UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഞങ്ങള്‍ക്ക് പിന്‍സീറ്റ് ഡ്രൈവര്‍മാര്‍ വേണ്ട

Avatar

മുസ്ലീം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പൊതുരംഗത്ത് വരുന്നതും മത നിഷേധമാണ് എന്ന സമസ്ത യുവ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം ഏറെ വിവാദമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ സ്ത്രീ സംവരണത്തിന്റെ കാര്യത്തില്‍ ‘ഭരണനടത്തിപ്പ് പിന്‍സീറ്റ് ഡ്രൈവിങ്ങായി പരിണമിക്കുന്നു’ എന്ന ജമാഅത്ത് ഇസ്ലാമി നേതാവ് ഓ അബ്ദുറഹ്മാന്‍ നടത്തിയ മുന്‍പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടത്. സുന്നി പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാരും സ്ത്രീ-പുരുഷ തുല്യതയുടെ കാര്യത്തില്‍ തികച്ചും സ്ത്രീ വിരുദ്ധമായ നിലപാടുകളാണ് പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം കൂടിപ്പോയി എന്ന കാന്തപുരത്തിന്റെ പ്രസ്താവന ഈ അടുത്ത ദിവസങ്ങളിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാം മതം വിലക്കിയിട്ടില്ലെന്ന മത പണ്ഡിതനും ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍സെക്രട്ടറിയുമായ ഹുസൈന്‍ മടവൂരിന്‍റെ നിലപാട് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. അതേസമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കുന്നുണ്ട് എന്നത് വളരെ കൃത്യമായ ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. ഇതിനെ പിന്നോട്ടടിപ്പിക്കാന്‍ ഇത്തരത്തില്‍ നടക്കുന്ന മതാധിഷ്ഠിതമായ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് വരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-മത മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചയില്‍ കേരള സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും സാമൂഹ്യപ്രവര്‍ത്തകയുമായ മാഗ്ലീന്‍ പീറ്ററും, വയനാട് ജില്ല പ്രസിഡന്‍റും വൈസ് പ്രസിഡന്റുമായി പ്രവര്‍ത്തിച്ചിട്ടുള്ള ആദിവാസി നേതാവ് എ. ദേവകിയും പ്രതികരിക്കുന്നു.

മാഗ്ലീന്‍ പീറ്റര്‍

അന്‍പതു ശതമാനം സംവരണമാണ് നിയമപ്രകാരം ഇപ്പോഴുള്ളത് എന്നു പറയുമ്പോഴും ഈ നിയമം നടപ്പിലാക്കിയ ഇടതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനത്തില്‍ പോലും 33 ശതമാനത്തിനു താഴെ മാത്രമാണ് നിലവില്‍ സ്ത്രീകള്‍ സുപ്രധാന സ്ഥാനത്തിരിക്കുന്നത്. മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഒന്നും സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം കിട്ടിയിട്ടില്ല.

കേരളത്തിലെ തൊഴിലാളി പ്രസ്ഥാനങ്ങളില്‍ പുരുഷനേക്കാള്‍ കൂടുതല്‍ സമരമുഖത്തു വലിയ പങ്കുവഹിക്കുന്നത് സ്ത്രീകളാണ്. വിളപ്പില്‍ശാല സമരം അതിലൊന്നാണ്. സുപ്രീം കോടതി വിധിയെപ്പോലും എതിര്‍ത്താണ് അന്ന് സ്ത്രീകള്‍ അവിടെ സമരം ചെയ്തത്. അന്ന് സ്വന്തം ജീവനെപ്പോലും തൃണവല്‍ഗണിച്ചാണ് അവര്‍ സമരം ചെയ്തത്. അതുപോലെ എത്രയെത്ര സമരങ്ങള്‍. സമരമുഖത്ത്‌ അവര്‍ വേണമെങ്കിലും തീരുമാനങ്ങള്‍ എടുക്കുന്ന അവസരത്തില്‍ അവര്‍ പുറംതള്ളപ്പെടുന്നു. പല പ്രസ്ഥാനങ്ങളും നിലനിര്‍ത്തുന്നതിലും സ്ത്രീകള്‍ മുന്നിലാണ്. പക്ഷേ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അവര്‍ക്ക് പങ്കുണ്ടാവുന്ന സന്ദര്‍ഭങ്ങള്‍ വിരളമാണ്. എന്‍ജിഒകളായാലും രാഷ്ട്രീയ പാര്‍ട്ടികളായാലും സ്ഥിതി സമാനമാണ്.

കൂടാതെ ആദിവാസികള്‍, ദളിതര്‍, മത്സ്യത്തൊഴിലാളികള്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട സ്ത്രീകളെ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്നും ഒഴിച്ചു നിര്‍ത്താനുള്ള ശ്രമവും നടക്കുന്നുണ്ട്. പലപ്പോഴും മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലോകത്തിനു മുന്നിലെത്തിക്കാന്‍ പല വെല്ലുവിളികളും തരണം ചെയ്യേണ്ടി വന്നിട്ടുണ്ട്.

മത്സ്യത്തൊഴിലാളികളുടെ ഇടയില്‍ പ്രവര്‍ത്തിച്ചു കൊണ്ടാണ് ഞാനെന്‍റെ സാമൂഹ്യപ്രവര്‍ത്തനം തുടങ്ങുന്നത്. ഇന്നുവരെയുള്ള എന്‍റെ ജീവിതത്തില്‍ പല പ്രാവശ്യം എന്‍റെ സമുദായത്തിന്‍റെ പേര് പറഞ്ഞ് പലപ്പോഴും പലയിടത്തും എന്നെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. പല മേഖലകളിലും സ്ത്രീകള്‍ക്ക് സമാനമായ അനുഭവം നേരിടേണ്ടി വരുന്നു.

ഇപ്പോഴത്തെ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ കൂടുതല്‍ ആവേശത്തോടെ, ആത്മവിശ്വാസത്തോടെ പങ്കെടുക്കുന്നുണ്ട്. ഒന്നുമില്ലെങ്കിലും പ്രവര്‍ത്തിക്കാനും അറിവുകള്‍ വളര്‍ത്താനുമുള്ള സ്വാതന്ത്ര്യം അവള്‍ക്കു ഇപ്പോള്‍ ലഭിക്കുന്നുണ്ട്. പക്ഷേ ചിലര്‍ നടത്തുന്ന പരാമര്‍ശങ്ങള്‍ അതു തകര്‍ക്കാനാണ് ശ്രമിക്കുന്നത്. സ്ത്രീയ്ക്ക് സ്വാതന്ത്ര്യം വേണ്ട, അവള്‍ അകത്തളങ്ങളില്‍ തളയ്ക്കപ്പെടെണ്ടവള്‍ ആണെന്നു വരുത്തിത്തീര്‍ക്കാന്‍ വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നത്. ഭരണഘടന അനുശാസിച്ചിട്ടുള്ള സ്വാതന്ത്ര്യം അനുഭവിക്കുക എന്നുള്ളത് സ്ത്രീയുടെ അവകാശമാണ്. അതിനു വേണ്ടിയുള്ള സാഹചര്യം ഒരുക്കുക എന്നുള്ളത് സമൂഹത്തിന്‍റെ കടമയാണ്. 

ഒരു സ്ത്രീയെയും പുരുഷനെയും ഒരുമിച്ചു കണ്ടാല്‍ അതിലെ സ്ത്രീയാണ് കൂടുതല്‍ ചോദ്യം ചെയ്യപ്പെടുക. പുരുഷന്‍ പലപ്പോഴും രക്ഷപ്പെടുകയാണ് പതിവ്. അവള്‍ വേശ്യയാവുന്നു, മോശപ്പെട്ടവളാകുന്നു. എന്നാല്‍ പുരുഷന്‍ എന്താണ് അവിടെ രക്ഷപ്പെടുന്നത്. 

തങ്ങളുടെ സമൂഹത്തിലെ കൊള്ളരുതായ്മക്കെതിരെ പ്രതികരിക്കുന്ന ശക്തരായ ഒട്ടനവധി സ്ത്രീകള്‍ നമുക്കിടയിലുണ്ട്. അവര്‍ക്ക് മുന്നോട്ടു വരാന്‍ അവസരമൊരുങ്ങണം. ഇവിടെ മാത്രമല്ല രാജ്യത്തിന്‍റെ സുപ്രധാന മേഖലകളില്‍ എല്ലാം സ്ത്രീക്ക് സംവരണം വേണം. രാജ്യത്തിന്‍റെ സുസ്ഥിരമായ വളര്‍ച്ചയ്ക്ക് അവള്‍ ഒരു മുതല്‍ക്കൂട്ടാവും. സ്ത്രീക്കും പുരുഷനും തുല്യമായ സ്ഥാനം എന്ന് ലഭിക്കുന്നോ അന്നേ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചു എന്ന് പറയാനാവൂ.



എ. ദേവകി

നമ്മള് ഇപ്പോഴും അപമാനിക്കപ്പെടുന്നുണ്ട്. നേരത്തെയൊക്കെ കുറുമത്തിയെന്ന് വിളിച്ചായിരുന്നു അധിക്ഷേപം. ഇപ്പോള്‍ ആദിവാസിയെന്ന പരക്കപ്പേരിലാണെന്ന് മാത്രം.

(ഒന്നിലേറെ തവണ വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും വൈസ് പ്രസിഡന്റുമായി പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്ന എ. ദേവകിയുടെ വാക്കുകളാണ് ഇത്. ഇന്ത്യന്‍ യൂണിയന്‍ മുസ്ലീംലീഗ് അംഗമായി സംവരണ വാര്‍ഡില്‍ മത്സരിച്ച് ജില്ലാ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിക്കുകയാണ് എ. ദേവകി. ജില്ലാ പഞ്ചായത്തിലെ വെള്ളമുണ്ട വാര്‍ഡില്‍ നിന്നും യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി എ. ദേവകി ഇത്തവണയും മത്സരരംഗത്തുണ്ട്.). 

സംവരണത്തിന്റെ ബലത്തിലാണ് മിക്കപ്പോഴും നമ്മളെപോലുള്ളവര്‍ അധികാര സ്ഥാനത്തെത്തുന്നത്. മതത്തിലും സമുദായത്തിലും സമൂഹത്തിലുമൊക്കെ ആണിന് തന്നെയാണ് സ്ഥാനം. ഇടിച്ച് കയറിവേണം എന്തെങ്കിലുമൊക്കെ നേടാന്‍. അങ്ങനെവരുമ്പോള്‍ ചിലര്‍ക്ക് ഞങ്ങളെ കണ്ടുകൂട. പ്രത്യേകിച്ച് ആദിവാസികളെ. അതും സ്ത്രീകളെ എന്റെ കാര്യം തന്നെ എടുക്കാം, ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ എന്റെ അഭിപ്രായത്തിന് ആരും ഗൗരവം കൊടുക്കാറില്ല. സ്വന്തം പാര്‍ട്ടിയിലും മുന്നണിയിലുമുള്ള അംഗങ്ങള്‍ക്കുപോലും പുച്ഛമാണ്. നമ്മളെ ഭരിക്കാന്‍ വന്നിരിക്കുന്നത്, കാലം പോയ പോക്കൊന്നൊക്കെ പഴിപറയുന്നത് കേള്‍ക്കാറുണ്ട്.

ഉദ്യോഗസ്ഥരും അങ്ങനെതന്നെ. അധികാര സ്ഥാനത്തിരുന്ന് പറയുന്നതുപോലും അനുസരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മടിയാണ്. പൊതുവേദികളില്‍ പോലും അവമതിക്കപ്പെടാറുണ്ട്. വേദിയിലെ ഇരിപ്പിടം മുതല്‍, ചായ, ബൊക്ക ഇവയൊക്കെ നല്‍കുന്നതിനും വിവേചനമുണ്ടാകുന്നു. ഇതിനൊക്കെ മനസ്സുമടുത്താല്‍ നമ്മളു പിന്നെ ഇല്ലാതാകും. 

നമ്മള്‍ സ്ത്രീകള്‍ക്ക് പ്രത്യേകിച്ച് ആദിവാസി സ്ത്രീകള്‍ക്ക് പിന്‍സീറ്റ് ഡ്രൈവിങ്ങ് ഉണ്ടെന്നാണ് ആക്ഷേപം. അതൊന്നുമില്ല. കുടുംബം നന്നായി നോക്കാന്‍ അറിയാമെങ്കില്‍ നാടും ഭരിക്കാം. ആരുടെയും സഹായമില്ലാതെ മുന്‍ സീറ്റിലിരുന്ന് ഡ്രൈവിങ്ങ് നടത്താന്‍ നമ്മള്‍ക്കാകും. തടസ്സപ്പെടുത്താതിരുന്നാല്‍ മതി. നമ്മളുടെ കഴിവിനെ അംഗീകരിക്കാന്‍ തയ്യാറാകണം.

മറ്റു സമുദായങ്ങളുമായി താരതമ്യം ചെയ്താല്‍ ആദിവാസി വിഭാഗങ്ങളില്‍ സ്ത്രീകള്‍ക്ക് കുറച്ചുകൂടി സ്വാതന്ത്ര്യമുണ്ട്. പണിയ, കുറുമ സമുദായങ്ങളിലൊക്കെ സ്ത്രീകള്‍ക്കാണ് പ്രാധാന്യം. പൊതു രംഗത്ത് നോക്കിയാല്‍ നമ്മള് എന്തെങ്കിലും പ്രതികരിച്ചാല്‍ വലിയ കുഴപ്പമാണ്. സ്വന്തം പാര്‍ട്ടിയില്‍പ്പെട്ടവര്‍പോലും സഹായിക്കാന്‍ ഉണ്ടാവില്ല. പൊലീസോ, കോടതിയോ പോലും പെണ്ണുങ്ങളുടെ രക്ഷയ്ക്ക് എത്തുന്നില്ല. ഒറ്റപ്പെട്ടുപോകുകയേയുള്ളൂ. ചങ്കൂറ്റത്തോടെ നിലപാടെടുത്താല്‍ തകര്‍ക്കാനാണ് പിന്നത്തെ ശ്രമം. അതിനെല്ലാവരും ഒന്നിച്ചാണ്. പിന്‍ സീറ്റ് ഡ്രൈവിങ്ങും അഴിമതിയും ആരോപിക്കും. ലൈംഗിക ആരോപണമാണ് മറ്റൊരു രീതി. ത്രിതല പഞ്ചായത്തുകളില്‍ അധികാരത്തില്‍ എത്തിയ സ്ത്രീകളില്‍ ചിലര്‍ ചൂഷണത്തിന് വിധേയരായിട്ടുണ്ട്. ആദ്യം പ്രലോഭനവും വഴങ്ങിയില്ലെങ്കില്‍ ആരോപണവും. പനമരം പഞ്ചായത്തിലെ ഒരു സ്ത്രീക്ക് അങ്ങനെ അംഗത്വം ഒഴിയേണ്ടിവന്നിട്ടുണ്ട്.

പൊതു പ്രവര്‍ത്തന രംഗത്തിറങ്ങുന്ന സ്ത്രീകള്‍ അങ്ങനെ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടിവരുന്നുണ്ട്. അവള്‍ എന്തുചെയ്യാനാണ് പോകുന്നതെന്ന് ഭര്‍ത്താവും, അച്ഛനും മക്കളും ഒക്കെ ചോദിക്കും. സഹപ്രവര്‍ത്തകരായ ആളുങ്ങളുടെയും അഭിപ്രായം ഇതൊക്കെ തന്നെയാകും. തമാശയായി കണ്ട് പലതും തള്ളിക്കളയുന്നതുകൊണ്ടാണ് പൊതു രംഗത്ത് നിലനില്‍ക്കാന്‍ ആകുന്നത്. സ്ത്രീ സംവരണത്തിന്റെ ബലത്തില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ പൊതു പ്രവര്‍ത്തനരംഗത്തെത്തിയിട്ടുണ്ട്. കുടുംബശ്രീ പ്രസ്ഥാനത്തിലൂടെയും സ്ത്രീകള്‍ സമൂഹത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സ്ത്രീസംവരണത്തിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ നമുക്ക് അവഗണിക്കാം.

 (തയ്യാറാക്കിയത്: ഉണ്ണികൃഷ്ണന്‍ വി, രാംദാസ് എം കെ )

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍