UPDATES

അനശ്വര കൊരട്ടിസ്വരൂപം

കാഴ്ചപ്പാട്

അനുനിമിഷം

അനശ്വര കൊരട്ടിസ്വരൂപം

സ്ത്രീകളേ, വലിയ ആകാശമാണ് പുറത്ത്; തൂവലുകളില്ലാത്ത ആ കുടുംബ ചിറകുകൾ പറിച്ചെറിയൂ

അടച്ചിട്ട കൂപ്പകളില്‍ മാറ്റത്തിന്റെ ശുദ്ധവായു സഞ്ചാരിക്കട്ടെ, അവ പകരുന്ന ജീവവായുവില്‍ ചെറിയ ചിറകുകള്‍ മുളയ്ക്കട്ടെ

ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ വായിക്കാം – (സ്വന്തമായ ഇടങ്ങള്‍ കൊതിക്കുന്ന സ്ത്രീകളോട്; അവരോട് മാത്രം)

നിര്‍ത്തിയിടത്തു നിന്ന് തന്നെ തുടങ്ങട്ടെ, കുടുംബത്തിനുവേണ്ടി ഒന്നും വേണ്ടാ എന്നു വയ്‌ക്കേണ്ടി വരാത്തവര്‍ നമ്മളില്‍ എത്രപേര്‍ കാണും? വിവാഹത്തില്‍ (വിവാഹത്തെ കുറിച്ച് മാത്രം പറയുന്നത്, ജീവിതത്തില്‍ ഒരു ചോയ്‌സ് എന്ന നിലയില്‍ നാം എടുക്കുന്ന ഒരു ബന്ധം വിവാഹമാണ് എന്നത് കൊണ്ടാണ്) പങ്കാളികള്‍, എത്രമാത്രം വിട്ടു വീഴ്ചകളാണ് ഈ സിസ്റ്റത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ ചിലവഴിക്കുന്നത്. ഇത്രമേല്‍ പവിത്രമായി, പരിപാവനമായി സംരക്ഷിച്ചും പരിപാലിച്ചും എന്തിനാണ് കുടുംബം എന്നതിനെ നാം കൂടെക്കൂട്ടുന്നത്? കൂടെ ചേര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് പ്രത്യേകിച്ചും ഒന്നും ലഭിയ്ക്കാന്‍ ഇല്ല എന്ന് തോന്നിയാല്‍ പിരിയാന്‍ സാധിക്കുന്ന ഒരു ഇടമായി നമ്മുടെ കുടുംബ സങ്കൽപ്പം മാറേണ്ടതില്ലേ? പക്ഷേ, കുടുംബം എന്നത് ചര്‍ച്ച ചെയ്യാന്‍ തന്നെ നമുക്ക് പേടിയാണ്. കുടുംബങ്ങള്‍ തകരുമോ എന്നതാണ് നമ്മുടെ എല്ലാ ആശങ്കകളുടെയും പ്രാഥമികാടിസ്ഥാനം. ചില വിമര്‍ശനങ്ങള്‍ ഇന്നത്തെ കുടുംബം എന്ന രൂപത്തിനാവശ്യമാണ്. ഇന്ന് നിലനിക്കുന്ന രീതിയില്‍, ചര്‍ച്ചകള്‍ക്ക് പോലും സാധ്യമല്ലാത്ത രീതിയില്‍ അടഞ്ഞു കിടക്കുന്ന ഇടങ്ങളായി അവ മാറിയിരിയ്ക്കുന്നു. കുടുംബങ്ങള്‍ എല്ലാം തന്നെ തികച്ചും വലതുപക്ഷമായ, ജനാധിപത്യമെന്നത് പടിക്കല്‍ അഴിച്ചിടുന്ന ചെരുപ്പുകള്‍ പോലെ പുറംമോടികളില്‍ മാത്രമൊതുങ്ങുന്ന ഒന്നായി തീര്‍ന്നിരിക്കുന്നു*.

ഇത്തരത്തില്‍ തികച്ചും സാമ്പ്രദായിക സ്വഭാവത്തില്‍ ചലിക്കുന്ന കുടുംബ സംവിധാനത്തില്‍ ആ കുടുംബം മുന്നോട്ടു കൊണ്ടുപോകേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്വം മിക്കപ്പോഴും സ്ത്രീകളുടെ മേലാണ് വരുന്നത്. അവര്‍ എത്ര വലിയ സ്ഥാനങ്ങളില്‍ ആയിരുന്നാലും വീട് ‘ശരിയാം വിധം’ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ കരിയറില്‍ നേടിയ ഒന്നിനും വില കല്‍പ്പിക്കാന്‍ ആളുകള്‍ തയാറാവില്ല.

ജന്‍ഡര്‍ സ്റ്റഡീസ് എംഫില്‍ ക്ലാസ്സില്‍ സ്ത്രീകളും മാനേജ്‌മെന്റും എന്ന വിഷയത്തില്‍ ക്ലാസുകള്‍ കേള്‍ക്കേണ്ട ദുര്യോഗം ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. അന്നത്തെ ഡിപ്പാര്‍ട്‌മെന്റ് ഹെഡ് അഭിമാനത്തോടെ പറഞ്ഞ ഒരു കാര്യമാണ് ഞാന്‍ ഓര്‍ക്കുന്നത്. ‘എന്റെ വീട്ടിലേക്കു വരൂ, Its organised and well maintained… ഞാൻ എന്റെ വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഒക്കെ മനോഹരമായി പൂര്‍ത്തീകരിച്ചിട്ടാണ് ഇവിടേയ്ക്ക് വരുന്നത്. എനിക്കതില്‍ അഭിമാനം ഉണ്ട്.’ അത് സ്ത്രീകളുടെ ഗതികേടല്ലേ എന്ന് ചോദിച്ചതിന് എന്നെ ഗെറ്റ് ഔട്ട് ഹൌസ് ആക്കിയെങ്കിലും, ഞാന്‍ ആ ചോദ്യത്തില്‍ ഉറച്ചു നിന്നു. വീടിനു പുറത്തു പണിയെടുക്കുന്ന സ്ത്രീകൾ അനുഭവിക്കേണ്ടുന്ന ഇരട്ട ഭാരം (double burden) എന്ന  അവസ്ഥ അനുഭവിച്ചു കൊണ്ടാണ് ഭൂരിഭാഗം മധ്യ, കീഴ്വര്‍ഗ സ്ത്രീകളും ജോലിക്കു പോകുന്നത്. എന്താണ് ഈ ഇരട്ടഭാരം എന്ന് നോക്കാം. പുറമെ ജോലിക്കു പോകുന്ന ഒരു സ്ത്രീ സാധാരണ എഴുന്നേല്‍ക്കുന്ന സമയം എന്നത് രാവിലെ അഞ്ചുമണിക്കും അഞ്ചരയ്ക്കും ഇടയ്ക്കാണ്. അപ്പോള്‍ മുതല്‍ ചക്രം തിരിയുന്നപോലെ പണിയെടുത്താലേ 9 മണിക്കെങ്കിലും ഓഫിസിലേക്കിറങ്ങാന്‍ സാധിക്കൂ. വീട്ടിലുള്ളര്‍വര്‍ക്ക് ഇഷ്ടമുള്ള പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഉണ്ടാക്കി, കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ എഴുനേന്നേല്‍പ്പിച്ച് കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത്, ഒരുക്കി അച്ഛനമ്മമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കാവശ്യമുള്ളവ ഒരുക്കി, തുണികള്‍ അലക്കി, സ്വയം കുളിച്ച്, ഭര്‍ത്താവിനാവശ്യമുള്ളതെല്ലാം കയ്യിലെടുത്ത് കൊടുത്ത്, ഭക്ഷണം കഴിച്ച്… ഹോ എഴുതുമ്പോള്‍ തന്നെ നെഞ്ച് വിങ്ങുന്നു. ഓഫിസില്‍ ചെന്ന് 9 മുതല്‍ 6 വരെ പണിയെടുത്ത് തിരിച്ചെത്തി വീടടിച്ചുവാരി, പാത്രം കഴുകി, തുണി മടക്കി, കുട്ടികളുടെ പഠനം ശ്രദ്ധിച്ച്, അവര്‍ക്കാവശ്യമുള്ള സഹായങ്ങള്‍ ചെയ്ത്, പിറ്റേന്നേക്കുള്ള പച്ചക്കറികള്‍ അരിഞ്ഞ്, അത്താഴം ഒരുക്കി, രാവിലെ മുതലുള്ള പാത്രം കഴുകി കുളിച്ച് 11 മണിയോടെ കിടക്കുന്നു; ഉറങ്ങുന്ന ഈ സമയം ഒഴികെ എപ്പോഴാണ് അവര്‍ സ്വന്തം ആവശ്യത്തിന് – വായിക്കാന്‍, ടിവി കാണാന്‍ – സമയം ചിലവഴിക്കുക? ഇനി നാമിത് ചെയ്തില്ലെങ്കില്‍ ഹോ…

വളരെ അടുത്ത് പരിചയപ്പെട്ട ഒരു സുഹൃത്ത് പറയും, ‘വീട്ടില്‍ ഒരു സാധനം അങ്ങോട്ടോ ഇങ്ങോട്ടോ മാറിയിരിക്കണത് അവനിഷ്ടല്ല. പക്ഷെ സ്വന്തം അടിവസ്ത്രം ഊരി കട്ടിലില്‍ ഇട്ടേക്കും. അത് അലക്കാനുള്ള തുണികളുടെ കൂടെ ഇടണമെങ്കില്‍ എന്റെ കയ്യ് തന്നെ വരണം.’ എന്താലേ….

ഓഫീസില്‍ ഈയിടെ കേട്ട ഒന്നുണ്ട്. ‘ഇനി മുതല്‍ ഇവിടെ ആമ്പിള്ളേരെ എടുത്താല്‍ മതി… അവളുമാരൊക്കെ ആറുമണിക്ക് ഇറങ്ങും. ഇവന്മാരൊക്കെ രാത്രിയെന്നില്ല പകലെന്നില്ല ജോലിയാണ്. അങ്ങനെ ആണ്‍പിള്ളേര്‍ മാത്രം കഷ്ടപ്പെടേണ്ട…’, ഈ പറയുന്നതാരാ…. ‘ഓ നേരത്തെ പോയാല്‍ കൊച്ചിനെ നോക്കണം … രാത്രിയായിട്ട് ആണേല്‍ പണിയൊക്കെ അവള് തീര്‍ത്തോളും’ എന്ന് പറഞ്ഞ മഹാനാണ്. ഇതാണ് നമ്മുടെ ജോലി സ്ഥലത്തു ഉത്തമ കുടുംബിനികള്‍ക്കു ലഭിക്കുന്ന പ്രതികരണം. സ്വന്തം ഭാര്യ വൈകി വന്നാലോ… നിനക്കെന്താ ഇത്രമാത്രം പണി എന്ന ചോദ്യവും. സ്വന്തം ഭാര്യയുടെ കരിയര്‍ മെച്ചത്തിനായി രാജി വച്ച എത്ര ആളുകള്‍ ഉണ്ടാകും നമുക്കിടയില്‍? (അടുത്തറിയാവുന്ന ഒന്ന് രണ്ടു പേരെ മറക്കുന്നില്ല). പക്ഷെ എത്രയോ ചുരുക്കമാണ് അത്തരം ആളുകള്‍. പെങ്കോന്തന്‍ എന്ന് അടക്കം പറഞ്ഞു നമ്മള്‍ ഒക്കെ ചിരിക്കുക പോലും ചെയ്യും അവരെ കുറിച്ച്. വീട്ടച്ഛന്മാര്‍ എന്ന പദം പോലും ഇല്ലാത്ത ഭാഷയില്‍ നിന്നാണ് എഴുതുന്നത് എന്ന ബോധ്യവുമുണ്ട്.

ഒരു പാട് സുഹൃത്തുക്കള്‍ പറയാറുണ്ട് ഞാന്‍ അവളെ എല്ലാ ജോലിയിലും സഹായിക്കും എന്ന്… വളരെ നല്ലത്. സഹായിക്കുക എന്നാല്‍ എങ്ങനെ എന്നറിയാമോ? ദേ, ഈ തുണി ഒന്ന് അയയില്‍ ഇടാമോ? ഇടും. ഈ തേങ്ങ ഒന്ന് ചിരകി തരാമോ? ചിരകി തരും. ദേ, മഴ വരുന്നു ഈ തുണിയൊക്കെ എടുക്കൂ എന്നു പറഞ്ഞാല്‍ എടുക്കും. പക്ഷെ ഭാര്യയുടെ തലയില്‍, ഉണങ്ങിയ തുണി അയയില്‍ ഇട്ടിട്ടുണ്ടെന്നും അതെടുക്കണം എന്നും അരി അരച്ചത് റഫ്രിജറേറ്ററിനു പുറത്തിരിക്കയാണെന്നും കൃത്യമായി കോഡ് ചെയ്യപ്പെട്ടിട്ടില്ലെങ്കില്‍ തുണി പലനാള്‍ മഴ നനഞ്ഞും അരി മാവ് പുറത്തിരുന്നു പുളിച്ചും പോകും. ആത്യന്തികമായി അത് അവളുടെ ജോലിയാണ്. അവളുടെ ഓര്‍മയില്‍, ഉത്തരവാദിത്വത്തില്‍ ഈ ചിന്തകള്‍ ഒക്കെ ഒരേസമയം ചലിച്ചുകൊണ്ടിരിക്കണം. കടുക് പൊട്ടിക്കാന്‍ തുടങ്ങുമ്പോ കറിവേപ്പില ഇല്ല എന്നെങ്ങാന്‍ പറഞ്ഞാല്‍, ഇതൊക്കെ നിനക്ക് ഓര്‍ത്തുവയ്ക്കാന്‍ സാധിക്കില്ലേ, തീര്‍ന്നാല്‍ പറഞ്ഞൂടെ എന്നാക്രോശിക്കാത്ത എത്രപേര്‍ കാണും നമ്മുടെ ഇടയില്‍?

കേള്‍ക്കുമ്പോള്‍ ശ്ശെ, എത്ര നിസാരമാണിവ എന്ന് തോന്നും. പക്ഷെ 24×7 ഇവയിലൂടെ ജീവിക്കുന്ന സ്ത്രീകളെ സംബന്ധിച്ച് ഇതേറെ പ്രധാനമാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ അടുക്കളപ്പണി അല്ലെങ്കില്‍ വീടുപണി ഇത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വവും ചുമതലയും ആയി കാണുന്നത്? അതില്‍ സഹായമല്ല, പങ്കുവയ്ക്കലാണ് ആവശ്യം എന്ന് തിരിച്ചറിയാത്തത് എന്താണ്?

അടുക്കള അടച്ചിട്ടാല്‍ വീട്ടിലെ മുക്കാല്‍ പണിയും ഒതുങ്ങി എന്ന് കേട്ട് വളര്‍ന്ന ഒരാളാണ് ഞാന്‍. അമ്മയ്ക്ക് എഴുത്തു തിരക്കുകള്‍ ഉള്ളപ്പോള്‍ അടുക്കള അടച്ചിട്ട് പുറത്തു നിന്നും ഭക്ഷണം കഴിക്കുക ആയിരുന്നു പതിവ്. അമ്മ പറയും ‘പണ്ട് രാവിലെ ഒരു കഞ്ഞി വച്ചാല്‍ അത് തന്നെ ആകും വൈകീട്ട് വരെ, ഇന്നത്തെ പോലെ നാനാവിധ പലഹാരങ്ങളും ഓരോന്നിനും കറിയും ഒന്നും ശീലമില്ല. അതുകൊണ്ടു തന്നെ സമയക്കുറവ് തോന്നിയിട്ടേ ഇല്ല. ഇപ്പൊ അടുക്കള എന്നത് ഒരാളുടെ മാത്രം ചുമതലയാകുമ്പോള്‍ നടത്തിക്കൊണ്ടു പോകാന്‍ വലിയ ബുദ്ധിമുട്ടാണ്.’ പക്ഷെ ഇതെത്ര പേര്‍ക്ക് സാധിക്കും. ‘അമ്മീലരച്ച കൂട്ടല്ലെങ്കില്‍ ഏട്ടന്‍ ഭക്ഷണം തന്നെ കഴിക്കില്യ, അതോണ്ട് അതന്നെ വേണേ…’ ഹായ് എത്ര രസം കേള്‍ക്കാന്‍. സമൂഹ അടുക്കളകള്‍ എന്ന ബദലിനെ കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു. ഒരു കൂട്ടം, ഒരു കോളനിയിലുള്ള ആളുകള്‍ ഊഴമിട്ടു നടത്തുന്ന സമൂഹ അടുക്കളകള്‍ ഒരു ബദല്‍ എന്ന നിലയില്‍, പരീക്ഷിക്കേണ്ട ഒന്നല്ലേ അത്? ജോലിഭാരം കുറയ്ക്കുക എന്നതിനുപരി ഒരു കൂട്ടായ്മ വളര്‍ത്തുക എന്ന ഉദ്ദേശ്യവും നിറവേറുകയും ചെയ്യും.

ഒരു സെമിനാറിനിടെ കേട്ടതാണ്. ‘ഞാന്‍ എന്റെ ഭാര്യയോട് പറയാറുണ്ട്. നീ ഈ പൊതു സമ്മേളനത്തിനും ചര്‍ച്ചയ്ക്കും ഒക്കെ വരണം എന്ന്. അവള്‍ക്കു താത്പര്യമില്ല. ഞാന്‍ എന്ത് ചെയ്യാനാ…’ അവരോടു വേദിയില്‍ ഉള്ള ഒരു സ്ത്രീ പറഞ്ഞ മറുപടി ഇതായിരുന്നു. ‘വീട്ടു ജോലികള്‍ മുഴുവന്‍ ചെയ്ത് വിശ്രമിക്കാന്‍ കിട്ടണ ആ അരമണിക്കൂറില്‍ അല്ലെ വരാന്‍ പറയുന്നത്. അപ്പൊ മറുപടി ഇത് തന്നെ ആകും.’ അവിടെ ഇരുന്ന എല്ലാ വനിതാ പ്രതിനിധികളും അതിനെ കയ്യടിച്ചാണ് സ്വീകരിച്ചത്. പൊതുപ്രവര്‍ത്തനം മാത്രം നടത്തുന്ന എത്ര പുരുഷന്മാര്‍ വീടിനു വേണ്ടി സമയം ചിലവഴിക്കാറുണ്ട്? എന്തൊക്കെ കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുക്കാന്‍ സാധിക്കാറുണ്ട്? ആണ്ടിനും സംക്രാന്തിക്കും അരി വച്ച കഥയല്ലട്ടോ.

ഒരു ഐഡിയല്‍ കുടുംബം എന്നത് നിര്‍മിക്കുക, അത് നിലനിര്‍ത്തി പോരുക എന്നിവയൊക്കെ ‘കുടുംബത്തിലെ പെണ്ണുങ്ങളുടെ’ പണിയാണ്. പത്താം ക്ലാസ്സ്‌വരെ 60 ശതമാനം മാര്‍ക്ക് നേടിയിരുന്ന എനിക്ക് പ്ലസ് ടുവിന് 84 ശതമാനം കിട്ടിയപ്പോള്‍ എന്റെ അമ്മാവന്‍ പറഞ്ഞ ഒരു അഭിപ്രായം ഉണ്ട്. ‘ആ… അമ്മ വീട്ടില്‍ ഇരിക്കാന്‍ തുടങ്ങിയപ്പോ കണ്ടോ അവള്‍ക്ക് മാര്‍ക്കൊക്കെ ലഭിക്കുന്നത്'(അമ്മ, തന്റെ രണ്ടാം വിവാഹത്തെ തുടര്‍ന്ന്, അതുവരെ പ്രവര്‍ത്തിച്ചിരുന്ന പ്രസ്ഥാനത്തിലെ സ്ഥാനങ്ങള്‍ ഒക്കെ നിര്‍ബന്ധിത രാജിയിലൂടെ ഒഴിഞ്ഞു കൊടുത്ത സമയം ആയിരുന്നു) ഹലോ… കുത്തിയിരുന്ന് അക്കൗണ്ടൻസിയും ബിസിനസ് മാനേജ്‌മെന്റും എക്‌ണോമിക്‌സും ഒക്കെ പഠിച്ച ഞാന്‍ ആരായി? അമ്മമാര്‍ വീട്ടില്‍ ഇരുന്നാല്‍ കുട്ടികളെ ശ്രദ്ധിച്ചാല്‍ അവര്‍ക്കു മാര്‍ക്ക് കിട്ടും. അവരുടെ ഭാവി സുഭദ്രമാകും. പ്രേമം പോലുള്ള ‘അപകടങ്ങളില്‍’ ചെന്നുപെടില്ല. അങ്ങനെ എന്തൊക്കെ നിര്‍വചനങ്ങള്‍ ആണ്. എനിക്ക് പരിചയമുള്ള, ഓട്ടിസമുള്ള ഒരു പെണ്‍കുഞ്ഞിന്റെ അമ്മയുണ്ട്. നന്നായി കഥയെഴുതുന്ന അവര്‍ക്കു കുറച്ചു ദിവസം കുട്ടിയുടെ കൂടെ ഇരിക്കാന്‍ സമയം കിട്ടിയില്ല. ‘അവളെ വേണ്ടത്ര ശ്രദ്ധിക്കാന്‍ എനിക്ക് കഴിഞ്ഞില്ല, അതുകൊണ്ടു ഇനി കഥ ഒന്നും എഴുതണ്ട, അവള്‍ക്കു വേണ്ടി കൂടുതല്‍ സമയം കൊടുക്കണം’ എന്ന് പറഞ്ഞു വിഷമിക്കുന്ന ഒരു സ്ത്രീ. അവരുടെ കണ്ണില്‍ തനിക്കെഴുതാന്‍ സാധിക്കാതെ പോകുന്ന ആയിരം കഥക്കൂട്ടുകള്‍ ഉണ്ട്. അതിങ്ങനെ അവരുടെ കണ്ണില്‍ തന്നെ പിടഞ്ഞു മരിക്കും, അവയ്ക്ക് ആരോടാണ് സമാധാനം പറയുക? കുഞ്ഞുങ്ങള്‍ ആത്യന്തികമായി അമ്മമാരുടെ ചുമതലയാണല്ലോ. ചെറിയ ഒരനുഭവം കൂടി; സര്‍വ സ്വതന്ത്രനായി പാറി നടക്കുന്ന ഒരു വ്യക്തി – ഒരു കുഞ്ഞുണ്ട്, ഭാര്യയും; ‘ഓ എനിക്കിങ്ങനെ എവടെ വേണേലും പോവാം, പിന്നെ അവളെന്നെ ഇട്ടിട്ടു പോവൂലാ അവള്‍ക്കു ഇത്രയേറെ സ്വാതന്ത്ര്യം കിട്ടുന്ന മറ്റൊരു ബന്ധവും ഇനി കിട്ടില്ല എന്നവള്‍ക്കു നല്ലോണം അറിയാം’; ഒരു കുടുംബത്തിന്റെ സകലഭാരവും, കുട്ടിയുടേതുള്‍പ്പെടെ ചുമക്കുന്ന ഈ സ്ത്രീ ഗതികേട് കൊണ്ടാണ്, സാമ്പത്തികാടിസ്ഥാനത്തില്‍ അല്ല ഈ ബന്ധത്തില്‍ നില്‍ക്കുന്നത് എന്ന് സാരം.

ഇതൊക്കെ പറയുമ്പോള്‍ , അങ്ങനെ എങ്കില്‍ എന്തായിരിക്കണം ഒരു കുടുംബം? ഇന്ന് നിലനില്‍ക്കുന്ന രൂപത്തില്‍ നില്ക്കാന്‍ സാധിക്കുകയില്ലെങ്കില്‍ അതിനെ ഏതു രൂപത്തിലേക്കാണ് നാം മാറ്റി പണിയേണ്ടത്? അത്തരം ഐഡിയല്‍ കുടുംബം എന്തായിരിക്കണം എന്നതിനെ കുറിച്ച് ചിന്തിക്കാം. ഭര്‍ത്താവ്, ഭാര്യ, കുട്ടികള്‍ എന്ന അധികാര ബന്ധത്തെ പൊളിച്ചെഴുതാതെ അത് സാധ്യമാകും എന്ന മൂഢവിശ്വാസം ഇല്ല. കുടുംബം എന്നതിന്റെ അടിസ്ഥാനം സാമ്പ്രദായിക മൂല്യങ്ങളായ സ്വത്ത് സമ്പാദനം, കുട്ടികള്‍, അവരുടെ ഭാവിയിലേക്കുള്ള കരുതിവയ്പ് എന്നിവയില്‍ നിന്നും, ഇരു പങ്കാളികള്‍ക്കും സ്വതന്ത്രമായ, തുല്യഅധികാരവും ചുമതലയും ഉള്ള ഒരു എന്റിറ്റിയെ ഉണ്ടാക്കിയെടുക്കാന്‍ ആണ് ഉണ്ടാവേണ്ടത് എന്നാണ് കരുതുന്നത്. രാവിലെ ‘അമ്മ തന്നെ കുളിപ്പിക്കേണ്ടതില്ല എന്നും, ദോശകള്‍ ചുട്ടു തന്ന് അച്ഛനഞ്ചും അമ്മക്ക് നാലും അല്ല എന്നും, ഇന്ന് സമര്‍പ്പിക്കേണ്ട പേപ്പറിനെ കുറിച്ചാലോചിക്കുമ്പോള്‍ വൈകീട്ടത്തേക്കു കൂട്ടാന്‍ വയ്ക്കണമല്ലോ എന്നല്ല, ആ വിഷയമാണ് തലയില്‍ വരേണ്ടത് എന്നും മനസിലാക്കുന്ന ഒന്നിനെയാണ് കുടുംബം എന്ന് വിളിക്കേണ്ടത്. കുട്ടികളെ സ്വതന്ത്രരായ വ്യക്തികള്‍ ആയി മനസിലാക്കി, തുറന്ന ജീവിതങ്ങള്‍ നയിക്കാന്‍ പ്രാപ്തിയുള്ളവരായി മാറ്റുക (വളര്‍ത്തുക എന്ന പദം മനപ്പൂര്‍വം ഉപയോഗിക്കുന്നില്ല) എന്നതാവട്ടെ കുടുംബങ്ങളുടെ ലക്ഷ്യം. അടക്കി വയ്ക്കലും, അധികാരം കാണിക്കലുകളും സ്വപ്‌നങ്ങള്‍ തല്ലിത്തകര്‍ക്കലും ത്യജിക്കലും അടിത്തറ പാകാത്ത കുടുംബങ്ങള്‍. അടച്ചിട്ട കൂപ്പകളില്‍ മാറ്റത്തിന്റെ ശുദ്ധവായു സഞ്ചാരിക്കട്ടെ, അവ പകരുന്ന ജീവവായുവില്‍ ചെറിയ ചിറകുകള്‍ മുളയ്ക്കട്ടെ. പുറത്ത് ഒരു വലിയ ആകാശം ഉണ്ട്. അത് എല്ലാവർക്കും അവകാശപ്പെട്ടതാണ്. അതിലേക്കു കുതിക്കാന്‍ ഉള്ള ശ്രമങ്ങള്‍ ആകട്ടെ ഓരോ കുടുംബത്തിനകത്തും നടക്കുന്നത്. അല്ലാത്തവയെ താങ്ങി നില്‍ക്കാതെ പിരിച്ചുവിടാനുള്ള കരുത്തുണ്ടാകട്ടെ. സ്വന്തം ജീവിതം അത്രമേല്‍ പ്രിയപ്പെട്ടതാകട്ടെ!

കുടുംബത്തെകുറിച്ച് എഴുതിയ ഒരു കവിത കൂടി.

ദമ്പതികള്‍

സമാധാനത്തിന്റെ ഭാഷ
ആഹ്ലാദത്തിനോട് ഇങ്ങനെ പറയുന്നു
‘ നിന്റെ നിലനില്പിനെക്കാള്‍
എന്റെ നിലനില്‍പ്പാണ് പ്രധാനം’
ആ ദമ്പതികളെ നോക്കൂ
അവര്‍ എത്രയോ ശാന്തരാണ്
സമാധാനത്തിലാണ് ഉറക്കറകളിലേക്കു
മടങ്ങുന്നത്!
അവര്‍ തീന്‍മേശകളിലിരുന്ന്
പരസ്പരം കടിച്ചുകീറുന്നില്ല
ഓരോ യാത്രയിലും അവള്‍ എത്ര
ശാന്തമായാണ് അവനോടു ചേര്‍ന്നിരിക്കുന്നത്?
എത്രയോ മനോഹരമായാണ് അവര്‍
പരസ്പരം ചേര്‍ത്തുപിടിക്കുന്നത്?
അവളുടെ കൂട്ടുകാരനെ അവന്‍ എത്രയോ
ബഹുമാനത്തോടെയാണ് സ്വീകരിക്കുന്നത്!
ആ ദമ്പതികള്‍ സ്‌നേഹത്തിന്റെ
പരമമായ സത്യത്തെ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു.
അവര്‍ ശരിക്കും സമാധാനത്തിലാണ് സുഹൃത്തേ!
ആഹ്ലാദത്തിന്റെ ഭാഷ ഇങ്ങനെ പറയുന്നു !
ശരി തന്നെ സുഹൃത്തേ !
പക്ഷെ അവളുടെ കണ്ണില്‍ എനിക്ക് മരണപ്പെട്ട ഒരു കൂട്ടം അറകളെ കാണാം
മറ്റാര്‍ക്കും നിറയ്ക്കാന്‍ ആകാത്ത ശൂന്യതകളെ നിറച്ച ശവപ്പെട്ടികള്‍ പോലെ
ഓരോ തവണയും ഉറക്കറയില്‍ അടുത്ത മുറിയിലെ
ആളുകള്‍ കേള്‍ക്കരുതേ എന്ന പ്രാര്‍ത്ഥനയോടെ
തന്നില്‍ പ്രവേശിക്കുന്ന അവനുവേണ്ടി
ജഡമായി മാറുന്ന അവളെ നിങ്ങള്‍ കാണാന്‍ ശ്രമിക്കുന്നുണ്ടോ ?
തന്റെ മണങ്ങളെ വെറുപ്പോടെ കഴുകി കളയാന്‍ ആജ്ഞാപിക്കുന്ന അവനെ
പിന്നെയും പ്രണയിക്കേണ്ടിവരുന്ന അവളുടെ തിരഞ്ഞെടുപ്പിനെ?
തീന്മേശകളില്‍ മൗനം മാത്രം പങ്കുവയ്ക്കുന്ന അവളെയോ?
യാത്രകളില്‍ അവളുടെ കണ്ണുകളില്‍ തെളിയുമായിരുന്ന നക്ഷത്രങ്ങളെ!!
ഒരു കുഞ്ഞിനെപ്പോലെ നിര്‍ത്താതെ, മുകളിലെ ആകാശത്തെ നോക്കി
കൂക്കി വിളിക്കുമായിരുന്ന ആഹ്ലാദത്തിമിര്‍പ്പുകളെ
അവള്‍ വെറുപ്പിന്റെ യന്ത്രത്താക്കോലിട്ടു പൂട്ടിവച്ചിരിക്കുന്നത് കണ്ടിട്ടുണ്ടോ?
ചേര്‍ത്തുപിടിക്കുമ്പോള്‍ പ്രണയമേതുമില്ലാതെ വരണ്ടുപോകുന്ന
മനസിനെ കാപട്യം നിറഞ്ഞ ഒരു ചിരിയോടെ മെരുക്കാനവള്‍
കഷ്ടപ്പെട്ട് പോകുന്നത് കണ്ടിട്ടുണ്ടോ?
ഓരോ കൂട്ടുകാരനെയും അവള്‍ ചേര്‍ത്തുപിടിക്കുമ്പോള്‍
അസൂയയില്‍ തിളങ്ങുന്ന അവന്റെ കണ്ണുകളെ
ഇല്ലാ എന്ന് വിശ്വസിച്ചുകൊണ്ട്
ജീവിക്കാന്‍ അവള്‍ പിടയുന്നത് കണ്ടിട്ടുണ്ടോ?
അവന്റെ അസൂയ നിറഞ്ഞ ഭീഷണിയില്‍
മിടിക്കാന്‍ മടിച്ച ഹൃദയത്തെ
അലമുറയിട്ടു കരഞ്ഞുകൊണ്ട് ജീവിപ്പിക്കുന്ന
അവളുടെ നിസ്സഹായത കണ്ടിട്ടുണ്ടോ?
അവളുടെ വരികളെ നിസ്സാരമെന്നോണം അവഗണിക്കുമ്പോള്‍
എഴുതാത്തതെന്തേ എന്ന ചോദ്യത്തിന്
‘ശാന്തതയില്‍ വാക്കുകള്‍ കുന്നുകേറിപോകുന്നു’
എന്ന് നുണപറയുന്ന അവളുടെ കണ്ണിലെ
ആത്മവഞ്ചന നിങ്ങള്‍ കണ്ടിട്ടുണ്ടോ?
ഇല്ലെങ്കില്‍ ശാന്തതയുടെ ഭാഷയേ ,
നിങ്ങള്‍ ഒരു പെണ്ണിന്റെ ആഹ്ലാദമെന്തെന്നു
അറിഞ്ഞിട്ടില്ല!!

എല്ലാ സ്ത്രീകളും ആഹ്ലാദത്തോടെ ജീവിക്കുന്ന എല്ലാ പുരുഷന്‍മാരും ആഹ്ലാദത്തോടെ ജീവിക്കുന്ന ഒരു ലോകത്തിനായി സ്വപ്നം കണ്ടുകൊണ്ട് !!

*ആശയത്തിന് കടപ്പാട്:  സ്‌ക്രൈബ്‌സ്‌ 2017ല്‍ ശ്രീചിത്രന്‍ എംജെ നടത്തിയ പ്രസംഗത്തിന്റെ റെക്കോര്‍ഡിങ്ങിന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍