെങ്കില്‍ വരുന്നവരോട് എന്തു പറയുമെന്നറിയാത്തതിന്റെ പരിഭ്രമമാണ് ഇവിടെയുള്ള ജീവനക്കാരുടെ വാക്കുകളിലും മുഖഭാഷയിലും കണ്ടത്. പൊതുവില്‍ എല്ലാവരും സര്‍ക്കാരിന്‍െ നടപടിയെ അംഗീകരിക്കുന്നുണ്ട്.  കുറച്ച് സാവകാശം നല്‍കിയിരുന്നെങ്കില്‍ എന്ന് ഒരു ഭാഗം വാദിക്കുമ്പോള്‍ മറുഭാഗം പറയുന്നത്, ഇതുപോലെ പെട്ടെന്ന് തീരുമാനമെടുക്കണമെന്നാണ്. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍