UPDATES

ട്രെന്‍ഡിങ്ങ്

മറക്കരുത്, ഈ പിന്തുണക്കാരൊക്കെ ഓരോ സമയത്തും ഇരയ്ക്കു നേരേ വിരൽ ചൂണ്ടിയവരാണ്

പി.ഇ ഉഷയെ മറന്നു പോയോ?

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം.സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും തൃശൂര്‍ സ്വദേശിയുമായ ജിഷ പ്രതികരിക്കുന്നു.

ഉഷയെ ഓര്‍മ്മയില്ലേ? തിരക്കുള്ള ബസ്സില്‍ തനിക്കു നേരെ നടന്ന അതിക്രമം ഉറക്കെ വിളിച്ചു പറഞ്ഞവള്‍.

1999 ഡിസംബര്‍ 29 ന് രാത്രി ഒമ്പതു മണിയ്ക്ക് കോഴിക്കോടു നിന്ന് തേഞ്ഞിപ്പാലം യൂണിവേഴ്‌സിറ്റിയിലേയ്ക്ക് യാത്ര ചെയ്യുമ്പോഴായിരുന്നു യൂണിവേഴ്‌സ്റ്റി ജീവനക്കാരിയായിരുന്ന പി.ഇ ഉഷയ്ക്കു നേരെ ലൈംഗികാക്രമണമുണ്ടായത്. തിരക്കുള്ള ബസ്സില്‍ വച്ച് പ്രതിയുടെ ശാരീരിക പീഢനത്തില്‍ പതറാതെ ബസ്സ് നേരെ പോലീസ് സ്‌റ്റേഷനിലേയ്ക്ക് പോവണമെന്ന് ഉഷ ആവശ്യപ്പെട്ടു. തുടര്‍ന്ന് വസ്ത്രത്തിലെ ശുക്ലവിസര്‍ജ്ജ്യത്തെയുള്‍പ്പെടെ തെളിവായി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. കേരളത്തിലെ സ്ത്രീകള്‍ യാത്രയ്ക്കിടയില്‍ സര്‍വ്വസാധാരണം എന്ന മട്ടില്‍ പരാതിപ്പെടാന്‍ ധൈര്യമില്ലാതെ, നിശബ്ദമായി സഹിച്ചു പോന്നിരുന്ന ലൈംഗിക കടന്നുകയറ്റങ്ങളെ, ആക്രമണങ്ങളെ തുറന്ന് പറഞ്ഞ് വലിയ ഒരു വിസ്‌ഫോടനമുണ്ടാക്കുകയാണ് അവർ ചെയ്തത്.

ഇന്ന് തനിക്കു നേരെ നടന്ന ആക്രമണത്തെ പറ്റി പരാതിപ്പെടാന്‍ ധൈര്യം കാണിച്ച അഭിനയേത്രിയെ അഭിനന്ദിക്കാനും പിന്‍തുണയറിയിക്കാനും തങ്ങളുണ്ടെന്ന് പ്രസ്താവിക്കുന്ന ഇത സമൂഹം അന്ന് വിരല്‍ ചൂണ്ടിയത് ഉഷയ്ക്കു നേരെ ആയിരുന്നു. യാത്രയ്ക്കിടയിലെ ലൈംഗിക പീഢനത്തെക്കുറിച്ച് പരാതിപ്പെട്ട ഉഷയ്‌ക്കെതിരെ നിരവധി അപവാദങ്ങള്‍ പ്രചരിപ്പിയ്ക്കപ്പെട്ടു. ബസ്സില്‍ വച്ച് തന്നെ ലൈംഗികമായി ആക്രമിച്ച വ്യക്തിയുമായി ഉഷ സഹകരിയ്ക്കുകയായിരുന്നുവെന്ന ലൈംഗികച്ചുവയുള്ള അപവാദം അവരുടെ തൊഴില്‍ സ്ഥലത്തുള്‍പ്പെടെ പ്രചരിപ്പിക്കപ്പെട്ടു. തൊഴിലിടത്തുനിന്ന് നേരിടേണ്ടി വന്ന മാനസിക പീഡനത്തിനെതിരെ നീതി തേടേണ്ട അവസ്ഥ കൂടി വന്നു ചേര്‍ന്നു. പ്രബലമായ യൂണിവേഴ്‌സ്റ്റി യൂണിയന്‍ നേതാവായിരുന്ന പ്രകാശന്‍ എന്നയാള്‍ക്കെതിരെ അപവാദ പ്രചരണത്തിന് ഉഷ യൂണിവേഴ്‌സ്റ്റി അധികാരികള്‍ക്ക് പരാതി നല്‍കിയതോടെ അവര്‍ക്കു നേരെ നടന്നിരുന്ന അതിക്രമങ്ങളുടെ ആക്കം കൂടി. ഉഷയുടെയും അവരുടെ പന്ത്രണ്ടു വയസ്സുള്ള മകളുടെയും ജീവനു നേരെ പോലും ഭീഷണികള്‍ ഉയര്‍ന്നു. തുടര്‍ന്ന് വേറെ നിവൃത്തി ഇല്ലാതെ അവര്‍ നീണ്ട അവധിയെടുത്ത് ക്യാമ്പസില്‍ നിന്ന് മാറി നിന്നു. എന്നാല്‍ ലൈംഗിക അപവാദം പ്രചരിപ്പിച്ച് തൊഴില്‍ സ്ഥലത്ത് ഒരു സ്ത്രീയെ മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയിന്‍ മേല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയിസ് യൂണിയന്‍ ഇടപെടലുകള്‍ നടത്തുകയും ആരോപണ വിധേയനും യൂണിയനു വേണ്ടപ്പെട്ടവനുമായ പ്രതിയെ രക്ഷിക്കാനും ഉഷയെ കൂടുതല്‍ ഒറ്റപ്പെടുത്താനും ശ്രമിച്ചു. തുടര്‍ന്ന് ഉഷ യൂണിവേഴ്‌സിറ്റിയില്‍ അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. ഉഷയ്ക്കു പിന്തുണ നല്‍കിയിരുന്ന ചില ഫെമിനിസ്റ്റ് പ്രവര്‍ത്തകര്‍ ഈ സമരത്തെ പത്ര മാധ്യമങ്ങളിലൂടെ പൊതുജന മധ്യത്തില്‍ എത്തിച്ചു. ഫെമിനിസ്റ്റ്, പരിസ്ഥിതി പ്രവര്‍ത്തകയായിരുന്ന ഉഷയുടെ അനുഭവ വിവരണങ്ങള്‍ മാധ്യമശ്രദ്ധ നേടി. തുടര്‍ന്ന് കേരള വനിതാ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ പ്രകാശന്‍ നീതിരഹിതമായി അപവാദ പ്രചരണം നടത്തിയിരുന്നതായി കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തില്‍ പ്രകാശനെതിരെ നടപടിയെടുക്കണമെന്ന് വനിതാ കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. പ്രകാശനെ സസ്പന്‍ഡ് ചെയ്ത് തുടര്‍ നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ട് 15- 1- 2001 ല്‍ അയച്ച കത്തു പ്രകാരം സര്‍ക്കാര്‍ യൂണിവേഴ്‌സിയിയോട് ആവശ്യപ്പെട്ടു. എന്നാല്‍ യൂണിവേഴ്‌സിറ്റിയുടെ ഭാഗത്തു നിന്ന് നടപടികളൊന്നും ഉണ്ടായില്ല.

കോടതിയില്‍ ഉഷ നല്‍കിയ കേസ്സിന്‍മേലുള്ള നിയമ നടപടികള്‍ ഏറെക്കാലം നീണ്ടു പോയി. ആ കാലഘട്ടം മുഴുവന്‍ മാനസികവും ശാരീരികവുമായ ഒട്ടനവധി സഹനങ്ങളിലൂടെ കടന്നു പോവുകയായിരുന്നു അവർ. ഇത്തരം കേസുകളില്‍ പരാതിപ്പെടുകയും നിയമ നടപടികള്‍ക്കിറങ്ങുകയും ചെയ്യുന്ന ഏത് സ്ത്രീയും നേരിടേണ്ടി വരുന്ന സമ്മര്‍ദ്ദങ്ങള്‍ അവരുടെ ജീവിതം ദുസ്സഹമാക്കി. നീണ്ട അവധി കൊണ്ടും തൊഴിലിടത്തില്‍ തന്റെ നേരെയുള്ള സമീപനം മാറുന്നില്ല എന്ന് കണ്ട് മറ്റൊരിടത്ത് ജോലി ചെയ്യാന്‍ അവര്‍ നിര്‍ബന്ധിതയായി തീര്‍ന്നു.

സ്ത്രീകള്‍ക്കു നേരെ നടക്കുന്ന ഓരോ അതിക്രമങ്ങളെ പറ്റിയും കൈയ്യേറ്റങ്ങളെ കുറിച്ചും നടക്കുന്ന ചര്‍ച്ചകള്‍ക്കും വിചാരണകള്‍ക്കും ഒടുവില്‍ പുരുഷന്റെ ശരീരം ഒരു കളങ്കിത വസ്തുവായി കരുതേണ്ടന്നും അത് അയാളുടെ സ്വാഭാവികമോ വര്‍ദ്ധിതമോ ആയ ‘പുരുഷത്വ’ത്തിന്റെ  മുദ്രയായി കാണാമെന്നും അംഗീകരിക്കപ്പെടുന്നു. എന്നാല്‍ ലൈംഗികാക്രമണം നേരിട്ട സ്ത്രീയെ സദാചാരത്തിന്റെ അളവുകോല്‍ കൊണ്ട് അളന്നു തിട്ടപ്പെടുത്തും. ഒപ്പം സമൂഹവും കുടുംബവും കോടതി മുറികളുമെല്ലാം ലൈംഗിക അതിക്രമം നേരിട്ട സ്ത്രീയെ, അവളുടെ ശരീരത്തെ, സഞ്ചാര വഴികളെ, എന്തിന് മാനസിക വ്യാപരങ്ങളെപ്പോലും ഗണിച്ച് വിചാരണ ചെയ്തു കൊണ്ടിരിയ്ക്കും.

അന്‍പതോളം വര്‍ഷങ്ങളായി വിദ്യാഭ്യാസം നേടാനും തൊഴില്‍ ചെയ്യാനും സമ്പാദിക്കാനും പൊതുരംഗത്ത് ഇടപെടാനും സ്ത്രീകള്‍ക്കു ലഭിച്ച സ്വാതന്ത്ര്യത്തെ നേരിടാന്‍, അവളെ ഭയപ്പെടുത്തി തിരിച്ച് വീടിനുള്ളിലേയ്ക്ക് തന്നെ കയറ്റാനും ഏറ്റവും നല്ല ഉപാധി പൊതു വഴികളില്‍ വച്ച് അവള്‍ ആക്രമിക്കപ്പെട്ടേക്കാം എന്ന ഭീതി സൃഷ്ടിക്കലാണ്.  സ്ത്രീ സഞ്ചാരത്തിനു മേലുള്ള നിയന്ത്രണത്തിന്റെ ഭീഷണികള്‍ ഏറ്റവും തന്ത്രപരമായി നിലനിര്‍ത്തുന്നതിലും ഇവിടുത്തെ പുരുഷാധിപത്യ സമൂഹം വിജയിച്ചിട്ടുണ്ട്. അതിനി പൊതുനിരത്തിലായാലും ബസ്സിലായാലും തീവണ്ടിയിലായാലും വിമാനത്തിലായാലും കപ്പലിലായാലും എന്തിന് സ്വന്തം തൊഴില്‍ സ്ഥാപനം സുരക്ഷിത യാത്രയ്ക്കായി ഒരുക്കിത്തരുന്ന വാഹനത്തില്‍ പോലും ഭയാനകമായ അനുഭവങ്ങള്‍ ഈ നാട്ടിലെ ഏതൊരു പെണ്‍കുട്ടിയെയും കാത്തിരിക്കുന്നുണ്ട്. അതിന്റെ അനേകായിരം ഉദാഹരണങ്ങളില്‍ ഒന്നാണ് 24 മണിക്കൂറും പോലീസ് നിരീക്ഷണവും നിയന്ത്രണവുമുള്ള ഒരു നഗരത്തില്‍ ചലച്ചിത്ര നടിക്കു നേരെ നടന്ന ആക്രമണം.

ഓരോ പുതിയ വാര്‍ത്തകളും സൃഷ്ടിക്കുന്ന ആരവങ്ങളും ഒച്ചപ്പാടുകളും കെട്ടടങ്ങുമ്പോള്‍ അവസാനം സമൂഹമെഴുതുന്ന വിധി ഇങ്ങനെ തന്നെയാവും. ‘ആണ്‍തുണയില്ലാതെ അസമയത്ത് പുറത്തിറങ്ങിയവള്‍ അപഥ സഞ്ചാരിണിയല്ലാതെ മറ്റെന്ത്?’

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍