UPDATES

വായന/സംസ്കാരം

എന്തുകൊണ്ടാണ് സ്ത്രീകളെക്കുറിച്ച് പറയുമ്പോള്‍ അത് ഉടലിനെക്കുറിച്ച് മാത്രമാകുന്നത്?

കോഴിക്കോട് വച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവത്തില്‍ ‘ഉടല്‍. പ്രകൃതി. തൃഷ്ണ, സ്ത്രീ കവിതയില്‍’ എന്ന ചര്‍ച്ചയില്‍ സംസാരിച്ചത്

(കോഴിക്കോട് വച്ച് ഡി സി ബുക്സ് സംഘടിപ്പിച്ച കേരള സാഹിത്യോത്സവത്തില്‍ ‘ഉടല്‍. പ്രകൃതി. തൃഷ്ണ, സ്ത്രീ കവിതയില്‍’ എന്ന ചര്‍ച്ചയില്‍ സംസാരിച്ചത്)

എന്തുകൊണ്ട് ഭയങ്കര മാനിഫെസ്റ്റോ സ്വഭാവമുള്ള, ഭയങ്കര രാഷ്ട്രീയ സ്വഭാവമുള്ള കവിതകളായി മാറുന്നു, എന്തുകൊണ്ട് ആണ്‍ കവികള്‍ക്ക് ലഭ്യമായ നൈര്‍മല്യം സ്ത്രീ കവിതകള്‍ക്ക് ഇല്ല എന്നു തുടങ്ങിയ ചോദ്യങ്ങളാണ് സ്ത്രീ കവിതകളെപ്പറ്റി പലപ്പോഴും ഉയര്‍ന്നു വരാറുള്ളത്. ശില്‍പ്പ ചാതുര്യത്തില്‍ സ്ത്രീ കവിതകള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നില്ല എന്നൊക്കെയുള്ള വിമര്‍ശനങ്ങളും പൊതുവെ സ്ത്രീ കവികളെ കുറിച്ച് പറയാറുണ്ട്. ഞങ്ങള്‍ വീട്ടില്‍ ഇരുന്നു പത്രം വായിക്കുമ്പോള്‍ നിങ്ങള്‍ ചായ ഇട്ടു തരികയും ഞങ്ങളുടെ തുണി അലക്കിത്തരികയും വീട്ടിൽ ചോറും കറിയും ഒക്കെ വെച്ചു തരികയും ചെയ്താല്‍ ഞങ്ങളുടെ കവിതകളിലും നൈര്‍മല്യം വരും. ഇത്തരം കാര്യങ്ങളിലൊക്കെ യാതൊരു തരത്തിലുള്ള കോമ്പ്രമൈസും ഇല്ലാത്ത വീടുകളില്‍ നിന്നു വരുന്നവര്‍ക്ക് പറയാനുള്ളത് വളരെ പരുക്കാനായിട്ടുള്ള കാര്യങ്ങളായിരിക്കും. അതുകൊണ്ട് തന്നെ നമുക്ക് വരുന്ന ദേഷ്യവും സങ്കടവും അനീതിയെ കുറിച്ചുള്ള ബോധവും ഒക്കെ കവിതകളിലും കടന്നു വരും.

എനിക്കു വളരെ പരിചയമുള്ള ഒരു അമ്മൂമ്മ ഒരിയ്ക്കലും സ്നേഹം അനുഭവിച്ചിട്ടില്ല. അവര്‍ ജീവിതത്തില്‍ ഒറ്റപ്പെട്ടു ജീവിക്കുന്ന ഒരു സ്ത്രീയാണ്. അവര്‍ ജീവിതത്തില്‍ നിത്യവും അനീതി അനുഭവിക്കുന്ന ഒരാളാണ്. അവരെന്നോട് എപ്പോഴും പറയും നിനക്ക് ഈ അനീതികളെ അതിജീവിക്കാന്‍ കഴിയാത്തത് നീ ദൈവത്തില്‍ വിശ്വസിക്കാത്തത് കൊണ്ടാണെന്ന്. വളരെ സെന്‍സിറ്റീവായ, വളരെ സെന്‍സിബിളായ സ്ത്രീകള്‍ തന്നെ അവനവന്റെ ജീവിതത്തില്‍ സംഭവിക്കുന്ന അനീതികളെ ഇങ്ങനെ പല പല എസ്ക്യൂസസ് വെച്ചിട്ടാണ് തരണം ചെയ്യുന്നത്. എന്നാലെ അവര്‍ക്ക് ജീവിക്കാന്‍ പറ്റുകയുള്ളൂ. ഞാന്‍ അനീതി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരാളാണെന്ന് തോന്നിയാല്‍ പിന്നെ അതിനോടു പൊരുതാന്‍ ബാധ്യസ്ഥയാകും.

ഞാനൊരു ഫെമിനിസ്റ്റാണ്. അങ്ങനെ പറഞ്ഞു കൊണ്ട് തന്നെ ജീവിക്കുന്ന ഒരാളാണ്. എന്‍റെ കവിതയെക്കാള്‍ സത്യത്തില്‍ എനിക്കു പ്രധാനം ഞാനൊരു ഫെമിനിസ്റ്റാണ് എന്നതാണ്. ഉടല്‍, തൃഷ്ണ, സ്ത്രീ എന്ന ടൈറ്റിലിനോട് എനിക്കു വിയോജിപ്പുണ്ട്. എന്തുകൊണ്ട് സ്ത്രീകള്‍ എന്നു പറയുമ്പോള്‍ ഉടലും തൃഷ്ണയും ഓര്‍മ്മ വരുന്നു. എന്തുകൊണ്ട് സ്ത്രീകള്‍ എന്നു പറയുമ്പോള്‍ നിരത്തുകള്‍ ഓര്‍മ്മ വരുന്നില്ല. എന്തുകൊണ്ട് തെരുവ് ഓര്‍മ്മ വരുന്നില്ല. എന്തുകൊണ്ട് യുദ്ധം ഓര്‍മ്മ വരുന്നില്ല. ഉടല്‍ എന്നത് സ്ത്രീകളുടെ മാത്രം വിഷയമാണോ? സ്ത്രീകള്‍ മാത്രമാണോ ഈ നാട്ടില്‍ ഉടലും കൊണ്ട് നടക്കുന്നത്. എന്തുകൊണ്ടാണ് സ്ത്രീകളെ കുറിച്ച് പറയുമ്പോള്‍ ഉടലിനെ കുറിച്ച് മാത്രം ചര്‍ച്ച ചെയ്യേണ്ടി വരുന്നത്. പുരുഷ കവികള്‍ ഉടലിനെ കുറിച്ചെഴുതുന്നുണ്ടെങ്കിലും അവരുടെ കവിതകളിലെ ഉടലിനെ കുറിച്ച് ഇതുപോലെ പ്രത്യേകം എടുത്തു ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.

ഞാന്‍ ഈ വേദിക്ക് വേണ്ടി എഴുതിയ ഒരു കവിത ഇവിടെ വായിക്കാം. ‘ഞാന്‍ കവിത എഴുതുന്നത്’ എന്നാണ് കവിതയുടെ പേര്.

ഞാന്‍ കവിത എഴുതുന്നത്
നിങ്ങള്‍ക്ക് വേണ്ടിയല്ല

ബലമായി പിടിച്ച് കൊണ്ടുവന്ന നൂറായിരം മനുഷ്യര്‍
നൂറ്റാണ്ടുകളോളം കരഞ്ഞു കരഞ്ഞു
മിനുക്കിയ നിങ്ങളുടെ തങ്കക്കിരീടം
എനിക്കു വേണ്ട

അനേകം ജീവജാലങ്ങള്‍
പരസ്പരം സ്നേഹിച്ച് കഴിഞ്ഞ
വന്‍കാടുകള്‍ വെട്ടി നിരത്തി
പണിതുയര്‍ത്തിയ സംസ്കാരത്തിന്റെ
കൊട്ടാരത്തിലെ ശിപായിപ്പണി
വേണ്ട

നിങ്ങള്‍ മാതളനാരങ്ങയോടുപമിച്ച
മുലകള്‍ എന്റേതല്ല,
അലുവാക്കഷ്ണത്തോടുപമിച്ച
തുടകളും

ഞാന്‍ കാളിദാസി
ഷേക്സ്പിയറിന്റെ കക്കൂസ് കഴുകിക്കഴുകി
മരിച്ചുപോയ സഹോദരി
ടോൾസ്റ്റോയിയുടെ
ശ്വാസംമുട്ടിയ ഭാര്യ
വീട്ടില്‍ നിന്നിറങ്ങാന്‍
വേശ്യയായവള്‍
ആട്ടിടയന്റെ കൂടെപ്പോയാല്‍
പട്ടിണി തന്നെയെന്നറിയാമായിരുന്നവള്‍

ഞാനൊരു ചുവന്ന ചോരപ്പാട്
സംസ്കാരത്തിന്‍ വെള്ളവെള്ളമുണ്ടിന്‍
പിന്‍ഭാഗത്ത്
പറ്റിപ്പിടിച്ചിരിക്കുന്നവള്‍

ഞാനൊരു തെറിച്ചു വീണ തുപ്പല്‍
കുളിച്ചൊരുങ്ങി നിങ്ങള്‍ നടന്നു പോകുമ്പോള്‍
മുകളില്‍ നിന്നു പരന്നു വീഴുന്നത്

ഞാന്‍ നിങ്ങള്‍ക്ക് ചായ തരുന്നവള്‍
തുണിയലക്കുന്നവള്‍
വീടടിച്ചു തുടയ്ക്കുന്നവള്‍
അതിലൊരു മുറിയില്‍
ആര്‍ക്കും വേണ്ടാതെ കിടക്കുന്ന വൃദ്ധ
മറ്റൊരു മുറിയില്‍ ഭ്രാന്തിയെന്ന്
തടവിലാക്കപ്പെട്ടവള്‍
വേറൊരു മുറിയില്‍
അസ്വസ്ഥതകള്‍ വകവെക്കാനാവാതെ
നിങ്ങള്‍ക്ക് കിടന്നു തരുന്നവള്‍
ജനല്‍ തുറന്ന് പുറത്തേക്ക് നോക്കുന്നവള്‍

അയ്യോ ഈയ്യപ്പം വിഷമാണെന്ന്,
നിനക്ക് വേണ്ടയെന്ന്
നിങ്ങള്‍ കഴിച്ചത്
എന്‍റെ രാത്രി ജീവിതം
ഇതത്ര ഭംഗിയില്ലെന്ന്
നിങ്ങള്‍ ഒളിച്ചു വെച്ചത്
എന്‍റെയേകാന്ത യാത്രകള്‍
രുചി വേണ്ടത്രയില്ലെന്ന്
നിങ്ങള്‍ കട്ട് തിന്നത്
എന്‍റെ ഊടുവഴികള്‍, ജ്ഞാനം
പല കഷ്ണങ്ങളാക്കി നിങ്ങളൊറ്റയ്ക്ക്
തിന്നു തീര്‍ത്തത്
എന്‍റെ സ്വാതന്ത്ര്യത്തിന്‍റെ അപ്പം

എനിക്കു പറയാനുള്ള കഥകള്‍
ഒളിച്ചും പാത്തും
പലരുടേയും ചെവിയില്‍ എത്തുന്നത് വരെ
എന്‍റെ അലച്ചിലുകളുടെ പാട്ട്
പലര്‍ക്കും കേള്‍ക്കാന്‍ ആകുന്നതുവരെ

എന്‍റെ പെങ്ങളേ, എന്‍റെ കാമുകീ
നീ എവിടെയായിരുന്നു എന്ന്
രാത്രിയില്‍ ഉടുപ്പുകളുടെ
ഭാണ്ഡക്കെട്ടുമായി അവർ
മതില്‍ ചാടുന്നത് വരെ

എന്‍റെ ചോര കണ്ട്
എന്‍റെ വിയര്‍പ്പും നാറ്റവും കൊണ്ട്
നനുത്ത സ്നേഹം കൊണ്ട്
നിങ്ങള്‍ തെളിച്ചു കൊണ്ടുപോകുന്ന
ആട്ടിന്‍ കൂട്ടത്തില്‍ നിന്ന്
ഓരോന്നായി, ഒന്നിച്ച്
അപ്രത്യക്ഷമാകുന്നത് വരെ

മലഞ്ചെരുവുകളില്‍,
താഴ്വരകളില്‍,
കടല്‍ത്തീരങ്ങളില്‍,
രാത്രി നഗരങ്ങളില്‍
അപരിചിതമായ താളത്തില്‍
ഉന്മാദഗീതങ്ങള്‍ നിങ്ങളുടെ
ഉറക്കം കെടുത്തുന്ന വരെ

ഇല്ലാത്ത നൂലുകളില്‍ നിങ്ങള്‍ തയ്പ്പിച്ച
സുതാര്യമായ ആ വിലയേറിയ ഉടുപ്പ്
നിങ്ങള്‍ തന്നെ ഊരിക്കളയുന്നത് വരെ

ഞാനെഴുതും-
നിങ്ങള്‍ക്ക് വേണ്ടിയല്ല

നിങ്ങളുടെ പൊന്നാടകള്‍ കയ്യില്‍ വെച്ചേക്കുക
മുറിവുകള്‍ വെച്ചുകെട്ടാന്‍ ഉപകരിക്കും

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഗാർഗി ഹരിതകം

ഗാർഗി ഹരിതകം

കവയിത്രി, സ്ത്രീ പ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍