UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എന്തു ചപ്പടാച്ചിക്ക് പുറത്തായാലും തൊമ്മി അത്ഭുതം കൂറണം എന്നാണോ?

Avatar

ദീപക് ശങ്കരനാരായണന്‍

ഇതെഴുതുന്നയാൾ വിഷയത്തിൽ വിദഗ്ദൻ പോയിട്ട് സാക്ഷരൻ പോലുമല്ല എന്ന് ആദ്യമേ പറയട്ടെ. സാമാന്യബുദ്ധി മാത്രം വച്ചുള്ള അഭ്യാസമാണ്. തെറ്റാണെങ്കിൽ തിരുത്താൻ തയ്യാറുമാണ്. ഡിക്ലറേയ്റ്റീവ് സ്റ്റേയ്റ്റുമെന്റുകളല്ല ഉദ്ദേശിച്ചത്, അവ അനിവാര്യമായും കൊട്ടയിലേ പോകൂ.

കറൻസി പിൻവലിക്കലിന് സമയം കൊടുത്തിരുന്നെങ്കിൽ എന്ത് തകരാറുണ്ടാവുമെന്ന് ഒരു കോസ്റ്റ്-ബെനഫിറ്റ് അനാലിസിസിന്റെ പിൻബലത്തോടെ യുക്തിസഹമായ ഒരു വിശദീകരണവും ഞാൻ കണ്ടില്ല. സമയം ഒരു വ്യത്യാസവും ഉണ്ടാക്കില്ലെന്ന് ഞാനും പറയുന്നില്ല, പക്ഷേ ഇപ്പോഴത്തെ നടപടി ഉണ്ടാക്കുന്ന ദേശിയ-വ്യക്തി നഷ്ടങ്ങളുടെ താരതമ്യത്തിൽ ഒരു സാധ്യതയും ഞാൻ നോക്കിയിട്ട് കാണുന്നില്ല.

കള്ളപ്പണം മറ്റ് മാർഗ്ഗങ്ങളിൽ നിക്ഷേപിക്കുക എന്ന സാധ്യതയായിരിക്കണം പൊതുവെ കരുതപ്പെടുന്നത്. പക്ഷേ ഏത് മാർഗ്ഗത്തിലായാലും ഇതേ കറൻസി ഫ്ലോ കാലാവധി കഴിയുന്നതോടെ അന്തിമമായി ബാങ്കുകളിൽ അവസാനിച്ചേ പറ്റൂ. മറ്റ് മാർഗ്ഗങ്ങളിൽ കൈകാര്യം ചെയ്യാൻ സാധ്യതയില്ലാത്തതുകൊണ്ട്. 

സമയം കൊടുക്കുന്ന പക്ഷം ഏതെങ്കിലും ഹൈ വാല്യൂ അസറ്റുകളിൽ (ഉദാഹരണം സ്വർണ്ണത്തിൽ) നിക്ഷേപിക്കാം എന്നാണെങ്കിൽ വ്യാപാരികൾക്ക് കറൻസി എക്സ്ചേഞ്ച് ചെയ്ത് പുതിയ കറൻസിയാക്കണമെങ്കിൽ അവരുടെ ഉപഭോക്താവിന്റെ പാൻ കാർഡും സ്വർണ്ണം (അല്ലെങ്കിൽ നിശ്ചിത തുകക്ക് മുകളിലുള്ള ഏതെങ്കിലും ഹൈ വാല്യൂ അസറ്റ്) വാങ്ങുന്നു എന്ന ഡിക്ലറേഷനും നിർബന്ധമാക്കുകയും കാണിച്ചേ പറ്റൂ എന്ന ഒറ്റ നിയന്ത്രണത്തിൽ നിൽക്കേണ്ടതാണ് ആ സാധ്യതയും.

സ്വർണ്ണക്കടക്കാരൻ, അതിനി എത്ര കണ്ണികൾ മറിഞ്ഞുള്ള സ്വർണ്ണവ്യാപാരിയായാലും, കാലാവധി കഴിയുന്നതിനുമുമ്പ് ഈ കറൻസികൾ ബാങ്കിൽ കൊടുത്ത് മാറ്റിയെടുത്തേ പറ്റൂ. ഇനി അതും കടന്ന് നിശ്ചിത തുകക്ക് മുകളിലുള്ള ( 10,000 എന്ന് വക്കുക) എല്ലാ ഹൈ വാല്യൂ അസറ്റുകളുടെയും ട്രാൻസാക്ഷൻ ബാങ്ക് വഴിയേ പാടുള്ളൂ എന്നും അതല്ലാതെ പണമായി വാങ്ങിയാൽ അതിന് സംരക്ഷണം കിട്ടില്ലെന്നും സർക്കാർ പറഞ്ഞാൽ തീർന്നു. ഒന്നല്ലെങ്കിൽ മറ്റൊരു വഴിക്ക് കറൻസി ബാങ്കിലെത്തിയേ പറ്റൂ, കാലാവധിക്ക് മുമ്പ്. കറൻസിയുടെ എക്യുമുലേഷൻ കൂടുന്തോറും റിസ്കും കൂടും.

വ്യക്തിപരമായ ആവശ്യത്തിന് സ്വർണ്ണം വാങ്ങാൻ പോകുന്നവർ വിൽപ്പന നികുതി പൊയ്ക്കോട്ടേന്ന് വച്ച് ബാങ്കിൽ പോയി ചലാനടച്ചോ ഡി ഡി വാങ്ങിയോ സ്വർണ്ണക്കടയിൽ കൊണ്ടുകൊടുത്ത് സ്വർണ്ണം വാങ്ങും. കള്ളപ്പണം കയ്യിൽ വച്ച് സ്വർണ്ണം വാങ്ങാൻ പോയാൽ ഉള്ള കള്ളപ്പണം എന്തുചെയ്യണമെന്നറിയാതിരിക്കുന്ന സ്വർണ്ണക്കടക്കാരൻ എന്തിന് തന്റെ ഫിസിക്കൽ അസറ്റ് റിസ്കിലിരിക്കുന്ന കറൻസിക്ക് പകരമായി എക്സ്ചേഞ്ച് ചെയ്യണം? ആ കറൻസി അയാളെന്ത് ചെയ്യാനാണ്?

ഇനി ചെറിയ തുകകളായുള്ള ട്രാന്‍സാക്ഷനുകൾ, ഉദാഹരണമായി നേരത്തെപ്പറഞ്ഞ 10,000 രൂപ, ആയി വലിയ തുകകളെ സ്പ്ലിറ്റ് ചെയ്യുകയും പലരെക്കൊണ്ട് പലരുടേയും തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് സ്വർണ്ണം വാങ്ങിപ്പിച്ച് അസറ്റാക്കി മാറ്റാമെന്നാണെങ്കിൽ അതേ ആളുകളെ ബാങ്കിൽ വിട്ട് പഴയ കറൻസി മാറ്റിയെടുക്കാമല്ലോ ഇപ്പോഴും. അമ്പതിനായിരം രൂപ മാറാൻ പോകുന്നവരോട് ആര് ചോദിക്കാനാണ്?

ഇനി സ്ഥലം വാങ്ങാം എന്നാണെങ്കിൽ, സ്ഥലം വിറ്റയാൾ ഈ പണം കാലാവധി കഴിയുന്നതിനുമുമ്പ് ബാങ്കിലെത്തിക്കെണം, അല്ലെങ്കിൽ അത് വെറും കടലാസാവും. ശരിയായ വില ആധാരത്തിൽ കാണിച്ചില്ലെങ്കിൽ ആ പണം കള്ളപ്പണമാവും. ശരിയായ വില കാണിച്ചുവെങ്കിൽ വാങ്ങിയയാൾ അത്രയും പണത്തിന് സോഴ്സ് കാണിക്കണം. സോഴ്സ് കാണിക്കാമെന്നുണ്ടെങ്കിൽ സ്ഥലം വാങ്ങാനൊന്നും നിൽക്കാതെ നേരെ ബാങ്കിൽ പോയി പുതിയ കറൻസിയാക്കിയാൽ പോരേ?!

പിന്നെ കേട്ട ഒരു വാദം വിദേശത്ത് നിക്ഷേപിക്കാമെന്നാണ്. നല്ല തമാശയാണ്. ഇന്ത്യൻ കറൻസിയും കൊണ്ട് അതിർത്തി കഴിഞ്ഞാൽ ചെയ്യാവുന്നത് കൂട്ടിവച്ച് വിശറിയുണ്ടാക്കുക എന്നതാണ്. നേപ്പാളിലൊക്കെ എടുക്കുമെന്ന് കേട്ടിട്ടുണ്ട്, അറിയില്ല.

ഇനി കള്ളനോട്ടിന്റെ കാര്യമാണെങ്കിൽ, പത്ത് ലക്ഷം നോട്ടുകളിൽ പതിനാറെണ്ണമാണ് അർ ബി ഐ യുടെ തന്നെ കണക്കുവച്ച് കള്ളനോട്ട്. താരതമ്യേന അത്ര വലുതൊന്നുമല്ല അത്. കള്ളപ്പണത്തിന്റെ ഏഴയലത്ത് വരില്ല കള്ളനോട്ടുകളുടെ മൂല്യം. അതിന്റെ മുകളിലുള്ള ഊന്നൽ കള്ളനോട്ടിനോടുള്ള വിരോധമൊന്നുമല്ല, കള്ളനോട്ട് വരുന്ന വഴികളുമായി അബോധത്തിൽ ബന്ധിപ്പിക്കപ്പെടുന്ന വിഭാഗങ്ങളോടുള്ള ചൊറിച്ചിലാണ്. അത് ഇതിലൊന്നും നിൽക്കുന്നതല്ലതാനും.

അപ്പോൾ എന്തിനായിരുന്നു ഈ ബഹളമൊക്കെ?

ഒറ്റ ഉത്തരമേ എനിക്കുള്ളൂ. Surprising people is a characteristic property of dictatorship. മനുഷ്യരെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കണം, എന്ത് ചപ്പടാച്ചിയുടെ പുറത്തായാലും. ഓമനേ, പട്ടേലരുടെ സെന്റിന്റെ മണം എന്ന് തൊമ്മിമാർക്കും അത്ഭുതം കൂറിക്കൊണ്ടേയിരിക്കണം.

ആർ ബി ഐ യുടെ ഒരു ഒഫിഷ്യൽ പ്രസ് റിലീസിൽ തീരാവുന്ന ഒരു അഡ്മിനിസ്ട്രേയ്റ്റീവ് തീരുമാനം ഇതുപോലെ യുദ്ധസമാനമായ സാഹചര്യം സൃഷ്ടിക്കില്ല. വല്ലവരും കഷ്ടപെടുന്നതിന്റെ ഹരം കാർഡുരച്ച് ജീവിക്കുന്ന മദ്ധ്യവർഗ്ഗത്തിന് കിട്ടില്ല. ഒരു തരത്തിൽ യുദ്ധക്കൊതിയുടെ മാനിഫസ്റ്റേഷനുകളാണ് ഇതൊക്കെ.

സാരമില്ല. അതിർത്തിയിലെ ധീരജവാൻമാരുടെ ത്യാഗത്തിനുമുന്നിൽ ഇല്ലം ചുടുമ്പോൾ ചത്തൊടുങ്ങുന്ന വാല്യക്കാരൊക്കെ എന്ത്?! വൻമരങ്ങളുടെ തണലിൽ ചില പുല്ലുകളൊക്കെ ഉണങ്ങുമല്ലോ!

ദീപക് ശങ്കരനാരായണന്‍ ഫേസ്ബുക്കില്‍ എഴുതിയത്: (https://www.facebook.com/dsankaranarayanan?fref=ts)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍