UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ലജ്ജിക്കേണ്ടത് ആര്? സ്ത്രീകളോ അതോ പൊതുസമൂഹമോ?

Avatar

മുസ്ലീം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതും പൊതുരംഗത്ത് വരുന്നതും മത നിഷേധമാണ് എന്ന സമസ്ത യുവ പണ്ഡിതന്‍ സിംസാറുല്‍ ഹഖ് ഹുദവിയുടെ പ്രസംഗം ഏറെ വിവാദമായിരിക്കുകയാണ്. തെരഞ്ഞെടുപ്പിലെ സ്ത്രീ സംവരണത്തിന്റെ കാര്യത്തില്‍ ‘ഭരണനടത്തിപ്പ് പിന്‍സീറ്റ് ഡ്രൈവിങ്ങായി പരിണമിക്കുന്നു’ എന്ന ജമാഅത്ത് ഇസ്ലാമി നേതാവ് ഓ അബ്ദുറഹ്മാന്‍ നടത്തിയ മുന്‍പ്രസ്താവനയും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടത്. സുന്നി പണ്ഡിതന്‍ കാന്തപുരം അബൂബക്കര്‍ മുസല്യാരും സ്ത്രീ-പുരുഷ തുല്യതയുടെ കാര്യത്തില്‍ തികച്ചും സ്ത്രീ വിരുദ്ധമായ നിലപാടുകളാണ് പലപ്പോഴും സ്വീകരിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പില്‍ സ്ത്രീ സംവരണം കൂടിപ്പോയി എന്ന കാന്തപുരത്തിന്റെ പ്രസ്താവന ഈ അടുത്ത ദിവസങ്ങളിലാണ് ചര്‍ച്ച ചെയ്യപ്പെട്ടത്. മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് ഇസ്ലാം മതം വിലക്കിയിട്ടില്ലെന്ന മത പണ്ഡിതനും ഓള്‍ ഇന്ത്യ ഇസ്ലാഹി മൂവ്‌മെന്റ് ജനറല്‍സെക്രട്ടറിയുമായ ഹുസൈന്‍ മടവൂരിന്‍റെ നിലപാട് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. അതേസമയം തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പകുതിയിലേറെ സീറ്റുകളില്‍ സ്ത്രീകള്‍ മത്സരിക്കുന്നുണ്ട് എന്നത് വളരെ കൃത്യമായ ഒരു രാഷ്ട്രീയ യാഥാര്‍ഥ്യമാണ്. ഇതിനെ പിന്നോട്ടടിപ്പിക്കാന്‍ ഇത്തരത്തില്‍ നടക്കുന്ന മതാധിഷ്ഠിതമായ ചര്‍ച്ചകളുമായി ബന്ധപ്പെട്ട് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ ശക്തമായ നിലപാട് സ്വീകരിച്ച് മുന്നോട്ട് വരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പശ്ചാത്തലത്തില്‍ സാമൂഹ്യ-സാംസ്കാരിക-രാഷ്ട്രീയ-മത മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ചര്‍ച്ചയില്‍ രാജ്യസംഭാംഗവും ഓള്‍ ഇന്ത്യാ ഡെമോക്രാറ്റിക്‌ വുമന്‍സ് അസോസിയേഷന്‍ (AIDWA) സംസ്ഥാന പ്രസിഡന്റും ദേശീയ വൈസ് പ്രസിഡന്റുമായ ഡോ. ടിഎന്‍ സീമ എം പി പ്രതികരിക്കുന്നു.

സ്ത്രീകള്‍ മത്സരിക്കുന്നത് മതവിരുദ്ധമാണ്! ഇത് പറയുന്നത് ഏതെങ്കിലും യാഥാസ്ഥിക മത രാഷ്ട്രത്തിലെ മതപുരോഹിതനല്ല, കേരളത്തിലെ സമസ്തയുടെ മത പ്രഭാഷകനാണ്. ഈ വിഷയം ഒരു ചാനലില്‍ ചര്‍ച്ച ചെയ്തപ്പോള്‍ ഇതിനു പിന്തുണയും വിശദീകരണവുമായി വേറെയും പണ്ഡിതന്മാര്‍ എത്തി. സ്ത്രീകള്‍ പുറത്തിറങ്ങി കയ്യും വീശി ആണുങ്ങളെപോലെ നെഞ്ചും വിരിച്ചു നടക്കുന്നത് ശരിയല്ല എന്നും സ്ത്രീകള്‍ക്ക് ലജ്ജ വേണമെന്നുമാണ് വിശദീകരണം. മുഖം മറയ്ക്കാതെ ആണുങ്ങളുമായി ഇടപഴകുന്നത് സ്ത്രീകള്‍ക്ക് ചേര്‍ന്നതല്ല എന്നും അത് മത വിരുദ്ധമാണെന്നും മുന്‍പും പ്രഭാഷണങ്ങളില്‍ അദ്ദേഹം പറഞ്ഞിട്ടുള്ളതിന്റെ ആവര്‍ത്തനമാണ് ഇന്നും നടത്തിയത്.

ഇരുപതു വര്‍ഷം മുന്‍പ് തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ മൂന്നിലൊന്നു വനിതാ സംവരണത്തിലൂടെ ഭരണ രംഗത്തേക്ക് കടന്നു വന്ന ആയിരക്കണക്കിന് മുസ്ലിം വനിതകള്‍ ഇന്ന് പൊതു രംഗത്തുണ്ട്. ഇപ്പോള്‍ നടക്കുന്ന തെരഞ്ഞെടുപ്പിലും അമ്പതു ശതമാനം സംവരണത്തിലൂടെ വിവിധ പദവികളിലേക്ക് മുസ്ലിം സ്ത്രീകള്‍ കടന്നു വരാന്‍ തയ്യാറെടുക്കുന്ന കാലത്താണ് ഇത്തരത്തില്‍ സ്ത്രീ വിരുദ്ധവും യാഥാസ്ഥികവുമായ നിലപാടുകള്‍ മതത്തിന്റെ പേര് പറഞ്ഞു പ്രചരിപ്പിക്കുന്നത്. ഇത് പൊതു രംഗത്ത് പുരുഷനൊപ്പം തന്നെ കഴിവുകള്‍ തെളിയിച്ചു നില്‍ക്കുന്ന ആയിരക്കണക്കിന്‌ മുസ്ലിം സഹോദരിമാരുടെ ആത്മ വിശ്വാസത്തെത്തന്നെ ബാധിക്കുന്നതാണ്. ഇത് സ്ത്രീ വിരുദ്ധം മാത്രമല്ല, മനുഷ്യാവകാശ നിഷേധം കൂടിയാണ്. വേറൊരു ശ്രദ്ധേയമായ വസ്തുത ഇതൊന്നും ഖുര്‍ആന്‍ വായിച്ച് അതിന്‍റെ അടിസ്ഥാനത്തില്‍ പറയുന്നതല്ല, സ്ഥാപിതതാത്പര്യങ്ങളുള്ള കുറച്ചു വ്യക്തികളുടെ മാത്രം അഭിപ്രായങ്ങളാണ്.

കാന്തപുരവും സ്ത്രീവാദത്തിന്റെ പ്രതിസന്ധികളും
സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കണ്ട, ഭര്‍ത്താവിനെ നോക്കി വീട്ടില്‍ ഇരുന്നാല്‍ മതി; സമസ്തയുടെ ശാസന

മുസ്‌ലിം സ്ത്രീകള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മതവിരുദ്ധമല്ല: ഹുസൈന്‍ മടവൂര്‍
ഒ. അബ്ദുറഹിമാന്‍, ദയവു ചെയ്ത് ആ അംബേദ്കര്‍ അവാര്‍ഡ് താങ്കള്‍ തിരിച്ചു കൊടുക്കണം
അവിടെ നിര്‍ത്തുന്നതാണ് നല്ലത് ജനാബ് ഒ അബ്ദുറഹ്മാന്‍

മുസ്ലിം സമുദായത്തിലെ നല്ലൊരു ഭാഗം പേരും സ്ത്രീകള്‍ മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് എത്തുന്നതിനെ അനുകൂലിക്കുന്നവരാണ്. അതുകൊണ്ട് തന്നെ ഇത്തരം ബാലിശമായ പ്രസ്താവനകളെ അവര്‍ എങ്ങനെ അംഗീകരിക്കും എന്നുള്ളതും ചോദ്യമാണ്. പക്ഷേ യഥാസ്ഥിതികരായ ചില വിശ്വാസികള്‍ അന്ധമായി അംഗീകരിച്ചാല്‍ സ്ത്രീ സ്വാതന്ത്ര്യത്തിനെ ഹനിക്കുന്ന ഒരു നടപടിയായും ഇതിനു രൂപാന്തരം സംഭവിച്ചേക്കാം. ഇത്തരം കാര്യങ്ങള്‍ക്ക് മതപരമായ മാനം നല്‍കുമ്പോള്‍ അതിനു കൂടുതല്‍ വിശ്വാസ്യത വരുന്നതിനാല്‍ അത്യന്തം കരുതലോടെ വേണം നേരിടാന്‍.

മതത്തിന്‍റെ പേരു ചൂണ്ടിക്കാട്ടി പൊതുസമൂഹത്തില്‍ സ്ത്രീകളുടെ ഇടപെടലുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ശരിയായ ഒരു പ്രവണതയല്ല.  തീവ്ര മത മൌലികവാദികളുടെ നിലപാടുകളിലെല്ലാം ഇത്തരം സ്ത്രീവിരുദ്ധത നമുക്ക് ദര്‍ശിക്കാന്‍ കഴിയും. അത്തരം വ്യക്തികളുടെ കീഴിലുള്ള പാര്‍ട്ടികളിലോ മറ്റു പ്രസ്ഥാനങ്ങളിലോ സ്ത്രീകളുടെ പ്രതിനിധ്യമുണ്ടാവില്ല. സ്ത്രീകള്‍ക്ക് പ്രത്യേകമായിട്ടുണ്ടാവും എന്നാല്‍ സമത്വം എന്നത് അവരുടെ നിയമങ്ങളിലുണ്ടാവില്ല.  

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍