UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫ്യൂഡല്‍ കുടുംബം; ശാക്തീകരിക്കപ്പെട്ട സ്ത്രീ; ഗാര്‍ഹിക ബലാത്സംഗം- ചില ചിന്തകള്‍

ഭര്‍ത്താവിന് ഭാര്യയെ ബലാത്സംഗം ചെയ്യാമോ? അങ്ങനെ നടന്നാല്‍ മറ്റേതൊരു ബലാത്സംഗത്തിലെന്ന പോലെ ഭര്‍ത്താവിനെയും വിചാരണ നടത്തി ശിക്ഷിക്കേണ്ടതല്ലേ? 

ഇതൊരു നിയമപ്രശ്‌നമാണ്. അതിലുപരി വിവാഹത്തെ സംബന്ധിച്ച ചില അടിസ്ഥാന തത്വങ്ങള്‍ പൊളിച്ചെഴുതേണ്ട പ്രശ്‌നമാണ്. 

വിവാഹം പവിത്രമാണെന്നും അത് സ്വര്‍ഗ്ഗത്തില്‍ വച്ച് നടക്കുന്നുവെന്നുമൊക്കെയുള്ള തമാശകളെ നമുക്ക് മറക്കാം. പുരുഷനും സ്ത്രീക്കും ഒരുമിച്ച് ജീവിക്കാനുള്ള ഒരു തട്ടിക്കൂട്ട് ഏര്‍പ്പാട് മാത്രമാണിത്. അതുകൊണ്ടുതന്നെ, ഒരുഭാഗത്ത് ഒന്നമര്‍ത്തിപ്പിടിച്ചാല്‍ മറുഭാഗം ഉലഞ്ഞുപോകുന്ന ഒരു ശകടം മാത്രമാണ് വിവാഹം. 

പ്രായപൂര്‍ത്തിയായ പുരുഷനും സ്ത്രീ്ക്കും ഒരുമിച്ച് ജീവിക്കാനും ലൈംഗികബന്ധം പുലര്‍ത്താനുമുള്ള ഒരു ലൈസന്‍സാണ് വിവാഹം. അത്തരമൊന്ന് വേണ്ടതില്ല എന്നതാണ് ലിവിംഗ് ടുഗതര്‍. എന്നാല്‍, രണ്ടിന്റേയും അര്‍ത്ഥം ഒന്നുതന്നെ. ഇണ വേണം. ഇണയെ പുറത്തുതേടുന്നതാണ് വ്യഭിചാരം. വാസ്തവത്തില്‍ ഇണയെത്തേടുന്ന സ്വാഭാവിക പ്രക്രിയയ്ക്ക് ഒരു നിയമാവലി കൊണ്ടുവരികയാണ് വിവാഹത്തിലൂടെ സമൂഹം ചെയ്തത്. മാത്രമല്ല, നിയമാവലിക്ക് അപ്പുറത്തും ഇപ്പുറത്തും ഉള്ള ആണ്‍-പെണ്‍ ബന്ധങ്ങളും ആണ്‍ – ആണ്‍ ബന്ധങ്ങളും പെണ്‍ – പെണ്‍ ബന്ധങ്ങളും(അതൊക്കെ ചരിത്രാതീത കാലം മുതല്‍ക്കേ ഉണ്ടായിരുന്നിട്ടും) അനാശാസ്യമാണെന്നും സമൂഹത്തിന്റെ പൊതുബോധത്തില്‍ എഴുതിച്ചേര്‍ത്തു. അങ്ങനെയാണ്, വിവാഹത്തേക്കാള്‍ എത്രയോ സുന്ദരമായ പല ബന്ധങ്ങളേയും സമൂഹം അകറ്റിനിര്‍ത്തിയത്. 

നിയമാനുസൃതമായ വിവാഹബന്ധം പോലും ഇന്ത്യയില്‍ എട്ടുവിധമുണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത് (മനുസ്മൃതി).

വേദപണ്ഡിതനായ പുരുഷന് മകളെ വിവാഹം കഴിച്ചുകൊടുക്കുന്ന ബ്രാഹ്മണരീതി; ആഭരണ ഭൂഷിതയായ മകളെ പുരോഹിതനു വിവാഹം ചെയ്തുകൊടുക്കുന്ന ദൈവരീതി; വരന്റെ പക്കല്‍ നിന്നും ഒരു പശുവിനേയും ഒരു കാളയേയും സ്വീകരിച്ച ശേഷം മകളെ കൊടുക്കുന്ന ഋഷിരീതി; മകളെ വരനു നല്‍കിയ ശേഷം അവരുടെ തലയ്ക്കല്‍ കൈവച്ച് ”നിങ്ങള്‍ നിങ്ങളുടെ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കട്ടെ” എന്ന് അച്ഛന്‍ അനുഗ്രഹിക്കുന്ന പ്രജാപതി രീതി; വിവാഹത്തിനു മുമ്പുതന്നെ ലൈംഗിക ബന്ധം പുലര്‍ത്തുന്ന ഗാന്ധര്‍വ്വരീതി; വധുവിനെ വരന്‍ അക്ഷരാര്‍ത്ഥത്തില്‍ പണം കൊടുത്തു വാങ്ങുന്ന അസുരരീതി; പെണ്ണിനെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ചു വിവാഹം കഴിക്കുന്ന രാക്ഷസീയ രീതി; ബുദ്ധിഭ്രമം സംഭവിച്ചതോ ശാരീരിക വൈകല്യമുള്ളതോ, ലഹരിക്കടിമപ്പെട്ടു മയങ്ങുന്നതോ ആയ സ്ത്രീയുമായി ലൈംഗികബന്ധം പുലര്‍ത്തിയശേഷം വിവാഹം കഴിക്കുന്ന പൈശാചിക രീതി.

എട്ടുരീതികളും ഒടുവില്‍ ചെന്നെത്തുന്നത് ലൈംഗികബന്ധത്തിലാണ്. ലോകത്ത് നിലവിലുള്ള ഏതു മതത്തിലും സംസ്‌കാരത്തിലും വിവാഹത്തിന്റെ അര്‍ത്ഥം, ആത്യന്തികമായി, ഇതുതന്നെ. 

നിയമപരമായി വിവാഹം ഒരു കരാറാണ്. രണ്ട് സമാനമനസ്സുകളുടെ ഐക്യം കരാറിന് അത്യന്താപേക്ഷിതമാണ്. ഏത് കരാറും അതിന്റെ കാലയളവ് വരെ ഓപ്ഷണല്‍ ആണ്. ഏത് കരാറിനും അതിന്റെ കാലയളവ് വരെ നൈരന്തര്യമുണ്ട്. വിവാഹ കരാറില്‍ കാലയളവ് വ്യക്തമാക്കാറില്ല. അതുകൊണ്ടുതന്നെ, അത് കരാറില്‍ ഒപ്പുവച്ച രണ്ടുപേരില്‍ ഒരാളുടെ മരണം വരെ എന്നര്‍ത്ഥം. ഇതിനര്‍ത്ഥം, കരാര്‍ മരണം വരെ രണ്ടുകക്ഷികളേയും ബൈന്‍ഡിംഗ് ആണെന്നല്ല. ആര്‍ക്കും കരാറില്‍ നിന്ന് പിന്‍വാങ്ങാം. അതിനും നിയമവും ചട്ടങ്ങളുമുണ്ട്. അതാണ് വിവാഹമോചനം. അതിന് പ്രത്യേക കോടതികളുണ്ട്. ഒരാള്‍ക്കോ രണ്ടുപേര്‍ക്കും ചേര്‍ന്നോ അവര്‍ ഒപ്പുവച്ച കരാര്‍ റദ്ദാക്കാം. 

വിവാഹത്തില്‍ ലൈംഗികബന്ധത്തിനുള്ള സ്ഥാനം അടിവരയിടുന്നതാണ് Restitution of Conjugal Rights. ഇത് ഭര്‍ത്താവിനും ഭാര്യയ്ക്കും തുല്യ അവകാശമാണുള്ളത്. 

ചുരുക്കം ഇതാണ്. വിവാഹ കരാറിന്റെ അടിസ്ഥാനശിലകളില്‍ ഒന്നാണ് ലൈംഗികബന്ധത്തിനുള്ള പരസ്പര അവകാശം. അത് ഓരോ ദിവസവും ഓരോ പ്രാവശ്യവും പുതുക്കി നിലനിര്‍ത്തേണ്ടതല്ല. അങ്ങനെ ഓരോ പ്രാവശ്യവും പരസ്പര അനുവാദം വാങ്ങേണ്ടത്- ഔപചാരികമായ അനുവാദം വാങ്ങേണ്ടത്- ലൈംഗിക തൊഴിലാളിയുമായുള്ള ലൈംഗികബന്ധത്തിലാണ്. ഒരു നോട്ടം കൊണ്ട് ഭാര്യയുടെ അവസ്ഥ മനസ്സിലാക്കാന്‍ കഴിയാത്ത ഭര്‍ത്താവും ഭര്‍ത്താവിന്റെ ആഗ്രഹം മനസ്സിലാക്കാന്‍ കഴിയാത്ത ഭാര്യയും, വാസ്തവത്തില്‍ വിവാഹിതരാവാന്‍ അര്‍ഹരല്ല. പക്ഷെ, നമ്മുടെ സമൂഹത്തില്‍ വിവാഹിതരാകാന്‍ പ്രത്യേക അര്‍ഹതയൊന്നും വേണ്ട. പുരുഷന്റെയും സ്ത്രീയുടെയും രൂപം മാത്രം മതി. പുരുഷനും സ്ത്രീയും ആകണമെന്നും ഇല്ല. വിവാഹത്തിന്റെ തയ്യാറെടുപ്പുകള്‍ എന്നത് കൊണ്ട് നമ്മള്‍ ഉദ്ദേശിക്കുന്നത് വിവാഹ ചടങ്ങിന് വേണ്ടിയുള്ള മുന്‍ ഒരുക്കങ്ങളാണ്. അല്ലാതെ, പരസ്പര വിശ്വാസത്തിലൂന്നിയ ജീവിതത്തിന് പുരുഷനേയും സ്ത്രീയെയും പാകപ്പെടുത്തി എടുക്കുക എന്നതല്ല. 

അതുകൊണ്ടാണ്, വിവാഹബന്ധത്തിനുള്ളില്‍ ബലാത്സംഗം അനുവദനീയമാണോ എന്ന ചോദ്യം പോലും ഉണ്ടാകുന്നത്. 

ഭര്‍ത്താവില്‍ നിന്ന് ലൈംഗിക അതിക്രമമുള്‍പ്പെടെ എന്ത് അതിക്രമമുണ്ടായാലും അത് നിയമപരമായി കൈകാര്യം ചെയ്യാനും, ആവശ്യമെങ്കില്‍ വിവാഹമോചനം നേടാനും, ഇന്ന് തന്നെ ധാരാളം നിയമങ്ങള്‍ ഉണ്ട്. ഗാര്‍ഹിക പീഢന നിരോധന നിയമമനുസരിച്ചു തന്നെ ലൈംഗിക അതിക്രമം കോടതിയില്‍ എത്തിക്കാന്‍ കഴിയും. പക്ഷെ, അതിന് ശരീരത്തില്‍ എന്തെങ്കിലും ക്ഷതം ഏറ്റിരിക്കണം. 

ഗാര്‍ഹിക ബലാത്സംഗം ശിക്ഷാര്‍ഹമാക്കണമെന്നു വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍ പറയാതെ പറയുന്നത് ഭാര്യയ്ക്ക് പൂര്‍ണ്ണസമ്മതമല്ലെങ്കില്‍ ഭര്‍ത്താവ് ലൈംഗിക ബന്ധത്തിന് മുതിരരുതെന്നാണ്. അത് ആക്രമിച്ച് കീഴ്‌പ്പെടുത്തലല്ല. മറിച്ച്, അവകാശമുള്ളത് പ്രത്യേകാനുമതി കൂടാതെ വാങ്ങുവാനുള്ള ശ്രമമാണ്. എന്നാല്‍, അതും ആക്രമിച്ച് കീഴ്‌പ്പെടുത്തുന്ന ബലാത്സംഗമായി കണക്കാക്കണമെന്നാണ് അവരുടെ വാദം. 

ഈ വാദം അംഗീകരിച്ച് നിയമനിര്‍മ്മാണം നടത്തി എന്നിരിക്കട്ടെ. രസകരമായ പല സംഭവങ്ങളായിരിക്കും തുടര്‍ന്നു വരിക. 

ഉദാഹരണത്തിന് Restitution of Conjugal Rights അനുസരിച്ച് ഭാര്യയുമായുള്ള ലൈംഗിക അവകാശം ഭര്‍ത്താവ് കോടതി വഴി നേടിയശേഷം വിധി അനുസരിക്കാന്‍ തയ്യാറായി ഭാര്യ ഭര്‍ത്താവിന്റെ താമസസ്ഥലത്ത് വന്നുവെന്നു കരുതുക. പക്ഷെ, ലൈംഗിക ബന്ധത്തിന് ഭാര്യ തടസ്സം പറയുകയാണെന്നും കരുതുക.

അടുത്ത ദിവസം ഭാര്യ ഭര്‍ത്താവിനെതിനെ ബലാത്സംഗത്തിന് കേസ് കൊടുക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമം 375-ാം വകുപ്പ് അനുസരിച്ച് ബലാത്സംഗത്തിന് കേസെടുത്ത് ശിക്ഷിച്ചാല്‍ 376-ാം വകുപ്പനുസരിച്ച് 10 കൊല്ലം തടവും പിഴയും വിധിക്കാം.

അതായത്, വിവാഹം എന്ന കരാര്‍ അനുസരിച്ച് ഭാര്യയുമായി ലൈംഗികബന്ധം പുലര്‍ത്താന്‍ നിയമപരമായി അവകാശമുള്ള ഭര്‍ത്താവ് ഭാര്യ അതിനു തയ്യാറാകാത്തതുകൊണ്ട് കോടതിവഴി തന്റെ നിയമപരമായ അവകാശം സ്ഥാപിച്ചെടുക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ബലാത്സംഗക്കേസില്‍ പ്രതിയായി 10 കൊല്ലം തടവിലാകുന്നു. ഭാര്യയ്ക്ക് വേണമെങ്കില്‍ Restitution of Conjugal Rights അനുസരിച്ച് ഭര്‍ത്താവ് നേടിയ കോടതി വിധിയെ മാനിക്കാതിരിക്കാം. അതിന് കോടതി ശിക്ഷിയ്ക്കില്ല. മറിച്ച്, ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്താന്‍ ഭര്‍ത്താവിന് അതൊരു പ്രധാനവാദമായി മാറുമെന്നു മാത്രം. അതിനു മുതിരാതെ ഭര്‍ത്താവിന്റെ താമസസ്ഥലത്തെത്തുകയും അയാളെ ബലാത്സംഗക്കേസില്‍ കുരുക്കുകയും ചെയ്യാം. ബലാത്സംഗക്കേസില്‍ പ്രതിയായ ഭര്‍ത്താവില്‍ നിന്ന്, അക്കാരണത്താല്‍ തന്നെ, ഭാര്യയ്ക്ക് വിവാഹമോചനവും നേടാം (അല്ലെങ്കില്‍തന്നെ പത്തുകൊല്ലം ജയില്‍ശിക്ഷ അനുഭവിക്കുന്ന ഭര്‍ത്താവില്‍ നിന്നും എന്തു മോചനം?). മാത്രമല്ല, തനിയ്ക്കവകാശപ്പെട്ട ജീവനാംശവും വാങ്ങാം. 

ഇവിടെയാണ് സ്ത്രീപക്ഷവാദികളുടെ ഇരട്ടത്താപ്പ് വ്യക്തമാകുന്നത്. 

എന്തുകൊണ്ടാണ് ബലാത്സംഗത്തിന് (2013 ലെ നിയമസഭേദഗതിയെത്തുടര്‍ന്ന് Sexual assault ആണ്) മറ്റ് assault- കളെ അപേക്ഷിച്ച് ഇത്രയും കൂടുതല്‍ ശിക്ഷ? 

അതിന് കാരണം സ്ത്രീത്വത്തെ അപമാനിച്ചു എന്നതാണ്. 

എന്താണ് സ്ത്രീത്വം? 

പുതിയ കാഴ്ചപ്പാടില്‍ സ്ത്രീത്വം പലര്‍ക്കും പലതാണെങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമം ഉണ്ടാക്കുന്ന 1860 ലെ സമൂഹത്തിന്റെ കാഴ്ചപ്പാടനുസരിച്ച് അത് സ്ത്രീയുടെ കന്യകാത്വത്തെയും പാതിവൃത്ത്യത്തേയും ചാരിത്ര്യത്തേയും ഒക്കെ സംബന്ധിക്കുന്നതാണ്. 

എന്താണീ കന്യകാത്വവും പാതിവൃത്ത്യവും ചാരിത്ര്യവും?

സ്വന്തം ഭാര്യ വിവാഹത്തിനു മുമ്പു കന്യകയായിരിക്കണമെന്നും അവള്‍ വിവാഹശേഷം പതിവൃതയായിരിക്കണമെന്നുമുള്ള പുരുഷന്റെ ആവശ്യം. അതായത്, തന്റെ ഭാര്യയ്ക്ക് വിവാഹത്തിനു മുമ്പോ പിമ്പോ താനല്ലാതെ മറ്റാരുമായും ലൈംഗികബന്ധം പാടില്ല എന്ന പുരുഷന്റെ പിടിവാശി. 

എന്തിനാണീ പിടിവാശി?

അല്ലെങ്കില്‍ മറ്റാരുടെയെങ്കിലും കുട്ടിക്ക് താന്‍ ചെലവിനു കൊടുക്കേണ്ടിവരും. 

അപ്പോള്‍, കന്യകാത്വത്തിലും പാതിവൃത്ത്യത്തിലും എല്ലാ പുരുഷന്‍മാര്‍ക്കും വിശ്വാസമുണ്ടോ? 

ഒരു പുരുഷനും ഇല്ല. സ്വന്തം ഭാര്യയുടെ കാര്യത്തില്‍ മാത്രമേ അതൊക്കെയുള്ളു. അതുകൊണ്ടുതന്നെ, അവസരം കിട്ടിയാല്‍, പുരുഷന്‍ അവിവാഹിതയായ കന്യകയുമായും മറ്റൊരു പുരുഷന്റെ ഭാര്യയുമായും ലൈംഗികബന്ധം പുലര്‍ത്തും. ഭാര്യയുള്ളപ്പോള്‍ തന്നെ വെപ്പാട്ടിയെ നിലനിര്‍ത്തും. അവളില്‍ ഉണ്ടാകുന്ന തന്റെ കുഞ്ഞിനെ (തന്റെ കുഞ്ഞാണെന്ന് ഉറപ്പുണ്ടായാല്‍ മാത്രം) ചിലവിനു കൊടുക്കും. തന്റെ വെപ്പാട്ടി മറ്റൊരു പുരുഷനോടൊപ്പം കിടന്നാല്‍ രണ്ടിന്റേം കഥ കഴിയ്ക്കും. ഇതുകൂടാതെ ലൈംഗികതൊഴിലാളിയുമായി ബന്ധമുണ്ടാക്കും. ആവശ്യമെങ്കില്‍ ഭാര്യയോട് എത്രയും പെട്ടെന്ന് തന്നെ ലൈംഗികതൊഴിലാളിയുടെ അടുത്ത് എത്തിക്കാന്‍ പറയും(പഴയ ശീലാവതിയുടെ കഥ). 

ഇത്രയൊക്കെ നാറിത്തരം കാട്ടുന്ന പുരുഷന്‍ സ്വന്തം ഭാര്യയ്ക്കു മാത്രം കല്‍പിച്ചു നല്‍കിയ കന്യകാത്വത്തിന്റെയും പാതിവൃത്യത്തിന്റെയും നുകമായ സ്ത്രീത്വം വലിച്ചെറിഞ്ഞവളാണ് ശാക്തീകരിക്കപ്പെട്ട സ്ത്രീ. അവള്‍ വിവാഹത്തിനു മുമ്പ് ഇഷ്ടമുള്ള പുരുഷനുമായി ബന്ധപ്പെടും. കന്യകയായി വിവാഹമണ്ഡപത്തില്‍ എത്തണമെന്ന് അവള്‍ക്ക് നിര്‍ബന്ധമില്ല. വിവാഹശേഷം ഭര്‍ത്താവല്ലാതെ ഇഷ്ടമുള്ള പുരുഷനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു കൂടെന്നില്ല. വിവാഹം നിലനിര്‍ത്താന്‍ പാതിവൃത്യത്തിന്റെ ആവശ്യമില്ല. സ്വന്തം സ്വാതന്ത്ര്യ പ്രഖ്യാപനത്തിലൂടെയാണ് പുരുഷനിര്‍മ്മിത സ്ത്രീത്വത്തില്‍ നിന്ന് സ്ത്രീ മോചിതയായത്. അങ്ങനെ മോചിതയായ സ്ത്രീ പുരുഷനു തുല്യമായി മാറുന്നു. പുരുഷനെപ്പോലെ വിദ്യാഭ്യാസം നേടുന്നു; തൊഴില്‍ ചെയ്യുന്നു; രാത്രിയും പകലുമെന്ന വ്യത്യാസമില്ലാതെ; സ്വന്തമായി വാഹനമോടിച്ച് പോകുന്നു; കൂട്ടുകാരുമൊത്ത് അടിച്ചുപൊളിക്കുന്നു; മദ്യപിക്കുന്നു; മയക്കുമരുന്നു കഴിയ്ക്കുന്നു; വിവാഹത്തിനു പുറത്തുള്ള ശാരീരികബന്ധങ്ങള്‍ തേടുന്നു; ഒടുവില്‍, സ്വന്തം വീട്ടില്‍ കൂടണയുന്നു. 

ഇത്രയും ശാക്തീകരിക്കപ്പെട്ട സ്ത്രീ പക്ഷെ, Sexual assault ന്റെ കാര്യം വരുമ്പോള്‍ പഴയ ഭാരതസ്ത്രീയാകുന്നു. Sexual assault ശരീരത്തിന്റെ മറ്റേതു ഭാഗത്തും ഉണ്ടാകുന്ന ആക്രമണത്തിനു സമാനമായി കാണാന്‍ തയ്യാറല്ല. അതൊന്ന് പ്രത്യേകം തന്നെ. അങ്ങനെ, താന്‍ തന്നെ വലിച്ചെറിഞ്ഞ പഴയ സ്ത്രീത്വസങ്കല്‍പ്പത്തിന്റെ നുകം ശാക്തീകരിക്കപ്പെട്ട സ്ത്രീയുടെ കൈയ്യിലെ പുതിയ ആയുധമായി മാറുന്നു. 

ശാക്തീകരിക്കപ്പെട്ട സ്ത്രീയ്ക്കതിന് കഴിയും. കാരണം, തുല്യതയും സംവരണവും തുല്യമായി കാണാന്‍ കഴിവുള്ള, രണ്ടിനു വേണ്ടി ഒരേ സ്വരത്തില്‍ വാദിക്കുന്ന, ഒരു rare species ആണവര്‍. 

വീടിനുള്ളില്‍ ലൈംഗികാതിക്രമത്തിന് വിധേയരാകുന്നത് സ്ത്രീകള്‍ മാത്രമാണോ? 

ആണെന്നാണ് ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ പറയുന്നത്. അതുകൊണ്ടാണ് ബലാത്സംഗനിയമത്തിന് ഭേദഗതി കൊണ്ടുവന്നപ്പോള്‍ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ആക്രമണം gender ntural ആക്കിയതിനെതിരെ സ്ത്രീസംഘടനകള്‍ മുന്നോട്ട് വന്നത്. സ്ത്രീകള്‍ ആരെയും ലൈംഗികമായി പീഡിപ്പിയ്ക്കില്ലത്രെ!

എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. അമേരിക്കയിലെ Cetnre for Disease Cotnrol and Prevention (CDC) 2010 ല്‍ നടത്തിയ പഠനത്തില്‍ വ്യക്തമാക്കുന്നത് ആണ്‍കുട്ടികള്‍ ലൈംഗിക അതിക്രമങ്ങളുടെ ഇരയാകുന്നു എന്നാണ്. അതിനു കാരണക്കാരില്‍ പ്രധാനപ്പെട്ടവര്‍ അധ്യാപികമാരും ബേബിസിറ്റര്‍മാരുമാണ്. ബലാത്സംഗം പുരുഷന്‍ സ്ത്രീയോടും സ്ത്രീ പുരുഷനോടും കാട്ടുന്നുണ്ട്. രണ്ടു ബലാത്സംഗങ്ങളും ഏറെക്കുറെ ഒരേ തോതിലാണ്. (USA Today, Sept. 23, 201).

അമേരിക്കയിലെ മിസോറി സര്‍വ്വകലാശാല നടത്തിയ പഠനത്തില്‍ പുരുഷന്‍ ഇരകളായ ബലാത്സംഗക്കേസുകളില്‍ ഭൂരിഭാഗവം ചെയ്തത് സ്ത്രീകളാണ്. ഹൈസ്‌കൂളിലും കോളേജിലും പഠിക്കുന്ന കുട്ടികളില്‍ 43 ശതമാനം പേരും ലൈംഗികഅതിക്രമത്തിന് ഇരയായവരാണ്. അവരില്‍ 95 % പേരും പറഞ്ഞത് അവരുടെ നേരെ ലൈംഗിക അതിക്രമം നടത്തിയത് സ്ത്രീകള്‍ ആണെന്നാണ് (USA Today, Sept. 23, 2014).

അമേരിക്കയില്‍ നടക്കുന്ന ലൈംഗിക അതിക്രമങ്ങളില്‍ മൂന്നിലൊന്നും നടത്തുന്നത് സ്ത്രീകളാണ് എന്നും സി.ഡി.സി.യുടെ പഠനത്തില്‍ പറയുന്നു (USA Today, Sept. 23, 2014).

CDC യുടെ പഠനവും സമാനസ്വഭാവമുള്ള മറ്റനേകം പഠനങ്ങളും കോര്‍ത്തിണക്കിക്കൊണ്ട് USA Today യില്‍ ലേഖനമെഴുതിയ Gleen Harlan Reynolds ടെന്നിസി സര്‍വ്വകലാശാലയിലെ നിയമവകുപ്പ് പ്രൊഫസറാണ്. 

പക്ഷെ, ഇതൊന്നും നമ്മുടെ സ്ത്രീപക്ഷ വാദക്കാര്‍ അംഗീകരിക്കില്ല. അവരുടെ കാഴ്ച്ചപ്പാടില്‍ സ്ത്രീകള്‍ എന്നും ഇരകളാണ്. ശാക്തീകരിയ്ക്കപ്പെട്ട സ്ത്രീയും ശാക്തീകരി്ക്കപ്പെടാത്ത സ്ത്രീയും. ഇരകളായ സ്ത്രീകള്‍ – നിതാന്തമായി, നിരന്തരമായി ഇരകളായ സ്ത്രീകള്‍ എന്നു വായിക്കുക – വേട്ടയാടുന്ന പുരുഷനുമായി – നിതാന്തമായി, നിരന്തരമായി എന്നു വായിക്കുക – ഒരു കുടംബഘടനയ്ക്കുള്ളില്‍ തുല്യരായി ജീവിക്കണമെന്നും, അതിനുള്ളില്‍ അവരുടെ റോളുകള്‍ ഒരിക്കലും മാറുന്നില്ലെന്നും, അതുകൊണ്ടുതന്നെ, തുല്യതയ്‌ക്കൊപ്പം സംവരണവും ആനുകൂല്യവും പ്രത്യേക അവകാശങ്ങളും സാമൂഹിക – നിയമരംഗത്തുനിന്നും പ്രകടമായി തന്നെ പക്ഷപാതപരമായ നിയമങ്ങളും തങ്ങളുടെ നീതി ഉറപ്പാക്കാന്‍ അത്യാവശ്യമാണെന്നുമൊക്കെയുള്ള ഒരു തരം ‘അവിയല്‍ കാഴ്ച്ചപ്പാടു’മായി ഇര-നിരപേക്ഷ ഗാര്‍ഹിക അന്തരീക്ഷത്തിനു വേണ്ടി വാദിയ്ക്കുന്നു. 

എന്നാല്‍, അവര്‍ പറയുന്ന ഇര-നിരപേക്ഷാന്തരീക്ഷം, വാസ്തവത്തില്‍, ഇന്നലെ വരെ വേട്ടപ്പട്ടിയായിരുന്ന പുരുഷനെ നിയമത്തിന്റെ സഹായത്തോടെ ഇരയാക്കിമാറ്റുന്ന ഒരു വിരസമായ തനിയാവര്‍ത്തനമാണ്. എന്തുകൊണ്ടെന്നാല്‍, വിവാഹം കഴിച്ച സ്ത്രീയുമായി അവളുടെ ഇഷ്ടമില്ലാതെ ലൈംഗികബന്ധം പുലര്‍ത്തുന്നതിനെ ഏറ്റവും കൊടുംപാതകമായ (കുറ്റകൃത്യത്തിന്റെ കാര്യത്തിലല്ല; ശിക്ഷയുടെ കാര്യത്തില്‍) ബലാത്സംഗമായി ചിത്രീകരിക്കുമ്പോള്‍ അതെങ്ങനെയാണ് ഭര്‍ത്താവായ പുരുഷനെ ബാധിക്കുന്നത് എന്നതിനെക്കുറിച്ച് ഒരു ശാസ്ത്രീയപഠനവും നടത്തിയിട്ടില്ല. എന്നാല്‍, വീട്ടിനുള്ളില്‍ സ്ത്രീകള്‍ ഭര്‍ത്താവിനാല്‍ ബലാത്സംഗം ചെയ്യപ്പെടുന്നു എന്ന പഠനങ്ങള്‍ ധാരാളമുണ്ടുതാനും. ഇതൊരു വിചിത്രമായ തെറ്റുതിരുത്തലാണ്. ഒരാള്‍ക്ക് നീതി ഉറപ്പാക്കാന്‍ മറ്റൊരാള്‍ക്ക് നീതി നിഷേധിക്കുക. ഒരാളെക്കുറിച്ചുള്ള പഠനങ്ങള്‍ അവതരിപ്പിക്കുക; മറ്റൊരാളെക്കുറിച്ച് യാതൊരു പഠനവും കൂടാതെ അയാള്‍ക്കെതിരെ വിധി പുറപ്പെടുവിക്കുക. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഏറ്റവും വലിയ ഫലിതം ഈ ആധുനികോത്തര തമാശകളൊക്കെ വേണമെന്നു വാദിക്കുന്നത് നമ്മുടെ, കാലഹരണപ്പെട്ട, ഫ്യൂഡല്‍ ബിംബമായ കുടുംബത്തിനുള്ളിലാണ് ഫ്യൂഡല്‍ വ്യവസ്ഥയില്‍ അധികാരം ശ്രേണികളിലായാണ്. അതില്‍ പുരുഷാധിപത്യം കൂടി കലരുമ്പോള്‍ ഒരു ശരാശരി ഇന്ത്യന്‍ കുടുംബമായി. ഫ്യൂഡലിസത്തില്‍ തുല്യതയില്ല. ഓരോ ശ്രേണിയിലും അധികാരത്തിന്റെ interplay ആണ്. അതാണ് ഫ്യൂഡല്‍ വ്യവസ്ഥയെ നിലനിര്‍ത്തുന്നത്. ഫ്യൂഡലിസത്തിനുള്ളില്‍ ജനാധിപത്യം അസാധ്യമാണ്. അതുമനസ്സിലാക്കാന്‍ കഴിയാത്തതുകൊണ്ടാണ് അതിനുള്ളില്‍ ജനാധിപത്യത്തിന്റെ ജീവവായുവായ തുല്യത വേണമെന്ന് വാദിക്കുന്നത്. തുല്യത നടപ്പിലാക്കാന്‍ കഴിയാതെ വരുമ്പോള്‍ തുല്യതയ്ക്കുവേണ്ടി അപരിഷ്‌കൃതവും അശാസ്ത്രീയവുമായ രീതികളെ അവലംബിക്കും (ഉദാഹരണത്തിന് പൊക്കം കുറഞ്ഞ ആള്‍ക്ക് പൊക്കം കൂടിയ ആളുമായി പൊക്കത്തിന്റെ കാര്യത്തില്‍ തുല്യത പാലിക്കാനായി ഇരുവരും തമ്മിലുള്ള അളവു വ്യത്യാസം തിട്ടപ്പെടുത്തി പൊക്കം കൂടിയവന്റെ കാല് രണ്ടും അതിനനുസരിച്ച് മുറിച്ചുമാറ്റി സമത്വമുണ്ടാക്കുക. കുറച്ചുകൂടി തീവ്രമായി ചിന്തിയ്ക്കുന്നവര്‍ക്ക് പൊക്കം കൂടിയ ആളുടെ തലയും കഴുത്തും മുറിച്ചുമാറ്റിയും തുല്യതയും സമത്വവും ഉറപ്പുവരുത്താവുന്നതാണ്).

ഏറെക്കുറെ സമാനമായ ചിത്രമാണ് ഗാര്‍ഹിക ബലാത്സംഗത്തിനു പിന്നിലും. ഇത്രയും നാളും തങ്ങളെ വേട്ടയാടിയ പുരുഷന്റെ വരിയുടച്ച് വരച്ചവരയില്‍ നിര്‍ത്താനുള്ള അവസരം. 

തുല്യത വേണ്ടവര്‍ ആദ്യം ചെയ്യേണ്ടത് ഫ്യൂഡല്‍ബിംബമായ കുടുംബത്തിനു പുറത്തുവരിക എന്നതാണ്. അതോടെ ബിംബം താനേ തകര്‍ന്നുകൊള്ളും. പക്ഷെ, അതിന് ശാക്തീകരിക്കപ്പെട്ട സ്ത്രീ പോലും തയ്യാറല്ല. കാരണം, അവള്‍ക്ക് ഫ്യൂഡല്‍ കുടുംബത്തിന്റെ സുരക്ഷിതത്വം വേണം. ജനാധിപത്യബോധത്തിലൂന്നിയ തുല്യതയും വേണം. ആവശ്യമെങ്കില്‍ ഫ്യൂഡല്‍ ബിംബത്തിനുള്ളിലെ അധികാരകേന്ദ്രങ്ങളെ തലകുത്തി മറിച്ചുനിര്‍ത്തി പുതിയൊരു ഫ്യൂഡല്‍ ബിംബം തീര്‍ക്കുകയും ആകാം. 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍