UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പൊതു ഇടങ്ങളിലെ സ്ത്രീ സൌഹൃദ ടോയിലറ്റ്; പിണറായി വിജയന്‍റെ പ്രതികരണം

പൊതു ഇടങ്ങളില്‍ സ്ത്രീകള്‍ക്ക് ടോയിലെറ്റ് സൌകര്യം ഉറപ്പുവരുത്തണമെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ മാനിഫെസ്റ്റോയില്‍ ഈ ആവശ്യം ഉള്‍പ്പെടുത്തണം എന്നും ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്നുവന്ന ചര്‍ച്ചയോട് പ്രതികരിച്ചുകൊണ്ട് സി പി ഐ എം പോളിറ്റ് ബ്യൂറോ മെംബര്‍ പിണറായി വിജയന്‍ തന്‍റെ ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ച കുറിപ്പ്.   

സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകളുടെ/പൊതുജനങ്ങളുടെ ടോയിലറ്റ് പ്രശ്നം സജീവമായി ചർച്ച ചെയ്യുന്നത് സഖാക്കൾ ശ്രദ്ധയിൽ പെടുത്തി. നിരവധി അഭിപ്രായ പ്രകടനങ്ങളും നിർദേശങ്ങളും കണ്ടു.

നിലവിൽ നമ്മുടെ നാട്ടിൽ പൊതു ടോയിലറ്റുകളുടെ അവസ്ഥയും എണ്ണവും ദയനീയമാണ്. വളരെ ഗൌരവമായി പരിഗണിക്കപ്പെടേണ്ട വിഷയമാണിത്.

പൊതുസ്ഥലത്തെ ടോയിലറ്റ് വിഷയം മാത്രമല്ല, കേരളത്തിലെ മിക്ക കോളേജുകളിലും സ്കൂളുകളിലും ഇതൊരു പ്രധാന പ്രശ്നമാണ്. മുതിർന്ന കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളും സ്ത്രീസൗഹൃദമാകണം. ശുചിയായ ടോയിലറ്റുകൾ, നാപ്കിൻ വെൻഡിംഗ് മെഷീനുകൾ, വിശ്രമ കേന്ദ്രങ്ങൾ, സ്വയം പ്രതിരോധത്തിനുള്ള പരിശീലനങ്ങൾ, ആരോഗ്യ പരിപാലന സൗകര്യങ്ങൾ എന്നിവ വിദ്യാലയങ്ങളിൽ ഉറപ്പാക്കണം.

ചെറുപ്രായത്തിലേ ആൺകുട്ടികളും പെൺകുട്ടികളും വിവേചന രഹിതമായും സൗഹൃദപരമായും ജീവിക്കാനുള്ള പരിശീലനം ലഭ്യമാകണം. ഇതിനു രക്ഷിതാക്കൾ, അധ്യാപകർ , മറ്റ് മുതിർന്നവർ എന്നിവരുടെ മനോഭാവത്തിൽ മാറ്റമുണ്ടാകേണ്ടതുണ്ട്. വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുമ്പോൾ തന്നെ ഇത്തരം വിഷയങ്ങളിൽ ശ്രദ്ധാപൂർവ്വമായ ഇടപെടൽ ഉണ്ടാകണം.

സ്ത്രീകൾക്ക് നിർഭയമായി ഏതു നേരത്തും യാത്ര ചെയ്യാനും സ്വതന്ത്രമായി പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ഭീതിരഹിതമായി സംവദിക്കാനും കഴിയുന്ന സാഹചര്യം ഇന്ന് നമ്മുടെ നാട്ടിലില്ല. അത്തരം സാഹചര്യമാണ് സാധ്യമാകേണ്ടത്.

ബൂർഷ്വാ കച്ചവട താൽപര്യങ്ങളുടെ ഫലമായി പൊതു ഇടങ്ങളെല്ലാം സ്വകാര്യവൽക്കരിക്കാനും അരാഷ്ട്രീയവൽക്കരിക്കാനും നടക്കുന്ന നീക്കങ്ങൾ ഗുരുതരമായി ബാധിക്കുക സ്ത്രീകളെയാണ്. ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചും സ്ത്രീ സുരക്ഷ ഉറപ്പുവരുത്തിയുമുള്ള സമീപനത്തിലൂടെ മാത്രമേ സന്തുലിത വികസനവും പുരോഗതിയും സാദ്ധ്യമാവുകയുള്ളൂ.

ജെന്‍ഡർ ഓഡിറ്റിങ്ങും ജെന്‍ഡർ ബജറ്റിങ്ങും പുനഃസ്ഥാപിക്കപ്പെടണം. പൊതു സ്ഥലങ്ങളും വിദ്യാലയങ്ങളും സർക്കാർ ഓഫീസുകളും സ്ത്രീ സൗഹൃദം ഉറപ്പാക്കുന്നകേന്ദ്രങ്ങളാകണം. ഞങ്ങൾ മുന്നോട്ടു വെക്കുന്ന നവകേരള വികസന പരിപ്രേക്ഷ്യം സ്ത്രീ സ്വത്വത്തെ അംഗീകരിക്കുന്നതും ലിംഗനീതി ഉറപ്പാക്കുന്നതും കൂടുതൽ സ്ത്രീ സൗഹൃദപരവും സന്തുലിതവുമാണ്. ഈ വിഷയം നാലാമത് അന്താരാഷ്‌ട്ര പഠന കോൺഗ്രസ്സിനോടനുബന്ധിച്ചും നവ കേരള മാർച്ചിന്റെ പര്യടനത്തിനിടെയും സജീവമായി ചർച്ച ചെയ്തതാണ്.

സാമൂഹിക മാധ്യമങ്ങളിൽ ഇത്തരം ക്രിയാത്മക ചർച്ച ഉയര്ന്നു വരുന്നത് അഭിനന്ദനീയമാണ്. ഈ അഭിപ്രായങ്ങളും നിർദേശങ്ങളും തീര്ച്ചയായും സമൂഹത്തിന്റെ മുന്നോട്ടു പോക്കിന് ഉപകാരപ്രദമാകും വിധം സ്വീകരിക്കപ്പെടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍