UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതിഞ്ഞുവയ്ക്കുന്ന ശരീരത്തില്‍ നിന്നും സ്ത്രീയിലേക്കുള്ള ദൂരം

ഇന്ന് നിങ്ങളുടെ മുന്നില്‍ വരുന്നത് മാളവികയാണ്. അവളുടെ ജീവിതമാണ്. അവള്‍ക്കിപ്പോ വയസ്സ് രണ്ട്: രണ്ടു വയസുള്ള ഒരു കുഞ്ഞുവാവ. അവള്‍ നിലത്തിരുന്നു കൂട്ടുകാരനോടൊപ്പം  കഞ്ഞിയും കറിയും  കളിക്കുന്ന നേരത്ത് അമ്മ ഓടി വന്നു പറഞ്ഞു.”കാല് കൂട്ടിവച്ച് ഇരിക്കടീ” അവള്‍ ഉടന്‍ ഒരു ജൈവിക പ്രക്രിയ എന്നപോലെ രണ്ടു കാലും കൂട്ടിവച്ച് ഇരുന്നു. പെണ്‍കുട്ടികള്‍ ആയാല്‍ അങ്ങനെ വേണം ഇരിക്കാന്‍. കാലുകള്‍ അകത്തി വയ്ക്കരുത്. സ്ത്രീ ആകുന്നതിന്റെ ആദ്യ പാഠം അവളില്‍ എത്തിക്കഴിഞ്ഞു. നാം ഈ രംഗം എപ്പോഴെങ്കിലും കണ്ടിട്ടില്ലേ; ശരീരത്തെ അടക്കിയും ഒതുക്കിയും നിര്‍ത്താനും  വേണ്ടി നാം നല്‍കുന്ന കുഞ്ഞു കുഞ്ഞു ശാസനകള്‍. നാം അറിയാതെ തന്നെ ശരീരം എന്ന ഭാരത്തെ അറിയുന്ന ഒരു സമയമായി മാറുന്നു അത്.

 

നമ്മുടെ ജീവിതത്തിലെ പല ഘട്ടങ്ങളിലും നമ്മള്‍ ഈ ശാസനയും കളിയാക്കലും കേട്ടിരിക്കണം. അങ്ങനെ മനോഹരമായി കണ്ടീഷന്‍ ചെയ്ത ഒരു പൊട്ടാമുട്ടയായി നമ്മള്‍ വളരുന്നു. ഒരു ‘പളുങ്ക് പാത്രം പോലെ പൊതിഞ്ഞു’വച്ച്. അങ്ങനെ വളര്‍ത്തിയാല്‍ മലയാളികള്‍ക്ക് സ്വീകാര്യയായ ഒരു ശരീരമായി നമ്മള്‍ മാറുന്നു.

 

വിനയ എന്ന പോലീസ് ഉദ്യോഗസ്ഥ അലങ്കരിക്കപ്പെട്ട തടവറ എന്ന പേരില്‍ ഒരു ഫോട്ടോ പ്രദര്‍ശനം നടത്തിയിരുന്നു. ഒരു പെണ്‍കുട്ടിയുടെ ജീവിതത്തില്‍ വസ്ത്രം എന്ന വസ്തു എത്രമാത്രം അസ്വാതന്ത്ര്യം ആണ് തീര്‍ക്കുന്നത്, അല്ലെങ്കില്‍ അവളെ പൊതിഞ്ഞു വയ്ക്കാന്‍ എത്രമാത്രം “സഹായിക്കുന്നു” എന്ന് കേരള സമൂഹത്തിനു മുന്നില്‍ തുറന്നു കാണിക്കാന്‍ ഈ ഫോട്ടോ പ്രദര്‍ശനത്തിനു സാധിച്ചിരുന്നു.

 

ലൈംഗിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികള്‍ക്ക് തന്‍റെ ശരീരം എന്താണെന്നും മറ്റുള്ളവര്‍ അതിനെ ഏതു വിധത്തില്‍ ആണ് കൈകാര്യം ചെയ്യുന്നത് എന്ന് നാം തിരിച്ചറിയുകയും വേണം എന്നും നാം കുട്ടികളെ; ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളെയും പഠിപ്പിക്കുകയും വേണം. പക്ഷെ അതൊരിക്കലും അവരെ ശരീരത്തെ കുറിച്ച് ഭയപ്പെടുത്തുന്ന രീതിയില്‍, തന്‍റെ ശരീരത്തിന്റെ പരിശുദ്ധി കാത്തു സൂക്ഷിക്കണം എന്നുള്ള തരത്തില്‍ ആകരുത് എന്ന് മാത്രം.

 

പറഞ്ഞു പറഞ്ഞ് മാളവിക ഇപ്പോള്‍ ഹൈസ്കൂളില്‍ എത്തി. അവള്‍ക്ക് മാസമുറ വന്നു തുടങ്ങിയിരിക്കുന്നു. തന്‍റെ ശരീരത്തില്‍ സ്വാഭാവികമായി വരുന്ന മാറ്റത്തെ ഉള്‍ക്കൊള്ളാന്‍ അവള്‍ക്കായിട്ടില്ല. മാസമുറ തന്‍റെ ശരീരം കളങ്കമില്ലാതെ നിലനിര്‍ത്തേണ്ട ഉത്തരവാദിത്തത്തെ കുറിച്ച് അവളെ നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടേ ഇരുന്നു. ആയിടക്കാണ്‌, സ്ഥിരം യാത്ര ചെയ്യുന്ന ബസ്സില്‍ വച്ച് അവളുടെ കൂട്ടുകാരിയുടെ വസ്ത്രത്തില്‍ രക്തക്കറ കണ്ടത്. യൂണിഫോറത്തിന്റെ പിറകില്‍ ഒരു ചുവന്ന വട്ടം. ബസ്സിലെ കണ്ടക്ടറും മറ്റു സ്ത്രീകളും കുട്ടികളും അത് കണ്ടു ചിരിച്ചു. അവളെ കളിയാക്കി. അവളതിനു പറഞ്ഞ മറുപടി മാളുവിനു ഏറെ ഇഷ്ടമായി. “എന്തിനാ ചിരിക്കണേ. എനിക്ക് ആര്‍ത്തവം വരാനുള്ള സമയമായി. അത് വന്നു. അപ്പോള്‍ അല്പം ചോര ഉടുപ്പില്‍ ആയി. അത്രയല്ലേ ഉള്ളൂ. എന്‍റെ കയ്യോ കാലോ മുറിഞ്ഞാലും രക്തം വരും. അതുടുപ്പില്‍ ആയാല്‍ നിങ്ങളത് തുടച്ചു തരികയാണോ അതോ എന്നെ കളിയാക്കുകയാണോ ചെയ്യുക? ഇതും അതുപോലയല്ലേ ഉള്ളൂ?” ആര്‍ക്കും ഒരുത്തരവും ഉണ്ടായില്ല. ശരിയല്ലേ അവള്‍ പറഞ്ഞത്?

 

 

ശരിയല്ലേ? ശരീരത്തിലെ മറ്റൊരു മുറിവിനും ഇല്ലാത്ത ഏതു ‘അശുദ്ധി’യാണ് ആര്‍ത്തവത്തിലൂടെ ഒഴുകുന്ന ഈ രക്തത്തിനുള്ളത്? സാനിറ്ററി നാപ്കിനുകളുടെ പരസ്യത്തില്‍ ഒരു തുള്ളി രക്തം പടരുന്നതിന്‍റെ ‘പേടിയില്‍’ രാത്രി മുഴുവന്‍ ഉറങ്ങാത്ത, കായിക മത്സരങ്ങളില്‍ പങ്കെടുക്കാത്ത സ്ത്രീകള്‍, സ്വന്തം ശരീരത്തിലെ ഒരു പ്രക്രിയയെ തങ്ങളുടെ കഴിവുകളെ പരിമിതപ്പെടുത്തുന്ന, അവസരം ഇല്ലാതാക്കുന്ന ഒന്നായി സ്വീകരിക്കുന്ന തരത്തിലേക്ക് മാറിയിരിക്കുന്നു. മറ്റുള്ളവരില്‍ നിന്നും ഒളിപ്പിക്കേണ്ട ഒന്നാണ് ഇന്നും ആര്‍ത്തവം. ഞാന്‍ ജോലി ചെയുന്ന സ്ഥാപനത്തില്‍ വര്‍ഷത്തില്‍ പത്തു ദിവസം ആര്‍ത്തവസംബന്ധമായ പ്രശ്നങ്ങള്‍ക്ക് അവധിയെടുക്കാം. എന്നാല്‍ പലപ്പോഴും തനിക്ക് ആര്‍ത്തവമാണ് എന്ന് പറയാന്‍ മടിയായത് കൊണ്ട് മാത്രം ആ അവധി ഉപയോഗിക്കാത്ത പല സഹപ്രവര്‍ത്തകരും ഉണ്ട്. ആര്‍ത്തവം എന്ന ജൈവിക പ്രക്രിയയെ നാം ഭക്ഷിക്കുകയും വിസര്‍ജ്ജിക്കുകയും ചെയ്യുന്നപോലെ സാധാരണമെന്നു കരുതാന്‍ നമുക്ക് സാധിക്കാതെ പോകുന്നത് എന്ത് കൊണ്ട്? ശരീരപ്രക്രിയകളില്‍ സ്ത്രീയുടെ പരിമിതിയായി തീരുന്നത് എന്തുകൊണ്ട്?

 

മാളവിക ഇപ്പോള്‍ +2 പഠനത്തില്‍. ഒരു ദിവസം അവളെ അധ്യാപിക സ്റ്റാഫ്‌ റൂമില്‍ വിളിച്ചു ഇങ്ങനെ പറഞ്ഞു. ‘മാളവിക, ഉടുപ്പിടുന്നതില്‍ കുറച്ചുകൂടി ശ്രദ്ധിക്കണം. ഈ ബ്രായുടെ വള്ളി ഇങ്ങനെ പുറത്തു കാണിക്കരുത്. അതേപോലെ ആണ്‍കുട്ടികളുടെ കൈപിടിക്കുക, തോളില്‍ കൈയിടുക ഒക്കെ ഒന്ന് ശ്രദ്ധിക്കണം. നീയൊരു പെണ്‍കുട്ടിയാണ്. നിന്‍റെ ശരീരം നീയാണ് സംരക്ഷിക്കേണ്ടത്’. അടിവസ്ത്രം പുറത്തു കാണിക്കുന്നത് നമ്മുടെ നാട്ടില്‍ കുറ്റകരമാണെന്ന് അവള്‍ ഓര്‍ത്തതേയില്ല. ശരീരത്തെ മറയ്ക്കാന്‍ ഉപയോഗിക്കേണ്ട വസ്ത്രവും മറച്ചുവയ്ക്കണമത്രെ. വിനയയുടെ ഫോട്ടോ പ്രദര്‍ശനത്തില്‍ ഒരു ഫോട്ടോ ഉണ്ടായിരുന്നു. സാരിയുടുത്ത് അതിന്‍റെ ഒരു തലപ്പ്‌ ഒരു കയ്യില്‍ പിടിച്ച് മറ്റേ കൈ കൊണ്ട് വയര്‍ മറച്ചും നടന്നു നീങ്ങുന്ന സ്ത്രീകള്‍. ഒരു വസ്ത്രത്തിനിടയിലൂടെ ഒരിഞ്ചു വയര്‍ പോലും കാണാതെ പിന്നുകള്‍ കൊണ്ട് മൂടി പൊതിഞ്ഞു വച്ച് നടന്നു പോകുന്ന സ്ത്രീകള്‍. എത്രമാത്രം അസ്വാതന്ത്ര്യം ആകണം ആ വസ്ത്രം അവര്‍ക്ക് സമ്മാനിക്കുന്നത്. ചുരിദാരിലും മിഡിയിലും ജീന്‍സിലും ഈ അസ്വാതന്ത്ര്യം നാം അനുഭവിക്കാറുണ്ട്. ബസ്സില്‍ നില്‍ക്കുമ്പോള്‍ കാറ്റത്ത്‌ ചുരിദാറിന്റെ പാളി ഒന്ന് പറന്നുയര്‍ന്നാല്‍ പോലും ധൃതിയില്‍ അത് ശരിയാക്കുന്ന, കയ്യുയര്‍ത്തിയാല്‍ ചുരിദാറിന്റെ പാളിയിലൂടെ വയറു കാണുമോ എന്ന് ഭയക്കുന്ന, കാലുകള്‍ കാണുമോ എന്ന് ആശങ്കയില്‍ മിഡിക്കടിയില്‍ പാന്റുകള്‍ ധരിക്കുന്ന പല പെണ്‍കുട്ടികളും നമ്മുടെ ഇടയില്‍ ഉണ്ട്. ഒരു സ്ഥലത്ത് ഇരുന്നിട്ട് എഴുന്നേല്‍ക്കുമ്പോള്‍ സ്ഥാനം മാറുന്ന വസ്ത്രം നേരെയിടുന്നവരല്ലേ നമ്മള്‍ എല്ലാം? ട്രെയിനില്‍ ഉറങ്ങുമ്പോള്‍ ഒരു പുതപ്പില്ലെങ്കില്‍ സമാധാനത്തോടെ ഉറങ്ങാന്‍ സാധിക്കാത്തവരല്ലേ നമ്മളില്‍ ഭൂരിപക്ഷവും. എന്തിനാണ് നമ്മള്‍ വസ്ത്രം കൊണ്ട് പൂര്‍ണമായും മറച്ച ശരീരത്തെ പോലും ഭയപ്പെടുന്നത്? ആത്മവിശ്വാസത്തോടെ ഒരു വസ്ത്രം ധരിച്ച്, ശരീരത്തെ ഭയപ്പെടാതെ, എന്നാല്‍ വസ്ത്രത്തിനിടയിലൂടെ ശരീരം കാണുന്നത് ഒരു പ്രശ്നമേ  അല്ലാത്ത രീതിയില്‍ സാരിയോ ചുരിദാറോ മിഡിയോ ധരിച്ചു ശരീരം മുഴുവന്‍ പൊതിഞ്ഞോ പൊതിയാതേയോ നമ്മള്‍ എന്നാണു നടന്നു തുടങ്ങുക?  

 


അലങ്കരിക്കപ്പെട്ട തടവറ എന്ന വിനയയുടെ ഫോട്ടോ പ്രദര്‍ശനത്തില്‍ നിന്ന്‍

 

മാളുകളും മെട്രോയും സുലഭമായ ഡല്‍ഹിയില്‍ ഓരോ സുരക്ഷാ പരിശോധനയുടെയും സ്ഥലത്ത് തുണികൊണ്ട് മറച്ച ഒരു സ്ഥലം കാണാം. അവിടെയാണ് സ്ത്രീകളുടെ ദേഹപരിശോധന നടത്തുന്നത്? നമ്മള്‍ അവിടെ കയറി ഒരു തട്ടില്‍ കയറി നില്‍ക്കുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഒരു സെന്‍സര്‍ ഉപകരണം ശരീരത്തിലൂടെ ഓടിച്ചോ ഓടിച്ചില്ലയോ എന്ന് തോന്നുന്ന തരത്തില്‍ തടവുന്നു. ഇതാണ് പരിശോധന: ഇതിനെന്തിനാ ഇങ്ങനെ ഒരു മറകെട്ടിയ സ്ഥലത്ത് വച്ച് ഇത്രയേറെ രഹസ്യമായി പരിശോധിക്കേണ്ട കാര്യം? പുരുഷന്മാരുടെ ശരീരപരിശോധനയിലാകട്ടെ ഒരു മറയും ഇല്ല താനും. സ്ത്രീയുടെ ശരീരം ഇത്രയേറെ രഹസ്യാത്മകമായി സൂക്ഷിക്കേണ്ട ആവശ്യം എന്താണെന്ന്‍ ഇപ്പോഴും ചിന്തിക്കുകയാണ്? ഒരു പൊതുസ്ഥലത്ത് വച്ച് ശരീരത്തില്‍ വസ്ത്രങ്ങള്‍ക്ക് മേല്‍ ഒരു ഉപകരണം വച്ച് നോക്കുന്നതിനു പോലും ഒരു മറയുടെ സഹായം തേടേണ്ട അത്രമാത്രം പ്രശ്നങ്ങള്‍ എന്താണ് ഒരു സ്ത്രീ ശരീരത്തില്‍ ഉള്ളത്?

 

സ്ത്രീ ശരീരവുമായി ബന്ധപ്പെട്ട എന്തിനും ഈ രഹസ്യം ഉണ്ട്. ഒരു പെണ്‍കുട്ടി ഋതുമതി ആകുന്ന ചടങ്ങുകളില്‍ തുടങ്ങി, കല്യാണച്ചടങ്ങുകള്‍, അങ്ങനെ സ്ത്രീയുടെ ശരീരവുമായി ബന്ധപ്പെട്ട എന്തിലും ഈ രഹസ്യാത്മകത നിലനില്‍ക്കുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

സ്ത്രീ മലര്‍ന്നു കിടക്കുന്നതിനെ പറ്റി നേരത്തെ സൂചിപ്പിച്ചുവല്ലോ. ലൈംഗിക ബന്ധത്തില്‍ സാധാരണയായി സ്ത്രീയുടെ “പൊസിഷന്‍” എന്നത് മലര്‍ന്നു കിടക്കുന്ന ഒന്നായാണ് നാം കാണുന്നത്. അതുകൊണ്ട് തന്നെ സ്ത്രീ മലര്‍ന്നു കിടക്കുന്നത് തന്‍റെ പങ്കാളിയുടെ മുന്നില്‍ ലൈംഗിക ബന്ധത്തിന്റെ സമയത്ത് മാത്രമാകണം. പൊതു സ്ഥലത്ത് സ്ത്രീ കിടക്കുന്ന പോസുകള്‍ ശ്രദ്ധിച്ചാല്‍ ഇതില്‍ നിലനില്‍ക്കുന്ന പ്രശ്നം നമുക്ക് മനസിലാകും. സാറാ ജോസഫിന്റെ ആലാഹയുടെ പെണ്മക്കളില്‍ പറയുന്ന ഒരു വാചകം ഉണ്ട്. “കാലും അകത്തി മലര്‍ന്നു കിടന്നുറങ്ങുമ്പോള്‍ അകത്ത് ആണൊരുത്തന്‍ ഉണ്ടെന്ന ഓര്‍മയുണ്ടായിരിക്കണം”. നമ്മുടെ വീടില്‍ കാലുകള്‍ അകത്തി ഉറങ്ങാന്‍ പെണ്‍കുട്ടികളെ ഒരിക്കലും അനുവദിക്കാറില്ല. കാലുകള്‍ കൂട്ടിവച്ച്  ചെരിഞ്ഞുള്ള രീതിയില്‍ ആണ് മിക്ക സ്ത്രീകളും ഉറങ്ങുക/ കിടക്കുക. അങ്ങനെ മലര്‍ന്നു കിടക്കുന്ന പെണ്ണ്  തന്‍റെടിയും കുടുംബത്തില്‍ പിറക്കാത്തവളും ആകുന്നു.

 

മാളുവിന് ഒരുപാട് ആണ്‍ സുഹൃത്തുക്കള്‍ ഉണ്ട്. അവരില്‍ പലരുമായും അവള്‍ അടുത്തിടപഴകുന്ന തരത്തിലുള്ള ബന്ധവും ഉണ്ട്. കാണുമ്പോള്‍ സ്നേഹത്തോടെ കെട്ടിപ്പിടിക്കാനും തോളില്‍ തലചായ്ക്കാനും ആണും പെണ്ണും, പെണ്ണും പെണ്ണും അല്ലെങ്കില്‍ ആണും ആണും തമ്മില്‍ പ്രണയം വേണം എന്നില്ല എന്ന് നമുക്ക് പലപ്പോഴും അംഗീകരിക്കാന്‍ മടിയാണ്. അതുകൊണ്ടാണ് നിറം സിനിമയിലെ സുഹൃത്തുക്കള്‍ ഒടുവില്‍ പ്രണയബദ്ധര്‍ ആകുന്നത്. കുച്ച് കുച്ച് ഹോതാ ഹെയില്‍ പ്രണയ നൈരാശ്യം ഉണ്ടാകുന്നത്. ആണും പെണ്ണും തമ്മില്‍ സൌഹൃദം ഉണ്ടാകില്ല എന്ന് പറയേണ്ടി വരുന്നത്. ആത്മാര്‍ത്ഥമായി ഒന്ന് കെട്ടിപ്പിടിക്കാന്‍ പോലും നമുക്ക് സാധിക്കാത്തത്. വളരെ കുറച്ചു കാലമേ ഉത്തരേന്ത്യയില്‍ വന്നിട്ടായിട്ടുള്ളൂ എങ്കിലും ഇവിടെ ആളുകള്‍ തമ്മില്‍ ഇഷ്ടവും ഊഷ്മളതയും പ്രകടിപ്പിക്കുന്നത് തന്നെ ഒരു ഇറുക്കിയ കെട്ടിപ്പിടുത്തത്തില്‍ ആണ് എന്നത് എനിക്ക് ഒരു പ്രത്യേകതയായി തോന്നി. ഹൈവേ എന്ന ഹിന്ദി ചിത്രത്തില്‍ നായകനായ തീവ്രവാദി (?) താന്‍ അപഹരിച്ചു കൊണ്ടുവന്ന പെണ്‍കുട്ടിയുടെ മാറില്‍ തലചായ്ച് വിങ്ങിക്കരയുന്ന ഒരു രംഗം ഉണ്ട്. ആ ചിത്രം പോസ്റ്റു ചെയ്ത് എന്‍റെ ഒരു സുഹൃത്ത്‌ പറഞ്ഞത് ഇതാണ്. “ഇങ്ങനെ തലചായ്ച്ച് ആശ്വാസം കണ്ടെത്താനല്ലേ നാം ഓരോരുത്തരും ആഗ്രഹിക്കുന്നത്.” ഒരു പെണ്‍സുഹൃത്തിന്റെ മാറില്‍ തല ചായ്ക്കാന്‍ പോലും നമുക്ക് സ്വാതന്ത്ര്യം ഇല്ല. അല്ലെങ്കില്‍ അവസരം ഇല്ല. ശരീരം കൊണ്ട് വികാരങ്ങളെ പ്രകടിപ്പിക്കാന്‍ നമുക്ക് ഇപ്പോഴും ഭയമാണ്; ലജ്ജയാണ്.

 

 

ഫേസ്ബുക്കില്‍ നയന്‍താരയും മറ്റു സുഹൃത്തുക്കളും നില്‍ക്കുന്നതിനോടൊപ്പം എ ആര്‍ റഹ്മാന്‍ നില്‍ക്കുന്ന ഒരു ഫോട്ടോ കണ്ടു. അദ്ദേഹം നയന്‍താരയില്‍ നിന്നും അല്ലെങ്കില്‍ നയന്‍താര അദ്ദേഹത്തില്‍ നിന്നും ഒരിഞ്ച് അകലം പാലിച്ചാണ് നില്‍ക്കുന്നത്. അടികുറിപ്പ് ഇങ്ങനെയാണ്; ‘അദ്ദേഹം പാലിച്ചിരിക്കുന്ന ഈ അകലം അദ്ദേഹത്തിന്റെ സ്വഭാവശുദ്ധിയുടെ അടയാളം’. എന്തുകൊണ്ടാണ് സ്ത്രീയില്‍ നിന്ന് അല്ലെങ്കില്‍ പുരുഷനില്‍ നിന്ന് ശാരീരികമായി അകലം പാലിക്കുന്നത് സ്വഭാവശുദ്ധിയുടെ അടയാളം ആകുന്നത്? അല്ലെങ്കില്‍ ഒരാളുടെ തോളിലൂടെ കയ്യിട്ടു നില്‍ക്കുന്നത് അമാന്യമാകുന്നത്?

 

എന്നാണ് നമ്മള്‍ സ്ത്രീശരീരത്തെ കുറിച്ച് “സംരക്ഷണ”ചുവയോടെ നടത്തുന്ന ഉപദേശങ്ങളും ആശങ്കകളും മറികടന്ന് ശരീരത്തെ ഒരു ഉപകരണം എന്ന രീതിയില്‍ കണ്ടുകൊണ്ട് ഉപയോഗിക്കുക? നഗ്നത പാപമല്ല, സൌന്ദര്യം ആണെന്ന് തിരിച്ചറിയുക? ശരീരം കൊണ്ട് ആശയവിനിമയം നടത്തുക? വസ്ത്രം ഭാരമാകാതെ ആത്മവിശ്വാസമാവുക? ശരീരത്തിന്റെ വലിപ്പ, ചെറുപ്പങ്ങളെ നിരാശയില്ലാതെ സ്വീകരിക്കുക? അതിനെ സ്വതന്ത്രമാക്കുക?

 

ഈയിടെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രാധാന്യം ലഭിച്ച ഒന്നാണ് കുഴിമറ്റത്തിന്‍റെ ലിംഗചലനവും അതെ തുടര്‍ന്ന് സ്ത്രീയുടെ വസ്ത്രധാരണത്തെ ചൊല്ലി ഉയര്‍ന്ന ചര്‍ച്ചകളും. ഞാന്‍ ഈ ലേഖനം എഴുതാന്‍ തുടങ്ങുന്ന സമയത്താണ് ഈ ചര്‍ച്ചകളുടെ ഒരു വിസ്ഫോടനം സംഭവിക്കുന്നത്‌. ആ ചര്‍ച്ചകള്‍ നമ്മെ നയിക്കുന്നത് എങ്ങോട്ടാണ്? ആ ചര്‍ച്ചകളില്‍ നമ്മള്‍ ഓരോരുത്തരും ഏതു തരത്തിലാണ് സ്ത്രീ ശരീരത്തെ വിലയിരുത്തുന്നത്? ഒരു പുനരാലോചന വേണ്ടതല്ലേ?

 

പിന്‍കുറിപ്പ്: മേല്‍ പറഞ്ഞ ശരീരത്തെ കുറിച്ചുള്ള എല്ലാ പ്രശ്നങ്ങളും പരിമിതികളും അനുഭവിക്കുന്ന ഒരാളെന്ന നിലയില്‍ ആത്മവിമര്‍ശനം കൂടിയായാണ് ഞാന്‍ ഇതെഴുതുന്നത്.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍