UPDATES

കൊച്ചി പഴയ കൊച്ചിയല്ല; ഒരു വര്‍ഷത്തിനിടയില്‍ തട്ടിക്കൊണ്ടുപോകപ്പെട്ടത് 80 സ്ത്രീകള്‍

നഗരത്തിലെ സിസി ടിവി ക്യാമറകളില്‍ ഭൂരിഭാഗവും പ്രവര്‍ത്തനരഹിതം

കേരളത്തില്‍ ഏറ്റവും സുരക്ഷാ ഭീഷണി നേരിടുന്ന നഗരമെന്ന് ആഭ്യന്തര വകുപ്പ് വിലയിരുത്തുന്ന എറണാകുളം നഗരത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ തട്ടിക്കൊണ്ട് പോകലിനിരയായത് എണ്‍പത് സ്ത്രീകള്‍. സ്ത്രീ സുരക്ഷ സംബന്ധിച്ച് വലിയ ആശങ്കയുണര്‍ത്തുന്ന കണക്കുകളാണ് ആഭ്യന്തരവകുപ്പ് പുറത്തുവിട്ടിരിക്കുന്നത്. സംസ്ഥാനത്ത് ഒട്ടാകെ തട്ടിക്കൊണ്ട് പോകലിന് ഇരയായത് 157 സ്ത്രീകളാണ്. ഇതില്‍ പകുതിയിലേറെപ്പേരും എറണാകുളം നഗരത്തില്‍ നിന്നാണെന്ന് ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

2015ല്‍ എറണാകുളം നഗരത്തില്‍ നിന്ന് സ്ത്രീകളെ തട്ടിക്കൊണ്ട് പോയതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം എട്ടെണ്ണം മാത്രമായിരുന്നു. ഒരു വര്‍ഷത്തിനിടെ ഇത് പത്തിരട്ടിയായി വര്‍ധിച്ചിരിക്കുന്നു എന്നത് പ്രശ്‌നത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു. പ്രശസ്ത നടി തട്ടിക്കൊണ്ട് പോകലിനിരയായി ആക്രമിക്കപ്പെട്ടതുള്‍പ്പെടെ പത്തോളം കേസുകളാണ് ഈ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് കാണാതായവരില്‍ അധികവും. 15, 16 വയസ്സ് പ്രായമുള്ള കുട്ടികളാണ് കൂടുതലും തട്ടിക്കൊണ്ട് പോകലിനിരയാവുന്നതെന്ന് പോലീസ് പറയുന്നു. ‘എണ്‍പത് ശതമാനം കേസുകളിലും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ് ഉള്‍പ്പെട്ടിട്ടുള്ളത്. എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ തട്ടിക്കൊണ്ട് പോകലായി കണക്കാക്കാനാവില്ല. പ്രണയിക്കുന്നവരുടെ കൂടെ സ്വയം ഇഷ്ടപ്രകാരം ഇറങ്ങിപ്പോവുന്ന പെണ്‍കുട്ടികളാണ് ഇതിലധികവും. എന്നാല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളായതിനാല്‍ അവരെ തട്ടിക്കൊണ്ട് പോയതായി കണക്കാക്കാനേ പോലീസിന് കഴിയൂ. അതാണ് കേസുകളില്‍ ഇത്രയും വര്‍ധനവ് ഉണ്ടായിരിക്കുന്നത്’ എറണാകുളം സിറ്റി അസിസ്റ്റന്റ് പോലീസ് കമ്മിഷ്ണര്‍ ലാല്‍ജി പറഞ്ഞു.

എന്നാല്‍ ഇക്കാരണം പറഞ്ഞ് പോലീസ് നിഷ്‌ക്രിയരാവുകയാണെന്നു സ്ത്രീപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ‘പ്രായപൂര്‍ത്തിയായതും ആവാത്തതുമായ സ്ത്രീകള്‍ തട്ടിക്കൊണ്ട് പോകലിനിരയാവുന്നുണ്ട്. രണ്ടും ഒരു പോലെ കുറ്റകരമാണെന്നു പലപ്പോഴും പോലീസ് മറക്കുകയാണ്. 18 വയസ്സ് തികയാത്ത പെണ്‍കുട്ടി സ്വന്തം ഇഷ്ടപ്രകാരം ഒരാളോടൊപ്പം ഇറങ്ങിപ്പോവുന്നതാണെങ്കിലും നിയമപരമായി അത് തട്ടിക്കൊണ്ട് പോകലായി തന്നെ കണക്കാക്കണം. ഇത്തരം കേസുകളില്‍ പോലീസ് കണ്ടെത്തുന്ന കുട്ടികളെ ജുവനൈല്‍ ഹോമുകളിലേക്കോ മറ്റ് സുരക്ഷിത ഇടങ്ങളിലേക്കോ മാറ്റണമെന്നുണ്ട്. എന്നാല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ഭൂരിഭാഗം കേസുകളിലും പെണ്‍കുട്ടികളെ തിരികെ കിട്ടുന്നതോടെ പോലീസ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയുകയാണ്.

പ്രണയിതാക്കള്‍ക്കൊപ്പം ഇറങ്ങിപ്പോവുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ പലപ്പോഴും വഞ്ചിക്കപ്പെടുകയും അതിക്രമങ്ങള്‍ക്കും ഇരയാവാറുണ്ട്. എന്നാല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളിലേറെയും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണെന്ന് പറഞ്ഞ് കയ്യൊഴിയുകയാണ് പോലീസ്. ഇത്തരം ഇറങ്ങിപ്പോക്കുകള്‍ എല്ലാക്കാലത്തുമുണ്ടായിട്ടുണ്ട്. 2015 ല്‍ സ്ത്രീകളെ തട്ടിക്കൊണ്ട് പോയതായി കണക്കാക്കുന്ന കേസുകള്‍ എട്ടെണ്ണം മാത്രമാണെന്നത് പോലീസുകാര്‍ ഓര്‍മിക്കണം. ഇത് ഒറ്റ വര്‍ഷം കൊണ്ട് എങ്ങനെ പത്തിരട്ടിയായി വര്‍ധിച്ചു? ഇതിന് ഉത്തരം തരേണ്ടത് പോലീസാണ്.

അടുത്തിടെ നടിയെ തട്ടിക്കൊണ്ട് പോയതും അതിക്രമിക്കപ്പെട്ടതും ഏറെ വാര്‍ത്തയായിരുന്നു. അവര്‍ക്ക് സമൂഹത്തില്‍ ഉന്നത പദവിയുള്ളതുകൊണ്ട് മാത്രമാണ് കേസ് ഇത്രയും ആഘോഷിക്കപ്പെട്ടതും നടപടിയിലേക്ക് നീങ്ങിയതും. സാധാരണക്കാരായ എത്രയോ സ്ത്രീകള്‍ ഇത്തരം അതിക്രമങ്ങള്‍ക്ക് ദിവസവും ഇരയാവുന്നു. എന്നാല്‍ പരാതിയുമായി ചെല്ലുമ്പോള്‍ പോലീസില്‍ നിന്ന് ഒത്തുതീര്‍പ്പിനുള്ള ഉപദേശമാണ് ലഭിക്കുന്നത്.

പ്രായപൂര്‍ത്തിയാവാത്തവരില്‍ തന്നെയും എല്ലാ പെണ്‍കുട്ടികളും സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങിപ്പോയതാണെന്ന് പോലീസ് പലപ്പോഴും വിധിയെഴുതുകയാണ്. അന്വേഷണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തിയാലേ ഈ കേസുകളുടെ സത്യാവസ്ഥ മനസ്സിലാവൂ. പക്ഷെ ഇത്തരം പെണ്‍കുട്ടികളെ മാനാഭിമാന പ്രശ്‌നം പറഞ്ഞ് പേടിപ്പെടുത്തി പരാതിയില്‍ നിന്ന് പിന്‍മാറാനാണ് പോലീസുകാര്‍ പലപ്പോഴും നിര്‍ബന്ധിക്കുന്നത്‘ അഭിഭാഷകയും സാമൂഹിക പ്രവര്‍ത്തകയുമായ കെ.ബിന്ദു പറയുന്നു.

ഇത്രയേറെ സമൂഹത്തെ ഭീതിപ്പെടുത്തുന്ന കണക്കുകള്‍ പുറത്തു വരുമ്പോഴും ഇതിനെ പ്രതിരോധിക്കാന്‍ കേരളത്തിന്റെ പോലീസ് സന്നാഹം ജാഗരൂകരായിട്ടുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സുരക്ഷാ ഭീഷണിയില്‍ ഒന്നാമതുള്ള കൊച്ചി നഗരത്തില്‍ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പൊലിസ് ഒരുക്കിയ മുഴുവന്‍ നിരീക്ഷണ ക്യാമറകളും തകരാറിലെന്ന് വ്യക്തമാക്കുന്ന വിവരാവകാശ രേഖകള്‍ അഴിമുഖത്തിന് ലഭിച്ചു. 2010 ലാണ് കൊച്ചി നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലായി 99 ക്യാമറകള്‍ സ്ഥാപിച്ചത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ഇവയില്‍ പലതും പ്രവര്‍ത്തനരഹിതമായിരുന്നു. 2015 ലെ കണക്കനുസരിച്ച് 22 കാമറകള്‍ മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ 99 കാമറകളുടെയും പ്രവര്‍ത്തനം നിലച്ചതായി വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു. ക്യാമറകളുടെ പ്രവര്‍ത്തന ചുമതല ഏല്‍പ്പിച്ചിരുന്ന കെല്‍ട്രോണിന് പണം നല്‍കാത്തതാണ് ഇവ നിശ്ചലമാവാന്‍ കാരണം.

നഗരത്തിലെ പ്രധാന റോഡുകളിലും ജംഗ്ഷനുകളിലുമായാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. 36 ഡോം ക്യാമറകളും 63 ഫിക്‌സഡ് ക്യാമറുകളുമാണുള്ളത്. ‘ഈ ക്യാമറകളില്‍ നിലവില്‍ ചിത്രങ്ങള്‍ കാണാമെന്നല്ലാതെ റെക്കോര്‍ഡിങ് സാധ്യമല്ല. കുറ്റകൃത്യങ്ങള്‍ തടയുന്നതിനും കുറ്റവാളികളെ കണ്ടെത്തുന്നതിനും ഈ സംവിധാനം ഉപകാരപ്രദമാക്കണമെങ്കില്‍ ക്യാമറകളിലൂടെ റെക്കോര്‍ഡിങ് സാധ്യമാകണം. മെട്രോ റെയില്‍ നിര്‍മ്മാണ ജോലികള്‍ക്കായി റോഡുകളും കാനകളും പൊളിച്ചു നീക്കേണ്ടി വന്നതോടെയാണ് ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായത്. മെട്രോ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തിയാവുന്ന മുറയ്ക്ക് ക്യാമറകളും പ്രവര്‍ത്തസജ്ജമാവും’ എന്നാണ് അസിസ്റ്റന്റ് പോലീസ് കമ്മീഷ്ണറുടെ വാദം.

എന്നാല്‍ മെട്രോ നിര്‍മ്മാണം ബാധിക്കാത്തയിടങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമറകളും പ്രവര്‍ത്തിക്കുന്നില്ലെന്ന് വിവരാവകാശ രേഖകളില്‍ നിന്ന് വ്യക്തമാണ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കനുസരിച്ച് രാജ്യത്തെ ഏറ്റവും സുരക്ഷാ ഭീഷണി നേരിടുന്ന നഗരമാണ് കൊച്ചി. കുറ്റകൃത്യങ്ങള്‍ അപായകരമാംവിധം കൂടുമ്പോഴും അത് തടയുന്നതിനുള്ള സംവിധാനങ്ങള്‍ വളരെ കുറവാണ്. കൊച്ചി നഗരത്തില്‍ സ്ഥാപിച്ച സി.സി.ടിവി. ക്യാമറകളില്‍ ഒന്നു പോലും പ്രവര്‍ത്തിക്കുന്നില്ല. മെട്രോ നിര്‍മ്മാണത്തിന്റെ കാര്യമാണ് പോലീസ് പറയുന്ന ഒഴിവുകഴിവ്. ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത് മെട്രോ നിര്‍മ്മാണം നടക്കുന്നയിടങ്ങളില്‍ മാത്രമല്ല. അങ്ങനെയുള്ളയിടങ്ങളില്‍ തന്നെ മെട്രോ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ക്യാമറകള്‍ പുന:സ്ഥാപിക്കുന്നുമില്ല. റോഡരികിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെ സി.സി.ടി.വി. ക്യാമറകളാണ് ഇപ്പോള്‍ പോലീസ് കേസന്വേഷണത്തിന് ആശ്രയിക്കുന്നത്. അതിന്റെ വിശ്വാസയോഗ്യതയും, വ്യക്തതയും പലപ്പോഴും ചോദ്യം ചെയ്യപ്പെട്ടിട്ടുള്ളതാണ്.

പോസ്‌കോ ആക്ട് പ്രകാരമുള്ള കേസുകളിലും, തട്ടിക്കൊണ്ട് പോവുന്നതിനെതിരെയുള്ള കേസുകളാണെങ്കിലും പോലീസുകാര്‍ പലപ്പോഴും പരാതിക്കാരെ നിരുത്സാഹപ്പെടുത്താനാണ് ശ്രമിക്കുന്നത്. അഥവ പരാതിയില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ തന്നെ ദുര്‍ബലമായ കേസ് ആക്കി അതിനെ മാറ്റാനുള്ള ശ്രമങ്ങളും പോലീസില്‍ നിന്നുണ്ടാവാറുണ്ട്. തട്ടിക്കൊണ്ട് പോയതായി രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളില്‍ ഏറെയും ഉള്‍പ്പെട്ടിട്ടുള്ളത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണെന്ന് പോലീസ് പറയുന്നു. അങ്ങനെയാണെങ്കില്‍ ഇത്തരം കേസുകള്‍ അന്വേഷിക്കാന്‍ ജുവനൈല്‍ പോലീസും ജുവനൈല്‍ കോടതികളും വേണമെന്ന് പോസ്‌കോ ആക്ട് പറയുന്നു. ഇതെവിടെയാണുള്ളത്? പിടിക്കപ്പെടുമെന്ന അവസ്ഥ വന്നാല്‍ തന്നെ ഇത്തരം കേസുകള്‍ കുറയും. അത്തരത്തില്‍ ഒരു സാഹചര്യമുണ്ടാക്കാന്‍ പോലീസാണ് ശ്രമിക്കേണ്ടത്.

തട്ടിക്കൊണ്ട് പോവുന്ന കേസുകളില്‍ സമയം വളരെ പ്രധാനപ്പെട്ടതാണ്. സമയം വൈകുന്തോറും അതിനിരയാവുന്നവര്‍ വലിയ കുഴപ്പങ്ങളില്‍ ചെന്നുപെടാനുള്ള സാധ്യതകള്‍ കൂടും. ഒരു പെണ്‍കുട്ടി സാധാരണ എത്തുന്ന സമയത്ത് വീട്ടിലെത്തിയില്ലെങ്കില്‍ വീട്ടുകാര്‍ അവരുടേതായ രീതിയിലുള്ള അന്വേഷണങ്ങള്‍ക്കൊടുവില്‍ അറ്റകൈ എന്ന നിലയ്ക്കാണ് പോലീസിനെ സമീപിക്കുന്നത്. അങ്ങനെ എത്തുന്നവര്‍ക്കു പോലും ആത്മവിശ്വാസം നല്‍കാന്‍ പോലീസ് സംവിധാനത്തിനാവുന്നില്ല. അതുകൊണ്ട് പലകേസുകളും പോലീസിനടുത്തേക്ക് എത്താതിരിക്കുകയോ എത്തുന്നതില്‍ കാലതാമസമുണ്ടാകുകയോ ചെയ്യുന്നു.’ വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ.ഡി.ബി.ബിനു പ്രതികരിച്ചു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍