ക്രൈസ്തവ സഭയുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന ആരോപണങ്ങളിൽ ഇരകൾക്ക് നീതി കിട്ടപെടാതെ പോകുന്നതെന്തുകൊണ്ടാണ്? അന്വേഷണം മുതൽ വിചാരണ വരെ നീളുന്ന അട്ടിമറികളെക്കുറിച്ചുള്ള അന്വേഷണം
‘ശിക്ഷിക്കപ്പെടാവുന്ന കുറ്റത്തില്‍ അകപ്പെട്ടാല്‍ എങ്ങനെയും സംരക്ഷിക്കണം’ ഇങ്ങനെ ഒരു വാചകം കത്തോലിക്കാ സഭയുടെ ചരിത്രവുമായി ബന്ധപ്പെട്ട് പലകോണുകളില്‍ നിന്നായി പലപ്പോഴും ഉയര്‍ന്ന് കേള്‍ക്കാറുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ആദ്യകാലങ്ങളിലെപ്പോഴോ ആ സമയത്തുണ്ടായിരുന്ന മാര്‍പ്പാപ്പ കത്തോലിക്കാ സഭാ വൈദികര്‍ക്കും ബിഷപ്പുമാര്‍ക്കുമായി നല്‍കിയ നിര്‍ദ്ദേശമാണെന്നും അതോ ഇത് യഥാര്‍ഥത്തില്‍ ഏതെങ്കിലും സഭാ തലവന്‍ പറഞ്ഞതാണെന്നോ ഉള്ള തീര്‍ച്ച മിക്കവര്‍ക്കും ഇല്ല. ഇനി അത് ഒരു നടപടിക്രമമായി മാത്രം പരിഗണിച്ചാല്‍ പോലും ഒരു നൂറ്റാണ്ടിനപ്പുറം ഇന്ത്യയിലെ ക്രൈസ്തവ സമുദായത്തിന് ഏറ്റവും കൂടുതല്‍ സ്വാധീനവും ശേഷിയുമുള്ള കേരളത്തിലെ കത്തോലിക്കാ സഭയെ ആ വാചകവുമായി താരതമ്യപ്പെടുത്തിയാല്‍ ഒട്ടും അത്ഭുതമില്ല. സ്വത്ത് തര്‍ക്കവും ലൈംഗികാതിക്രമണവും മുതല്‍ ആത്മീയ സഭയും അതിന്റെ നേതൃത്വവും ഒരിക്കലും പിന്‍പറ്റാന്‍ പാടില്ലാത്ത കാര്യങ്ങളാണ് കേരള സമൂഹം കഴിഞ്ഞ കുറേക്കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. തെറ്റു ചെയ്തവരേയും സംരക്ഷിക്കുന്ന നിലപാടായിരുന്നു വര്‍ഷങ്ങളോളം കത്തോലിക്കാ സഭാ തുടര്‍ന്ന് പോന്നത്. സഭയക്ക് ദോഷകരമായി ഭവിക്കും എന്ന ഒറ്റക്കാരണത്താല്‍ കുറ്റവാളികളെ സഭയ്ക്ക് പുറത്തേക്ക് വിട്ടില്ല, ഇരകള്‍ക്ക് നീതിയും ലഭിച്ചില്ല. പിന്നീട് കാലങ്ങള്‍ പിന്നിടുന്തോറും വൈദികര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സഭയ്ക്ക് കളങ്കമാവുമെന്ന് മനസ്സിലാക്കിയവര്‍ നവീകരണത്തിനായി വാദിച്ചു. പരമാവധി നീതിയും തെറ്റ് ചെയ്തവര്‍ക്ക് ശിക്ഷയും എന്ന ആവശ്യം കത്തോലിക്കാ സഭയ്ക്കുള്ളില്‍ പലപ്പോഴും മുഴങ്ങിക്കേട്ടു. വര്‍ഷങ്ങളായി അതിനനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ പലത് വരുന്നുണ്ടെങ്കിലും ഫ്രാന്‍സിസ് മാര്‍പ്പാപ്പ അതില്‍ വ്യക്തമായ തീരുമാനങ്ങളെടുത്ത് നിര്‍ദ്ദേശം നല്‍കി. പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ വൈദികരെ സ്ഥാനത്ത് നിന്ന് സസ്പന്‍ഡ് ചെയ്യുക, ഇരയ്ക്ക് നീതി ഉറപ്പാക്കുക, പരാതിയുണ്ടായാല്‍ ഉടന്‍ പോലീസ് അധികാരികളെ അറിയിക്കുക എന്നിങ്ങനെയായിരുന്നു അത്. ആഗോള കത്തോലിക്കാ സഭ ഈ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് മുന്നോട്ട് പോവുകയും ആരോപിതരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും തുടങ്ങി. നാല്‍പ്പതും അമ്പതും വര്‍ഷം മുമ്പ് ആരോപിതരായവര്‍ക്കെതിരെ പോലും കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെടുകയും സഭാ നടപടികള്‍ ഉണ്ടാവുകയും ചെയ്തു. സാഹചര്യങ്ങള്‍ ഇങ്ങനെയായിരിക്കെ കേരളത്തിലെ കത്തോലിക്കാ സഭയില്‍ എന്താണ് സംഭവിക്കുന്നത്? ഈ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കത്തോലിക്കാ സഭാ അധ്യക്ഷന്‍മാര്‍ ഇനിയും തയ്യാറായോ? ഇതിനുത്തരങ്ങള്‍ നല്‍കുന്നത് ഇനിയും ഉത്തരം കിട്ടാതെ നിലനില്‍ക്കുന്ന അനേകം കേസുകളും സഭയുടെ നിലപാടുകളുമാണ്. മറിയക്കുട്ടി കൊലപാതകവും അഭയ കേസും മുതല്‍ പ്രാര്‍ഥിക്കാനെത്തിയ ഒമ്പത് വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയത് വരെ വൈദികര്‍ക്കെതിരെയുയര്‍ന്ന അനവധി കേസുകള്‍ ഇതിന് ഉദാഹരണമായി നില്‍ക്കുന്നു.
സഭയ്ക്കെതിരെ ഉയര്‍ന്ന കേസുകളില്‍ പ്രധാനമായിരുന്നു സിസ്റ്റര്‍ അഭയയുടെ കൊലപാതകം. 1992 ല്‍ നടന്ന മരണത്തില്‍ ഇനിയും തീര്‍പ്പ് കല്‍പ്പിക്കാനോ കുറ്റക്കാര്‍ക്ക് ശിക്ഷ നല്‍കാനോ കഴിഞ്ഞിട്ടില്ല. അന്വേഷണങ്ങളിലും അന്വേഷണ റിപ്പോര്‍ട്ടുകളിലും നടന്ന തിരിമറികളും ക്രമക്കേടുകളും പലപ്പോഴായി പുറത്ത് വന്നു. സഭാ നേതൃത്വവും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളി എങ്ങനെയാണ് ഒരു കേസിനെ മാറ്റിമറിച്ചതെന്നതിന്റെ തെളിവ് കൂടിയായി നില്‍ക്കുന്നു അഭയ കേസ്.
മൊഴിമാറ്റങ്ങളുടെ, വെളിപ്പെടുത്തലുകളുടെ 27 വര്‍ഷങ്ങളില്‍ അഭയ കേസ്
1992 മാര്‍ച്ച് 27നാണ് കോട്ടയം ക്നാനായ കത്തോലിക്കാ രൂപതയുടെ കീഴിലുള്ള സെന്റ് പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ പൊത്തുമ്പതുകാരിയായ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യയോ കൊലപാതകമോ? ഈ ചോദ്യത്തിന് പിന്നാലെ അന്വേഷണങ്ങള്‍ നിരവധി നടന്നു. സഭയുമായി ബന്ധപ്പെട്ട മറ്റ് പല കേസുകളും ചരിത്രമായി മാറിയപ്പോള്‍ ഇന്നും കോടതിയിലും മാധ്യമ റിപ്പോര്‍ട്ടുകളിലും നിറഞ്ഞ് നില്‍ക്കുകയാണ് അഭയ കേസ്. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് 27 വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും കേസ് വിചാരണ കോടതിയിലാണ്. സാക്ഷികളില്‍ ചിലരുടെ മൊഴിമാറ്റങ്ങളും മറ്റ് ചിലരുടെ വെളിപ്പെടുത്തലുമായി അത് ഇപ്പോഴും തുടരുന്നു. സിബിഐ വിചാരണ കോടതിയില്‍ കേസ് ഒക്ടോബര്‍ ഒന്നിലേക്ക് മാറ്റി വച്ചിരിക്കുകയാണ്. കേസ് വിചാരണക്കിടയിലും ശ്രദ്ധേയമാവുന്നത് സാക്ഷികളുടെ കൂറമാറ്റത്തിലൂടെയാണ്. കേസില്‍ അമ്പതാം സാക്ഷിയായിരുന്ന സിസ്റ്റര്‍ അനുപമയാണ് ആദ്യം മൊഴി മാറ്റിയത്. അഭയയുടെ ചെരുപ്പും വസ്ത്രങ്ങളും കോണ്‍വെന്റിലെ അടുക്കളയില്‍ കണ്ടെന്നായിരുന്നു കോണ്‍വന്റില്‍ അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്ററുടെ ആദ്യമൊഴി. അസ്വാഭാവികമായി താന്‍ ഒന്നും കണ്ടില്ലെന്നാണ് കോടതിയില്‍ നല്‍കിയ മൊഴി.
അഭയ കൊല്ലപ്പെടുന്നതിന് തൊട്ടു മുന്‍പ് വെളുപ്പിന് 3.45 മണിയോടെ അഭയ തൊട്ടടുത്ത മുറിയില്‍ കഴിഞ്ഞിരുന്ന തന്നെ പഠിക്കാനായി വിളിച്ചുണര്‍ത്തി. അപ്പോള്‍ പ്രസന്ന വദനയായിരുന്നുവെന്നും ശിരോവസ്ത്രം ധരിച്ചിരുന്നുവെന്നും അല്‍പ സമയം കഴിഞ്ഞ് താഴെ അടുക്കളയില്‍ പാത്രങ്ങള്‍ വീഴുന്ന ശബ്ദം കേട്ട് താഴേക്ക് വന്ന താന്‍ താഴത്തെ നിലയിലെ വാഷ് ഏരിയയില്‍ ചെന്നപ്പോള്‍ ഫ്രിഡ്ജ് തുറന്ന് കിടക്കുന്നതായും അഭയയുടെ ശിരോവസ്ത്രവും ചെരുപ്പുകളും ഒരു കൈക്കോടാലിയും അടുക്കളയില്‍ കിടക്കുന്നത് കണ്ടതായും സിബിഐക്ക് നല്‍കിയ മൊഴിയില്‍ സിസ്റ്റര്‍ അനുപമ പറഞ്ഞിരുന്നു. കൊലപാതകം നടക്കുന്നതിന് തലേദിവസം രാത്രി ബൈബിള്‍ കണ്‍വന്‍ഷന് പോയ ശേഷം രാത്രി ഒമ്പത് മണിയ്ക്ക് അഭയക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നതായി സിബിഐക്ക് നല്‍കിയ മൊഴിയും കോടതിയില്‍ സിസ്റ്റര്‍ നിഷേധിച്ചു.
വിചാരണ തുടങ്ങി ആദ്യ ദിവസം സിസ്റ്റര്‍ അനുപമ മൊഴിമാറ്റിയെങ്കില്‍ രണ്ടാം ദിവസം നാലാം സാക്ഷിയായ സഞ്ജു പി മാത്യുവും കൂറുമാറി. സംഭവം നടന്ന ദിവസം ഫാ.കോട്ടൂരിന്റെ സ്‌കൂട്ടര്‍ മഠത്തില്‍ കണ്ടു എന്ന മൊഴി സഞ്ജു കോടതിയില്‍ തിരുത്തി. താനിങ്ങനെയൊന്ന് കണ്ടിട്ടില്ലെന്നായിരുന്നു പുതിയ മൊഴി. മഠത്തിന് സമീപം താമസിച്ചിരുന്നയാളാണ് സഞ്ജു. മഠത്തില്‍ സിസ്റ്റര്‍ അഭയയോടൊപ്പം താമസിച്ചിരുന്ന സിസ്റ്റര്‍ സുദീപ, സിസ്റ്റര്‍ ആനി ജോണ്‍, കോണ്‍വന്റ് ജീവനക്കാരിയായിരുന്ന അച്ചാമ്മ, ഇരുപത്തിയൊന്നാം സാക്ഷി നിഷാ റാണി എന്നിവരും കോടതിയില്‍ മൊഴി മാറ്റി.
അടുക്കള അലങ്കോലപ്പെട്ട് ഫ്രിഡ്ജ് ചെറുതായി തുറന്ന് കിടക്കുന്നു. തുറന്ന വെള്ളക്കുപ്പിയില്‍ നിന്ന് വെള്ളം താഴെ വീണിരുന്നു. രണ്ട് ചെരുപ്പുകള്‍ ഒന്നില്‍ നിന്ന് ഒന്ന് കുറച്ച് മാറി കിടന്നു, അടുക്കളയിലെ ഒരു വാതിലിന് താഴെയായി ശിരോവസ്ത്രവും കണ്ടു എന്നായിരുന്നു സിസ്റ്റര്‍ ആനിജോണ്‍ സിബിഐക്ക് നല്‍കിയ മൊഴി. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാല്‍ താന്‍ അടുക്കളയില്‍ ശിരോ വസ്ത്രം മാത്രമേ കണ്ടുള്ളൂ എന്ന മൊഴിയാണ് ആനി കോടതിയില്‍ നല്‍കിയത്. താന്‍ അഭയയുടെ അടുത്ത മുറിയില്‍ താമസിച്ചിരുന്നതാണെന്നും പുലര്‍ച്ചെ 4.15 മണിക്ക് കിണറ്റിലേക്ക് എന്തോ വലിയ ശബ്ദത്തോടെ വീഴുന്നത് കേട്ടു എന്നുമായിരുന്നു സിസ്റ്റര്‍ സുദീപയുടെ മൊഴി. എന്നാല്‍ അത്തരത്തില്‍ ഒരു ശബ്ദവും താന്‍ കേട്ടില്ല എന്നായിരുന്നു മൊഴിമാറ്റം. അഭയ കൊല്ലപ്പെട്ട ദിവസം രാവിലെ അടുക്കളയില്‍ അസ്വാഭാവികമായ ചിലത് കണ്ടു എന്നായിരുന്നു അച്ചാമ്മയുടെ മുന്‍ മൊഴി. പക്ഷെ അസ്വാഭാവിമായ താന്‍ ഒന്നും കണ്ടില്ലെന്ന് അച്ചാമ്മ കോടതിയില്‍ മൊഴി നല്‍കി. അച്ചാമ്മയെയും നുണപരിശോധനക്ക് വിധേയമാക്കണമെന്ന് സിബിഐ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ അച്ചാമ്മയെ സുപ്രീംകോടതിയെ സമീപിച്ചാണ് സിബിഐ നീക്കം തടഞ്ഞത്. നുണപരിശോധന നടത്താനുള്ള സിബിഐ നീക്കത്തിനെതിരെ സുപ്രീം കോടതിയില്‍ അച്ചാമ്മക്ക് വേണ്ടി ഹാജരായത് ലക്ഷങ്ങള്‍ ഫീസ് വാങ്ങുന്ന പ്രമുഖ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആണ്. ഹരീഷ് സാല്‍വെയെ ചുമതലപ്പെടുത്തിയത് ആരാണെന്ന സിബിഐ അഭിഭാഷകന്റെ ചോദ്യത്തിന് തന്റെ പേരില്‍ ആരോ കേസ് നടത്തുന്നുണ്ടായിരുന്നു എന്നായിരുന്നു അച്ചാമ്മയുടെ മറുപടി. എപ്പോഴും സന്തോഷവതിയായി കാണപ്പെട്ടിരുന്ന സിസ്റ്റര്‍ സെഫി, അഭയ കൊല്ലപ്പെട്ട ദിവസം ദേഷ്യത്തിലായിരുന്നെന്നും അസ്വാഭാവികമായി പെരുമാറിയെന്നുമുള്ള മൊഴിയാണ് നിഷ റാണി തിരുത്തിയത്. പ്രത്യേകിച്ചൊരു സ്വഭാവമാറ്റവും രണ്ടാം പ്രതിയായ സിസ്റ്റര്‍ സെഫിയ്ക്കുണ്ടായിരുന്നില്ലെന്നാണ് വിചാരണയ്ക്കിടെ നിഷ പറഞ്ഞത്.
എന്നാല്‍ കുറ്റ പത്രത്തിലെ അഞ്ചാം സാക്ഷിയായ ‘കള്ളന്‍’ രാജു തന്റെ മൊഴിയില്‍ ഉറച്ച് നിന്നു. സിസ്റ്റര്‍ അഭയയുടെ കൊലപാതക്കുറ്റം ഏറ്റെടുത്താല്‍ പണവും പാരിതോഷികവും നല്‍കാമെന്ന് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തിരുന്നു എന്ന് രാജു കോടതിയില്‍ പറഞ്ഞു. സംഭവ ദിവസം ഫാ.തോമസ് കോട്ടൂരിനെ കോണ്‍വന്റില്‍ കണ്ടു എന്ന മൊഴിയില്‍ രാജു ഉറച്ച് നിന്നു. കോണ്‍വന്റില്‍ നിന്ന് ചെമ്പ് കമ്പികള്‍ മോഷ്ടിച്ചെന്ന കേസില്‍ രാജു പ്രതിയായിരുന്നു. രണ്ട് ലക്ഷം രൂപയും ഭാര്യയ്ക്ക് ജോലിയും മക്കളുടെ പഠനകാര്യങ്ങള്‍ നോക്കാം എന്ന വാഗ്ദാനവുമായിരുന്നു ക്രൈംബ്രാഞ്ച് വച്ചത്. ക്രൈംബ്രാഞ്ചിന്റെ വാഗ്ദാനം തുറന്ന് പറഞ്ഞതോടെ തന്നെ മോഷണക്കേസില്‍ മനപ്പൂര്‍വം ഉള്‍പ്പെടുത്തുകയായിരുന്നു. കോണ്‍വന്റിന് സമീപത്തെ വീട്ടില്‍ തേങ്ങയിടാന്‍ ചെന്നപ്പോഴാണ് കോണ്‍വന്റിന്റെ ടെറസില്‍ ചെമ്പ് കമ്പികള്‍ കണ്ടത്. കോണ്‍വന്റില്‍ നിന്ന് ചെമ്പുകമ്പികള്‍ മോഷ്ടിക്കാന്‍ മൂന്ന് തവണയായി താന്‍ പോയി. പുലര്‍ച്ചെ 3.30നായിരുന്നു അവസാനം ചെന്നത്. അന്ന് കോണ്‍വന്റില്‍ നിന്ന് രണ്ട് പേര്‍ കോണി വഴി മുകളിലേക്ക് കയറുന്നതും തിരിച്ചിറങ്ങുന്നതും പരിസരം ശ്രദ്ധിക്കുന്നതും കണ്ടു. ഇവരിലൊരാള്‍ ഫാ. കോട്ടൂരാണെന്നും രാജു കോടതിയില്‍ പറഞ്ഞു.
ആദ്യം തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്താന്‍ അന്ന് കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ വി വി അഗസ്റ്റിന്‍ തന്നോട് ആവശ്യപ്പെട്ടതായായിരുന്നു സംഭവം നടക്കുമ്പോള്‍ കോണ്‍സ്റ്റബിളും കേസില്‍ എട്ടാം സാക്ഷിയുമായ എം എം തോമസ് നല്‍കിയ മൊഴി. ആദ്യത്തെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് തിരുത്തി പുതിയ റിപ്പോര്‍ട്ടാക്കിയെന്നും അഭയയുടെ മരണം നടന്ന കോണ്‍വന്റിലെ അടുക്കളയില്‍ ശിരോവസ്ത്രവും ചെരിപ്പും വാച്ചര്‍ ബോട്ടിലും കോടാലിയും കണ്ടിരുന്നതായും തോമസ് കോടതിയില്‍ പറഞ്ഞു. അതേസമയം ഫാ. കോട്ടൂര്‍ തന്നോട് കരഞ്ഞുകൊണ്ട് കുറ്റസമ്മതം നടത്തിയെന്നായിരുന്നു ഏഴാം സാക്ഷി കളര്‍കോട് വേണുഗോപാല്‍ നായരുടെ മൊഴി. പ്രതികളെ സിബിഐ അറസ്റ്റ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഇത് സംഭവിച്ചത്. ഫാ. പൂതൃക്കയിലും അന്ന് ഒപ്പമുണ്ടായിരുന്നു. നാര്‍കോ പരിശോധന തടയണമെന്നാവശ്യപ്പെട്ട് താന്‍ വഴി ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്യിപ്പിക്കാനാണ് ഇരുവരും എത്തിയത്. നാര്‍കോ കേസിന് എത്രലക്ഷം രൂപ ചെലവ് വന്നാലും താന്‍ വഹിക്കും. ളോഹയ്ക്കുള്ളില്‍ കരിങ്കല്ലല്ല.താന്‍ പച്ച മനുഷ്യനാണ്. വികാരങ്ങള്‍ ഉണ്ട്. താന്‍ തെറ്റ് ചെയ്തു. താന്‍ മാത്രമല്ല, മറ്റ് പലരും ഈ തെറ്റ് ചെയ്യുന്നുണ്ടെന്നും ഫാ.കോട്ടൂര്‍ തന്നോട് പറഞ്ഞതായി സിബിഐക്ക് നല്‍കിയ മൊഴി വേണുഗോപാല്‍ കോടതിയില്‍ ആവര്‍ത്തിച്ചു. അഭയയുടെ കഴുത്തിന് ഇരുവശവും നഖം കൊണ്ട് മുറിവേല്‍പ്പിച്ച പാടുകള്‍ കണ്ടതായി മൃതദേഹത്തിന്റെ ഫോട്ടോ എടുത്ത വര്‍ഗീസ് ചാക്കോ മൊഴി നല്‍കി. ഫോട്ടോകളും നെഗറ്റീവും താന്‍ പോലീസിന് കൈമാറി. 10 ഫോട്ടോകള്‍ കൈമാറിയിരുന്നു. എന്നാല്‍ ഇതില്‍ നാല് ഫോട്ടോകള്ും അവയുടെ നെഗറ്റീവുകളും കാണാനില്ല. മഠത്തില്‍ നിന്ന് പ്രതിഫലമായി 200 രൂപ നല്‍കി. എസ് പി മൈക്കിള്‍ പറഞ്ഞതിനനുസരിച്ചാണ് ഫോട്ടോകള്‍ പോലീസിന് കൈമാറിയതെന്നും വര്‍ഗീസ് പറഞ്ഞു. അഭയയുടെ മൃതദേഹം കാണുമ്പോള്‍ തലയില്‍ മുറിവുണ്ടായിരുന്നു എന്ന് അഭയ പഠിച്ച കോളേജിലെ അധ്യാപിക പ്രൊഫ.ത്രേസ്യാമ്മയും മൊഴി നല്‍കി. പ്രതികളുടെ സഹപ്രവര്‍ത്തകയുമായിരുന്നു ത്രേസ്യാമ്മ. ഫാ.കോട്ടൂരിനും ഫാ പൂതൃക്കയിലിനും എതിരെ വിദ്യാര്‍ഥികള്‍ പരാതി പറഞ്ഞിട്ടുള്ളതായും അവര്‍ വ്യക്തമാക്കി. മൊഴി മാറ്റാന്‍ ആദ്യം ഭീഷണിപ്പെടുത്തുകയും പിന്നീട് തനിക്കെതിരെ അപവാദ പ്രചരണം നടത്തുകയും ചെയ്തെന്ന് അവര്‍ മാധ്യമങ്ങളോട് പറയുകയും ചെയ്തു.
മൊഴിമാറ്റിയ സാക്ഷികള്‍ക്കെതിരെ കേസെടുക്കുമെന്ന് സിബിഐ അറിയിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും കോടതിയില്‍ സാക്ഷികള്‍ മൊഴിമാറ്റി പറയുന്ന കാഴ്ചയാണ് കണ്ടത്. ഇതേവരെയുള്ള വിചാരണയില്‍ ആറ് സാക്ഷികള്‍ കൂറുമാറി. ഇതില്‍ മൂന്ന് പേര്‍ കോണ്‍വന്റിലെ കന്യാസ്ത്രീകള്‍ തന്നെയായിരുന്നു. തുടര്‍ന്ന് മൂന്ന് കന്യാസ്ത്രീകളെ കൂറുമാറുമെന്ന സംശയമുള്ളതിനാല്‍ സാക്ഷി പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെട്ടു. സിസ്റ്റര്‍ വിനിത, സിസ്റ്റര്‍ ആനന്ദ്, സിസ്റ്റര്‍ ഷെര്‍ളി എന്നിവരെയാണ് ഒഴിവാക്കിയത്. കേസിലെ സാക്ഷികള്‍ കേസ് തേച്ചുമാച്ചുകളയാന്‍ ശ്രമിക്കുന്നവരെ ഭയന്ന് സാക്ഷിമാറ്റിയതായാണ് സിബിഐ കോടതിയെ ധരിപ്പിച്ചത്. കൃത്യമായ തെളിവുകളോ രേഖകളോ ഇല്ലാത്ത കേസില്‍ സാക്ഷി മൊഴികളുടെ അടിസ്ഥാനത്തിലാണ് വിചാരണ നടക്കുന്നത്. അതിനിടയില്‍ സാക്ഷികളുടെ കൂറുമാറ്റം സിബിഐക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.
ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് 1992 ഏപ്രില്‍ 14ന് ക്രൈബ്രാഞ്ചിന് കൈമാറി. കേസന്വേഷണം നടത്തിയ ക്രൈംബ്രാഞ്ച് 1993 ജനുവരി 30ന് സിസ്റ്റര്‍ അഭയയുടെ മരണം ആത്മഹത്യയാണെന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ചോദ്യം ചെയ്ത് അഭയ ആക്ഷന്‍ കൗണ്‍സില്‍ ഹൈക്കോടതിയെ സമീപിച്ചു. 1993 മാര്‍ച്ച് 29ന് ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം കേസ് സിബിഐ ഏറ്റെടുത്തു. ക്രൈബ്രാഞ്ച് കേസിലെ പല നിര്‍ണായക തെളിവുകളും നശിപ്പിച്ചിരുന്നു എന്ന് അന്വേഷണ ചുമതലയുണ്ടായിരുന്ന സിബിഐ ഡിവൈഎസ്പി വര്‍ഗീസ് പി തോമസ് ഒരിക്കല്‍ പറഞ്ഞു. അഭയ ആത്മഹത്യ ചെയ്തുവെന്ന റിപ്പോര്‍ട്ട് നല്‍കാന്‍ സിബിഐ എസ്പി വി ത്യാഗരാജന്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പത്രസമ്മേളനത്തില്‍ ആരോപിച്ചു. ഒടുവില്‍ സിബിഐ അഭയയുടേത് കൊലപാതകമാണെന്നും ക്രൈംബ്രാഞ്ച് വാദം തെറ്റാണെന്നും കണ്ടത്തി.
2008ല്‍ സഭാ നേതൃത്വത്തെ അസ്വസ്ഥതപ്പെടുത്തിക്കൊണ്ട് കേസിലെ മുഖ്യ പ്രതികളായ ഫാ.തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ,ജോസ് പൂതൃക്കയില്‍ എന്നിവരെ അറസ്റ്റ് ചെയ്തു. 2009 ജൂലൈ 17ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന നന്ദകുമാരന്‍ നായര്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഫാ.തോമസ് കോട്ടൂരിനെ മുഖ്യ പ്രതിയായും ഫാ.പൂതൃക്കയിലിനെ രണ്ടാം പ്രതിയായും സിബിഐ കണ്ടെത്തി. സിസ്റ്റര്‍ സെഫി കുറ്റകൃത്യത്തിന് കൂട്ടുനില്‍ക്കുകയും മറ്റ് രണ്ട് പ്രതികള്‍ക്കും സഹായം ചെയ്തു നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. 133 സാക്ഷികളും 70 രേഖകളുമാണ് സിബിഐ കോടതിയില്‍ ഹാജരാക്കിയത്. കേസ് വിചാരണ ഘട്ടത്തില്‍ എത്തിയപ്പോള്‍ കുറ്റവിമുക്താക്കാന്‍ പ്രതികള്‍ സിബിഐ കോടതിയില്‍ അപേക്ഷ നല്‍കി. ഫാ.ജോസ് പൂതൃക്കയിലിനെ കോടതി കുറ്റ വിമുക്തനാക്കി. ഫാ.കോട്ടൂരും സിസ്റ്റര്‍ സെഫിയും വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. ഈ വിധി ഹൈക്കോടതിയും അംഗീകരിച്ചു. വിടുതല്‍ ഹര്‍ജി 2019 ജൂലൈ 16ന് സുപ്രീം കോടതി തള്ളിയതോടൊണ് പ്രതികള്‍ വിചാരണ നേരിടുന്നത്. കുറ്റപത്രം സമര്‍പ്പിച്ച് പത്ത് വര്‍ഷം കഴിയേണ്ടി വന്നു വിചാരണ തുടങ്ങാന്‍.
(അടുത്തഭാഗം- മറിയക്കുട്ടി മുതല്‍ ഒമ്പത് വയസ്സുള്ള പെണ്‍കുട്ടി വരെ നീളുന്ന കൊള്ളരുതായ്മകളുടേയും നീതി നിഷേധത്തിന്റെയും അനുഭവങ്ങള്‍)