UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിന്‍വലിക്കലിന് ഇളവെന്ന് റിസര്‍വ് ബാങ്ക്; തലയ്ക്ക് ഓളമില്ലെന്ന്‍ ജനം; വിശ്വാസ്യത നഷ്ടമാകുന്ന ബാങ്കിംഗ് മേഖല

അഴിമുഖം പ്രതിനിധി

നിരോധിക്കാത്ത നോട്ടുകള്‍ ഇന്നു മുതല്‍ ബാങ്കില്‍ നിക്ഷേപിച്ചാല്‍ ആ പണം പരിധിയില്ലാതെ പിന്‍വലിക്കാമെന്ന് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ്. കഷ്ടപ്പെട്ട് ക്യൂ നിന്ന് പിന്‍വലിച്ചതും അവശ്യകാര്യങ്ങള്‍ക്കായി സൂക്ഷിച്ചു വച്ചിരിക്കുന്നതുമായ ചെറിയ നോട്ടുകള്‍ വീണ്ടും ബാങ്കില്‍ നിക്ഷേപിച്ച് പിന്നീട് വീണ്ടും ക്യൂ നിന്ന് പിന്‍വലിക്കാന്‍ നാട്ടുകാര്‍ക്ക് തലയ്ക്ക് ഓളമാണോയെന്ന് ജനങ്ങള്‍. മാസാവസാനമായതിനാല്‍ ശമ്പളം വരുന്ന സാഹചര്യത്തില്‍ ഇത് പിന്‍വലിക്കാന്‍ പരിധിയുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. ചുരുക്കത്തില്‍ രാജ്യത്തെ ബാങ്കിംഗ് സംവിധാനത്തില്‍ തന്നെ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു എന്നാണ് ഇക്കാര്യങ്ങള്‍ സൂചിപ്പിക്കുന്നത്.

 

നവംബര്‍ 29 മുതല്‍ നിക്ഷേപിക്കുന്ന സാധുവായ നോട്ടുകള്‍ പരിധിയില്ലാതെ പിന്‍വലിക്കാം എന്നാണ് റിസര്‍വ് ബാങ്കിന്റെ ഉത്തരവ്. “നിലവില്‍ പണം പിന്‍വലിക്കുന്നതിന് പരിധിയുള്ള സാഹചര്യത്തില്‍ ചില നിക്ഷേപകര്‍ തങ്ങളുടെ പണം അക്കൗണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് വിമുഖത കാണിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍, കാര്യങ്ങള്‍ ശ്രദ്ധാപൂര്‍വം പരിഗണിച്ചുകൊണ്ട്, നവംബര്‍ 29 മുതല്‍ നിക്ഷേപിക്കുന്ന സാധുവായ നോട്ടുകള്‍ പിന്‍വലിക്കുന്നതിന് പരിധി ഉണ്ടായിരിക്കുന്നതല്ല. അങ്ങനെ പിന്‍വലിക്കുമ്പോള്‍ നല്‍കുന്നത് പുതിയ 500, 2000 രൂപാ നോട്ടുകള്‍ ആയിരിക്കാന്‍ സാധ്യതയുണ്ട്” എന്നും റിസര്‍വ് ബാങ്ക് ഉത്തരവില്‍ പറയുന്നു. 

 

വിവാഹ ആവശ്യത്തിനുള്ള പണം പിന്‍വലിക്കല്‍; കടുത്ത നിയന്ത്രണങ്ങളുമായി ആര്‍ ബി ഐ

 

പഴയ 500, 1000 രൂപാ നോട്ടുകള്‍ ബാങ്കില്‍ കൊണ്ടുപോയി മാറ്റാനുള്ള തീയതി നേരത്തെ തന്നെ സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു. നോട്ടുകള്‍ മാറ്റാന്‍ ഡിസംബര്‍ 30 വരെ സമയം ഉണ്ടെന്നായിരുന്നു പ്രധാനമന്ത്രി അറിയിച്ചിരുന്നത്. നവംബര്‍ 24 വരെ 4000 രൂപ മാറ്റിയെടുക്കാമെന്നും അതിനു ശേഷം അതിന്റെ പരിധി ഉയര്‍ത്തുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. എന്നാല്‍ 24-ന് ഈ നോട്ട് മാറ്റിയെടുക്കല്‍ അവസാനിപ്പിക്കുകയാണ് ചെയ്തത്. 

ബാങ്കുകളില്‍ നിന്ന് പരമാവധി ഒരാഴ്ച പിന്‍വലിക്കാവുന്ന തുക 24,000 രൂപയാണ്. ഇത് കച്ചവട സ്ഥാപനങ്ങള്‍ക്കും ഉത്പാദന മേഖലയ്ക്കും വിവാഹം അടക്കമുള്ളവയ്ക്കും കനത്ത തിരിച്ചടിയായിരുന്നു. തുടര്‍ച്ചയായി ബാങ്കുകള്‍ നിയമം മാറ്റുന്നതു മൂലം അടുത്തതെന്തായിരിക്കും എന്നറിയാത്തതിനാല്‍ ജനം ബാങ്കുകളില്‍ പണം നിക്ഷേപിക്കുന്നതില്‍ നിന്ന് വിമുഖത കാണിക്കുന്ന സാഹചര്യത്തിലാണ് ആര്‍ബിഐയുടെ പുതിയ തീരുമാനം.

 

പ്രധാനമന്ത്രി രാജ്യത്തിനു നല്‍കിയ ഉറപ്പ് ലംഘിച്ചിരിക്കുന്നു; 500, 1000 നോട്ടുകള്‍ ഇനി മാറി കിട്ടില്ല

 

എന്നാല്‍ ജനങ്ങളുടെ കൈയിലുള്ള 100, 50, 20, 10 നോട്ടുകള്‍ ഇങ്ങനെ ബാങ്കില്‍ നിക്ഷേപിക്കാനുള്ള സാഹചര്യമല്ല നിലവിലുള്ളത്. രാജ്യത്തെ പണം ലഭ്യമാകുന്ന മിക്ക എടിഎമ്മുകളില്‍ നിന്നും ലഭിക്കുന്നത് 2,000 രൂപാ നോട്ടുകളാണ്. 500, 100 രൂപാ നോട്ടുകള്‍ വിരളമായി മാത്രമാണ് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ ഏതു നോട്ട് നിക്ഷേപിക്കണമെന്നാണ് ആര്‍ബിഐ ഉദ്ദേശിക്കുന്നത് എന്ന് മനസിലാകുന്നില്ലെന്നും വിമര്‍ശനമുയരുന്നു. ബാങ്കില്‍ നിക്ഷേപിച്ചാല്‍ തന്നെ അവിടെ നിന്ന് ലഭിക്കുന്നത് 500, 2000 രൂപാ നോട്ടുകളായിരിക്കുമെന്നും ആര്‍ബിഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. പലദിവസങ്ങള്‍ ക്യൂ നിന്ന് കഷ്ടപ്പെട്ട് സമ്പാദിച്ച പുതിയ 2000 രൂപാ നോട്ടുകള്‍ ഇനിയും എന്തിനാണ് ബാങ്കില്‍ നിക്ഷേപിക്കുന്നത് എന്ന ചോദ്യവും ജനങ്ങള്‍ ഉയത്തുന്നുണ്ട്. 

 

ബാങ്കുകളില്‍ നിന്ന് പിന്‍വലിക്കുന്ന പണം തിരികെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ ജനങ്ങള്‍ മടി കാണിക്കുന്ന സാഹചര്യത്തിലാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ് എന്നാണ് സൂചന. എന്നാല്‍ അടിക്കടി നിയമം മാറ്റുന്ന സാഹചരത്തില്‍ വീണ്ടും പ്രതിസന്ധിയിലാകാന്‍ തയാറല്ലാത്തതിനാല്‍ ജനങ്ങള്‍ നിയമവിധേയമായ തങ്ങളുടെ നോട്ടുകള്‍ വീണ്ടും ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ തയാറായാകുന്നില്ല എന്നതും പുതിയ ഉത്തരവിന്റെ പിന്നിലുണ്ട്. ബാങ്കുകളിലേക്ക് ഈ പണം തിരികെയെത്തിയാല്‍ നോട്ട് പ്രതിസന്ധി കുറെയൊക്കെ മറികടക്കാന്‍ സാധിക്കുമെന്നും റിസര്‍വ് ബാങ്ക് വിശ്വസിക്കുന്നു. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യത കുറവാണെന്നാണ് ബാങ്കിംഗ് മേഖലയിലുള്ളവര്‍ പറയുന്നത്.

 

ഇത് പിടിച്ചുപറിയും കൊള്ളയടിക്കലും; ഡോ മന്‍മോഹന്‍ സിംഗിന്റെ പ്രസംഗത്തിന്റെ പൂര്‍ണരൂപം

 

ബാങ്കുകളിലെ ജോലിഭാരവും പുതിയ നിബന്ധനകള്‍ക്ക് അനുസരിച്ച് കൂടിയിട്ടുണ്ട്. നവംബര്‍ എട്ടിന് മുമ്പ് ഒരു ബ്രാഞ്ചില്‍ പൈസ നിക്ഷേപിക്കുന്നതിന് ബാങ്ക് ജീവനക്കാര്‍ എടുത്തിരുന്നത് പണമെണ്ണിക്കഴിഞ്ഞാല്‍ ശരാശരി സമയം 10 സെക്കന്‍റ് മുതല്‍ 20 സെക്കന്‍റ് സമയമാണ്. ന്ക്ഷേപകരുടെ അക്കൌണ്ട് നമ്പര്‍ നല്‍കിയാല്‍ അതില്‍ ബാക്കി വിവരങ്ങള്‍ വരും, അതില്‍ തുക കൂടി എന്റര്‍ ചെയ്യേണ്ട ജോലിയേ ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഏതൊക്കെ നോട്ടുകള്‍, എത്രണ്ണം എന്ന് തിരിച്ചാണ് വിവരങ്ങള്‍ ചേര്‍ക്കേണ്ടത്. ഇതിന് 1 മിനിറ്റ് മുതല്‍ 2 മിനിറ്റ് വരെ ഒരു കസ്റ്റമറിന് വേണ്ടി ചെലവഴിക്കേണ്ടി വരുന്നുവെന്ന്‍ ബാങ്ക് ജീവനക്കാര്‍ പറയുന്നു. 1000 സെക്കന്‍റ് കൊണ്ട് ചെയ്തിരുന്ന ജോലികള്‍ ചെയ്യാന്‍ ഇപ്പോള്‍ 1000 മിനിറ്റ് വേണം എന്ന് ചുരുക്കം. ഇനം തിരിച്ച് നോട്ടുകളുടെ വിവരം സൂക്ഷിക്കുന്നത് കൊണ്ട് നിരോധനമില്ലാത്ത നോട്ടുകള്‍ നിക്ഷേപിച്ചാല്‍ പരിധിയില്ലാതെ പിന്‍വലിക്കാം എന്ന ആര്‍ബിഐയുടെ പുതിയ നിബന്ധന കൊണ്ട് പ്രശ്നമില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു

 

നോട്ട് നിരോധനം രാജ്യത്തെ കറന്‍സി സംവിധാനത്തിലും ബാങ്കിംഗ് മേഖലയിലുമുള്ള ജനങ്ങളുടെ വിശ്വാസത്തിന് ഇടിവു തട്ടുകയും അത് ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നതെന്ന് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ചൂണ്ടിക്കാട്ടിയിരുന്നു. അതുപോലെ ബാങ്കിംഗ് മേഖലയില്‍ അടിക്കടി നിയമം മാറ്റുന്നത് റിസര്‍വ് ബാങ്ക് അടക്കമുള്ളവയെ മോശമായ വിധത്തിലാണ് പ്രതിഫലിപ്പിക്കുക എന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ബാങ്കിംഗ് മേഖലയോട് ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെടുന്നു എന്നത് തിരിച്ചറിഞ്ഞു തുടങ്ങിയിരിക്കുന്നു എന്നതിന്റെ സൂചനയാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ഉത്തരവ് പ്രതിഫലിപ്പിക്കുന്നത് എന്നു ചുരുക്കും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍