UPDATES

ബച്ചു മാഹി

കാഴ്ചപ്പാട്

ബച്ചു മാഹി

കേരളം

ക്യാമൽ ടു കാഡില്ലാക് മുല്ലമാരും ആൺകോയ്മയുടെ കേരളീയ പരിസരവും

തിട്ടൂരവുമായി പെണ്ണുങ്ങളുടെമേല്‍ കുതിര കേറാന്‍ വരുന്ന എല്ലാ മതങ്ങളിലും മതവിഭാഗങ്ങളിലും പെട്ട പരിഷകള്‍ക്ക് സ്ത്രീയുടെ ഏജന്‍സി കൈവശപ്പെടുത്താന്‍ ആര് അധികാരം നല്കി എന്നതാണ് ഉന്നയിക്കപ്പെടേണ്ട പ്രധാന ചോദ്യം

ബച്ചു മാഹി

മുസ്ലീം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പൊതുരംഗത്ത് വരുന്നതും മത നിഷേധമാണ് എന്ന സമസ്ത യുവ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം ഏറെ വിവാദമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ സ്ത്രീ സംവരണത്തിന്റെ കാര്യത്തില്‍ ‘ഭരണനടത്തിപ്പ് പിന്‍സീറ്റ് ഡ്രൈവിങ്ങായി പരിണമിക്കുന്നു’ എന്ന ജമാഅത്ത് ഇസ്ലാമി നേതാവ് ഓ അബ്ദുറഹ്മാന്‍ നടത്തിയ മുന്‍പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. സുന്നി പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാരും സ്ത്രീ-പുരുഷ തുല്യതയുടെ കാര്യത്തില്‍ തികച്ചും സ്ത്രീ വിരുദ്ധമായ നിലപാടുകളാണ് പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം കൂടിപ്പോയി എന്ന കാന്തപുരത്തിന്റെ പ്രസ്താവന ഈ അടുത്ത ദിവസങ്ങളിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാം മതം വിലക്കിയിട്ടില്ലെന്ന മത പണ്ഡിതനും ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍സെക്രട്ടറിയുമായ ഹുസൈന്‍ മടവൂരിന്‍റെ നിലപാട് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. അതേസമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കുന്നുണ്ട് എന്നത് വളരെ കൃത്യമായ ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. ഇതിനെ പിന്നോട്ടടിപ്പിക്കാന്‍ ഇത്തരത്തില്‍ നടക്കുന്ന മതാധിഷ്ഠിതമായ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് വരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-മത മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ച തുടരുന്നു (ഈ ചര്‍ച്ചയിലെ മുന്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം- പുരുഷന്മാരുടെ കാലടിയില്‍ കിടക്കേണ്ടവരല്ല സ്ത്രീകള്‍, യാഥാസ്ഥിതികരെ തിരുത്തി മുസ്ലിംലീഗിന് മുന്നോട്ട് പോകാന്‍ കഴിയുമോ? എം എന്‍ കാരശ്ശേരി സംസാരിക്കുന്നു, ലജ്ജിക്കേണ്ടത് ആര്? സ്ത്രീകളോ അതോ പൊതുസമൂഹമോ?, കാന്തപുരവും സ്ത്രീവാദത്തിന്റെ പ്രതിസന്ധികളും

മുസ്ലിം സ്ത്രീകളുടെ സാമൂഹ്യജീവിതം ഈയിടെ സോഷ്യല്‍ മീഡിയാ ചര്‍ച്ചകളില്‍ നിറഞ്ഞത്, കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെയും സിംസാറുല്‍ ഹഖ് ഹുദവിയുടെയും ചില വെടിപൊട്ടിക്കലുകളോട് കൂടിയായിരുന്നു. കാന്തപുരത്തിന് പെണ്ണുങ്ങള്‍ക്ക് അംഗത്വമില്ലാത്ത പാര്‍ട്ടി പ്രഖ്യാപിക്കാനും സിംസാറിന് ഇലക്ഷനില്‍ മത്സരിക്കുന്നത് മതവിരുദ്ധമെന്ന് വിധിപ്രസ്താവം നടത്താനും ആധാരം, മുഹമ്മദ് നബി സ്ത്രീകളെ പൊതുജീവിതച്ചുമതലകള്‍ ഒന്നും ഏല്‍പിച്ചിരുന്നില്ല എന്നതും നബിയുടെതായി ഉദ്ധരിക്കപ്പെടുന്ന ‘സ്ത്രീകളെ അധികാരമേപ്പിച്ച സമൂഹം പരാജയമടഞ്ഞു’ എന്ന വാചകവുമാണ്. നബിയുടെ വചനമാണതെന്ന് ഇത്തരം പുരോഹിതര്‍ ഉറപ്പിച്ച് പറയുമ്പോള്‍ അല്ലെന്ന് ചില ലിബറല്‍ മത വ്യാഖ്യാതാക്കളും ശഠിക്കുന്നുണ്ട്.

മുഹമ്മദ് നബിയുടെ കാലത്ത് ബാങ്ക് വിളിച്ചിരുന്നതും മതാചാരപ്രസംഗം നടത്തിയിരുന്നത് സാധാരണ ശബ്ദം ഉപയോഗിച്ചായിരുന്നു. അദ്ദേഹം പ്രോത്സാഹിപ്പിച്ച ഏറ്റവും മഹത്തരമായ ചികിത്സാ സങ്കേതങ്ങള്‍ കൊത്തിക്കുക, കൊമ്പ് വെപ്പിക്കുക മുതലായവയായിരുന്നു; മുന്തിയ മരുന്നായി എണ്ണിയത് തേന്‍, കരിഞ്ചീരകം എന്നിവയും. അക്കാലത്തെ മുന്തിയ വാഹനം ഒട്ടകമായിരുന്നു. കൗമാരപ്രായത്തിലുള്ള ചുവന്ന ഒട്ടകം സമ്മാനമായി കിട്ടുന്ന കാര്യമൊക്കെ തന്റെ അനുയായികളുടെ ഭാവന ഉദ്ദീപിപ്പിക്കാന്‍ അദ്ദേഹം പ്രയോഗിച്ചിരുന്നു.

ശക്തമായ ഒരു മതസമൂഹത്തിന് അടിത്തറ പാകിയ അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞിട്ട് 14 നൂറ്റാണ്ടുകള്‍ കഴിഞ്ഞു. ഇന്ന് ബാങ്ക് വിളിക്കുന്നതിനും മതാചാര പ്രസംഗങ്ങള്‍ നടത്തുന്നതിനും മൈക്ക്, സ്പീക്കര്‍, പ്രൊജക്റ്റര്‍ തുടങ്ങിയ സാങ്കേതികതകള്‍ ആര്‍ക്കും അഭിപ്രായാന്തരമില്ലാതെ പള്ളികളില്‍ ഉള്‍പ്പെടെ ഉപയോഗിച്ച് വരുന്നു. (അതുകൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയെന്ന് പറയുകയാകും ഭേദം.)

മുത്ത് നബിയുടെ ഈത്തപ്പനയോല പാകിയ, നിലത്ത് മരുഭൂ മണല്‍ വിരിച്ച, പലപ്പോഴും എണ്ണവിളക്ക് പോലും തെളിയാതെ ഇരുട്ടിലാണ്ട പള്ളിയുടെ പോരിശ വിസ്തരിക്കുന്ന മൊല്ലമാര്‍ പിരിവെടുത്ത് പണിയുന്നത് മാര്‍ബിളും ഗ്രാനൈറ്റും വിരിച്ച, തണുപ്പിക്കാന്‍ കൂളറുകള്‍, സ്പ്‌ളിറ്റ് എ.സി.കള്‍ ആവശ്യത്തിനുള്ള, വൈദ്യുതി ദീപങ്ങളുടെ കണ്ണഞ്ചിപ്പിക്കും പ്രഭയില്‍ മുങ്ങിക്കുളിച്ച് മോടിയില്‍ അത്യാധുനിക ഷോപ്പിംഗ് മാളുകളെ വെല്ലുന്ന അലങ്കാരപ്പള്ളികളാണ്.

നബി തിരുമേനിയുടെ സ്വപ്ന വാഹനമായ ചുവന്ന ക്യാമല്‍ അല്ല, കുതിച്ച് പായുന്ന കാഡില്ലാക് ഉള്‍പ്പെടെയുള്ള വിദേശ നിര്‍മ്മിത ആഡംബര കാറുകളാണ് അവര്‍ മതബോധനത്തിനായി ഓടിയെത്താന്‍ ഉപയോഗിക്കുന്നത്. വിദേശയാത്രക്ക് നബിയോ അനുചരരോ ചെയ്തതുപോലെ മാസങ്ങള്‍ എടുക്കുന്നില്ല, മണിക്കൂറുകള്‍ മാത്രമെടുത്ത് ലോകത്തിന്റെ ഏത് കോണിലുമെത്തുന്നുണ്ട്. ആശയവിനിമയത്തിന് നബി ആശ്രയിച്ച, മാസങ്ങള്‍ എടുക്കുന്ന ദൂത്-തപാല്‍ അല്ല, മറിച്ച് സെക്കന്റിന്റെ അംശം മാത്രമെടുക്കുന്ന ടെലഫോണി, ഇന്റര്‍നെറ്റ് സാങ്കേതികതയാണ് അവലംബം.

അസുഖം വന്നാല്‍ നബിവൈദ്യത്തില്‍ പ്രമുഖ സ്ഥാനമുള്ള തേനിന്റെയും കരിഞ്ചീരകത്തിന്റെയും ഔഷധഗുണത്തില്‍ പരിമിതപ്പെടുന്നില്ല അവര്‍. മോഡേണ്‍ മെഡിസിനിലെ ഏറ്റവും പ്രാമാണികനായ ഡോക്ടര്‍ കുറിക്കുന്ന മരുന്നുകള്‍ ദൈവം നേരിട്ട് ഏല്‍പ്പിച്ചെന്ന പോലെ സേവിക്കുന്നു. തിരുനബി ആശ്രയിച്ച കൊമ്പ് വെക്കലും കൊത്തിക്കലും ഉപേക്ഷിച്ച് സ്‌കാനിംഗ്, സര്‍ജറി തുടങ്ങിയ ആധുനിക സങ്കേതങ്ങള്‍ രോഗചികിത്സയില്‍ അവര്‍ക്ക് അവലംബമാകുന്നത് യാതൊരു ശങ്കയും കുടാതെയാണ്. ഇതത്രയും പ്രോത്സാഹനാജനകമായ, പുരോഗനോന്മുഖത തന്നെയാണ് എന്നതില്‍ തര്‍ക്കമൊട്ടുമില്ല.

കാലചക്രം മുന്നോട്ടായവേ, ആധുനികമായ അറിവുകള്‍ പ്രദാനം ചെയ്യുന്ന സൗകര്യങ്ങളും ജീവിതക്ഷേമ ഉപാധികളും മടിയേതുമില്ലാതെ, മതം കുത്തിയൊലിച്ച് പോകുമോ എന്ന ഭയം ഒട്ടുമില്ലാതെ സ്വീകരിക്കുന്നുണ്ട് മതപ്രചാരകര്‍. എന്നാല്‍ നരവംശ ശാസ്ത്രത്തിലെ അറിവുകളും കണ്ടെത്തലുകളും സ്ത്രീയവകാശങ്ങളെക്കുറിച്ച് ആധുനികയുഗത്തില്‍ ധനാത്മകമായ ഉള്‍ക്കാഴ്ച പരത്തുകയും ലിംഗനീതി പൂര്‍ണ്ണമാകുന്ന, വിവേചനം ഓര്‍മ്മയാകുന്ന ഒരു സ്വപ്നത്തിലേക്ക് ‘അവകാശം’ എന്നതിന്റെ അര്‍ത്ഥപൂര്‍ണ്ണിമ നടന്നടുപ്പിക്കുകയും ചെയ്യുമ്പോള്‍, അക്കാര്യത്തില്‍ മാത്രം ക്ലോക്കിന്റെ സൂചി പതിനാല് നൂറ്റാണ്ട് പിറകോട്ട് തിരിച്ച് വെക്കണമെന്ന് അവര്‍ എന്തുകൊണ്ടാണ് വാശി പിടിക്കുന്നത്?

കേരളത്തിലെ ഇസ്ലാമിക വൃന്ദത്തിനകത്ത്, പെണ്ണുങ്ങള്‍ പുറത്തിറങ്ങുന്നത് / തുമ്മുന്നത് / തുപ്പുന്നത് ഒക്കെ മതശാസന അനുസരിച്ചായിരിക്കണം, മതം സ്ത്രീകള്‍ക്ക് അതനുവദിക്കുന്നില്ല / ഇതനുവദിക്കുന്നില്ല / ഇത് ധരിക്കണം / അത് ധരിച്ച് കൂട എന്നൊക്കെ തിട്ടൂരം ഇറക്കിക്കൊണ്ട് സ്വയം ‘ഏജന്‍സി’ കയ്യാളുന്നത് കാന്തപുരമോ സിംസാറോ പ്രതിനിധീകരിക്കുന്ന സുന്നി ഗ്രൂപ്പുകള്‍ മാത്രവുമല്ല. നവോത്ഥാനം, സ്ത്രീ ശാക്തീകരണം തുടങ്ങിയ വീൺമുദ്രാവാക്യങ്ങളിലൂടെ മുജാഹിദ്, ജമാഅത്ത് തുടങ്ങിയ സംഘങ്ങളും സ്ത്രീകളെത്തന്നെ കോടാലിക്കൈകളാക്കി സ്ത്രീകള്‍ക്ക് മേല്‍ ആധിപത്യം കൈയടക്കുകയാണ്. പരസ്പരം പോരടിക്കുന്ന ഈ വിഭാഗങ്ങള്‍ എന്നെങ്കിലും ഒന്നിച്ചിരുന്നിട്ടുണ്ടെങ്കില്‍ അത് സ്ത്രീവിരുദ്ധമായ എന്തെങ്കിലും ലക്ഷ്യത്തിലൂന്നി മാത്രമായിരുന്നു.

നടേ പറഞ്ഞ, അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം നബിചരിതം സാക്ഷ്യപ്പെടുത്തിയ ജീവിതസാഹചര്യങ്ങളെ, കാലത്തിനൊപ്പം നടക്കാന്‍ ആലോചനയുടെ സ്പ്ലിറ്റ് സെക്കന്റ് പോലുമെടുക്കാതെ വലിച്ചെറിഞ്ഞ് ഞാനാദ്യം, ഞാനാദ്യം എന്ന് അത്യാധുനിക സൗകര്യങ്ങള്‍ കൈവശപ്പെടുത്തുന്നവരേ, നിങ്ങള്‍ എന്തിനാണ് നബി പറഞ്ഞോ ഇല്ലയോ എന്നുറപ്പില്ലാത്ത (രണ്ടായാലും പിറകോട്ട് തള്ളി വിടേണ്ടതിനെ) വാചകശകലങ്ങളില്‍ കടിച്ചു തൂങ്ങിക്കൊണ്ട് മനുഷ്യരാശിയുടെ പാതിവിഭാഗത്തെ ഇരുളറയിലേക്ക് തള്ളിവിടാന്‍ അത്യുല്‍സാഹിക്കുന്നത്?

എല്ലാ പരിഷ്‌കര്‍ത്താവും തന്റെ കാലഘട്ടത്തോടാണ് സംവദിക്കുക. മുഹമ്മദ് നബിയുമതേ. സ്ത്രീയവകാശങ്ങള്‍ പ്രാമാണികത നേടിയ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിലും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലും നിന്നുകൊണ്ട്, സ്ത്രീകള്‍ എങ്ങനെ നടക്കണം, ഇരിക്കണം, ചരിക്കണം എന്നതില്‍ മാത്രം ആറാം നൂറ്റാണ്ടിലേക്ക് നോക്കണം എന്ന് പറയുന്നത് അശ്ലീലം മാത്രമല്ല അക്രമം കൂടിയാണ്. അതേ സമയം അതിന്റെ പേരില്‍ മുഹമ്മദ് നബിയെ വിചാരണക്കെടുക്കുന്നത് ചരിത്രപരമായ നീതിയുമല്ല. ആധുനിക ഫെമിനിസം വികാസം പ്രാപിച്ച ഈയൊരു പീരിയഡില്‍ പോലും പ്രായോഗികത നമ്മെ ‘ആഡംബര’മെന്ന് ചിന്തിപ്പിക്കുന്ന സ്ത്രീസമത്വാധിഷ്ഠിത സൗഭാഗ്യങ്ങള്‍ ഒക്കെയും നബി അനുവദിച്ചിരുന്നു എന്ന് വേറെ ചിലര്‍ വല്ലാതെ ഉദാരരാകുന്നത് ചിരി ഉണര്‍ത്താതിരിക്കുന്നുമില്ല. ആറാം നൂറ്റാണ്ടിനെ ആറാം നൂറ്റാണ്ടായി തന്നെ വിടുന്ന പ്രായോഗിക സമീപനം തന്നെയാണാവശ്യം.

തങ്ങളുടെ അഭിമാനാര്‍ഹമായ അസ്തിത്വം ഏതെങ്കിലും താടിക്കാരോ തലപ്പാവുകാരോ അനുവദിച്ച് തരേണ്ടതല്ലെന്ന ബോധ്യത്തിലേക്ക്, മുസ്ലിം സ്ത്രീകളെ, നിങ്ങള്‍ ഉയരുക മാത്രമേ പോംവഴിയുള്ളൂ. അവര്‍ക്ക് മനോധര്‍മ്മം അനുസരിച്ച് മതത്തില്‍ നിന്ന് / നബിജീവിതത്തില്‍ നിന്ന് തള്ളാനോ കൊള്ളാനോ കഴിയുമെങ്കില്‍ നിങ്ങള്‍ക്ക് മാത്രമായി അതിനവകാശമില്ലാതെ വരില്ലല്ലോ. നിങ്ങളുടെ ഏജന്‍സി ക്ലെയിം ചെയ്യാന്‍ വരുന്ന ഏത് ഗ്രൂപ്പില്‍ പെട്ട കള്ള ബടുവമാര്‍ ആയാലും മുഖമടച്ച് ആട്ട് കൊടുക്കുക. പെണ്ണുങ്ങള്‍ അധികാരം കയ്യാളരുത്, പുറത്ത് പോകരുത് എന്ന് നബി പറഞ്ഞെന്നും പറഞ്ഞ് വരുമ്പോള്‍, ‘നബിയേ, അത് നിങ്ങള്‍ ഒട്ടകപ്പുറത്ത് സഞ്ചരിക്കണ കാലത്ത് പറഞ്ഞതല്ലേ. നമ്മള്‍ സൂപ്പര്‍സോണിക് ജെറ്റ് സഞ്ചാരത്തിനുപയോഗിക്കുന്ന കാലത്തിലാണല്ലോ. അതോണ്ട് ഞങ്ങള്‍ പുറത്തിറങ്ങേം ചെയ്യും, തെരഞ്ഞെടുപ്പിലും സ്‌റ്റേജിലും പ്രത്യക്ഷപ്പെടേം ചെയ്യും. പൊറുത്തോളുക’ എന്ന് തങ്ങള്‍ നേരിട്ട് പറഞ്ഞോളാമെന്ന് മറുപടി നല്‍കുക.

തിട്ടൂരവുമായി പെണ്ണുങ്ങളുടെമേല്‍ കുതിര കേറാന്‍ വരുന്ന എല്ലാ മതങ്ങളിലും മതവിഭാഗങ്ങളിലും പെട്ട പരിഷകള്‍ക്ക് സ്ത്രീയുടെ ഏജന്‍സി കൈവശപ്പെടുത്താന്‍ ആര് അധികാരം നല്കി എന്നതാണ് ഉന്നയിക്കപ്പെടേണ്ട പ്രധാന ചോദ്യം. ആണധികാര ജീവിതക്രമത്തിന്റെ പ്രഥമ പരിഗണനകള്‍ തിന്നുക, ഭോഗിക്കുക എന്നിവയാകുമ്പോള്‍ അവ സൗകര്യപ്പെടുത്താന്‍ എപ്പോഴും പെണ്ണുങ്ങള്‍ വീട്ടില്‍ റെഡിയായി ഉണ്ടായിരിക്കണം എന്നതാണതിന്റെയൊക്കെ സിംപിള്‍ അബോധ തലം. മതം ആചരിക്കണോ /നിരാകരിക്കണോ, എത്ര കണ്ട് ആചരിക്കണം / നിരാകരിക്കണം, എവിടെയൊക്കെ മനോധര്‍മ്മം ആകാം എന്നിവയിലെ തീരുമാനം, എല്ലാ ജാതിമതവിഭാഗങ്ങളിലും പെട്ട സ്ത്രീ ജനങ്ങളെ, നിങ്ങളുടേത് മാത്രമാകട്ടെ.

ഇനി മതസങ്കുചിതത്വത്തിന്റെ ഇട്ടാവട്ടത്ത് നിന്ന് കുറെക്കൂടി വെളിച്ചമുണ്ടെന്ന് നാം നിരൂപിക്കുന്ന സാമൂഹിക പരിസരത്തിലേക്ക് ജെന്‍ഡര്‍ ഇഷ്യൂവിനെ കൊണ്ടുവരിക. അപ്പോള്‍ മാത്രം ലജ്ജയോടെ നാം തിരിച്ചറിയും, ഈ പുരോഹിത ശിങ്കങ്ങള്‍ തങ്ങളുടെ കൊടി ഉയര്‍ത്തിയിരിക്കുന്നത് കേരളീയ സ്ത്രീ വിരുദ്ധതയെന്ന കളിമണ്ണില്‍ ആഴത്തില്‍ മുള നാട്ടിയാണ് എന്ന്. ചെറിയാന്‍ ഫിലിപ്പുമാരെ സാധ്യമാക്കുന്ന, അവര്‍ക്ക് നിര്‍ലോഭ പിന്തുണ ചൊരിയുന്ന ജനനായകന്മാരെ സാധ്യമാക്കുന്ന സ്ത്രീ അപരവല്ക്കരണത്തിന്റെതായ ഉറച്ച കളിമണ്ണ്.

ജനസംഖ്യയില്‍ 51 ശതമാനം സ്ത്രീകള്‍ ഉള്ളപ്പോഴും വനിതാ സംഖ്യ ഭരണപക്ഷത്തെ 73 നിയമസഭാ സാമാജികരില്‍ കേവലം ഒന്നും 140 അംഗസഭയില്‍ മൊത്തം പ്രാതിനിധ്യം ആറുമാക്കി ചുരുക്കിയതും, പ്രമാദമായ രാഷ്ട്രീയ കൊലക്ക് ഇരയാക്കപ്പെട്ടയാളിന്റെ ഭാര്യ ‘പുല തീരും മുന്‍പ്’ ടിവിയില്‍ പ്രത്യക്ഷപ്പെട്ടതില്‍ അധിക്ഷേപം ചൊരിഞ്ഞ ഇടത് മതേതരപ്പാര്‍ട്ടിയുടെ ജില്ലാ ഭാരവാഹിയെ സാധ്യമാക്കുന്നതും, വര്‍ഷത്തില്‍ രണ്ട് അണ്ടര്‍വെയര്‍ മാത്രമാണ് അനുവദിച്ചിരുന്നത് എന്ന് ടോക് ഷോയില്‍ പറഞ്ഞ സിസ്റ്റര്‍ ജെസ്മിയോട്, കൂട്ടത്തില്‍ ഒരു ബെന്‍സ് കാറ് കൂടെ ആകാമെന്ന് പരിഹസിക്കുന്ന ഉന്നത മതമേലധ്യക്ഷനെ ധൃഷ്ടനാക്കുന്നതും പമ്പക്ക് പോകുന്ന ബസില്‍ നിന്ന് സ്ത്രീകളെ ഇറക്കി വിട്ട നടപടിയെ ചോദ്യം ചെയ്യാന്‍ കുറച്ച് വനിതാ ആക്റ്റിവിസ്റ്റുകളെ മാത്രമായി അവശേഷിപ്പിച്ചതും ആ മണ്ണാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ബച്ചു മാഹി

ബച്ചു മാഹി

മാഹി സ്വദേശിയായ ബച്ചു വിദേശത്തു ജോലി ചെയ്യുന്നു; ആനുകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട് ഓണ്‍ലൈനിലും മറ്റു പ്രസിദ്ധീകരണങ്ങളിലും എഴുതാറുണ്ട്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍