UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പെണ്‍കരുത്തിന്റെ കാലമാണിത്; അസംബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായി

Avatar

വി.കെ അജിത്‌ കുമാര്‍

 

ഞാന്‍ സ്കുളില്‍ പഠിക്കുമ്പോഴാണ് ആദ്യമായി മലയ്ക്ക് പോകുന്നത്. മലയ്ക്ക് എന്ന സര്‍വനാമം ശബരിമല എന്ന ഏകനാമത്തില്‍ ഞങ്ങള്‍ പത്തനംതിട്ടക്കാര്‍ക്കിടയിലെങ്കിലും അറിയപ്പെട്ടിരുന്നു. വൃശ്ചികത്തിന്‍റെ തണുപ്പില്‍ അതിരാവിലെ അടുത്തുള്ള ചെറുതോട്ടില്‍ പോയി കുളിക്കാനും ശരണം വിളിക്കാനും ഞങ്ങളെ വിട്ടിലുള്ള മുതിര്‍ന്നവര്‍ ഉദ്ബോധിപ്പിച്ചുകൊണ്ടിരിക്കും.

 

കുളിച്ചു കുറിയും തൊട്ട് ചെരിപ്പിടാതെ വളരെ ചിട്ടവട്ടങ്ങളോടെ പള്ളിക്കൂടത്തില്‍ പോയിരുന്ന പകലുകള്‍. വൃശ്ചികത്തിലെ വ്രതരാവുകളില്‍ ദൂരെ എവിടെയെങ്കിലും നിന്ന് കേള്‍ക്കുന്ന മാനുവല്‍ അപ്പൂപ്പന്‍റെ ഭജന. മാനുവല്‍ അപ്പുപ്പന്‍ മാര്‍ഗ്ഗം ചേര്‍ന്ന്‍ നിന്നെങ്കിലും നല്ലൊന്നാന്തരം ഭജനപ്പാട്ടുകാരനായിരുന്നു. നേരം വെളുക്കുവോളം നീളുന്ന ഭജന. ഗണപതിയില്‍ തുടങ്ങി സരസ്വതിയും ഗുരുവും കടന്ന് അയ്യപ്പനിലും മുരുകനിലുമൊക്കെ എത്തുമ്പോള്‍ നേരം പുലരാറായിരിക്കും. ഇതിനിടെ ആഴിവാരിയെടുക്കുന്ന ഭക്തിയുടെ പാരമ്യത്തില്‍ എത്തിയ ചില അയ്യപ്പന്മാര്‍. തീവാരിയെറിയുന്ന മനുഷ്യന്‍ അന്നൊരു കാഴ്ചയായിരുന്നു. കറുത്ത മനുഷ്യന്‍ ശരീരം പൊള്ളാതെ തീയില്‍ കുളിക്കുമ്പോള്‍ ഭക്തിക്കുപരി ഭയമായിരുന്നു മനസില്‍.

 

യാത്ര ചോദിച്ച് ഉറ്റവരേയും ഉടയവരേയും ഒരുനോക്കു നോക്കി അയ്യപ്പന്‍ ഇരുമുടി തലയിലേന്തുന്നത് വികാരനിര്‍ഭരമായൊരു കാഴ്ചയായിരുന്നു. അമ്മയ്ക്ക് മകനെയോ ഭാര്യയ്ക്ക് ഭര്‍ത്താവിനെയോ സഹോദരിക്ക് സഹോദരനെയോ മക്കള്‍ക്ക് അച്ഛനെയോ നഷ്ടപ്പെടാന്‍ പോകുന്നുവെന്ന മുന്നറിയിപ്പ് പോലെ വികാരം നിറഞ്ഞുനില്‍ക്കുന്ന അന്തരിക്ഷം. ഉറച്ച് ശരണം വിളിച്ചു ഗുരുസ്വാമിമാര്‍ എടുത്തുകൊടുക്കുന്ന ഇരുമുടിയുമേന്തി സംഘം ചേര്‍ന്നു നടന്നു പോകുന്ന സ്വാമിമാരുടെ കഥ മുതിര്‍ന്നവര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. ആനയും പുലിയും നിറഞ്ഞ കാടുകളിലൂടെ സ്വാമിദര്‍ശനം തേടി പോയവരുടെ കഥകള്‍.

 

എന്നാല്‍ എന്‍റെ യാത്രകള്‍ അച്ഛന്‍റെ സംരക്ഷണത്തില്‍ ഏതെങ്കിലും ടാക്സി കാറുകളില്‍ ആയിരുന്നു. എങ്കിലും പോകുംവഴി ശരണവും ഭക്തിയും ഞങ്ങളില്‍ നിറഞ്ഞിരുന്നു. പിന്നീട് മതിഭ്രമത്തില്‍ വീണുപോയ സിദ്ധിക്ക് അണ്ണനും ഞങ്ങളോടൊപ്പം പല യാത്രകളിലും അയ്യപ്പ ശരണം വിളിച്ച് കൂടെയുണ്ടായിരുന്നു.

 

അച്ഛന്‍റെ കൈപിടിച്ചാരംഭിച്ച യാത്ര ഇപ്പോഴും തുടര്‍ന്നുകൊണ്ടിരിക്കുന്നു. കാരണം ഒരു മലയാത്ര നല്‍കുന്ന ആരോഗ്യപരവും മാനസികവുമായ സന്തോഷം ഇപ്പോഴും എനിക്ക് ഈ യാത്രയില്‍ ലഭിക്കുന്നുണ്ട്. പതിനെട്ടാംപടി കയറി എത്തുമ്പോള്‍ കൂട്ടുകരായ ഏതെങ്കിലും പോലീസുകാര്‍ സഹായത്തിനുണ്ടാകും, പിന്നെ ദര്‍ശനം എളുപ്പമാകും, അങ്ങനെ വിഐപി ആകും. ഇപ്പോഴും പല മാസങ്ങളിലും ഞങ്ങള്‍ ശബരിമലയ്ക് പോകാറുണ്ട്.

 

ഞാനിത്രയും ഇവിടെ കുറിച്ചത് ശബരിമല ഇപ്പോള്‍ വളരെ പ്രകോപനം സൃഷ്ടിക്കുന്ന ഒരു വിഷയമായി മാറുന്നു എന്നതുകൊണ്ടാണ്. എന്‍റെ അനുഭവത്തില്‍ തന്നെ മലയാത്രയുടെ ചിട്ടവട്ടങ്ങള്‍ എല്ലാം മാറിക്കഴിഞ്ഞു. പ്രത്യേകിച്ചും ഞങ്ങള്‍ പത്തനംതിട്ടക്കാര്‍ എപ്പോള്‍ ആലോചിക്കുന്നുവോ അപ്പോള്‍ പോകാന്‍ പറ്റുന്ന വിധത്തിലേക്ക് ശബരിമലയെ മാറ്റിയെടുത്തു. ആഴിപൂജയും വൃശ്ചിക വ്രതവും ഒന്നുമില്ല, ഇരുമുടി പോലുമില്ലാതെ. മെട്രോയും ഹൈവേയും ആധുനിക യാത്രാസങ്കേതങ്ങളും നിറയുന്ന ഈ കാലത്ത് വടിയും കുത്തി ഇരുമുടിയും തലയില്‍ വച്ച് നഗ്നപാദരായി നടന്നു വരുന്ന അന്യദേശക്കാരായ ചില മനുഷ്യരെ ഞങ്ങള്‍ അല്പം പുച്ഛത്തോടെ നോക്കാറുമുണ്ട്‌. കാരണം കാലത്തിന്‍റെ മാറ്റം മനസിലാക്കി അഡാപ്റ്റേഷന്‍ നടത്തുന്നവരാണ് മനുഷ്യന്‍. പലതും  മാറ്റിയെഴുതപ്പെടുന്നു, അല്ലെങ്കില്‍ മായ്ച്ചു കളയുന്നു.

 

ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും തിരുത്തുന്നത് കമ്മ്യുണിസ്റ്റുകളാലല്ല. അങ്ങനെയെങ്കില്‍ ശബരിമലയില്‍ ഏറ്റവും കുടുതല്‍ പോകുന്നത് കമ്മ്യുണിസ്റ്റുകാരാണെന്ന് പറയേണ്ടതായി വരും. വിശ്വാസികളാല്‍ തന്നെ കാലം ചെല്ലുംതോറും ലളിതമാക്കപ്പെട്ട വ്രതചരിത്രമാണ് ശബരിമലയ്കുള്ളത്. ഒരു വിവാദത്തിനു വേണ്ടി സൃഷ്ടിച്ച ഹാഷ് ടാഗ് വിപ്ലവത്തിന് ശരിക്കും പറഞ്ഞാല്‍ ഒരു തരത്തിലുമുള്ള ആത്മാര്‍ത്ഥതയുമില്ല എന്നതാണ് സത്യം. ഇവിടെ പോകണം എന്ന് വിലപിക്കുന്നവര്‍ ഭക്തരല്ല. കാത്തിരിക്കാം എന്ന് പറയുന്നവരും അവരെ രാഷ്ട്രീയമായി എതിര്‍ക്കുന്നവരും. ക്ഷേത്രങ്ങള്‍ രാഷ്ട്രീയതയുടെ  വായനപ്പുരകളാകുകയും അതിലൂടെ അന്ധവിശ്വാസങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നിടത്താണ് ഇത്തരം ശരാശരി മലയാളി പരാജിതനാകുന്നത്, അതല്ലെങ്കില്‍ ദിശയറിയാതെ നില്‍ക്കുന്നത്.

 

പശുവും ബീഫും ഇപ്പോള്‍ ഇവിടെ ശക്തമല്ലെങ്കിലും സമീപഭാവിയില്‍ അത് സംഭവിക്കും എന്നുള്ള സൂചനകള്‍ തരുന്ന വിധത്തില്‍ പക്വത നഷ്ടമാകുന്ന നേതാക്കളില്‍ കാര്യങ്ങള്‍ എത്തുമ്പോള്‍  ഇടതുപക്ഷം കൂടുതല്‍ മാറേണ്ടത് ആവശ്യമാണ്. മൃതമായ ഒരു സംഘമായി കോണ്‍ഗ്രസ് മാറിക്കൊണ്ടിരിക്കുന്നു. വളരുന്ന ബിജെപിയുടെ ആസ്ഥാന കേന്ദ്രങ്ങള്‍ ക്ഷേത്രങ്ങളും അതിലുടെ മാത്രം ലോകത്തെ കാണുന്ന ഒരു വിഭാഗവുമാണ്. എത്രയും പെട്ടെന്ന് ഒരാളെ ക്ഷുഭിതനാക്കാന്‍ അയാളുടെ മതത്തേയോ ജാതിയേയോ കുറിച്ച് പറഞ്ഞാല്‍ മതിയെന്ന അവസ്ഥയില്‍ നമ്മുടെ കേരളസമൂഹം എത്തുമ്പോള്‍ മാനുവല്‍ അപ്പുപ്പന്‍റെ ഭജനയും സിദ്ധിക്ക് അണ്ണന്‍റെ മലകയറ്റവും ഒരു മിത്തായി മാറും.

 

പെണ്ണെന്ന അവസ്ഥ അവളുടെ ആര്‍ത്തവത്തില്‍ മാത്രമാണെന്നും ആ ദശയ്കു മുന്‍പും പിന്‍പും അവള്‍ പെണ്ണല്ല എന്ന് പറയുന്നതിലെ ലോജിക്കും മനസിലാകുന്നില്ല. നെടുനീളെ തുടരുന്ന  ദുര്‍ഘടമായ വനയാത്രയില്‍ ആര്‍ത്തവചക്രത്തിന്റെ ആവര്‍ത്തനം വരുത്താവുന്ന ക്ഷീണം എന്ന യഥാര്‍ത്ഥ്യം മാത്രമാണ് അവളെ മലയാത്രയില്‍ നിന്നും ഒഴിച്ചുനിര്‍ത്തിയത്. അല്ലാതെ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പറഞ്ഞ പിണ്ഡത്തിന്റെ കഥയല്ല. ആര്‍ത്തവത്തിന്‍റെ അടിച്ചേല്‍പ്പിക്കപ്പെട്ട ക്ഷീണം മറികടക്കാന്‍ പ്രാപ്തരായ പെണ്‍കരുത്തിന്‍റെ കാലമാണിത്.

 

ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടവുമായി ഒളിമ്പിക്സ് മലകയറാന്‍ പോയ സംഘത്തിലെ രണ്ടു പെണ്‍കുട്ടികള്‍ മാത്രമാണ് ദര്‍ശനം നേടിയത് എന്ന് മനസിലാക്കിയ കാലമാണിത്. ക്ഷീരപഥങ്ങളില്‍ യാത്രചെയ്ത പെണ്‍കാലമാണിത്. എവറസ്റ്റുകള്‍ വീണ്ടും വീണ്ടും കയറിയിറങ്ങുന്ന സ്ത്രീകളുടെ കാലം. കമന്‍റ് ബോക്സുകളില്‍ ശബരിമലയെപ്പറ്റി പറയുമ്പോള്‍ പെണ്ണിനെ ചീത്ത വിളിക്കുകയും മെഡല്‍ നേടുമ്പോള്‍ അവളെ നോക്കി പൊള്ളയായി അഭിനന്ദിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പന്‍മാരുടെ കാലവും.

 

 (സാമൂഹ്യ നിരീക്ഷകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍