UPDATES

സിനിമ

നിഴല്‍യുദ്ധങ്ങള്‍ തുടങ്ങിക്കഴിഞ്ഞു; വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ കാത്തിരിക്കുന്നതെന്താണ്?

സെലിബ്രിറ്റി ഇമേജിനപ്പുറം ഒരു സ്ത്രീയെന്ന ഇമേജ് നടിമാര്‍ക്കു നല്‍കുന്നതിലെ വൈമുഖ്യം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ വ്യക്തമാണ്.

വിമണ്‍ ഇന്‍ സിനിമ കളക്ടീവ്; മലയാള സിനിമയിലെ വനിത കൂട്ടായ്മ അതിന്റെ രൂപീകരണം കൊണ്ട് നേടിയ ശ്രദ്ധയും വാര്‍ത്ത പ്രാധാന്യവും വളരെ വലുതായിരുന്നു. ഇന്ത്യയില്‍ ആദ്യമായി ഉണ്ടാകുന്ന വനിത ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘടനയ്ക്ക് അഭിവാദ്യങ്ങളും പിന്തുണയും അര്‍പ്പിച്ച് രംഗത്തെത്തിയവര്‍ സിനിമയ്ക്കുള്ളില്‍ ഉള്ളതിനെക്കാള്‍ പൊതുസമൂഹത്തില്‍ നിന്നായിരുന്നു. സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമങ്ങളും വിവേചനങ്ങളും വര്‍ദ്ധിച്ച രീതിയില്‍ നടന്നുകൊണ്ടിരിക്കുന്ന സിനിമ മേഖലയെക്കുറിച്ച് സമൂഹത്തിന് തന്നെ പലഘട്ടങ്ങളായി അറിവും തെളിവും കിട്ടിയതുകൊണ്ട് ഈ സ്ത്രീസംഘടനയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കേണ്ടതിന്റെ ആവശ്യകത സമൂഹത്തിന് സ്വമേധായ മനസിലാകുന്നതായിരുന്നു.

ഇത്തരമൊരു സംഘടന രൂപീകരിക്കുന്നൂ എന്നറിഞ്ഞപ്പോള്‍ ആദ്യം തോന്നിയ സംശയം ഇതിനോട് സിനിമയ്ക്കുള്ളിലുള്ള മറ്റുള്ളവര്‍; അതായത് ആണുങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്നതായിരുന്നു. അമ്മ ഉള്‍പ്പെടെ പുരുഷന്മാര്‍ നിയന്ത്രിക്കുന്നതും സ്ത്രീകള്‍ അംഗങ്ങളായതുമായ പല സംഘടനകള്‍ വിവിധ മേഖലകളെ പ്രതിനിധീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നിട്ടും സ്ത്രീകള്‍ അവരുടേതുമാത്രമായ ഒരു സംഘടന രൂപീകരിക്കുന്നുവെങ്കില്‍ അവരുടെ പ്രശ്‌നം ഗുരുതരമാണ്.

സ്ത്രീ കൂട്ടായ്മക്കെതിരേ പരാതി സ്ത്രീകളില്‍ നിന്നു തന്നെ
എന്നാല്‍ സംഘടനയെ കുറിച്ച് ഔദ്യോഗിക അറിയിപ്പ് വരുന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ ഇതിനെതിരേ പരാതികളും വിമര്‍ശനങ്ങളും പരിഹാസങ്ങളും വരാന്‍ തുടങ്ങിയെന്നത് ആശങ്കകള്‍ ഉണ്ടാക്കുന്നു. പുരുഷമേധാവിത്വത്താല്‍ നിയന്ത്രിക്കപ്പെടുന്ന സിനിമയ്ക്കുള്ളില്‍ നിന്നു ഡബ്ല്യസിസിക്കെതിരേ ആക്ഷേപങ്ങള്‍ വരുമെന്നത് പ്രതീക്ഷിച്ചിരുന്നതാണ്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്തീകളില്‍ നിന്നുപോലും അത്തരം സമീപനങ്ങള്‍ വന്നിരിക്കുന്നു എന്നത് ആശ്ചര്യകരമാണ്.

ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മിയും സാമൂഹ്യപ്രവര്‍ത്തകയും നടിയുമായ പാര്‍വതിയുമാണ് ഡബ്ല്യുസിസിയ്‌ക്കെതിരെ പ്രതികരിച്ചവരില്‍ പ്രമുഖര്‍. മുഖ്യമന്ത്രിയെ കാണുന്ന കൂട്ടത്തില്‍ നിന്നും തങ്ങളെ ഒഴിവാക്കി എന്ന പരാതിയാണ് പാര്‍വതിക്കും ഭാഗ്യലക്ഷ്മിക്കും ഉള്ളത്. ‘രാഷ്ട്രീയ കാരണങ്ങള്‍’ ആണ് തങ്ങളെ മാറ്റിനിര്‍ത്തുന്നതിനു പിന്നില്‍ എന്ന ആരോപണമാണ് ഇരുവര്‍ക്കുമുള്ളത്. ഭാഗ്യലക്ഷ്മി പറയുന്നത് ഇപ്രകാരമാണ്; വിമന്‍ ഇന്‍ സിനിമാ കളക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് തുടക്കത്തില്‍ എന്നോടും ചര്‍ച്ച ചെയ്തിരുന്നു. ഞാനും സംഘടനാ രൂപീകരണത്തെക്കുറിച്ച് എന്റെ അഭിപ്രായം പങ്കുവയ്ക്കുകയും ചെയ്താണ്. എന്നാല്‍ പിന്നീടുള്ള ചര്‍ച്ചകളോ സംഘടനാ രൂപീകരണമോ ഞാന്‍ അറിഞ്ഞിട്ടില്ല.സംഘടനയെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രിയെ കാണാന്‍ ദൂരസ്ഥലങ്ങളില്‍ നിന്നാണ് പലരും തിരുവനന്തപുരത്ത് എത്തിയത്. എന്നിട്ടും തൊട്ടടുത്തുണ്ടായിരുന്ന എന്നോട് മുഖ്യമന്ത്രിയെ സന്ദര്‍ശിക്കുന്ന കാര്യവും സംഘടനാ രൂപീകരണവും പറഞ്ഞില്ലെന്നത് എന്തുകൊണ്ടാണെന്നാണ് ഞാന്‍ ആലോചിക്കുന്നത്. രാഷ്ട്രീയ കാരണത്താല്‍ ആവാം എന്നെ സംഘടനയില്‍ നിന്ന് മാറ്റിനിര്‍ത്തിയതെന്ന് എനിക്ക് തോന്നിയിട്ടില്ല. പക്ഷേ എന്നെയും പാര്‍വതിയെയും ഒഴിവാക്കിയതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമുണ്ടോ എന്ന് പലരും ചോദിക്കുമ്പോള്‍ അത്തരമൊരു സംശയം എനിക്കുമുണ്ട്. സംഘടന രൂപീകരിച്ച ശേഷവും മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച ശേഷവും വിമന്‍ ഇന്‍ സിനിമാ കളക്ടീവുമായി ബന്ധപ്പെട്ട ആരും എന്നെ വിളിക്കുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. എന്നെ ഒഴിവാക്കിയതിന് കാരണം ഇതു വരെ ആരും വ്യക്തമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ മാറ്റിനിര്‍ത്തിയത് എന്തുകൊണ്ടാണ് എന്ന് ബോധ്യപ്പെട്ട ശേഷമേ സംഘടനയുമായി സഹകരിക്കേണ്ടതുള്ളൂ എന്നാണ് എന്റെ തീരുമാനം (കടപ്പാട്; സൗത്ത് ലൈവ്).

പാര്‍വതിയുടെ അഭിപ്രായവും ഇതേ രീതിയിലാണ്: അഭിപ്രായം പറയുന്നവരൊന്നും വേണ്ടെന്ന് അവര്‍ തീരുമാനിച്ച് കാണും. എല്ലാത്തിലും കേറി അഭിപ്രായം പറയുന്നവരൊന്നുമല്ലാതെ കുടുംബത്തില്‍ പിറന്ന കുറച്ച് പേര്‍ മതിയെന്ന് അവര്‍ വിചാരിച്ചിരിക്കും. സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഒക്കെ അനഭിമതരായിട്ടുള്ളവരെ വേണ്ടെന്ന് വെക്കുന്നതായിരിക്കും സംഘടനയ്ക്ക് നല്ലതെന്ന് അവര്‍ കരുതി കാണും. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. ഞാന്‍ സിപിഎമ്മിന് അനഭിമതയാണെന്നാണ് ഞാനിപ്പോള്‍ മനസിലാക്കുന്നത്. മുഖ്യമന്ത്രിക്ക് ഞങ്ങളെ സഹകരിപ്പിക്കുന്നതില്‍ താത്പര്യമില്ലായിരിക്കാം. ഞങ്ങളെടുത്ത നിലപാടുകളോട് യോജിക്കാനാകാത്തതിനാല്‍ ആവാം ഇത്തരമൊരു സംഘടന രൂപീകരിച്ചത്. അവര്‍ക്ക് ഇഷ്ടമുള്ളവരെ അവര്‍ ചേര്‍ക്കട്ടെ (കടപ്പാട്: സൗത്ത് ലൈവ്).

പൂര്‍ണരൂപത്തില്‍ എത്താത്ത സംഘടന
വടക്കഞ്ചേരി പീഡനക്കേസില്‍ ഇരുവരുടെയും ഇടപെടലും എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോടുള്ള വിമര്‍ശനവും തങ്ങള്‍ക്കെതിരേ സിപിഎമ്മിന്റെയും മുഖ്യമന്ത്രിയുടെയും അപ്രതീ ഉണ്ടാകാന്‍ കാരണമായിട്ടുണ്ടാകുമെന്നാണ് ഇവരുടെ വാദം. ഇത്തരം പരാതികളോട് പേരെടുത്ത് പറഞ്ഞുള്ള മറുപടിയല്ലെങ്കിലും വിമണ്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കുന്ന വിശദീകരണം ഇതാണ്; വിമണ്‍ ഇന്‍ സിനിമാ കളക്റ്റീവ് എന്ന പേരില്‍ അറിയപ്പെടുന്നത് ഇപ്പോഴും ഒരു പൂര്‍ണ സംഘടനാ രൂപത്തിലേക്ക് എത്തിയിട്ടില്ല. സമാനമായ ആശയങ്ങളും ആശങ്കകളും പങ്കുവയ്ക്കുന്ന, പ്രശ്‌നങ്ങള്‍ക്ക് ജനാധിപത്യ രീതിയില്‍ പരിഹാരം തേടണമെന്ന് വിശ്വസിക്കുന്ന ഒരു കൂട്ടം സ്ത്രീകള്‍ പരസ്പരം സംസാരിക്കുകയും ഇത്തരമൊരു കൂട്ടായ്മ രൂപീകരിക്കണം എന്നാവശ്യത്തിലേക്ക് എത്തുകയുമായിരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് സ്ത്രീകളുമായി ആശയവിനിമയം നടന്നുകൊണ്ടിരിക്കുമ്പോള്‍ തന്നെ മുഖ്യമന്ത്രിയെ കാണാനും ഞങ്ങളുടെ ചില ആശങ്കകള്‍ അദ്ദേഹത്തെ അറിയിക്കാനും തീരുമാനിച്ചത് സ്ത്രീകള്‍ക്ക് നേരെയുളള അതിക്രമങ്ങളും വിവേചനങ്ങളും ഈ മേഖലയില്‍ ഇടതടവില്ലാതെ സംഭവിക്കുന്നുണ്ട് എന്ന തിരിച്ചറിവിലാണ്. 

‘അമ്മായി അമ്മ’ പരിഹാസങ്ങള്‍
സ്ത്രീകളുടെ അഭിമാനത്തെയും തൊഴില്‍ സ്വാതന്ത്ര്യത്തെയും ഹനിക്കുന്ന പ്രവണതകള്‍ക്കെതിരേ ഒരുമിച്ചു നിന്നു പോരാടാനുള്ള ഒരു പ്ലാറ്റ്‌ഫോം സൃഷ്ടിക്കുമ്പോള്‍ അതിനോട് ഏതെങ്കിലും തരത്തിലുള്ള പരാതികളോ എതിര്‍പ്പോ ഉണ്ടെങ്കില്‍ അത് പരസ്യമായി പ്രകടിപ്പിക്കുന്നതിലെ അപകടം സിനിമയിലുള്ളവര്‍ തന്നെ തിരിച്ചറിയണം. സംഘടന ഔദ്യോഗികമായി രൂപീകരിക്കുകയോ ആരൊക്കെ അംഗങ്ങളാകണമെന്നോ നേതൃത്വത്തില്‍ വരണമെന്നോ ഒന്നും തന്നെ തീരുമാനിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കാണാന്‍ ഒരു സംഘം പോയി എന്നതുമാത്രമാണ് നടന്നിരിക്കുന്നത്. ആ കൂട്ടത്തില്‍ വേണ്ട എന്ന് ആരെക്കുറിച്ചെങ്കിലും തീരുമാനം എടുത്തുമില്ല. സമൂഹത്തിന്റെയും ഭരണസംവിധാനത്തിന്റെയും പിന്തുണയും സഹായവുമാണ് ഇവര്‍ക്കു വേണ്ടത്. ആ പിന്തുണയും സഹായവും കിട്ടാന്‍ സ്വാധീനമുള്ളവര്‍ തന്നെയാണ് ഈ സംഘടനയില്‍ വേണ്ടതും. ഇതൊരു രാഷ്ട്രീയസംഘടനയല്ല, സ്ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള സ്ത്രീകളുടെതായ കൂട്ടായ്മ മാത്രമാണെന്ന ബോധ്യം എതിര്‍പ്പുകള്‍ ഉയര്‍ത്തുന്നവര്‍ക്ക് നല്ലതാണ്. മാനസികപ്രയാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിഹരിക്കാനും തമ്മില്‍ സംസാരിച്ച് ഒരുമിച്ചു പോകാനും എല്ലാവരും തയ്യാറാകണം. എങ്കില്‍ മാത്രമെ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് അതിന്റെ ലക്ഷ്യങ്ങള്‍ നേടൂ. ഇല്ലെങ്കില്‍ പരിഹാസങ്ങള്‍ മാത്രമായിരിക്കും മിച്ചം. അതിന്റെ ആദ്യ തെളിവായിരുന്നു തമ്പി ആന്റണിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തമ്പി എഴുതിയത് ഒരു ശരാശരി ആണ്‍ബോധത്തിന്റെ സ്ത്രീ കാഴ്ചപ്പാടായിരുന്നു;

അമ്മയില്‍ നിന്ന് പിരിഞ്ഞുപോയി ‘അമ്മായി അമ്മ’ ആകാതിരുന്നാല്‍ ഭാഗ്യം. ആരോ പറഞ്ഞു നല്ല പേര് കുഞ്ഞമ്മ അല്ലെങ്കില്‍ ചിന്നമ്മ. രണ്ടാണെങ്കിലും കൊള്ളാം. ഞങ്ങളുടെ വളര്‍ത്തു കോഴികള്‍ക്ക് മക്കളിട്ട പേരാ കുഞ്ഞമ്മയും ചിന്നമ്മയും. ദിവസവും രണ്ടു മുട്ട ഉറപ്പാ. ഇതിപ്പം ഒന്നിനും ഒരുറപ്പുമില്ല.

തമ്പിയുടെ കളിയാക്കല്‍ തമ്പിയുടെ മാത്രം തോന്നലല്ല. ആശംസകളും പിന്തുണയും ഒക്കെ അര്‍പ്പിച്ച ഒട്ടുമിക്ക പുരുഷന്മാര്‍ക്കും ഇതേ തോന്നലുകളാണ്. അവര്‍ അര്‍ഥഗര്‍ഭമായി പലതും മൂളുന്നുണ്ട്. ഇവരോടും കൂടിയുള്ള പ്രതികരണമായിരിക്കണം ഡബ്ല്യുസിസിയുടെ പ്രവര്‍ത്തനം. അതിനുവേണ്ടത് ഐക്യമാണ്.

നിഴല്‍യുദ്ധം ഉണ്ടാവും, നേരിടേണ്ടത് ഒരുമിച്ച് നിന്ന്
സിനിമയിലെ മറ്റു സംഘടനകളില്‍ നിന്നും സിനിമയില്‍ നിന്നു തന്നെ ഏതു തരത്തിലുള്ള പ്രതികരണങ്ങളായിരിക്കും ഡബ്ല്യുസിസിയോട് ഉണ്ടാകുമെന്നത് ഇപ്പോഴും ഊഹാപോഹങ്ങളായി നിലനില്‍ക്കുകയാണ്. അമ്മയ്ക്ക് ബദല്‍ എന്നു തരത്തില്‍ വിമണ്‍ ഇന്‍ സിനിമ കളക്ടീവിനെ ചിലര്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ ഡബ്ല്യുസിസിക്കാരെ കാത്തിരിക്കുന്നത് അമ്മയില്‍ നിന്നുള്ള പുറത്താക്കലും സിനിമയില്‍ നിന്നുള്ള അപ്രഖ്യാപിത വിലക്കുകകളുമായിരിക്കുമെന്ന് മറ്റൊരു കൂട്ടര്‍ പറയുന്നു. എന്തായാലും ആഷിഖ് അബു, ബി ഉണ്ണികൃഷ്ണന്‍, പൃഥ്വിരാജ് തുടങ്ങി വിരലില്‍ എണ്ണാവുന്നവരേ വിമണ്‍ ഇന്‍ സിനിമ കളക്ടീവിന് പിന്തുണ പറഞ്ഞ് പരസ്യമായി രംഗത്ത് എത്തിയിട്ടുള്ളത്. ബാക്കി പ്രമുഖരാരും ഇതുവരെ മിണ്ടിയിട്ടില്ല. വ്യക്തിപരമായി എന്തെങ്കിലും ഡബ്ല്യുസിസി പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ടോ എന്നത് അറിയില്ല. പക്ഷേ സ്വാഭാവികമായി ഒരു എതിര്‍പ്പ് വിമണ്‍ ഇന്‍ സിനിമ കളക്ടീവിനോട് താരസംഘടനയായ അമ്മയ്ക്ക് എങ്കിലും തോന്നാമെന്ന പ്രചരണങ്ങളില്‍ അല്‍പ്പമെങ്കിലും വാസ്തവം ഉണ്ടാവാം. കാരണം തങ്ങള്‍ വനിതകളുടെ കാര്യത്തില്‍ പരാജയമാണെന്ന്  പറഞ്ഞുവയ്ക്കുകയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവിന്റെ രൂപീകരണം എന്ന് അമ്മയുടെ ഭാരവാഹികള്‍ക്ക് തോന്നാം.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇപ്പോഴും സംശയങ്ങള്‍ തുടരുകയാണ്. ചില ആരോപണങ്ങളില്‍ കാര്യമായ അന്വേഷണം നടത്താന്‍ അമ്മ ഭാരവാഹികള്‍ തയ്യാറായിട്ടില്ല. പകരം സ്ത്രീകളുടെ സുരക്ഷ സ്വയം നോക്കണം എന്ന തരത്തിലുള്ള പ്രസ്താവനയാണ് ഉണ്ടായത്. അമ്മയില്‍ പ്രബലരായവരെ തന്നെയാണ് ആദ്യം എതിര്‍ക്കേണ്ടതെന്നുള്ളതുകൊണ്ട് തങ്ങള്‍ക്ക് നീതി കിട്ടാന്‍ വളരെ പ്രയാസമായിരിക്കുകയാണെന്ന തിരിച്ചറിവില്‍ തന്നെയാണ് പുതിയൊരു കൂട്ടായ്മയിലേക്ക് വനിതകളെ കൊണ്ടെത്തിച്ചിരിക്കുന്നതും. അതിനാല്‍ ഡബ്ല്യൂസിസിക്ക് നേരിടേണ്ടി വരിക ശക്തമായ നിഴല്‍യുദ്ധം തന്നെയായിരിക്കും. എതിര്‍പക്ഷത്ത് ആണ്‍-പെണ്‍വ്യത്യാസമില്ലാതെ അംഗങ്ങളുണ്ടെങ്കില്‍ അതിനെ നേരിടുക പ്രയാസവുമായിരിക്കും.

സെലിബ്രിറ്റി കൂട്ടായ്മയാക്കണോ
അഭിനേതാക്കളും സാങ്കേതിക പ്രവര്‍ത്തകരും അടങ്ങിയ വനിത ചലച്ചിത്ര പ്രവര്‍ത്തകരെ സെലിബ്രിറ്റികള്‍ എന്ന ലേബലിലാണ് ഒരു വിഭാഗം കാണുന്നത്. ഇതേ ലേബല്‍ തന്നെയാണ് മുഖ്യമന്ത്രി ഇവരെ കണ്ടതില്‍ ഉയരുന്ന വിമര്‍ശനത്തിനു പിന്നിലും. ജിഷ്ണു പ്രണോയിയുടെ അമ്മയെ കാണാന്‍ കൂട്ടാക്കാതിരുന്ന, മൂന്നാറിലെ പൊമ്പുളൈ ഒരുമൈ സമരക്കാരെ അവഗണിച്ച മുഖ്യമന്ത്രിക്ക് സിനിമാനടിമാരുമായി കൂടിക്കാഴ്ച നടത്താനും അവരുടെ പ്രശ്‌നങ്ങള്‍ കേട്ട് പരിഹാരം ഉണ്ടാക്കാമെന്നു വാക്കു നല്‍കാനും സമയവും സൗകര്യവും ഉണ്ടായി എന്നതാണ് വിമര്‍ശനം.

സെലിബ്രിറ്റി ഇമേജിനപ്പുറം ഒരു സ്ത്രീയെന്ന ഇമേജ് നടിമാര്‍ക്കു നല്‍കുന്നതിലെ വൈമുഖ്യം കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവം മുതല്‍ വ്യക്തമാണ്. ആക്രമിക്കപ്പെട്ടത് ഒരു നടി ആയതുകൊണ്ടാണ് പൊലീസും സര്‍ക്കാരും ഉടനടി ഇടപെട്ടതെന്ന് വിമര്‍ശനം ഉണ്ട്. ആക്രമിക്കപ്പെട്ട നടി ഒരു സ്ത്രീയാണ്. ആ സംഭവത്തില്‍ ആ നടിക്ക് ഇപ്പോഴും പൂര്‍ണ നീതി കിട്ടിയോ? കിട്ടിയിട്ടില്ല. അവിടെ നീതി നിഷേധിക്കപ്പെട്ടിരിക്കുന്നത് ഒരു നടിക്കല്ല, സ്ത്രീക്കാണ്. സമൂഹത്തില്‍ കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന അതേ നീതികേട്. ഒരു സെലിബ്രിറ്റി ആയാല്‍പോലും സമൂഹത്തിന്റെ രണ്ടാംതരം സമീപനത്തില്‍ നിന്നും മോചിതയല്ല ആ നടിയുമെന്ന് വ്യക്തമാക്കുന്നതാണ് കൊച്ചിയിലെ സംഭവം. ആ നീതികേട് തന്നെയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് എന്ന സംഘടനയുടെ രൂപീകരണത്തിന് ഒരു കാരണമായതും. ആ നടിക്കു മുന്നും ശേഷവും അതിക്രമങ്ങളും വിവേചനങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു, ഉണ്ടാകും. അതിന് അവസാനം കാണേണ്ടത് തങ്ങളുടെ മാത്രം ആവശ്യമാണെന്ന തിരിച്ചറിവില്‍ കുറെ സ്ത്രീകള്‍ എത്തുമ്പോള്‍ അവര്‍ക്ക് സെലിബ്രിറ്റി ഇമേജ് ഉള്ളതിനാല്‍ പരിഹസിക്കേണ്ടതുണ്ടോയെന്നു സമൂഹത്തിനു ചിന്തിക്കാം.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍