UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പച്ചൌരിക്കെതിരെ വീണ്ടും പരാതി. ലജ്ജയില്ലായ്മ പരിധി വിടുന്നുവെന്ന് ആദ്യ പരാതിക്കാരി

Avatar

അഴിമുഖം പ്രതിനിധി

ദ് എനര്‍ജി ആന്‍ഡ് റിസോഴ്‌സസ് ഇന്‍സ്റ്റിറ്റിയൂട്ട് അഥവാ ‘ടേരി'(TERI)യുടെ മുന്‍ തലവന്‍ ആര്‍ കെ പച്ചൗരിക്ക് തിങ്കളാഴ്ച സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടിവ് വൈസ് ചെയര്‍മാനായി സ്ഥാനക്കയറ്റം ലഭിച്ചതിന് പിന്നാലേ മറ്റൊരു യുവതി കൂടി ആരോപണവുമായി രംഗത്ത്. ഒരു മുന്‍ സഹപ്രവര്‍ത്തക പച്ചൗരിക്കെതിരെ ഉന്നയിച്ച ലൈംഗിക പീഡന ആരോപണം നിലനില്‍ക്കെയാണിത്. പുതുതായി സൃഷ്ടിക്കപ്പെട്ട വൈസ് ചെയര്‍മാന്‍ തസ്തികയില്‍ ആദ്യമായി നിയമിക്കപ്പെടുന്നയാളാണ് പച്ചൗരി. ടേരിയുടെ പുതിയ ഡയറക്ടര്‍ ജനറലായി അജയ് മാഥുര്‍ സ്ഥാനമേറ്റ ദിവസമാണ് പച്ചൗരിയുടെ പുതിയ സ്ഥാനപ്രഖ്യാപനമുണ്ടായത്.

തന്റെ ജൂനിയറായ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണത്തെത്തുടര്‍ന്ന് പച്ചൗരിയോട് കഴിഞ്ഞ ഫെബ്രുവരിയില്‍ അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ആഭ്യന്തര അന്വേഷണ സമിതി മെയില്‍ നടത്തിയ അന്വേഷണത്തില്‍ പച്ചൗരി പദവി ദുരുപയോഗം ചെയ്തതായി കണ്ടെത്തി. സംഘടനയുടെ ലൈംഗിക പീഡനനയം പച്ചൗരി ലംഘിച്ചതായും സമിതി കണ്ടെത്തി. പച്ചൗരിയുടെ പെരുമാറ്റം ഉണ്ടാക്കിയ സമ്മര്‍ദം മൂലം പരാതിക്കാരിയുടെ ആരോഗ്യം തകരാറിലായതായും സമിതി നിരീക്ഷിച്ചിരുന്നു.

എന്നാല്‍ കോടതി ഈ റിപ്പോര്‍ട്ട് സ്‌റ്റേ ചെയ്തു. ജൂലൈ മുതല്‍ പച്ചൗരി ഓഫിസിലെത്തി. പരാതിക്കാരി ടേരിയില്‍നിന്നു രാജിവയ്ക്കുകയും ചെയ്തു.

ആദ്യ പരാതി വന്നശേഷം മറ്റു വനിതകളും പച്ചൗരിക്കെതിരെ രംഗത്തെത്തി. വര്‍ഷങ്ങളായി പച്ചൗരിയുടെ പീഡനത്തിനിരയായ കഥകളാണ് അവര്‍ പറഞ്ഞത്. തന്റെ അധികാരം ഉപയോഗിച്ച് ഇരകളെ നിശബ്ദരാക്കുകയും ശിക്ഷയില്‍നിന്നു രക്ഷപെടുകയും ചെയ്യുന്ന, നിരന്തരം ഇത്തരം പീഡനങ്ങള്‍ നടത്തുന്ന ഒരാളാണ് പച്ചൗരി എന്നായിരുന്നു അവരുടെ വെളിപ്പെടുത്തല്‍.

സ്ഥാനക്കയറ്റത്തിന്റെ വാര്‍ത്തയെത്തുടര്‍ന്ന് ചൊവ്വാഴ്ച ആദ്യപരാതിക്കാരി ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചു. കത്തിന്റെ പൂര്‍ണരൂപം:

ലജ്ജയില്ലായ്ക കരകവിയുന്നു! തൊഴില്‍സ്ഥലത്തെ ലൈംഗികപീഡനത്തിനും പിന്തുടര്‍ന്നു ശല്യപ്പെടുത്തലിനും ഭയപ്പെടുത്തലിനും കുറ്റാരോപിതനായ ഒരു മനുഷ്യന്റെ സ്ഥാനക്കയറ്റത്തിന്റെ വാര്‍ത്ത എന്നെ പേടിപ്പെടുത്തുന്നു.

തൊഴിലെടുക്കാനുള്ള എന്റെ അവകാശം നിലനിര്‍ത്താന്‍ വേണ്ടി ലൈഗികപീഡനം സംബന്ധിച്ച കേസില്‍ ആര്‍ കെ പച്ചൗരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന ആവശ്യം ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ ഭരണസമിതി ടേരിയില്‍ അതേ മനുഷ്യന് സ്ഥാനമുറപ്പിക്കാന്‍ യോഗം ചേര്‍ന്നു. ഇപ്പോഴത്തെയും മുന്‍പത്തെയും ചില സഹപ്രവര്‍ത്തകരില്‍നിന്ന് ഇക്കാര്യം ഞാന്‍ ആദ്യമായി അറിയുന്നത് 2015 ഒക്ടോബര്‍ മൂന്നിനാണ്. ആളിക്കത്തുന്ന തീയിലേക്ക് വില കുറഞ്ഞ, മൂന്നാംകിട എണ്ണ ഒഴിക്കാന്‍ സ്ഥാപനം തയാറാകില്ലെന്നായിരുന്നു എന്റെ ചിന്ത.

എനിക്കു തെറ്റിപ്പോയി!

ടേരിയുടെ ഭരണസമിതി അതേമാസം ഇതേസമയം വീണ്ടും കൂടാനിരിക്കുകയായിരുന്നു. ചില നല്ല ആളുകള്‍ എന്നെ അറിയിച്ചത് അനുസരിച്ച് എനിക്കുമേലും മുഴുവന്‍ നടപടിക്രമങ്ങളുടെമേലും ചെളിവാരിയെറിയുകയും അങ്ങനെ ആര്‍ കെ പച്ചൗരിക്കു സ്ഥാനക്കയറ്റം നല്‍കാനുള്ള വഴിയൊരുക്കുകയുമാണ് യോഗത്തിന്റെ ഉദ്ദേശ്യം.

ആര്‍ കെ പച്ചൗരിയുടെ അരക്ഷിതാവസ്ഥ പരിഹരിക്കാന്‍ ഒരുമാസം രണ്ടുതവണ ചേരാന്‍ ടേരി ഭരണസമിതിക്കാകും. എന്നാല്‍ എന്റെ പരാതിയെപ്പറ്റിയോ ഞാന്‍ സമിതിക്കയച്ച കത്തിനെപ്പറ്റിയോ (2015 ഏപ്രില്‍ മൂന്ന്) ചര്‍ച്ച ചെയ്യാന്‍ ഒരു തവണ പോലും അവര്‍ യോഗം ചേര്‍ന്നില്ല. 2015 മേയ് 19നു സമര്‍പ്പിക്കപ്പെട്ട ആഭ്യന്തര പരാതി പരിഹാരസമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനും അവര്‍ക്കു സമയമുണ്ടായില്ല. ഒരേ മാസം രണ്ടുബോര്‍ഡ് യോഗം കൂടാനുള്ള മനസും സമയവും അവര്‍ക്കുണ്ടായി. ടേരി റൂള്‍സ് ആന്‍ഡ് റഗുലേഷന്‍സ് അനുസരിച്ച് വര്‍ഷത്തില്‍ ഒരിക്കല്‍മാത്രമാണ് ഭരണസമിതി യോഗം ചേരേണ്ടത്.

ഒരു ഗവേഷണസ്ഥാപനത്തില്‍ സീനിയര്‍ ഡയറക്ടര്‍മാരുടെയും ഏരിയ കണ്‍വീനര്‍മാരുടെയും മുന്‍ഗണന എന്റെ സഹപ്രവര്‍ത്തകരെ കെണിയിലാക്കുകയും ഒത്തുതീര്‍പ്പിനു തയാറാകാന്‍ എന്നെ പ്രേരിപ്പിക്കാന്‍ അവരോട് ആവശ്യപ്പെടുകയുമായിരുന്നു. ‘ കോടതിക്കു പുറത്ത്‌ കേസ് തീര്‍ക്കാന്‍ നിങ്ങളുടെ വനിതാസുഹൃത്തിനോടു പറയുക. അതാണ് അവര്‍ക്ക് ഏറ്റവും നല്ലത്. കാരണം അവര്‍ക്ക് ഇനിയൊന്നും നേടാനില്ലല്ലോ’ എന്നിങ്ങനെയായിരുന്നു ഉപദേശങ്ങള്‍.

മുന്നറിയിപ്പുകളും ആശങ്കകളും പങ്കുവയ്ക്കുന്ന സന്ദേശങ്ങള്‍ എന്റെ ഫോണില്‍ വരാത്ത ഒരു ദിവസവുമുണ്ടായിരുന്നില്ല. ഒരാള്‍ എന്നോടു പറഞ്ഞു: ‘ ഇര ഒത്തുതീര്‍പ്പിനു തയാറായെന്ന് ഞങ്ങള്‍ കേള്‍ക്കുന്നു. പരാതിക്കാരി ഒത്തുതീര്‍പ്പിനു തയാറായിട്ടില്ലെന്നും തയാറാകില്ലെന്നും ഞാന്‍ അവരോടു പറഞ്ഞു. പക്ഷേ അവര്‍ അതു വിശ്വസിച്ചതായി തോന്നിയില്ല’. മറ്റൊരാള്‍ പറഞ്ഞു: ‘ അവര്‍ എന്നോട് നിങ്ങളുടെ കുടുംബ പശ്ചാത്തലം അന്വേഷിക്കുന്നു’. മറ്റൊരാള്‍ : ‘ഐടി ഡിപ്പാര്‍ട്ട്‌മെന്റ് എപ്പോഴും എന്റെ കംപ്യൂട്ടര്‍ നിരീക്ഷിക്കുന്നു. കാരണം ഞാന്‍ നിങ്ങളെ പിന്തുണയ്ക്കുന്നുവെന്ന് അവര്‍ക്കറിയാം.’

ആഭ്യന്തര അന്വേഷണ സമിതി പിരിച്ചുവിട്ടു. സമിതി പ്രസിഡന്റ് സ്ഥാപനത്തിലെ ജോലി രാജിവച്ചു. സമിതിയില്‍ പുറമേനിന്നുള്ള അംഗം ഇത്തരം പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തു പരിചയമുള്ള ഒരാളാണ്. സൗകര്യത്തിനുവേണ്ടി അവരെ മാറ്റി ഒരു പുതുമുഖത്തെ കൊണ്ടുവന്നു. ഇപ്പോഴത്തെ അന്വേഷണസമിതി അയാളുടെ ആളുകള്‍ നിറഞ്ഞതാണ്. ടേരിയെയും ആര്‍ കെ പച്ചൗരിയെയും തമ്മില്‍ വേര്‍പിരിക്കാനാവില്ല.

ശത്രുത അവസാനിക്കുമെന്ന് യഥാര്‍ത്ഥത്തില്‍ ഞാന്‍ പ്രതീക്ഷിച്ചിരുന്നോ? അത് കൂടുതല്‍ വഷളാകുകയായിരുന്നു.

ടേരിയെ (അന്ധകാരത്തിലേക്കു) നയിക്കാന്‍ ഭരണസമിതി തിരഞ്ഞെടുത്ത പുതിയ ഉദ്യോഗാര്‍ത്ഥി കോടതിയില്‍ നാലുകേസുകള്‍ക്കു നടുവിലാണ്. അതെ, ഒരു അന്വേഷണ സമിതി റിപ്പോര്‍ട്ട് അഞ്ചു കേസുകളായി പിരിഞ്ഞു. ഗുരുതരമായ ക്രിമിനല്‍ കുറ്റങ്ങളാണ് അയാളുടെ പേരിലുള്ളത്. ഇത്രയും യോഗ്യതകള്‍ കൊണ്ട് സ്ഥാപനത്തെ നയിക്കാന്‍ അയാള്‍ അര്‍ഹന്‍ തന്നെ.

ഇതുപോരെങ്കില്‍ അയാള്‍ക്ക് പ്രവര്‍ത്തന അധികാരങ്ങള്‍ കൂടി നല്‍കാന്‍ ഭരണസമിതി ആലോചിക്കുകയാണ്. കാരണം: വിദേശ ധനസഹായത്തിന് ഇത് ആവശ്യമാണ്. ശരിതന്നെ. നിരന്തരം നിര്‍ബന്ധിച്ചു ചെയ്യിപ്പിക്കേണ്ട കാര്യങ്ങള്‍ക്ക് ഏറ്റവും അനുയോജ്യന്‍ ‘നോ’ എന്ന വാക്കിന്റെ അര്‍ത്ഥമറിയാത്തയാള്‍ തന്നെ.

സ്ഥാപനത്തില്‍നിന്ന് യാതൊരു പിന്തുണയുമില്ലാത്ത എന്നെപ്പോലൊരാള്‍ക്ക് ഇത്തരം വിവരങ്ങള്‍ വളരെ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. ഇനി എനിക്ക് എന്താണു പ്രതീക്ഷിക്കാനുള്ളത്? ഇതുവരെ നഷ്ടപ്പെട്ടതില്‍ക്കൂടുതല്‍ ഇനി എന്താണ് അപകടപ്പെടുത്താനുള്ളത്? ഭരണസമിതി മാത്രമല്ല ടേരിയിലെ മറ്റുള്ളവരും അവരുടെ മന:സാക്ഷി (അങ്ങനെ ഒന്നുണ്ടെങ്കില്‍) എവിടെയാണെന്നു വ്യക്തമാക്കിക്കഴിഞ്ഞു.

എന്റെ ജോലി നഷ്ടമായതിനു പുറമെ ടേരി മീഡിയ എക്‌സിക്യൂട്ടിവ് എന്റെ പേരുവിരങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ വെളിപ്പെടുത്തി. ആഭ്യന്തര അന്വേഷണ സമിതിക്കുമുന്നില്‍ തെളിവു നല്‍കാത്ത വനിതകള്‍ക്ക് അനര്‍ഹമായ സ്ഥാനക്കയറ്റവും ബഹുമതികളും പ്രോജക്ടുകളും യാത്രാ അനുമതികളും ലഭിച്ചു. അവരെല്ലാം നിശബ്ദരായി ഇതില്‍ ഉള്‍പ്പെട്ടു.

ഞാന്‍ ഉറക്കെ സംസാരിച്ചു. അതിനാല്‍ ജോലിയില്‍നിന്നു വിലക്കപ്പെട്ടു. ദീര്‍ഘകാലം ജോലിയോ വരുമാനമോ ഉണ്ടായില്ല. ദാരിദ്ര്യവും കറപുരണ്ട ഒരു സിവിയും എനിക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചു. അത്തരമൊരു സ്ഥാപനവുമായി തുടര്‍ന്നുപ്രവര്‍ത്തിക്കുന്നത് അന്തസിനു നിരക്കാത്തതാണെന്നു തോന്നിയതിനാല്‍ ഞാന്‍ രാജിവച്ചു. ടേരി വിട്ടശേഷം എന്റെ മനസും ശരീരവും ഭാരംകുറഞ്ഞതായി.

ഞാന്‍ കുറച്ചുകൂടി നല്ല പെരുമാറ്റം അര്‍ഹിച്ചിരുന്നു.

കേസ് അതേപടി തുടരുമെന്ന് വീണ്ടും അറിയിക്കാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കുന്നു. യുക്തമായ പര്യവസാനത്തിലേക്ക് അതിനെ എത്തിക്കുമെന്ന് ഞാന്‍ ഉറപ്പുപറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍