UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പുരുഷന്മാരുടെ കാലടിയില്‍ കിടക്കേണ്ടവരല്ല സ്ത്രീകള്‍- ബിന്ദു കൃഷ്ണ

Avatar

മുസ്ലീം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പൊതുരംഗത്ത് വരുന്നതും മത നിഷേധമാണ് എന്ന സമസ്ത യുവ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം ഏറെ വിവാദമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ സ്ത്രീ സംവരണത്തിന്റെ കാര്യത്തില്‍ ‘ഭരണനടത്തിപ്പ് പിന്‍സീറ്റ് ഡ്രൈവിങ്ങായി പരിണമിക്കുന്നു’ എന്ന ജമാഅത്ത് ഇസ്ലാമി നേതാവ് ഓ അബ്ദുറഹ്മാന്‍ നടത്തിയ മുന്‍പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സുന്നി പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാരും സ്ത്രീ-പുരുഷ തുല്യതയുടെ കാര്യത്തില്‍ തികച്ചും സ്ത്രീ വിരുദ്ധമായ നിലപാടുകളാണ് പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം കൂടിപ്പോയി എന്ന കാന്തപുരത്തിന്റെ പ്രസ്താവന ഈ അടുത്ത ദിവസങ്ങളിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാം മതം വിലക്കിയിട്ടില്ലെന്ന മത പണ്ഡിതനും ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍സെക്രട്ടറിയുമായ ഹുസൈന്‍ മടവൂരിന്‍റെ നിലപാട് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. അതേസമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കുന്നുണ്ട് എന്നത് വളരെ കൃത്യമായ ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. ഇതിനെ പിന്നോട്ടടിപ്പിക്കാന്‍ ഇത്തരത്തില്‍ നടക്കുന്ന മതാധിഷ്ഠിതമായ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് വരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-മത മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചയില്‍ കൊല്ലം ഡിസിസി ജനറല്‍ സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് പ്രസിഡന്റുമായ അഡ്വ. ബിന്ദു കൃഷ്ണ  പ്രതികരിക്കുന്നു. (ഈ ചര്‍ച്ചയിലെ മുന്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം-യാഥാസ്ഥിതികരെ തിരുത്തി മുസ്ലിംലീഗിന് മുന്നോട്ട് പോകാന്‍ കഴിയുമോ? എം എന്‍ കാരശ്ശേരി സംസാരിക്കുന്നു, ലജ്ജിക്കേണ്ടത് ആര്? സ്ത്രീകളോ അതോ പൊതുസമൂഹമോ?, കാന്തപുരവും സ്ത്രീവാദത്തിന്റെ പ്രതിസന്ധികളും)


 

സ്ത്രീകള്‍ പൊതുരംഗത്ത് ഇറങ്ങരുത് എന്ന് പറയുന്നവരെയും  സമൂഹത്തെ ഇത്തരത്തില്‍ വിലയിരുത്താന്‍ ശ്രമിക്കുന്നവരുടെയും ഉദ്ദേശ്യം സ്ത്രീസമൂഹത്തെ വീണ്ടും ഇരുണ്ടയുഗങ്ങളിലേക്ക് നയിക്കുക എന്നുള്ളതാണ്. ഒരുകാലത്ത് വീടിന്‍റെ പൂമുഖത്തേക്ക്‌ പോയിട്ട് അകത്തളത്തിലേക്ക് പോലും വരാനാകാതെ ഒതുക്കപ്പെട്ടിരുന്ന രീതിയില്‍ നിന്നും നവോത്ഥാനപ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനഫലമായാണ്‌  അവര്‍ പൂമുഖത്തെത്തുന്നത്. പിന്നീട് മുഖ്യധാരാ രാഷ്ട്ട്രീയ പ്രസ്ഥാനങ്ങളുടെ ഇടപെടലുകള്‍ മൂലമാണ് സാമൂഹ്യ രാഷ്ട്രീയ ജീവിതത്തിന്റെ വഴികളിലേക്ക് അവര്‍ എത്തിച്ചേരുന്നത്, അതും നൂറ്റാണ്ടുകള്‍ നീണ്ടു നിന്ന ഒരു പ്രക്രിയയിലൂടെ.

അന്‍പതു ശതമാനം നിയമപരമായ സംവരണം ഉണ്ടെങ്കിലും അന്‍പത്തിയഞ്ചു ശതമാനം സ്ത്രീകള്‍ വരെ രാഷ്ട്രീയ പാതയിലേക്ക് സ്ഥാനാര്‍ഥികളായി മാത്രമല്ല പ്രവര്‍ത്തകരായും കടന്നു വരുന്ന അവസരമാണിത്. അതിനെതിരെ ഇത്തരത്തിലുള്ള പ്രതിലോമകരമായ ചിന്തകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ മനുഷ്യത്വത്തിനു തന്നെ ശത്രുക്കളാണ്. പകുതി ആകാശത്തിനും പകുതി ഭൂമിക്കും ഉടമകളായ സ്ത്രീകളെ ആ അവകാശങ്ങളില്‍ നിന്നൊക്കെ മാറ്റി നിര്‍ത്തി, അധികാരം പുരുഷകേന്ദ്രീകൃതമാക്കുകയും ഉത്തവാദിത്വങ്ങളും ജോലികളും സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുകയും ചെയ്യുന്ന പ്രാചീനവും പ്രാകൃതവുമായ  പഴയ ചിന്താഗതി ഇനി വരുന്ന നൂറ്റാണ്ടിലും ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍.

ഏതു സമുദായത്തിലായിക്കോട്ടെ, സ്ത്രീകളെ വെറും രണ്ടാം തരം പൌരന്മാരായി പുരുഷന്മാരുടെ കാലടിയില്‍ കിടക്കുവാന്‍ പ്രേരിപ്പിക്കുന്നത് എതിര്‍ക്കപ്പെടേണ്ട പ്രവണതയാണ്. വിദ്യാര്‍ത്ഥിനികളടക്കം നിരവധി വനിതകള്‍ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നിര്‍ഭയം കടന്നു വരികയാണ്. മുന്‍കാലങ്ങളില്‍ അത്തരം തീരുമാനങ്ങള്‍ എടുക്കുവാന്‍ ആള്‍ക്കാര്‍ക്ക് പ്രയാസമുണ്ടായിരുന്നു, അല്ലെങ്കില്‍ ഇപ്പോള്‍ ഉയര്‍ന്നു വന്നതുപോലെയുള്ള പരാമര്‍ശങ്ങള്‍ അവരെ പിന്തിരിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോള്‍ അതിനെ വെല്ലുവിളിച്ചു പുറത്തുവരാന്‍ അവര്‍ തയ്യാറാണ്.

മുന്‍തെരഞ്ഞെടുപ്പ്  കാലങ്ങളില്‍ ഞങ്ങള്‍ നേരിട്ടിരുന്ന പ്രധാന പ്രശ്നം ഓരോ പ്രദേശത്തു നിന്നും അനുയോജ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്തുക എന്നുള്ളതായിരുന്നു. വളരെ പ്രയാസപ്പെട്ടായിരുന്നു ഓരോരുത്തരെയും കണ്ടെത്തുന്നത്. ആ പ്രയാസം ഇന്ന് വേറൊരു രീതിയിലാണ്, അനുയോജ്യരായ ഒരു കൂട്ടം ആളുകളുടെ ഇടയില്‍ നിന്നുവേണം ഒരാളെ കണ്ടെത്താന്‍. അത്രകണ്ട് ആവേശത്തോടെയും ആത്മധൈര്യത്തോടെയുമാണ് വനിതകള്‍ ഇപ്പോള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി ഇറങ്ങുന്നത്. 

 
മുന്‍കാലങ്ങളില്‍ ഇവര്‍ ഇത്തരം ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ തന്നെ അന്നത്തെ യുവത്വവും സാംസ്‌കാരിക മേഖലയും ഒരുമിച്ച് ഇതിനെതിരെ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്ന് ഞാനടക്കമുള്ള സ്ത്രീസമൂഹത്തെ അത്യന്തം വേദനിപ്പിക്കുന്ന ഒരു കാര്യമെന്തെന്നാല്‍ എല്ലാവര്‍ക്കുമിത് സ്ത്രീകളെ മാത്രം ബാധിക്കുന്ന പ്രശ്നം മാത്രമാണ്. ഒരു സ്ത്രീക്കെതിരെ ഒരു പ്രശ്നമുണ്ടായാല്‍ അതിനെതിരെ സ്ത്രീപക്ഷസംഘടനകള്‍ മാത്രം പ്രതികരിച്ചാല്‍ മതി എന്നുള്ള നിലപാടാണ് പലര്‍ക്കും. പലപ്പോഴും ഇത്തരം വിഷയങ്ങള്‍ സ്ത്രീകളുടെ മാത്രം പ്രശ്നമായി ലളിതവല്‍ക്കരിക്കപ്പെടുന്നു. യഥാര്‍ത്ഥത്തില്‍ അത് സമൂഹത്തെ മുഴുവനായി ബാധിക്കുന്ന ഒന്നാണ്.  

വേറൊന്ന് മുഖ്യധാരാ രാഷ്ടീയ പ്രസ്ഥാനങ്ങളില്‍ തന്നെ കണ്ടുവരാറുള്ള വിവേചനമാണ്. കാന്തപുരത്തിന്‍റെ രാഷ്ട്രീയ പാര്‍ട്ടിയില്‍ മാത്രമല്ല ഇതുള്ളത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും അതിന്‍റെ വനിതാ ഘടകമുണ്ട്. എന്നാല്‍ പ്രസ്ഥാനത്തിലെ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ എടുക്കുന്ന ഘടകത്തില്‍ സ്തീപ്രാതിനിധ്യം ഉണ്ടാവാറില്ല, അല്ലെങ്കില്‍ തുലോം കുറവാണ്. അവിടങ്ങളില്‍ മേല്‍ക്കോയ്മ പുരുഷനു തന്നെയായിരിക്കും ഇത് സര്‍ക്കാരിന്റെ കാര്യത്തിലായാലും നിയമവ്യവസ്ഥയുടെ കാര്യത്തിലായാലും അങ്ങനെതന്നെയാണ്. 

കോണ്‍ഗ്രസ് അടക്കമുള്ള മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും ഈ പ്രവണതയുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്കൊക്കെ പിന്തുണ നല്കാറുണ്ടെങ്കിലും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കേണ്ട അവസരത്തില്‍ പുരുഷന്മാര്‍ മാത്രമാണ് ഭാഗഭാക്കാവുക. അതു മാറണം, നയപരമായ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ സ്ത്രീകള്‍ക്ക് കൂടി അവസരം നല്‍കണം. മുഴുവന്‍ പാര്‍ട്ടികളും അങ്ങനെയായാല്‍ ഇത്തരം മതപണ്ഡിതന്മാര്‍ക്ക്  വികലമായ ചിന്താഗതികള്‍ ഉന്നയിക്കാന്‍ കൂടി അവസരമുണ്ടാവില്ല.

നമ്മുടെ സമൂഹത്തില്‍ വളരെ ചുരുക്കം വ്യക്തികള്‍ മാത്രമേ ഇത്തരം മതപരമായ വാദങ്ങള്‍ ഉന്നയിച്ചു സ്ത്രീസ്വാതന്ത്ര്യത്തിനു വിലക്കിടാന്‍ ശ്രമിക്കുന്നുള്ളൂ. ബാക്കിയുള്ളവരില്‍ നല്ലൊരു ശതമാനവും സ്ത്രീസമത്വം അംഗീകരിക്കുന്നവരാണ്. എന്നാല്‍ വളരെ ചെറിയ ശതമാനം മാത്രമുള്ള ഇത്തരം വ്യക്തികള്‍ തങ്ങളുടെ മതപരമായ സ്വാധീനം ദുരുപയോഗം ചെയ്യുന്നവരാണ്. ഇവരുടെ പ്രതിലോമകരമായ നടപടികള്‍ക്ക് തടയിടാന്‍ ഒരു സാമൂഹിക മുന്നേറ്റമുണ്ടായേ മതിയാകൂ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

   

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍