UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു സൈബർ അപഥ സഞ്ചാരിണിയുടെ കുറിപ്പ്

സൈബർ ലോകത്തെ എന്റെ അപഥ സഞ്ചാരിണികളെ വരുവിൻ.. നമുക്കൊന്നിച്ചു ഈ വീഞ്ഞ് രുചിക്കാം.. സാത്താൻ നീട്ടുന്ന ആ ആപ്പിളുകൾ പറിച്ചെടുത്തു ഭക്ഷിക്കാം.. ആസ്വദിക്കാം.. കൂത്തിച്ചികളാകാം..

അതെ ഞാൻ ഒരു “അപഥ സഞ്ചാരിണിയാണ്.” നിങ്ങൾ വരയ്ക്കുന്ന കുലീന വഴിയിലൂടെ സഞ്ചരിക്കാത്തവർ  അപഥ സഞ്ചാരിണി ആണെങ്കിൽ. എന്റെ സോഷ്യൽ മീഡിയാ അക്കൌണ്ടിൽ എനിക്കറിയാത്ത അഞ്ഞൂറിൽ പരം സുഹൃത്തുക്കൾ ഉണ്ട്. അതെ അതിൽ 99 ശതമാനം പുരുഷന്മാർ ആണ്. അവരുമായി രാത്രിയോ പകലോ ഇല്ലാതെ ഞാൻ “ചാറ്റ്” ചെയ്യാറുണ്ട്. വിശേഷങ്ങൾ പങ്കുവയ്ക്കാറുണ്ട്. നിങ്ങള്‍ക്ക് ഈ ഇടപെടലിനെ സ്വൈര്യവിഹാരമെന്നോ കടിഞ്ഞാണില്ലാത്ത വിഹരിക്കൽ എന്നോ എന്തും വിളിക്കാം.

ഇതൊരു മറുപടിയാണ്. ഇന്ത്യയിലെ തന്നെ പ്രശസ്തയായ ഒരു പത്രപ്രവര്‍ത്തക സൈബർ ലോകത്ത് വിഹരിക്കുന്ന  സ്ത്രീകൾക്കുള്ള ഉപദേശവുമായി എഴുതിയ ഒരു ലേഖനത്തിനുള്ള മറുപടി. പത്രപ്രവർത്തനത്തിൽ മേഖലയിൽ സ്വന്തമായ വ്യക്തിമുദ്ര പതിപ്പിച്ച ലീലാ മേനോൻ  സൈബർ ലോകത്തിലെ ചതിക്കുഴികളെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നു. യാതൊരു നിയന്ത്രണങ്ങളും  ഇല്ലാതെ സ്ത്രീകൾ വിഹരിക്കുന്ന ഒരിടമായാണ്‌ അവർ സൈബർ ലോകത്തെ കാണുന്നത്.

“തങ്ങള്‍ക്ക് നിയന്ത്രണങ്ങളില്ലാതെ, കടിഞ്ഞാണില്ലാതെ സഞ്ചരിക്കാനുള്ള ഇടമായിട്ടാണ് സ്ത്രീകൾ സൈബർ സ്‌പേസിനെ കാണുന്നത്. അതിൽ പുതിയ സാംസ്‌കാരികരീതികൾ കാണാം.”

ആദ്യം ഞാൻ വിചാരിച്ചു ഇത്തരം ഒരിടം സ്ത്രീക്ക് ലഭിച്ചു എന്നതിന്റെ സന്തോഷമായിരിക്കും ആ വാക്കുകൾ എന്ന്. പക്ഷെ അല്ല, കുറച്ചു വായിച്ചു ചെന്നാലേ അതിന്റെ ധ്വനി  നിങ്ങൾക്ക് പിടികിട്ടൂ.

തങ്ങളുടെ ഫോട്ടോകളും രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങളും യഥേഷ്ടം കൈമാറുമ്പോൾ അതിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുന്നു എന്നവർ തിരിച്ചറിയുന്നില്ല. ഫോട്ടോകൾ മോര്‍ഫ് ചെയ്ത് സൂക്ഷിക്കുന്ന അപകടങ്ങളെക്കുറിച്ചും ധാരാളം അപരിചിതര്‍ക്ക് ഒരു പെണ്‍കുട്ടിയുടെ സ്‌പേസിൽ ഇടം ലഭിക്കുമ്പോൾ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അവർ അജ്ഞരാണ്. സ്ത്രീയ്ക്ക് സമത്വം നല്‍കി എന്നവകാശപ്പെടുന്ന ഈ കാലഘട്ടത്തിൽ തങ്ങള്‍ക്ക് കിട്ടിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്നവരുമുണ്ട്.


 

സൈബർ സ്പേസ് സുരക്ഷിതമാണോ അല്ലയോ എന്നതാണ് ഇവിടെ പ്രശ്നം. ഏതു “സ്പേസ്” അഥവാ ഇടം ആണ് സ്ത്രീക്ക് “സുരക്ഷ ” നല്‍കുന്നത്? അല്ലെങ്കിൽ എന്ത് സുരക്ഷയില്ലായ്മയാണ് സൈബർ ഇടം ഒരു സ്ത്രീക്ക് നല്‍കുന്നത്? ഇതിനുത്തരമായി കാമുകൻ മോര്‍ഫ് ചെയ്ത ഫോട്ടോ കണ്ടു ആത്മഹത്യ ചെയ്ത പത്താംക്ലാസുകാരിയുടെ കഥ, അല്ലെങ്കിൽ അമ്പതുകാരനെ പ്രേമിച്ചു ഓടിപ്പോയ യുവതിയുടെ ദുരന്തം ഒക്കെ മറുപടിയായി പലരും പറഞ്ഞു  കേട്ടിട്ടുണ്ട്. ഈ പ്രേമോം ഒളിച്ചോട്ടോം പ്രേമിച്ചു വഞ്ചിക്കുന്നതും ഫോട്ടോ മോര്‍ഫ് ചെയ്യുന്നതും ഇപ്പൊ തുടങ്ങിയ ഒന്നാണോ? അത് തടയാനുള്ള പ്രതിവിധി ഇത്തരം ലോകത്ത് നിന്ന് മാറി നില്‍ക്കുകയാണോ? അതോ അതിനെ പോസിറ്റീവായി എങ്ങിനെ നേരിടാം എന്ന് ചിന്തിക്കുകയോ?

ഇന്ന് ഒരാള്‍ക്ക് മൂന്നു ഫോൺ എന്ന നിലയിലാണ് നമ്മൾ എല്ലാവരും ജീവിക്കുന്നത്. ആർ ആരുടെ ഫോട്ടോ എവിടെ വച്ച് എടുക്കുന്നു? അത് എങ്ങിനെയെല്ലാം ഉപയോഗിക്കുന്നു എന്നൊന്നും ആര്‍ക്കും ഉറപ്പില്ല. അത്തരത്തിൽ അശ്ലീലമായ ഒരു ഫോട്ടോ ഇന്റര്‍നെറ്റിൽ വന്നാൽ ആത്മഹത്യക്ക് പകരം സൈബർ സെല്ലിൽ പരാതി നല്‍കുക എന്ന പോവംഴി എത്ര പേര്‍ക്കറിയാം? എത്ര പേർ അതിനെ കുറിച്ച് പറയുന്നുണ്ട്? അല്ലെങ്കിൽ ഇത്തരം ഫോട്ടോ കാണിച്ചു ഭീഷണിപ്പെടുത്തി പണം വാങ്ങുന്നവരോട് പോടാ പുല്ലേ എന്ന് പറയാനുള്ള ആര്‍ജ്ജവം നമ്മുടെ സ്ത്രീകള്‍ക്കും കുട്ടികൾക്കും ഉണ്ടാക്കുക അല്ലെ വേണ്ടത്?

ലഭിച്ച സ്വാതന്ത്ര്യം ദുരപയോഗം ചെയുന്നു എന്നാണ് മറ്റൊരു ധ്വനി. നിങ്ങൾ പറയുന്ന പോലെ, ഒരു സ്ത്രീ  സാമൂഹിക വിഷയങ്ങളിൽ കുലീനമായി  ഇടപെടുകയും സംസാരിക്കുകയും ചെയ്തില്ലെങ്കിൽ അത് സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യൽ ആകുമോ? ഒരാളുടെ സ്വാതന്ത്ര്യത്തിന്റെ അതിർ വരമ്പുകൾ നിശ്ചയിക്കാൻ ആരാണ് ഇവര്‍ക്ക് അവകാശം നല്‍കിയത്? എനിക്ക് ആവശ്യമുള്ള സ്വാതന്ത്ര്യമാവില്ല എന്റെ സഹോദരിക്ക് വേണ്ടത്. അതിൽ ഒന്ന് സ്വാതന്ത്ര്യത്തിന്റെ ഉപയോഗവും മറ്റേതു ദുരുപയോഗവും ആകുന്നതെങ്ങനെ? അത് നിര്‍ണയിക്കുന്ന അളവുകോൽ എന്താണ്?

മറ്റൊരു വാചകം നോക്കൂ. ഒരു മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക, പലരും മാതൃകയായി സ്വീകരിച്ച എഴുത്തുകാരി, ഇത്രയും ഉത്തരവാദിത്ത ബോധം ഇല്ലാതെ, വളരെ നിസാരമായി സ്ത്രീ നിയമ ചരിത്രത്തിലെ ഏറ്റവും പ്രധാന നിയമത്തെ കുറിച്ച് പറയുന്നത് ഇങ്ങനെയാണ്,

ഗാര്‍ഹിക കോടതികളിൽ വിവാഹമോചന കേസുകളും ഗാര്‍ഹികപീഡനങ്ങളും വര്‍ദ്ധിക്കുമ്പോള്‍തന്നെ അപഥസഞ്ചാരിണികളായ സ്ത്രീകൾ നിര്‍ദോഷികളായ ഭര്‍ത്താക്കന്മാരെ പീഡിപ്പിക്കാൻ ഈ കോടതികൾ ഉപയോഗപ്പെടുത്തുന്നു എന്നതും സത്യമാണ്.

 

ഈയിടെ മറ്റൊരു വാദം കേട്ടിരുന്നു. പത്തുശതമാനം തെറ്റായ കേസുകൾ ഉള്ളതിനാൽ ഗാര്‍ഹിക പീഡന നിരോധന നിയമം പരിഷ്കരിക്കാൻ പോകുന്നു എന്ന്. ഇന്ന് ഇന്ത്യയിൽ നടപ്പിലാവുന്ന ഏതു നിയമത്തിൽ ആണ് കള്ളക്കേസുകൾ ഇല്ലാത്തത്? അപകട ഇൻഷുറൻസ്, അതിര്‍ത്തി തര്‍ക്കം, വിവാഹമോചനം, കളവ്, മാവോയിസ്റ്റ് ആരോപണം, ഗുണ്ടാ നിയമം ഇവയിലൊക്കെ എത്രായിരം കള്ളക്കേസുകൾ ഉണ്ട്? എന്തുകൊണ്ട് വിവാഹമോചനം, ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം എന്നിവ മാത്രം കള്ളകേസുകളിൽ പെട്ട് കേഴുന്ന  “നിരാലംബ”നായ പുരുഷന്റെ കദന കഥ നാം കേള്‍ക്കുന്നു? അതിൽ വാദി ഭാഗത്ത് സ്ത്രീ ആണ് എന്നതല്ലേ യഥാര്‍ത്ഥ കാരണം. നാം “അനുവദിച്ച്” നല്‍കിയ ഒരു സൗകര്യം ഉപയോഗിച്ച് അവൾ നമുക്കെതിരെ തിരിഞ്ഞു കൊത്തുന്നോ? എന്ന ഭാവമാണ് പല വിമര്‍ശനങ്ങളിലും പ്രതിഫലിക്കുന്നത്. എന്നാൽ  ലീലാ മേനോൻ എന്ന പത്രപ്രവര്‍ത്തകയുടെയും സ്വരം മറ്റൊന്നല്ല എന്നത് നമ്മെ അതിശയിപ്പിക്കുന്നു.

ഇനി മറ്റൊരു മഹദ് വചനം ശ്രദ്ധിക്കൂ.

നിരാശയില്‍നിന്നും ബോറടിയില്‍നിന്നും സ്വാതന്ത്ര്യംനേടി പുത്തൻ അനുഭൂതികള്‍ക്ക് സ്ത്രീകൾ ഇന്ന് ആശ്രയിക്കുന്നത് സൈബർ വീഥികളെയാണ്. പക്ഷേ സൈബർ ലോകത്ത് ഇടപഴകുന്നത് അപരിചിതരോടാണ്-മുഖമില്ലാത്ത, ശബ്ദമില്ലാത്ത, പുരുഷന്മാർ. മറ്റു വിനോദോപാധികൾ ഇല്ലാത്ത സ്ത്രീകൾ, ലൈംഗികതയ്ക്ക് വശംവദരാവുന്നവർ, സാഹസികതയിൽ ഭ്രമിക്കുന്നവർ എല്ലാം സൈബർ സ്‌പേസിൽ സജീവമാണ്.


ഇപ്പൊ കാര്യങ്ങൾ ഒക്കെ വ്യക്തമായി. ഇതു വായിച്ചു ഞാൻ ആദ്യം നോക്കിയത് ഇതെഴുതിയത് സാക്ഷാൽ ലീലാ മേനോൻ തന്നെ അല്ലെ എന്നാണ്. ദീര്‍ഘകാലം മാധ്യമ രംഗത്ത്‌ പ്രവര്‍ത്തിച്ച, അനേകം മനുഷ്യരുമായി ഇടപെടുന്ന ഒരു വ്യക്തിയുടെ വാക്കുകൾ തന്നെയോ ഇവ? സൈബർ ലോകം തരുന്ന “അനുഭൂതി” നുകരുന്ന ഒരു കൂട്ടം പെണ്ണുങ്ങൾ.. കേള്‍ക്കാൻ തന്നെ  എന്തൊരു അനുഭൂതി…. “ജീവിതകാലം മുഴുവൻ അപരിചിതരിൽ നിന്ന് അകന്നു നില്ക്കാൻ ആണ് നമ്മൾ പെണ്‍കുട്ടികളെ പഠിപ്പിക്കുന്നത്‌. അതെ നമ്മൾ അവരെ ഒരു ദിവസം വിവാഹമെന്ന പേരിൽ അപരിചിതനായ ഒരാള്‍ക്കൊപ്പം കിടക്കപങ്കിടാൻ അനുവദിക്കുകയും ചെയ്യുന്നു” എന്നൊരു രസകരമായ നിരീക്ഷണം എവിടെയോ വായിച്ചതാണ് എനിക്കോര്‍മ്മ വരുന്നത്. അപരിചിതരോട് സംസാരിച്ചാൽ കുഴപ്പം, അവരെ കണ്ടാൽ കുഴപ്പം.. ഇങ്ങനെ പൊതിഞ്ഞു വച്ച് നാം ആരെയാണ് “സംരക്ഷിക്കുന്നത്”? അപരിചിതമായ സാഹചര്യത്തെ വ്യക്തികളെ എങ്ങിനെ കൈകാര്യം ചെയ്യണം? വേണ്ട എന്നത് വേണ്ട എന്നും, പറ്റില്ല എന്നത് പറ്റില്ല എന്നും ഉറച്ചു പറഞ്ഞു പഠിക്കാൻ പരിചിതമായ കംഫര്‍ട്ട് സോണുകൾ നമ്മെ ഒരിക്കലും പ്രപ്തരാക്കില്ല. പരിചിതമായ വഴികളിൽ നിന്നും മാറി  നടക്കുന്നവരേ ചരിത്രം സൃഷ്ടിക്കുന്നുള്ളൂ.

“പെണ്‍കുട്ടികളെ എങ്ങനെ ചൂഷണം ചെയ്യാമെന്നുമാത്രം വിചാരിക്കുന്നവർ വിഹരിക്കുന്ന ഇടമാണിതെന്ന് സ്ത്രീകൾ തിരിച്ചറിയണം. ലൈംഗികതയാണ് സൈബർ സ്‌പേസിന്റെ സ്വഭാവം. ലൈംഗികചൂഷണം, പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം, ബലാല്‍സംഗ ഭീഷണി എല്ലാം ഈ ലോകത്തുമുണ്ട്. “- മറ്റൊരു നിരീക്ഷണം ആണ്.

സോഷ്യൽ മീഡിയയിൽ മുഴുവൻ കാമഭ്രാന്ത്‌ പിടിച്ച, സ്ത്രീകളെ മുതലെടുക്കുന്ന ഒരു കൂട്ടം പുരുഷകേസരികളുടെ വിഹാരകേന്ദ്രം ആണത്രേ. അങ്ങനെ ആണോ? എല്ലാ പുരുഷന്മാരും ഇരുപത്തിനാല് മണിക്കൂറും കവക്കിടയിലെ ലിംഗത്തെയും യോനിയും കുറിച്ച് മാത്രം ചിന്തിച്ച് സ്വയംഭോഗത്തിനെന്തു വഴി എന്ന് ആലോചിച്ചു അലഞ്ഞു നടക്കുകയാണോ? അതാണോ അവരുടെ ജീവിതത്തിൽ സോഷ്യൽ മീഡിയ വഹിക്കുന്ന പങ്ക്? ക്രിയാത്മകമായ ഒന്നും സ്ത്രീയും പുരുഷനും തമ്മിൽ  സൈബർ ലോകത്ത് നടക്കുന്നില്ലേ?

മുള്ള് ഇലയിൽ വീണാലും ഇല മുള്ളിൽ വീണാലും ഇലയ്ക്കാണ് കേട് സംഭവിക്കുന്നത് എന്ന പഴഞ്ചൊല്ല് ഇവിടെ യാഥാര്‍ത്ഥ്യമാകുന്നു.

മേല്‍പറഞ്ഞ ഗഹന ഗംഭീരമായ നിരീക്ഷണം വായിക്കാൻ ഞാൻ എന്ത് തെറ്റ് ചെയ്തു? ഒരു പത്തു വയസ്സിനിപ്പുറം ആരും എന്നെ പോലെയുള്ള പെണ്‍കുട്ടികളോട് പറയാൻ ഭയപ്പെടുന്ന കാര്യം ആണ് ഒരു പത്രത്തിന്റെ എഡിറ്റർ ഒരു ഉളുപ്പും ഇല്ലാതെ പറയുന്നത്. സലിം കുമാർ ഒരു സിനിമയിൽ പറഞ്ഞ സംഭാഷണ ശകലം എന്റെ മന:സമാധാനത്തിനു ഇവിടെ എഴുതട്ടെ.” ഇല മുള്ളിൽ വീണാലും മുള്ള് ഇലേൽ വീണാലും കേടു മുള്ളിനാ.. മുനയൊടിഞ്ഞു പോകും.”  ഇതേ “നിലവാരം” പുലര്‍ത്തുന്ന മറ്റു ചില നിരീക്ഷണ മൊഴിമുത്തുകൾ കൂടി…

അറുപത് ശതമാനം ലൈംഗികാതിക്രമങ്ങളും തുടങ്ങുന്നത് ചാറ്റിംഗില്‍കൂടിയാണ്. ചാറ്റിംഗിൽ ഇന്ന് പെണ്‍കുട്ടികൾ മാത്രമല്ല, വിരസമായ വിവാഹജീവിതമുള്ള സ്ത്രീകളും ഏര്‍പ്പെടുന്നു. (കേട്ടല്ലോ…അപ്പൊ ഈ ചാറ്റിംഗ് എന്നൊക്കെ പറഞ്ഞു വരുന്നത് ഭര്‍ത്താവിന്റെ സ്നേഹം ലഭിക്കാത്ത വിരഹിണികൾ ആണുട്ടോ..പിന്നെ ചാറ്റിംഗ് പോലെയുള്ള കാര്യങ്ങൾ “കുടുംബത്തിൽ പിറന്ന സ്ത്രീ ജനങ്ങള്‍ക്ക്‌ പറഞ്ഞിട്ടുള്ളതല്ല.. അതിക്രമം ഉണ്ടാകും)

ഏകാന്തത, അരക്ഷിതത്വം, കുടുംബത്തില്‍നിന്നും ലഭിക്കാത്ത പിന്തുണ മുതലായവയാണ് സൈബര്‍വിഹാരത്തിന് പെണ്‍കുട്ടികളെയും സ്ത്രീകളെയും പ്രേരിപ്പിക്കുന്നത്. ഇവിടെ ലൈംഗികാതിക്രമമോ തട്ടിക്കൊണ്ടുപോകലോ ഇല്ലല്ലോയെന്നും അവർ വിശ്വസിക്കുന്നു.

ഫ്രോയിഡ് പണ്ട് പറഞ്ഞ ‘പെനിസ് എന്‍വി’ പോലെ ലഭിക്കാത്ത എന്തിനോ വേണ്ടി അലഞ്ഞു നടക്കുന്ന സ്ത്രീകൾ ആണ് ഇവിടെ ലീല മേനോൻ ചൂണ്ടിക്കാട്ടുന്നത്. എത്ര മഹനീയമായ നിരീക്ഷണം. ഈ മഞ്ഞുതുള്ളിയുടെ പരിശുദ്ധിയുമായി സൈബർ ലോകത്തേക്ക് വരുന്ന പെണ്‍കുട്ടികൾ അവിടെ ചതികുഴികളിൽ വീണു പിടയുകയാണ്. അവരെ വലവീശിപ്പിടിക്കാൻ കാത്തിരിക്കുന്ന ചെന്നായകൂട്ടങ്ങൾ ചുറ്റിനും… പണ്ട് വായിച്ച കോട്ടയം പുഷ്പനാഥ് ഡിറ്റക്ടീവ് നോവലിന്റെ തുടക്കം പോലെ തോന്നുന്നു. മുന്നിൽ വരുന്ന ഓരോ ആണും എന്നിൽ നിന്നും എന്തോ ലാഭം കൊയ്യും എന്ന ചിന്തയിൽ ഓരോ ദിവസവവും ഇടപെടേണ്ടി വരുന്ന മാനസികാവസ്ഥ എത്രെ ഭീകരം ആയിരിക്കും? നേരിട്ട് കാണുന്ന ഒരു വ്യക്തി നമ്മെ ചതിക്കുന്നതിൽ കൂടുതൽ ഒന്നും സൈബർ ലോകത്തെ “അദൃശ്യ”മുഖമുള്ള ഒരാള്‍ക്കും ചെയ്യാൻ സാധിക്കില്ല. അങ്ങനെ നമ്മുടെ സ്വകാര്യ കാര്യങ്ങൾ നമ്മെ കുരുക്കാൻ ഉപയോഗിച്ചാൽ അതിനെ നേരിടാൻ ഉൾക്കരുതുള്ള ഒരു പെൺ സമൂഹം ആണ് നമുക്ക് വേണ്ടത്.

 

ഫേസ്ബുക്ക് ചാറ്റിംഗും ബ്ലോഗ് എഴുത്തുമെല്ലാം രസകരമാണെങ്കിലും ആത്മനിയന്ത്രണത്തിന് വിധേയമായിരിക്കണം. (ഇതൊക്കെ എന്നെപോലെയുള്ള തല തെറിച്ച പെണ്ണുങ്ങളെ തന്നെ ആണ് ഞങ്ങളെ മാത്രം ആണ് ഉദ്ദേശിച്ചത്. ഇനി ഈ ആത്മ നിയന്ത്രണം എങ്ങിനെ ആണ് വേണ്ടതെന്നു വിവരിക്കുന്നുണ്ട്. ശ്രദ്ധിച്ചു കേള്‍ക്കുക)

അവനെപ്പറ്റിയോ കുടുംബത്തെപ്പറ്റിയോ വളരെ പേഴ്‌സണലായ കാര്യങ്ങളോ രഹസ്യസ്വഭാവമുള്ള വിവരങ്ങളോ ഒരിക്കലും ഈ പബ്ലിക് സ്‌പേസിൽ പ്രദര്‍ശിപ്പിക്കരുത്. പൊതുയിടങ്ങൾ മാത്രമാണ് പീഡനകേന്ദ്രീകൃതം എന്നും സൈബറിടം സുരക്ഷിതമാണെന്നുമുള്ള പെണ്‍ധാരണകൾ തിരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. തീരെ അപരിചിതരുമായുള്ള ചാറ്റിംഗും ഒഴിവാക്കിയാൽ നന്ന്. അതിൽ സാഹസികത ഉണ്ടായിരിക്കാം. ഒരു താല്‍ക്കാലിക ത്രിൽ കിട്ടുമായിരിക്കാം. പക്ഷെ സൈബർ ഹൈവേകളിലും തട്ടിക്കൊണ്ടുപോകലും മറ്റ് സ്‌തോഭജനകമായ സംഭവങ്ങളും ഉണ്ടായേക്കാം.

സ്ത്രീയുടെ ഇടങ്ങളെ എത്രമാത്രം നിയന്ത്രിക്കാമോ അത്ര മാത്രം നിയന്ത്രിച്ചുകൊണ്ട് സദാചാരത്തിന്റെ നൂല്‍പ്പാലത്തിലൂടെ നടത്തുന്ന പല പിന്തിരിപ്പൻ സദാചാര കോമാളികളെക്കാൾ ഒട്ടും ഭേദമല്ല താൻ എന്ന് തെളിയിക്കുകയാണ് ലീലാ മേനോൻ. സ്ത്രീകൾ സ്വതന്ത്രമായി സഞ്ചരിക്കുന്ന ഒരിന്ത്യയെ കുറിച്ച് സ്വപ്നം കണ്ട ഗാന്ധിജിയെ പിന്തുണക്കുമ്പോൾ അടുത്ത വരിയിൽ ആ സ്വാതന്ത്ര്യത്തെ നിബന്ധനകളുടെ കൂച്ചുവിലങ്ങണിയിക്കുന്നു അവർ ഇവിടെ.

ലേഖനം അവസാനിപ്പിക്കുമ്പോൾ നവീന മനുവിനെയും നവീന മനുസ്മൃതിയെയും കാത്തിരിക്കുകയാണ് ലീല മേനോൻ. അങ്ങനെ നമ്മളെല്ലാം ഈ ഉപദേശങ്ങൾ പിന്തുടര്‍ന്ന്  ഇത്രയൊക്കെ ഭയപെട്ടു നമ്മെ സൂക്ഷിച്ചു പാവനമായ ശരീരവും “മാനവും” സംരക്ഷിച്ച് ഒരു ഉത്തമ സ്തീ ആവുക എന്ന ജീവിത ലക്ഷ്യത്തിനു വേണ്ടി പരിശ്രമിക്കുകയാണ് വേണ്ടത് എന്ന കുറിപ്പുമായി ലേഖിക തന്റെ കോളം അവസാനിപ്പിക്കുന്നു. ദല്‍ഹി പീഡന കേസിൽ പെണ്‍കുട്ടിയാണ് കുറ്റക്കാരി എന്ന് പറഞ്ഞ മുകേഷ് സിങ്ങിനെ  ഈ ലേഖനത്തിൽ നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നുണ്ട്. കേരളത്തിനു പുറത്തു ഇത്രയും കാലം ജീവിച്ചു, മുൻ നിര പത്രങ്ങളിലെ പേരെടുത്ത എഴുത്തുകാരിയായി, ഒരു പത്രത്തിന്റെ എഡിറ്റർ വരെ ആയ താങ്കൾ പോലും “ദാനം കിട്ടിയ സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളെ” കുറ്റപ്പെടുത്തുന്നു. ഈ പരാമര്‍ശം അര്‍ഹിക്കുന്നതിനെക്കാൾ വിമര്‍ശം ഒരിക്കലും മുകേഷ് സിങ്ങ് അര്‍ഹിക്കുന്നില്ല. അല്ലെങ്കിൽ, മുകേഷ് സിംഗ് അര്‍ഹിക്കുന്നതിനേക്കാൾ കല്ലെറിയൽ അര്‍ഹിക്കുന്നത് നിങ്ങളിലെ ഈ കപട മുഖത്തിനാണ്.

നേരത്തെ പറഞ്ഞ പോലെ സൈബർ ലോകത്തെ എന്റെ അപഥ സഞ്ചാരിണികളെ വരുവിൻ.. നമുക്കൊന്നിച്ചു ഈ വീഞ്ഞ് രുചിക്കാം.. സാത്താൻ നീട്ടുന്ന ആ ആപ്പിളുകൾ പറിച്ചെടുത്തു ഭക്ഷിക്കാം.. ആസ്വദിക്കാം.. കൂത്തിച്ചികളാകാം.. അനന്തമായ ആകാശത്തേക്ക് ചിറകു വിരിക്കാം… കുലീനയിൽ നിന്നും കുലടകൾ ആകാം…

 

 

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍