UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഈ പെണ്ണൊച്ചകളില്‍ കുലുങ്ങുമോ ആണുങ്ങടെ ലീഗ്?

Avatar

കെ എ ആന്റണി

ഇന്ന് ലോക വനിതാ ദിനം. ഈ വനിതാ ദിനത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ വനിതാ വിഭാഗമായ വനിതാ ലീഗിനു തെല്ലൊന്ന് ആശ്വസിക്കാം. ഒന്നുമല്ലെങ്കിലും തങ്ങള്‍ ഇത്രകാലവും അമര്‍ത്തിവച്ച പ്രതിഷേധം ചെറിയ രീതിയിലെങ്കിലും പുറത്തു വന്നല്ലോയെന്നോര്‍ത്ത്.

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗവും വനിതാ ലീഗിന്റെ നേതാക്കളില്‍ ഒരാളുമായ അഡ്വക്കേറ്റ് നൂര്‍ബിന റഷീദ് തന്നെയാണ് ഇക്കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ക്ക് മുന്നില്‍ ലിംഗ സമത്വത്തെ കുറിച്ച് മനസ്സ് തുറന്നത്. ആ പ്രതിഷേധം അത്ര ശക്തമായിരുന്നില്ലെങ്കിലും മുസ്ലിംലീഗിന്റെ തട്ടകമായ മലപ്പുറത്തു നിന്നും വന്ന പെണ്ണൊച്ച സ്വസമുദായത്തില്‍ നടമാടുന്ന പുരുഷ സമഗ്രാധിപത്യത്തിന് എതിരെ കൂടിയായിരുന്നുവെന്ന് വായിക്കുന്നതില്‍ തെറ്റില്ലെന്ന് തോന്നുന്നു.

നിയമസഭയിലും പാര്‍ലമെന്റിലും ഒക്കെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ അതേക്കുറിച്ച് പറയേണ്ട പെണ്ണുങ്ങള്‍ വീടിന്റേയും നാടിന്റേയും ചുവരുകള്‍ക്കുള്ളില്‍ തന്നെ കഴിയണമോയെന്ന ചോദ്യമായിരുന്നു നൂര്‍ബിന ചാനലുകളുമായി പങ്കുവച്ചത്.

ആ ചോദ്യം വരാനിടയാക്കിയ കാര്യം മുസ്ലിംലീഗ് ഇക്കുറി വനിത ലീഗിന് നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണെങ്കിലും നൂര്‍ബിനയുടെ ചോദ്യം ഏറെ പ്രസക്തമാണ്. ലോക രാഷ്ട്രങ്ങളില്‍ പലയിടത്തും മുസ്ലിം വനിതകള്‍ അധികാരത്തില്‍ വരുന്നതും ഭരണപരമായ നേതൃത്വം വഹിക്കുന്നതും ഇങ്ങു ദൂരെ മലപ്പുറത്തും കോഴിക്കോട്ടും കാസര്‍ഗോഡുമൊക്കെയിരുന്ന് മുസ്ലിം വനിതകളും കാണുകയും കേള്‍ക്കുകയും ചെയ്യുന്നുണ്ട്. സമസ്തയുടെ പേടിപ്പെടുത്തലില്‍ വശംവദരാകുന്ന പുരുഷപ്രജകള്‍ തങ്ങള്‍ക്ക് പുറത്തേക്കുള്ള വാതായനങ്ങള്‍ അടച്ചിടുമ്പോള്‍ ഉണ്ടാകാവുന്ന ആത്മരോഷത്തില്‍ നിന്നു തന്നെയാകണം നൂര്‍ബിന ഇത്രയെങ്കിലും പറഞ്ഞത്.

1996-ല്‍ മുസ്ലിംലീഗ് ഖമറുന്നീസ അന്‍വറിനെ കോഴിക്കോട് രണ്ടില്‍ നിന്ന് മത്സരിക്കാന്‍ അനുവദിച്ചു. ഖമറുന്നീസ നേരിയ വോട്ടിന് പരാജയപ്പെട്ടുവെങ്കിലും മുസ്ലിംലീഗ് വനിത ശാക്തീകരണത്തിന് തയ്യാറെടുത്തു തുടങ്ങിയെന്നതിന്റെ സൂചനയായാണ് പലരും ആ നീക്കത്തെ കണ്ടത്. പിന്നീട് അങ്ങോട്ട് മുസ്ലിം വനിതകള്‍ നിയമസഭ, പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലേക്ക് പരിഗണിക്കപ്പെട്ടില്ല. ഖമറുന്നീസ അന്‍വറിനെ പോലെ തന്നെ പ്രാഗല്‍ഭ്യം തെളിയിച്ചവരാണ് നൂര്‍ബിനയും അഡ്വക്കേറ്റ് കെപി മറിയുമ്മയും. മറിയുമ്മ ഒരു തവണ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റുവരെയായി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സംവരണം സ്ത്രീകള്‍ക്ക് നിര്‍ബന്ധിതമാക്കിയത് കൊണ്ടാണ് അന്ന് അവരെ മത്സരിപ്പിക്കാന്‍ ഒരുങ്ങിയതും പഞ്ചായത്ത് പ്രസിഡന്റ് ആക്കിയതും എന്ന് മറിയുമ്മയ്ക്ക് നന്നായി അറിയാം. എന്നാല്‍ നിയമസഭ, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ പ്രശ്‌നം വരുമ്പോള്‍ മുസ്ലിംലീഗ് നേതൃത്വം കണ്ണടച്ച് ഇരുട്ടാക്കുകയാണ് പതിവ്.

ഇത്തവണയും വനിതാ ലീഗ് ഒരു പ്രമേയം പാസ്സാക്കി മുസ്ലിംലീഗ് നേതൃത്വത്തിന് നല്‍കിയിരുന്നു. രണ്ടില്ലെങ്കില്‍ ഒരു സീറ്റിലെങ്കിലും വനിത ലീഗ് നിര്‍ദ്ദേശിക്കുന്ന മുസ്ലിം വനിതകളെ മത്സരിപ്പിക്കണം എന്നതായിരുന്നു ആ പ്രമേയത്തിന്റെ രത്‌നച്ചുരുക്കം. അവര്‍ മുന്നോട്ടു വച്ച രണ്ട് സ്ഥാനാര്‍ത്ഥികളില്‍ ഒരാള്‍ നൂര്‍ബിന റഷീദും മറ്റൊരാള്‍ മറിയുമ്മയുമായിരുന്നു. പ്രമേയത്തിന് ആദ്യം പച്ചക്കൊടി വീശിയ ലീഗ് യജമാനന്‍മാര്‍ അത് ഞമ്മന്റെ പാര്‍ട്ടീടെ പച്ചക്കൊടി ബെറുതേയൊന്ന് വീശിതല്ലേ എന്ന് പറഞ്ഞ് ഒഴിഞ്ഞപ്പോഴാണ് നൂര്‍ബിനയിലെ പെണ്‍സിംഹം ചെറുതായെങ്കിലും മുരണ്ടത്.

കാച്ചിയും തട്ടവും ഇട്ട് ആണൊരുത്തന്‍ പറയുന്നത് കേട്ട് മിണ്ടാതിരുന്ന ശീലം മലപ്പുറത്തെ മുസ്ലിം സ്ത്രീകളില്‍ ചിലര്‍ക്കെങ്കിലും പണ്ടും ഉണ്ടായിരുന്നില്ല. നിലമ്പൂരിലേയും പൊന്നാനിയിലേയും ഒക്കെ ഇടതു ചാഞ്ഞ പഴയ മുസ്ലിം കുടുംബങ്ങള്‍ നല്‍കുന്ന സൂചനകളും ഇതാണ്. സിപിഐഎമ്മിലെ പികെ സൈനബ മാത്രമല്ല ഇമ്പിച്ചിബാവയുടെ ഭാര്യയും ഒക്കെ ഇതിന് ഉദാഹരണം. ഇത് പക്ഷേ കമ്മ്യൂണിസ്റ്റ് ചരിതം മാത്രമല്ല. വായനയുടേയും എഴുത്തിന്റേയും ഉപരിപഠനത്തിന്റേയും ഒക്കെ വാതായനങ്ങള്‍ തുറന്ന മുസ്ലിം എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ സംഭാവന മുസ്ലീം വനിതകളുടെ ശാക്തീകരണത്തില്‍ വളരെ വലുതായിരുന്നു. ഡോക്ടര്‍മാരും അഡ്വക്കേറ്റുമാരും എഞ്ചിനീയര്‍മാരും ഒക്കെ മുസ്ലിംവനിതകളില്‍ നിന്ന് ഉണ്ടായപ്പോള്‍ അവര്‍ക്ക് പുയ്യാപ്ലമാരെ കണ്ടെത്താനായിരുന്നു ഏറെ വിഷമമെന്ന് എംഇഎസ് സ്ഥാപകന്‍ ഗഫൂര്‍ ഡോക്ടര്‍ പറഞ്ഞിട്ടുണ്ട്.

സമുദായത്തിലെ ഭൂരിപക്ഷം വരുന്ന മുസ്ലിംങ്ങളെ അടക്കിവാഴുന്ന സുന്നി പൗരോഹിത്യം തന്നെയായിരുന്നു അന്നും ഇന്നും മലപ്പുറത്തിന്റെ കണ്ണീരായി നിലനില്‍ക്കുന്നത്. ഉപ്പെന്ന സിനിമയിലൂടെ പവിത്രനും പാഠം ഒന്ന് ഒരു വിലാപം എന്ന് ആര്യാടന്‍ ഷൗക്കത്ത് കഥയെഴുതി ടിവി ചന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയും ഒക്കെ പറഞ്ഞതും മലപ്പുറത്തെ ഗാര്‍ഹിക പീഡനങ്ങളെ കുറിച്ചും പെണ്‍സ്വപ്‌നങ്ങള്‍ കരിഞ്ഞ് വീഴുന്നതിനെ കുറിച്ചും ഒക്കെയാണ്.

ഇത്തരം സംഭവങ്ങള്‍ക്ക് ഒരു മാറ്റം ഉണ്ടാകും എന്ന് തന്നെയാണ് ഖമറുന്നീസ അന്‍വര്‍ മുതല്‍ നൂര്‍ബീന, മറിയുമ്മ തുടങ്ങിയവര്‍ വരെ പ്രവര്‍ത്തിക്കുന്ന വനിത ലീഗുകാരും ഇക്കാലമത്രയും തങ്ങളാല്‍ ആകുംവിധം സ്ത്രീ ശാക്തീകരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതും. എന്നാല്‍ കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ നയിക്കുന്ന എപി സുന്നിയും ലീഗിനെ പിന്തുണയ്ക്കുന്ന ഇകെ വിഭാഗം സുന്നിയും നിരന്തരം ഇറക്കിക്കൊണ്ടിരിക്കുന്ന ഫത്വകള്‍ സ്ത്രീകളെ പൊതുധാരയില്‍ നിന്നും അകറ്റി നിര്‍ത്തുന്നവയാണ്. ഇതുതന്നെയാണ് മുസ്ലിം സമുദായത്തിലെ നമ്പര്‍ പാര്‍ട്ടിയാകുമ്പോഴും മുസ്ലിംലീഗിനേയും സ്ത്രീകള്‍ക്ക് രാഷ്ട്രീയത്തിലും പൊതുസമൂഹത്തിലും പ്രാതിനിധ്യം നല്‍കുന്ന കാര്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതും.

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍