UPDATES

മായ ലീല

കാഴ്ചപ്പാട്

മായ ലീല

കാഴ്ചപ്പാട്

സ്ത്രീവിരുദ്ധതയുടെ സൈബര്‍ ഇടങ്ങളും മലയാളിയുടെ സദാചാര അശ്ലീലവും

വഴിയേ പോകുന്ന ഏതോ ഒരുത്തന്റെ തീരുമാനവും വിശ്വാസവും പ്രകാരമല്ല സ്ത്രീ ജീവിക്കേണ്ടത്

മായ ലീല

സോഷ്യല്‍ മീഡിയയില്‍ ഇന്നത്തെ സാഹചര്യത്തില്‍ സ്ത്രീകള്‍ക്കെതിരെ അക്രമങ്ങള്‍ കൂടുന്നു എന്ന് തന്നെ പറയാം. സൈബര്‍ ലോകത്തിനു പുറത്ത് തീര്‍ത്തും ഒരപരിചിതന്‍ വന്ന് ഒരു പെണ്ണ് ഇസ്ലാം ആണെന്ന് തിരിച്ചറിയുകയും അവളോട് അള്ളാഹുവിനെ പേടിയുണ്ടെങ്കില്‍ തലയും മുഖവും മറച്ചു നടക്കാന്‍ ഉപദേശിക്കുകയും ചെയ്യാനുള്ള സാധ്യത വളരെ കുറവാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ അതല്ല അവസ്ഥ. പെണ്‍കുട്ടികളുടെ പേരും മറ്റും കണ്ട് അവളുടെ മതം ഊഹിച്ച് അവളുടെ ഫോട്ടോകള്‍ ഓരോന്നായി പരിശോധിച്ച് അവളുടെ ഇന്‍ബോക്‌സില്‍ പോയി ദൈവത്തിനു വേണ്ടി വക്കാലത്ത് പറയാന്‍ നടക്കുന്ന ഞരമ്പ് രോഗികളുടെ എണ്ണം വളരെയധികം വര്‍ദ്ധിച്ചിട്ടുണ്ട്.

ഉപദേശങ്ങളുടെ കടന്നു കയറ്റം മാത്രമല്ല, ഭീഷണിയുടെ, കാമാഭ്യര്‍ഥനയുടെ എല്ലാം കുത്തൊഴുക്ക് ആണ് സ്ത്രീകളുടെ മെസേജ് ബോക്‌സുകളിലേക്ക്. ഇതിനൊരു കൃത്യമായ രൂപമുണ്ട്. വെറുതേ ഭര്‍ത്താവിന്റെയും കുട്ടികളുടേയും ഫോട്ടോയും ഇട്ട് വല്ല പൂവോ പടമോ ഒക്കെ ഷെയര്‍ ചെയ്ത് മാത്രം ഒതുങ്ങിക്കൂടുന്ന പെണ്ണുങ്ങളെ ആണുങ്ങള്‍ ഇതില്‍ നിന്ന് ഒഴിവാക്കുന്നു. സ്വന്തമായി ആശയങ്ങള്‍ പ്രകടിപ്പിക്കുന്ന, രാഷ്ട്രീയം പറയുന്ന, യുക്തിയുക്തം സംസാരിക്കുന്ന പെണ്ണുങ്ങളെയാണ് ആണുങ്ങള്‍ ലക്ഷ്യം വയ്ക്കുന്നത്. വ്യക്തിപരമായ അനുഭവവും കേട്ടറിവും വായിച്ചറിവും വച്ച് ഒരു നിരീക്ഷണം നടത്തിയാല്‍ ഒട്ടുമുക്കാലും മലയാളി ആണുങ്ങളും പെണ്ണുങ്ങളും പുരുഷാധിപത്യത്തിന്റെ വക്താക്കളാണ്, പെണ്ണിന് സമൂഹത്തെ ഭയന്നുള്ള അനുസരണയും ആണിന് അധികാരം നിലനിര്‍ത്താന്‍ ഉള്ള ധാര്‍ഷ്ട്യവും. കക്ഷി രാഷ്ട്രീയ, മത, ജാതി, വര്‍ഗ്ഗ ഭേദമന്യേ പുരുഷാധിപത്യത്തിനെ വക്താക്കള്‍ ഒരുമയോടെ നില്‍ക്കുന്ന കൌതുകകരമായ കാഴ്ച്ചയാണ് സോഷ്യല്‍ മീഡിയ വെളിവാക്കുന്നത്. പുരോഗമന ആശയങ്ങളുടെ വക്താക്കളും സ്വയം ലിംഗ സമത്വത്തിന് വേണ്ടി നിലകൊള്ളുന്നു എന്ന് വാദിക്കുന്നവരിലും ഏറിയും കുറഞ്ഞും പലപ്പോഴായി സ്ത്രീവിരുദ്ധത പ്രകടമാകുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ പറഞ്ഞാല്‍ ഏറ്റവും ആനുകാലികമായി ഏഷ്യാനെറ്റിലെ ഒരു പത്രപ്രവര്‍ത്തകയ്ക്ക് നേരെ കണ്ടൊരു അഭിപ്രായമാണ്. അവരുടെ രാഷ്ട്രീയം അവര്‍ പ്രകടിപ്പിച്ചപ്പോള്‍ ‘മുഴച്ചു നില്‍ക്കുന്ന ശരീരഭാഗം ഷോള്‍ കൊണ്ട് മറച്ചിട്ടുണ്ട്’ എന്നൊരു മുഖവാചകവും ആയാണ് എതിര്‍ കക്ഷിക്കാര്‍ വിമര്‍ശനത്തിന് വന്നത്. ഒരു തെറ്റിനെ മറ്റൊരു തെറ്റ് കൊണ്ട് ന്യായീകരിക്കാം എന്ന വാദത്തിലൂടെ ഇതിനെ കണ്ടാല്‍ പോലും, ആ സ്ത്രീയുടെ വിമര്‍ശനങ്ങളില്‍ ഒരിടത്ത് പോലും വിമര്‍ശനത്തിന് വിധേയനായ പുരുഷന്റെ ശരീരഭാഗങ്ങളെ പറ്റി കുറ്റം പറച്ചിലോ നിരീക്ഷണങ്ങളോ നടത്തിയിരുന്നില്ല. പിന്നെയും എന്തുകൊണ്ടാണ് ആ സ്ത്രീയുടെ ശരീരം അവിടെ വിഷയമായത്?

ചുംബന സമരത്തില്‍ പങ്കെടുത്ത സ്ത്രീകളെ എല്ലാം വിമര്‍ശിച്ചത് അവരുടെ ലൈംഗീകതയെ ആധാരമാക്കിയായിരുന്നു. രാഷ്ട്രീയപരമായി അഭിപ്രായങ്ങള്‍ പറയുന്ന, വ്യക്തിപരമായി അഭിപ്രായങ്ങള്‍ പറയുന്ന ചിന്ത ജെറോം, സിന്ധു ജോയ്, രഞ്ജിനി ഹരിദാസ്, കെ കെ രമ, റീന ഫിലിപ്പ് തുടങ്ങി സംസ്ഥാന തലത്തിലും അരുന്ധതി റോയ്, കവിതാ കൃഷ്ണന്‍, സാനിയ മിര്‍സ, സ്മൃതി ഇറാനി തുടങ്ങി ദേശീയ തലത്തിലും ഒട്ടനവധി സ്ത്രീകള്‍ ഇത്തരം ശരീരവര്‍ണ്ണനയും ലൈംഗികതയും ഒക്കെ നിറച്ച വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നവരാണ്. അരുന്ധതി നാലുകെട്ടില്‍ എന്ന സ്ത്രീ തനിക്ക് നേരെ വന്ന കാമാഭ്യര്‍ഥനകളും ഭീഷണികളും അസഭ്യം പറച്ചിലും സ്‌ക്രീന്‍ ഷോട്ട് സഹിതം വെളിപ്പെടുത്തിയതിലും സ്ത്രീ തന്റെ ജീവിതം സ്വാതന്ത്ര്യത്തോടെ ജീവിക്കുന്നതില്‍ പുരുഷന്‍ എന്ന വര്‍ഗ്ഗത്തിന്റെ അസഹിഷ്ണുത കാണാന്‍ സാധിക്കും. ആര്‍ത്തവസമരത്തിന്റെ ഭാഗമായി ആര്‍ത്തവ രക്തത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്ത സ്ത്രീകള്‍ക്കും വര്‍ദ്ധിച്ച കാമാസക്തിയാണ് രോഗം എന്നായിരുന്നു ഇത്തരക്കാരുടെ വിലയിരുത്തല്‍.

പുരുഷാധിപത്യം സ്ത്രീയെ ഒരു ഉപകരണമായാണ് കാണുന്നത്. മൂന്ന് ഉപയോഗങ്ങള്‍ക്കുള്ള ഉപകരണം; സെക്‌സിനും, വീട്ടുജോലികള്‍ ചെയ്യാനും കുട്ടികളെ ഉത്പാദിപ്പിക്കാനും. ഇതൊരു പഴകിയ ധാരണയാണ് എന്ന് തോന്നിക്കുമെങ്കിലും ഇന്നും വ്യക്തമായി ഭൂരിഭാഗവും ഇങ്ങനെ തന്നെയാണ് കരുതുന്നതും സ്ത്രീയോട് പെരുമാറുന്നതും. ഒട്ടുമിക്ക എല്ലാത്തരം സ്ത്രീവിരുദ്ധതയും ഈ മൂന്ന് ആശയങ്ങളില്‍ വിശദീകരിക്കാന്‍ കഴിയും. ഹിന്ദു സ്ത്രീകള്‍ നാലും എട്ടും പെറണം എന്ന് രാഷ്ട്രീയ ആഹ്വാനം നടത്തുന്നത്, ആരുടെ കൂടെ ശയിച്ചും പെറാന്‍ പറ്റണം സ്ത്രീയ്ക്ക് എന്ന നിയോഗ ധര്‍മ്മം പോലെയുള്ള ആചാരങ്ങള്‍ വന്നതും, പള്ളിയും പട്ടക്കാരും കൂടുതല്‍ പെറുന്നവര്‍ക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുന്നതും, ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ ഉള്‍ക്കൊള്ളുന്നതും, ഗര്‍ഭനിരോധന ആശയങ്ങളെ എതിര്‍ക്കുന്നതും, സ്ത്രീ പ്രത്യുത്പാദനത്തിനുള്ള ഉപകരണമാണ് എന്ന ധാരണയുടെ മേലാണ്. വിപണിയിലും കലയിലും സാഹിത്യത്തിലും പോണ്‍ ഇന്‍ഡസ്ട്രിയിലും നഗ്‌നമായ സ്ത്രീ ശരീരത്തിന് ഇത്രയും മാര്‍ക്കറ്റ് ഉണ്ടാകുന്നതും, വഴിയേ പോകുന്ന പെണ്ണിനോട് അശ്ലീലം പറയുന്നതും, ഒളിഞ്ഞു നോക്കുന്നതും, അവള്‍ അറിയാതെ അവളുടെ ശരീരം ആസ്വദിക്കുന്നതും, പൊതു ഇടങ്ങളില്‍ അവളെ തോണ്ടുകയും കയറിപ്പിടിക്കുകയും ബലാത്സംഗം ചെയ്യുന്നതും എല്ലാം അവള്‍ പ്രൈവറ്റായും പബ്ലിക്ക് ആയും സെക്‌സിനുള്ള ഉപകരണമാണ് എന്ന ധാരണയുടെ പുറത്താണ്. എത്ര പുരോഗമനം പറഞ്ഞാലും സ്ത്രൈണതയുടെ സ്ഥിരരൂപമായ വീട്ടുജോലികള്‍ എത്ര പുരുഷന്മാര്‍ ഒരു ദൈനംദിന സാഹചര്യത്തില്‍ ഏറ്റെടുക്കുന്നുണ്ടാവും? വല്ലപ്പോഴും സഹായിക്കും, അല്ലെങ്കില്‍ ഇടയ്‌ക്കൊക്കെ സഹായിക്കും, അല്ലെങ്കില്‍ പകുതി സഹായിക്കും എന്നതില്‍ നിന്നും പാചകവും മറ്റു വീട്ടുജോലികളും കൃത്യമായി പുറത്തെ ജോലി കഴിഞ്ഞു വന്നു അര്‍പ്പണ മനോഭാവത്തോടെ ചെയ്യുന്ന എത്രെ പുരോഗമനവാദികള്‍ ഉണ്ടാവും? ഇല്ലതന്നെ. അങ്ങനെ ഇത്തരത്തില്‍ ഉള്ള ഒരു വസ്തുവത്കരിക്കല്‍ നിര്‍ബാധം കൊണ്ടാടപ്പെടുകയാണ് സൈബര്‍ ലോകത്തും.

വിവാഹം എന്ന കൃത്രിമ, പ്രകൃതിവിരുദ്ധ സ്ഥാപനത്തില്‍ പുരുഷന് സ്വന്തമാക്കി വെയ്ക്കാനുള്ള ഉത്പന്നമാണ് സ്ത്രീ എന്ന് പുരുഷാധിപത്യം തീരുമാനിച്ചിട്ടുണ്ട്. ജനിക്കുമ്പോള്‍ മുതല്‍ അവളുടെ ജീവിതം മുന്നോട്ടു പോകേണ്ടത് ഒരുത്തന്റെ ഭാര്യയായി കഴിയാനുള്ളതാണ് എന്ന ഓര്‍മ്മപ്പെടുത്തലിന് മുകളിലാണ്. ജീവിതത്തില്‍ ഒരിക്കല്‍ എങ്കിലും ഈ വാചകം നേരിടേണ്ടി വരാത്ത സ്ത്രീകള്‍ വളരെ വളരെ കുറവായിരിക്കും. എന്നാല്‍ നീയൊരുത്തിയുടെ ഭര്‍ത്താവ് ആകേണ്ടവന്‍ ആണ് ആ രീതിയില്‍ കഴിയൂ എന്ന ശാസന നേരിടേണ്ടി വന്ന എത്ര പുരുഷന്മാര്‍ ഉണ്ടായിരിക്കും?

സ്വന്തം ഭാര്യയുടെ സ്വാതന്ത്ര്യത്തില്‍ ഇടപെടുന്നില്ല, അങ്ങനെ ലിംഗ സമത്വത്തിന്റെ വക്താവാണ് എന്ന് സ്വയം ധരിക്കുന്ന ഒരാള്‍ തന്റെ ഉപജീവന മാര്‍ഗ്ഗമായ ഒരു സംരംഭം പ്രചരിപ്പിക്കാന്‍ പരസ്യം കൊടുക്കുന്നത് പോലും ഒരു സ്ത്രീ ശരീരം ചരക്കാക്കി കൊണ്ടായിരിക്കും. അത് സ്ത്രീ വിരുദ്ധമാണെന്നോ അങ്ങനെ ചെയ്യുന്നത് വഴി സ്വയം പുരുഷാധിപത്യ വ്യവസ്ഥിയിലെക്ക് താഴ്ന്നു പോവുകയാണ് എന്നോ അവര്‍ അറിയുന്നില്ല. കലയിലും സാഹിത്യത്തിലും ഉള്ള സ്ത്രീ വിരുദ്ധത തിരിച്ചറിയാന്‍ കഴിയാതെ വീട്ടുകാരിയെ സ്വാതന്ത്ര്യത്തില്‍ വിട്ടുകൊണ്ട് പുരുഷാധിപത്യ ആചാരങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന പുരുഷന്മാരും ഉണ്ട്. ഒരു സ്ത്രീയോട് പ്രേമാഭ്യര്‍ത്ഥന നടത്തുകയും അവള്‍ ‘പറ്റില്ല’ എന്ന് പറഞ്ഞു കഴിഞ്ഞാല്‍ പിന്നെയും പിന്നാലെ നടന്നു ശല്യപ്പെടുത്തി അല്ലെങ്കില്‍ അവളെ പറ്റി അപവാദം പറഞ്ഞു പരത്തുകയും ചെയ്യുന്ന ഒരുപാട് പുരോഗമന ചിന്തകര്‍ അധപ്പതിക്കുന്ന കാഴ്ചയും ദുര്‍ലഭമല്ല.

എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമ്പോള്‍ ആണ് സ്ത്രീവിരുദ്ധത മിക്കവാറും മറ നീക്കി പുറത്തേയ്ക്ക് വരുന്നത്. നീലക്കുറുക്കന്മാര്‍ കൂട്ടം കൂടി നിന്ന് കൂവുന്നത് ആ സാഹചര്യങ്ങളില്‍ കാണാന്‍ കഴിയും. ഒരു പുരുഷന്റെ അധീശത്വത്തില്‍ കഴിയേണ്ട സ്ത്രീ, ഒരു പുരുഷനെ മാത്രം അനുസരിക്കുകയോ പുരുഷാധിപത്യത്തെ പൊതുവായി അനുസരിക്കാതിരിക്കുകയോ ചെയ്തുകൊണ്ട്, സ്വന്തമായി താത്പര്യങ്ങള്‍ പ്രകടിപ്പിക്കുകയും അവളുടെ അഭിപ്രായങ്ങളും രാഷ്ട്രീയവും പ്രകടിപ്പിക്കുകയും ചെയ്താല്‍ അവിടെ തീരും കേരള സമൂഹത്തിന്റെ പുരോഗമനം. പിന്നീട് അവളുടെ ശരീരഭാഗങ്ങളെ അധിക്ഷേപിക്കുക, അവള്‍ക്ക് അമിത ലൈംഗികാസക്തി ആണെന്ന് പറഞ്ഞു പരത്തുക മുതലായ വിനോദങ്ങള്‍ ആണ് ചെയ്യാനുള്ളത്. സ്ത്രീ വിരുദ്ധത എഴുതുകയും പ്രകടിപ്പിക്കുകയും ചെയ്യുന്നതിനെ എതിര്‍ത്താല്‍ വ്യക്തിപരമായി അധിക്ഷേപം നേരിടാന്‍ തയ്യാറാവുക എന്ന ഭീഷണി നേരിട്ട് മെസേജ് ആയി ലഭിച്ചിട്ടുണ്ട്. പബ്ലിക്കിന്റെ മുന്നില്‍ നല്ല അഭിപ്രായം എന്ന് പറഞ്ഞു പിന്തുണക്കുകയും മെസേജ് ബോക്‌സില്‍ ഇരുട്ടിന്റെ മറവില്‍ ‘എന്ത് ചെയ്യുന്നു ഇപ്പോള്‍’ ‘എവിടെയാണ് ഇപ്പോള്‍’ തുടങ്ങി മുട്ടി വിളിക്കലും നേരിട്ട് ലിംഗത്തിന്റെ പടം, കാമകേളികളുടെ പടങ്ങള്‍ തുടങ്ങിയവ അയച്ചു തരുകയും ചെയ്യുന്നത് വരെ അനുഭവിച്ചിട്ടുണ്ട്.

ഇതിനെയെല്ലാം നേരിടാന്‍ ഉള്ള സൈബര്‍ ലോകത്തിലെ സ്ത്രീകളുടെ ധൈര്യം ഈ എതിര്‍പ്പുകളുടെ സമാനമായി അല്ലെങ്കിലും താരതമ്യേന കൂടുകയും ചെയ്യുന്നുണ്ട് എന്നത് അങ്ങേയറ്റം പ്രതീക്ഷ തരുന്നതാണ്. ഏതെങ്കിലും ഒരു പുരുഷന്റെ ഭീഷണിയെ വകവെയ്ക്കാന്‍ സ്ത്രീകള്‍ തയ്യാറാകുന്നില്ല, അവര്‍ ഇവരെ പബ്ലിക്കിന്റെ മുന്നില്‍ കൊണ്ടുവന്ന് മുഖംമൂടി വലിച്ചെറിഞ്ഞ് കാണിക്കുന്നുണ്ട്. അത് തന്നെയാണ് വേണ്ടതും. ഏത് തരം അധിക്ഷേപവും സ്ത്രീ മാനം ഭയന്ന് സഹിച്ചുകൊള്ളും എന്ന ധാരണ മാറണം. രാഷ്ട്രീയം പറയുന്ന സ്ത്രീയെ എതിര്‍വാദങ്ങള്‍ കൊണ്ട് തോല്‍പ്പിക്കാന്‍ തക്ക പ്രാപ്തിയില്ലാത്ത പുരുഷന്മാരാണ് അവരെ വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നത്. യുക്തിവാദം പറയുന്ന സ്ത്രീകളോട് തിരിച്ചു ചര്‍ച്ച ചെയ്യാന്‍ യുക്തിയുക്തം ഒരു ആശയവും കൈയ്യിലില്ലാത്ത പുരുഷന്മാരാണ് ദൈവം എന്ന ഉമ്മാക്കിയും കല്യാണം മുടങ്ങും എന്ന ഭീഷണിയും കൊണ്ട് നേരിടുന്നത്. ഇവരെ സ്ത്രീകള്‍ തിരിച്ചറിയണം. ഇവര്‍ അര്‍ഹിക്കുന്ന രീതിയില്‍ അവരെ നേരിടുകയും ചെയ്യണം.

വഴിയേ പോകുന്ന ഏതോ ഒരുത്തന്റെ തീരുമാനവും വിശ്വാസവും പ്രകാരമല്ല സ്ത്രീ ജീവിക്കേണ്ടത്. അതേ തലത്തില്‍ തന്നെ സ്വന്തം യുക്തിയ്ക്ക് നിരക്കാത്ത അടിമത്ത ആശയങ്ങള്‍ അച്ഛനമ്മമാരോ വേണ്ടപ്പെട്ടവരോ പറഞ്ഞാല്‍ അതിനേയും അനുസരിക്കാന്‍ സ്ത്രീയ്ക്ക് യാതൊരു ബാധ്യതയും ഇല്ല. സ്വന്തം ജീവിതം ഇപ്രകാരം സ്വന്തം ചൊല്‍പ്പടിയില്‍ വരുത്തുന്നത് പോലെ തന്നെ പുരുഷാധിപത്യത്തെ ഇല്ലാതാക്കേണ്ടതും സ്ത്രീകളുടെ ഒരു പ്രാഥമിക ചിന്തയും ആയിരിക്കേണ്ടതുണ്ട്. ജീവിതത്തിന്റെ എല്ലാ തുറകളിലും സമൂഹത്തിന്റെ എല്ലാ മേഖലകളിലും സ്ത്രീ വിരുദ്ധത ഒളിഞ്ഞും തെളിഞ്ഞും വിളയാടുന്നുണ്ട്. ലിംഗ സമത്വം സ്ഥാപിതമാകണമെങ്കില്‍ സ്വന്തം അബോധ, ബോധ തലങ്ങള്‍ മുതല്‍ സമൂഹത്തിന്റെ പ്രവര്‍ത്തന രീതികളിലും പെരുമാറ്റങ്ങളിലും വരെ അത് മനപ്പൂര്‍വ്വമായി കൊണ്ട് വരുത്തണം. നൂറ്റാണ്ടുകളുടെ ശീലമാണ് പുരുഷാധിപത്യം, ആഴത്തില്‍ വേരോടുന്ന ഒന്ന്. അതിനെ നേരിടാന്‍ സദാ ജാഗരൂകരായി സ്ത്രീകള്‍ സജ്ജമാകണം, കൃത്യമായ ആയുധങ്ങളോടെ. എന്റെ അധികാരി ഞാന്‍ മാത്രമാണ് എന്ന മനോബലം, അല്ലായെന്ന് പറയുന്നവരെ എതിര്‍ത്താല്‍ ഒന്നും സംഭവിക്കാനില്ല എന്ന ധൈര്യം, സംഭവിച്ചാലും നേരിടും എന്ന ആത്മവിശ്വാസം ഇതെല്ലാം സ്ത്രീകള്‍ക്ക് വര്‍ദ്ധിച്ചു വരേണ്ട സ്വഭാവങ്ങള്‍ ആണ്.

കലയിലും സാഹിത്യത്തിലും വിപണിയിലും വില്‍പ്പനച്ചരക്ക് ആക്കേണ്ടുന്നതല്ല പെണ്ണുടല്‍, മറ്റൊരാളുടെ കാഴ്ച്ചപ്പാടിന്റെ വൈകല്യങ്ങള്‍ തീര്‍ക്കാനുള്ളതല്ല പെണ്ണുടലും പെണ്ണിന്റെ ജീവിതവും, സംസ്‌കാരവും വിപ്ലവവും പാരമ്പര്യവും ജാതിയും മതവും ധര്‍മ്മവും നിലനിര്‍ത്താന്‍ ഉള്ള വസ്തുവല്ല പെണ്ണിന്റെ ഉടലും ജീവിതവും. സോഷ്യല്‍ മീഡിയയില്‍ അറിഞ്ഞുകൊണ്ടും സ്ത്രീവിരുദ്ധത പ്രകടിപ്പിക്കുന്നവരെ ഒന്നായി നിന്ന് സ്ത്രീകള്‍ നേരിടണം. സൌഹൃദത്തിന്റെ ബാധ്യതയോ, സംഘടനയുടെ തിട്ടൂരങ്ങളോ, ആശയ ഐക്യത്തിന്റെ ബാധ്യതയോ ഒന്നും സ്ത്രീവിരുദ്ധതയെ സഹിക്കാനുള്ള മാനദണ്ഡങ്ങളല്ല. നിങ്ങള്‍ നിങ്ങളുടെ യുക്തിയോടും ആശയങ്ങളോടും ന്യായം പുലര്‍ത്തുക. പറയുന്നത് ആര് തന്നെയായാലും അതിലെ യുക്തി, ന്യായം എന്നിവ സ്വയം ഇഴ കീറി പരിശോധിക്കുക, യുക്തിയില്ലാത്ത ഒന്നിനേയും പിന്തുണയ്‌ക്കേണ്ട കാര്യമില്ല. ഫെമിനിസം ഉണ്ടായ കാലം മുതല്‍ക്ക് വിറളി പിടിച്ച പുരുഷാധിപത്യം അതിനെ അതിവൈകാരികത, സ്വത്വവാദം, സ്ത്രീയുടെ അധികാര മോഹം എന്നൊക്കെ വിളിച്ച് നിരാശപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്, ഏറ്റവും പുതിയതായി കേവലസ്ത്രീവാദം എന്ന വിളി വരെ. അതിനെയൊക്കെ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയാനും സ്വന്തം ജീവിതത്തില്‍ ഉള്‍പ്പടെ ബാധിക്കുന്ന സ്ത്രീ വിരുദ്ധതയെ ശക്തമായി എതിര്‍ക്കുകയും ചെയ്യണം. വംശീയതയോ വര്‍ഗ്ഗീയതയൊ വിപണിയിലും കലയിലും സിനിമയിലും ഒക്കെ കണ്ടാല്‍ അതിനെയെല്ലാം നഖശിഖാന്തം എതിര്‍ത്തു തുള്ളുന്നവര്‍ പോലും സ്ത്രീ വിരുദ്ധതയുടെ കാര്യം വരുമ്പോള്‍ പൂച്ചയെ പോലെ പതുങ്ങുന്നത് അവര്‍ക്കും പുരുഷാധിപത്യത്തെ കൊണ്ട് നേട്ടങ്ങള്‍ ഉണ്ട് എന്നതുകൊണ്ടാണ്.

ലിംഗസമത്വത്തിന്റെ രാഷ്ട്രീയമാണ് മുന്നോട്ടുള്ള ഭാവി. ഇന്നേ അതിനുള്ള അറിവുകള്‍ നേടി അതിന്റെ വക്താക്കള്‍ ആവുക. സ്വാതന്ത്ര്യം എന്നത് രുചികരമായ ഒരു വിഭവമാണ്, ഉത്തരവാദിത്തങ്ങളോടെ അത് ആസ്വദിക്കുക.

മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍