UPDATES

സിനിമാ വാര്‍ത്തകള്‍

ലൈംഗിക പരാതി പരിഹാരസെല്‍ രൂപീകരിക്കാതെ സിനിമയ്ക്ക് അനുമതി പാടില്ല: വനിതാ സംഘടനയുടെ ആവശ്യങ്ങള്‍

വുമണ്‍ കളക്ടീവ് ഇന്‍ സിനിമ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചു

മഞ്ജു വാര്യരുടെ നേതൃത്വത്തിലുള്ള വനിത ചലച്ചിത്ര പ്രവര്‍ത്തകര്‍ രൂപീകരിച്ച വുമണ്‍ കളക്ടീവ് ഇന്‍ സിനിമ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് നിവേദനം സമര്‍പ്പിച്ചു. അടുത്തിടെ ഒരു നടിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ നീതി മാതൃകാപരമായി നടപ്പാകേണ്ടതുണ്ടെന്ന് ആവശ്യപ്പെടുന്ന നിവേദനത്തില്‍ ചലച്ചിത്ര മേഖലയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരായ നടപടികളാണ് ചൂണ്ടിക്കാട്ടുന്നത്. നിവേദനത്തിലെ ആവശ്യങ്ങള്‍ താഴെപ്പറയുന്നു.

ഈ തൊഴില്‍ മേഖലയെ കൂടി തൊഴില്‍ സ്ഥലത്തെ ലൈംഗിക പീഡന നിരോധന നിയമം- 2013ന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഓരോ സിനിമ നിര്‍മ്മാണ വേളയിലും മറ്റ് തൊഴിലിടങ്ങളില്‍ ഉള്ളതു പോലെ ലൈംഗിക പീഡന പരാതി പരിഹാര സെല്‍ രൂപീകരിക്കുക. ഈ സെല്‍ രൂപീകരിച്ചതിന്റെ സാക്ഷ്യപത്രം കൂടാതെ ഒരു സിനിമയും രജിസ്റ്റര്‍ ചെയ്യപ്പെടുക ഇല്ല എന്ന് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉറപ്പുവരുത്തുക.

സിനിമ മേഖലയിലെ ലിംഗപരമായ പ്രശ്‌നങ്ങളെയും തൊഴില്‍ സാഹചര്യങ്ങളെയും കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തുക. ഈ മേഖലയിലുള്ള സേവന, വേതന വ്യവസ്ഥകള്‍ നിരീക്ഷിക്കാനും അപര്യാപ്തതകള്‍ പരിഹരിക്കാനുമുള്ള കാര്യക്ഷമമായ ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകണം. ഞങ്ങളുടെ കൂട്ടായ്മയുടെ എല്ലാ പിന്തുണയും സഹകരണവും ഇതിനുണ്ടാകും.

സ്ത്രീ പങ്കാളിത്തം നാമമാത്രമായ സിനിമയുടെ സാങ്കേതിക മേഖലകളില്‍ സ്ത്രീയുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സിനിമ നിര്‍മ്മാണ സ്ഥാപനങ്ങളില്‍ ഏതെങ്കിലും (ചിത്രാഞ്ജലി പോലെയുള്ള) ഒരു തുടക്കമെന്ന നിലയില്‍ സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തുക.

പരമ്പരാഗതമല്ലാത്ത പുതിയ തൊഴില്‍ മേഖലകളിലേക്ക് സ്ത്രീകളെ എത്തിക്കുക എന്നത് ഈ സര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളില്‍ ഒന്നാണല്ലോ സിനിമയുടെ സാങ്കേതിക വശങ്ങള്‍ പഠിക്കുന്നതിനായി സ്ത്രീകള്‍ക്ക് പ്രത്യേക പഠനാനുകൂല്യങ്ങള്‍, സ്‌കോളര്‍ഷിപ്പ് എന്നിവ ഏര്‍പ്പെടുത്തുക.

പ്രസവം, ശിശുപരിചരണം, ശാരീരിക അവശതകള്‍ തുടങ്ങിയവ മൂലം തൊഴിലില്‍ നിന്നും വിട്ടുനില്‍ക്കേണ്ട സാഹചര്യങ്ങളിലുള്ള സ്ത്രീകളെ സഹായിക്കുന്നതിനായി ക്ഷേമനിധി, ഇന്‍ഷുറന്‍സ്, ഇപിഎഫ് തുടങ്ങിയവ ഏര്‍പ്പെടുത്തുക.

സിനിമയുടെ ഉള്ളടക്കത്തില്‍ ലിംഗനീതി പാലിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി അത്തരം സിനിമകള്‍ക്കായി പ്രത്യേക അവാര്‍ഡ് ഏര്‍പ്പെടുത്തുക.

സിനിമാ മേഖലയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന എല്ലാ കൂടിയാലോചനകളിലും സ്ത്രീകളുടെ പ്രാതിനിധ്യം ഉറപ്പാക്കു.

സ്ത്രീകള്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എല്ലാ സിനിമ നിര്‍മ്മാണ സെറ്റിലും നിര്‍ബന്ധമാക്കുന്നത് മുതല്‍ സിനിമയിലെ സ്ത്രീ സുരക്ഷയും സ്ത്രീ നീതിയുമായി ബന്ധപ്പെട്ട അടിസ്ഥാന വിഷയങ്ങളും ഇതുമായി ബന്ധപ്പെട്ട സിനിമയിലെ സ്ത്രീകളുടെ ആശങ്കകളും പരിഹരിക്കാന്‍ മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നും ക്രിയാത്മകമായ ഒരിടപെടല്‍ പ്രതീക്ഷിക്കുന്നുവെന്നും നിവേദനത്തില്‍ വ്യക്തമാക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍