UPDATES

വിദേശം

അമേരിക്കന്‍ പ്രസിഡന്റായി സ്ത്രീയോ? വാള്‍മാര്‍ട്ട് നിരോധിച്ച ഒരു ടി-ഷര്‍ട്ടിന്റെ കഥ

Avatar

ലിന്‍ഡ്സെ ബീവര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്)

1933ല്‍ ആന്‍ മോളിവര്‍ റൂബനോട്‌ ഇര്‍വിന്‍ എന്ന കസിന്‍ പറഞ്ഞു, ഒരു പെണ്‍കുട്ടിക്ക് ഒരിക്കലും പ്രസിഡന്‍റ് ആകാനാകില്ല.

ദശാബ്ദങ്ങള്‍ക്ക് ശേഷം കൊര്‍പ്പറേറ്റ് അമേരിക്ക ഇത് തന്നെയാണ് അവരോട് പറയാന്‍ ശ്രമിക്കുന്നത്. പിറ്റ്സ്ബര്‍ഗില്‍ നിന്നുള്ള സൈക്കോളജിസ്റ്റ് ആയ റൂബന്‍ തൊണ്ണൂറുകള്‍ മുതല്‍ സ്ത്രീനേതാക്കളെപ്പറ്റിയുള്ള കുട്ടികളുടെ ധാരണകളെപ്പറ്റി പഠിക്കുകയായിരുന്നു. അപ്പോഴാണ്‌ ഡെനിസ് ദി മെനസ് കോമിക് സ്ട്രിപ്പ് അവരുടെ ശ്രദ്ധയില്‍ പെട്ടത്. അതില്‍ ഡെനിസിനോട്‌ ചുരുണ്ട മുടിക്കാരി ഫെമിനിസ്റ്റ് മാര്‍ഗരറ്റ് പറഞ്ഞു: “ഒരു ദിവസം ഒരു സ്ത്രീ പ്രസിഡന്റ്റ് ആകും.”

റൂബന്‍ ഈ വാചകം ടീഷര്‍ട്ടില്‍ പ്രിന്റ്‌ ചെയ്ത് ഫ്ലോറിഡയിലെ ഒരു വാള്‍മാര്‍ട്ട് സ്റ്റോറില്‍ വില്‍ക്കാന്‍ ശ്രമിച്ചു. തൊണ്ണൂറുകളില്‍ വാള്‍മാര്‍ട്ട് ഇത് പിന്‍വലിച്ചു. ഈ സന്ദേശം കുടുംബമൂല്യങ്ങളോട് ചേര്‍ന്ന് പോകുന്നില്ല എന്ന വിശദീകരണമാണ് വാള്‍മാര്‍ട്ട് റൂബന് നല്‍കിയത്.

ദേശവ്യാപകമായ പ്രതികരണങ്ങള്‍ക്ക് ശേഷം വാള്‍മാര്‍ട്ട് അത് തിരികെക്കൊണ്ടുവന്നു. റൂബന്‍ പിന്നീട് മറ്റൊരു വാചകം പിന്നിലെഴുതിയ പുതിയ ഒരു ടീഷര്‍ട്ട് കൂടി രംഗത്തിറക്കി. “ആ ഒരു ദിവസം ഇന്നാണ്.” തോന്നൂറ്റൊന്നുവയസായ റൂബന്‍ എന്ന സ്ത്രീ അവകാശപ്രവര്‍ത്തക പറയുന്നത് ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വെന്‍ഷന്‍ ഹിലരി ക്ലിന്റനെ ആദ്യ വനിത പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോഴാണ് ഈ ദിവസം വന്നത് എന്നാണ്.

“ഇത് കാണാനായി ഞാന്‍ എണ്‍പത്തിമൂന്നുവര്‍ഷം കാത്തിരുന്നു.” അവര്‍ വാഷിംഗ്‌ടണ്‍ പോസ്റ്റിനു നല്‍കിയ ടെലിഫോണ്‍ അഭിമുഖത്തില്‍ പറഞ്ഞു. “ഇതൊരു ചരിത്രനിമിഷമാണ്, ഇത് കാണാന്‍ കഴിയുന്നത് വരെ ആയുസ് തന്നതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു.”

ഹിലരി ക്ലിന്റന്‍ ആളുകളോട് സംസാരിച്ചപ്പോള്‍ ഒരു ജമ്പോട്രോണില്‍ നിന്ന് ഫോട്ടോകള്‍ ഫ്ലാഷ് ചെയ്തു. രാജ്യത്തെ നാല്‍പ്പത്തിനാല് പ്രസിഡന്റുമാര്‍, എല്ലാവരും പുരുഷന്മാര്‍, ഒരാളൊഴികെ എല്ലാവരും വെളുത്തവര്‍ഗ്ഗക്കാര്‍. പിന്നീട് ഹിലരി ക്ലിന്റന്‍ ചില്ലു തകര്‍ത്ത് വരുന്നത് പോലൊരു ദൃശ്യം.

“ആ ചില്ലുമേടയില്‍ നാം ഒരു വലിയ വിള്ളല്‍ വീഴ്ത്തി എന്നെനിക്ക് വിശ്വസിക്കാന്‍ വയ്യ.” ക്ലിന്റന്‍ തുടര്‍ന്നു. “ഇത്ര രാത്രി വരെ ഉണര്‍ന്നിരുന്നു ഇത് കാണുന്ന ഏതെങ്കിലും ചെറിയ പെണ്‍കുട്ടികളുണ്ടെങ്കില്‍ ഞാന്‍ അവരോടു പറയട്ടെ, ഞാന്‍ ഒരുപക്ഷെ ആദ്യ സ്ത്രീ പ്രസിഡന്‍റ്t ആയേക്കാം, എന്നാല്‍ നിങ്ങളിലൊരാളാണ് അടുത്തത്.”

ദശാബ്ദങ്ങളായി റൂബന്‍ അവരുടെ തന്നെ ചില്ലുമേടകള്‍ തകര്‍ത്ത് വരികയാണ്‌. രണ്ടാം ലോകമഹായുദ്ധകാലത്ത് അവര്‍ കുടുംബമായി ജീവിച്ചു തുടങ്ങിയതേയുള്ളൂ, വിദേശത്ത് യുദ്ധത്തിനു പോയ ഭര്‍ത്താവു സുരക്ഷിതനായി തിരികെയെത്തണെ എന്ന് പ്രാര്‍ത്ഥിക്കുന്നതിനിടെ അവര്‍ കോളേജ് വിദ്യാഭ്യാസം നേടി. അന്നത്തെ കാലത്ത് പല സ്ത്രീകളും ചെയ്യാത്ത ഒരു കാര്യം. അവര്‍ക്ക് പിറ്റ്സ്ബര്‍ഗ് സര്‍വകലാശാലയില്‍ നിന്ന് ബിരുദവും പിന്നീട് കൌണ്‍സിലിംഗ്- സൈക്കോളജിയില്‍ മാസ്റ്റര്‍സും ലഭിച്ചു. ഉന്നതവിദ്യാഭ്യാസത്തിലും സൈക്കോളജിയിലുമാണ് അവര്‍ക്ക് ഡോക്ടറേറ്റ് കിട്ടിയത്.

“എന്റെ അച്ഛന്‍ പറഞ്ഞു, ആനി നീ വളരെ സ്മാര്‍ട്ട്‌ ആണ്. ജീവിതത്തില്‍ നീ എന്ത് ചെയ്താലും വിജയിക്കും. അതുകൊണ്ട് ശ്രമിക്കാതിരിക്കരുത്.” ഞാന്‍ അച്ഛന്‍ പറഞ്ഞത് തെളിച്ചത്തില്‍ കേട്ടു, അതാണ് എന്റെ പ്രചോദനം.

വര്‍ഷങ്ങളോളം റൂബന്‍ ഫ്ലോറിഡയില്‍ സൈക്കോളജി പ്രോഫസറായിരുന്നു. പിന്നീടാണ് ഫാമിലി തെറാപ്പിയില്‍ ശ്രദ്ധിക്കുന സ്വകാര്യപ്രാക്ടീസ് അവര്‍ തുടങ്ങിയത്.

തൊണ്ണൂറ്റിമൂന്നില്‍ അവര്‍ കുട്ടികള്‍ക്ക് സ്ത്രീ നേതാക്കളോടുള്ള മനോഭാവത്തില്‍ ഗവേഷണം നടത്താന്‍ തുടങ്ങി. മിയാമിയിലെ 1500 സ്കൂളുകളിലാണ് സര്‍വേ നടത്തിയത്. പകുതിയോളം പേര്‍ വിശ്വസിച്ചത് പുരുഷന്മാര്‍ക്ക് മാത്രമേ പ്രസിഡന്‍റ് ആകാനാകൂ എന്നാണ്, മിയാമി ഹെറാള്‍ഡില്‍ പ്രസിദ്ധീകരിച്ച ലേഖനം പറയുന്നു.

“ഈ സര്‍വേ നടത്തിയ പെണ്‍കുട്ടികള്‍ക്ക് ഏറെ സങ്കടമായി. എന്തെങ്കിലും ചെയ്യണമെങ്കില്‍ തനിയെ ചെയ്യണമെന്നും ആണ്‍കുട്ടികള്‍ തുണയ്ക്കില്ല എന്നും അവര്‍ തിരിച്ചറിഞ്ഞു.”

വിമന്‍ ആര്‍ വണ്ടര്‍ഫുള്‍ എന്ന പേരില്‍ റൂബന്‍ ഒരു കമ്പനി തുടങ്ങി. പെണ്‍കുട്ടികളുടെ ആത്മാഭിമാനം വളര്‍ത്തുന്ന തരം ടീഷര്‍ട്ടുകള്‍ വില്‍ക്കാന്‍ തുടങ്ങി.

“ഞാന്‍ വളര്‍ന്നപ്പോള്‍ കേട്ട് പരിചയിച്ച അതേ കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് ഞാന്‍ ഇഷ്ടപ്പെട്ടില്ല- ഒരു പെണ്‍കുട്ടിക്ക് പ്രസിഡന്‍റ് ആകാനാകില്ലെന്ന്.”

ഇരുപത് വര്‍ഷം മുന്‍പ് റൂബന്റെ ഈ ടീഷര്‍ട്ടുകളാണ് സംവാദങ്ങള്‍ക്കിടയില്‍ ഇങ്ങനെ ചില ചോദ്യങ്ങള്‍ ഉയര്‍ത്തിയത്.

തൊണ്ണൂറ്റിമൂന്നിലെ ഡെനിസ് ദി മെനസ് കോമിക്കില്‍ ഡെന്നിസ് ഒരു ക്ലബ്ഹൌസ് നിര്‍മ്മിക്കുകയാണ്. പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല. മാര്‍ഗരറ്റ് അവനെ പെണ്‍കുട്ടികള്‍ക്ക് ചെയ്യാനാകുന്ന കാര്യങ്ങള്‍ പഠിപ്പിക്കുകയാണ്, ഇതില്‍ പ്രസിഡന്റ്റ് ആകലും ഉണ്ട്.

റൂബന്‍ കാര്‍ട്ടൂണ്‍ നിര്‍മ്മിച്ച ഹെന്റി കിംഗ്‌ കെച്ചമിനെ വിളിച്ചുവെന്നും കിംഗ്‌ ഫീച്ചേര്‍സ് സിണ്ടിക്കേറ്റില്‍ നിന്ന് ഈ ചിത്രം ഒരു ടീഷര്‍ട്ടില്‍ ഉപയോഗിക്കാന്‍ അനുവാദം തേടി എന്നുമാണ് പറയുന്നത്.

മിരാമറിലെ ഒരു വാള്‍മാര്‍ട്ടില്‍ അവര്‍ പല ഡസന്‍ ടീഷര്‍ട്ട് വിറ്റു. എന്നാല്‍ ഈ സന്ദേശത്തിന്റെ രാഷ്ട്രീയം ചില ഉപഭോക്താക്കള്‍ ചര്‍ച്ച ചെയ്തപ്പോഴാണ് അവ നീക്കിയത് എന്ന് അന്നത്തെ വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

“ഈ ടീഷര്‍ട്ട് കുറച്ച് ആളുകളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുവെന്ന് പറഞ്ഞാണ് അവര്‍ കച്ചവടം അവസാനിപ്പിച്ചത്.” വാള്‍മാര്‍ട്ട് വക്താവ് ജേന്‍ ബോക്ഹോള്‍ട്ട് തൊണ്ണൂറ്റിയഞ്ചില്‍ അസോസിയേറ്റ് പ്രസിനോട് പറഞ്ഞു.

സ്ത്രീകളെ നേതാക്കളായി കാണുന്നത് ഒരു ഭീഷണിയായാണ് ഈ രാജ്യം കരുതുന്നത് എന്ന് തനിക്ക് മനസിലായി എന്നാണു റൂബന്‍ അന്ന് ന്യൂസ് ഏജന്‍സികളോട് പറഞ്ഞത്.

“ഇതൊരു ദുരന്തമാണ്,” അവര്‍ അന്ന് മിയാമി ഹെറാള്‍ഡിനോട് പറഞ്ഞു. “സ്ത്രീകളെ നേതാക്കളായി കരുതുന്നത് ഇന്നും ഈ രാജ്യത്ത് ഒരു ഭീഷണി പോലെ കരുതപ്പെടുന്നു.”

എട്ടുമാസമായ കൊച്ചുമകനെ ഒരു ടീഷര്‍ട്ട് അണിയിച്ച് അവനെ തോളിലെടുത്തുകൊണ്ട് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ടറെ കാണാന്‍ പോയെന്ന് റൂബന്‍ പറയുന്നു.

ഈ ലേഖനം പ്രസിദ്ധീകരിച്ചതോടെ സ്ത്രീകള്‍ അവരുടെ പ്രശ്നം അവതരിപ്പിക്കാന്‍ വാള്‍മാര്‍ട്ടിന്റെ ഫോണ്‍ലൈനുകളില്‍ വിളിക്കാന്‍ തുടങ്ങിയെന്നും അവര്‍ പറയുന്നു.

അവര്‍ കൂടി അംഗമായ അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് യൂനിവേഴ്സിറ്റി വുമന്റെ മയാമി ചാപ്റ്റര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. അന്നത്തെ പ്രസിഡന്റ്റ് ജാക്കി ഡിഫാസിയോ വാള്‍മാര്‍ട്ട് സിഇഒയ്ക്ക് എഴുതി, “സ്ത്രീകളുടെ കഴിവില്‍ വിശ്വസിക്കുന്നത് പൊതുവികാരം വ്രണപ്പെടുത്തുകയോ കുടുംബമൂല്യങ്ങള്‍ തകര്‍ക്കുകയോ ചെയ്യില്ല.” ഗ്രൂപ്പിന്റെ മെമ്പര്‍ഷിപ്പ് മാസികയിലെ ലേഖനത്തില്‍ പറയുന്നു.

ഉടന്‍ തന്നെ “തങ്ങള്‍ക്ക് ഒരു തെറ്റ് പറ്റി” എന്ന് വാള്‍മാര്‍ട്ട് വക്താക്കള്‍ പറഞ്ഞു.

“ചില കസ്റ്റമര്‍മാര്‍ ഈ ടീഷര്‍ട്ടിന്റെ രാഷ്ട്രീയസ്വഭാവത്തെപ്പറ്റി പറഞ്ഞു, ഞങ്ങള്‍ അതിനോട് പ്രതികരിച്ചു”, ജെ അലന്‍ എന്ന വാള്‍മാര്‍ട്ട് വക്താവ് മിയാമി ഹെറാള്‍ഡിനോട് തൊണ്ണൂറ്റിയഞ്ചില്‍ പറഞ്ഞു. “കസ്റ്റമര്‍മാരുടെ വികാരങ്ങള്‍ വരുമ്പോള്‍ ഇതാണ് നാം ചെയ്യുക, നാം പ്രതികരിക്കും.”

“ഞങ്ങള്‍ ആ ഷര്‍ട്ടുകള്‍ നീക്കാനേ പാടില്ലായിരുന്നു.”

റൂബന്‍ തൊണ്ണൂറ്റിയഞ്ചില്‍ മിയാമി ഹെറാള്‍ഡിനോട്‌ പറഞ്ഞത് ഈ സംഭവത്തിന്‌ശേഷം സ്ത്രീസംഘടനകളില്‍ നിന്നും മറ്റു കമ്പനികളില്‍ നിന്നും അന്‍പതിനായിരത്തോളം ഓര്‍ഡറുകളും വാള്‍മാര്‍ട്ടില്‍ നിന്ന് മറ്റൊരു മുപ്പതിനായിരം ഓര്‍ഡറും കിട്ടിയെന്നും അവര്‍ കസ്റ്റമര്‍മാരുടെ വികാരം മാനിച്ച് രണ്ടായിരത്തിലേറെ കടകളില്‍ ഇത് ലഭ്യമാക്കിയെന്നുമാണ്.

ഇരുപത് വര്‍ഷം മുന്‍പ് ഞങ്ങള്‍ക്ക് ഈ തെറ്റ് പറ്റിയെന്നത് ഇന്നും ഒരു വേദനയാണ്. വാള്‍മാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് കമ്യൂണിക്കേഷന്‍സ് തലവന്‍ ഡാനിറ്റ് മാര്‍ക്വാര്‍ഡ്റ്റ് പറയുന്നു. “നമ്മുടെ രാജ്യവും ഞങ്ങളുടെ കമ്പനിയും സ്ത്രീകളെ തൊഴിലിടത്തിലും സമൂഹത്തിലും ഉന്നമനത്തിലേയ്ക്ക് എത്തിക്കുന്നതില്‍ ഒരുപാട് പുരോഗതി കൈവരിച്ചു എന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്.”

റൂബന്‍ ഇപ്പോഴും ഒരു ഡെന്നിസ് ദി മെനസ് ഫാനാണ്, പ്രത്യേകിച്ച് രാഷ്ട്രീയം ചിത്രീകരിക്കേണ്ടിവരുമ്പോള്‍.

മാര്‍ച്ചില്‍ പിറ്റ്സ്ബര്‍ഗ് പോസ്റ്റ്‌ ഗസറ്റിനു എഴുതിയ കത്തില്‍ അവര്‍ എഡിറ്ററോടും വായനക്കാരോടും ചോദിക്കുന്നു, “ഡെന്നിസ് ഡോണാള്‍ട് ട്രംപിന് വോട്ട് ചെയ്യുമോ?”

അവര്‍ എഴുതി: “എന്റെ ഭര്‍ത്താവ്, അദ്ദേഹം ഇപ്പോള്‍ ഇല്ല, ഹാങ്ക് കേചാം നിര്‍മ്മിച്ച ഡെനിസ് ദി മെനസ് കാര്‍ട്ടൂണ്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. ഡെന്നിസ് അദ്ദേഹത്തെ ചിരിപ്പിക്കാത്ത ഒരു ഞായറാഴ്ച പോലും ഇല്ലായിരുന്നു ഞങ്ങള്‍ക്ക്. എന്നാല്‍ എന്റെ ഗേര്‍ശോന്‍ റൂബന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ അഞ്ചുവയസുകാരന്‍ ഡെന്നിസ് പ്രസിഡന്റ്റ് ആകാനാഗ്രഹിക്കുന്ന ഡോണാള്‍ട് ട്രമ്പിനോട് എത്രത്തോളം സദൃശ്യനാണ് എന്നുകണ്ട് അദ്ദേഹം ചിരിക്കുമായിരിക്കുമോ?”

“പല സാദൃശ്യങ്ങളും കണ്ടു ചിരി വരുമെങ്കിലും കരയുകയാണ് ഞാന്‍ ചെയ്യുക. ഡോണാള്‍ട് എന്ന ഡെന്നിസ് സ്വഭാവക്കാരന്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് എന്ന് കാണുമ്പോള്‍ എനിക്ക് തോന്നും നമുക്കൊക്കെ ഭ്രാന്താണെന്ന്.”

ക്ലിന്റനെ പറ്റി റൂബന്‍ പറയുന്നത് ഇങ്ങനെയാണ്. “ജനുവരിയില്‍ അവര്‍ സ്ഥാനമേല്‍ക്കുമ്പോള്‍ എന്റെ ടീഷര്‍ട്ട് ഇട്ടുകൊണ്ട് ഞാനും അവിടെയുണ്ടാകും.”

ഇന്നത്തെ പെണ്‍കുട്ടികളോട് റൂബന് പറയാനുള്ള സന്ദേശം വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവരുടെ അച്ഛന്‍ അവരോടു പറഞ്ഞതിനോട് സമാനമാണ്.

“നീ സ്മാര്‍ട്ട്‌ ആണ്. വിദ്യാഭ്യാസം നേടുക. സ്വപ്നം ഒരിക്കലും വിട്ടുകളയരുത്, നിനക്കത് സാധിക്കും.” അവര്‍ തുടരുന്നു. “ഹിലാരിക്ക് അത് സാധിച്ചു. അവര്‍ ഒരിക്കലും അവരുടെ സ്വപ്നം വിട്ടുകളഞ്ഞില്ല. നമുക്കിപ്പോള്‍ മികച്ച ഒരു റോള്‍മോഡലുണ്ട്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍