UPDATES

ഓഫ് ബീറ്റ്

ഉടലില്‍ നിന്ന് നമ്മുടെ സ്ത്രീകള്‍ ഇറങ്ങി നടക്കേണ്ടതുണ്ട്

പല പല ഉപകരണങ്ങള്‍ വച്ചാണ് സ്ത്രീ ലൈംഗികതയെ ആണ്‍താളത്തിനൊത്ത് ഇവര്‍ തുള്ളിക്കുന്നത്.

മായ ലീല

മായ ലീല

ചോദ്യങ്ങള്‍ പറയുകയല്ല ചോദിക്കുകയാണ് വേണ്ടത് എന്ന അറിവിലും രണ്ട് പ്രധാന ചോദ്യങ്ങള്‍ പറയാനാണ് ഉള്ളത്. ഒന്ന് സ്ത്രീ നഗ്നത, അതെങ്ങനെയാണ് ലൈംഗികതയായി വായിക്കപ്പെടുന്നത്. രണ്ട്, ആരാണിവിടെ സ്ത്രീയുടെ ലൈംഗികതയെ നിര്‍വചിക്കുന്നത്.
കാലാകാലങ്ങളായി പെണ്ണ് അവളുടെ ഉടലിനാല്‍ രേഖപ്പെടുത്തപ്പെടുന്ന ഒരു സാമൂഹികാവസ്ഥയില്‍ അവളുടെ നഗ്നത ലൈംഗികത മാത്രമായിപ്പോകുന്നതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. ഏതു മേഖലയില്‍ നില്‍ക്കുന്ന സ്ത്രീ ആയാലും, അത് അധ്യാപികയാവട്ടെ, ഡോക്ടറോ, തൂപ്പുകാരിയോ, പോലീസുകാരിയോ, വഴിക്കച്ചവടക്കാരിയോ ആരുമാകട്ടെ വസ്ത്രവും അതിനുള്ളില്‍ ഉയര്‍ന്നു നില്‍ക്കുന്ന മുലകളും ചന്തിയും അതിന്റെ അളവുകളുമാണ് അവളുടെ തിരിച്ചറിയല്‍ പാടുകള്‍. എന്നാല്‍ ഉടലിനോടുള്ള ആസക്തി മാത്രമാണോ ആവളുടെ നഗ്നതയെ ഇത്രമാത്രം ആവശ്യപ്പെടുന്നത്?
അങ്ങനെയാണെങ്കില്‍ ഉടമചമയലുകാരേയും മാമൂലുകളേയും ചോദ്യം ചെയ്യുന്ന പെണ്ണിനെ ‘നിന്നെ ഞങ്ങള്‍ കണ്ടോളാം’ എന്നു പറയുന്ന ആണ്‍ശബ്ദങ്ങളില്‍ തെളിഞ്ഞു കാണുന്നത് എന്താണ്? തെരുവില്‍ വച്ച് വ്യക്തിവൈരാഗ്യത്തെ തുടര്‍ന്ന് ഒരു പെണ്ണിന്റെ വസ്ത്രമഴിച്ചാലോ ‘കീഴ്ജാതിക്കാര്‍’ ‘ഹരിജന്‍’ എന്നൊക്കെ ‘സസ്‌നേഹം’ വിളിക്കപ്പെടുന്നവരില്‍ നിന്നൊരു സ്ത്രീയെ അവളുടെ ജാതിയുടെ പേരില്‍ ഒരാള്‍ ബലാല്‍ഭോഗം ചെയ്താലോ അത് ഉടലിനോടുള്ള ആര്‍ത്തി മാത്രമാവുന്നതെങ്ങനെയാണ്? അപ്പോള്‍ സാമൂഹികമായി, ലിംഗപരമായി അവളെ അടിച്ചു താഴ്ത്താന്‍ അവളുടെ നഗ്നതയും ശരീരവും ആവശ്യമാണ് എന്നു സാരം.
അതുകൊണ്ടു തന്നെ തച്ചുടക്കേണ്ടുന്ന ആദ്യബിംബം അവളുടെ ശരീരമാണെന്നാണ് മനസ്സിലാക്കാനാവുന്നത്. ആണ്‍ശരീരത്തില്‍ നിന്നു അല്‍പം വ്യത്യാസപ്പെട്ട ഒരു ശരീരം. വ്യത്യസ്ത ധര്‍മ്മങ്ങളുള്ള ശരീരം. ഭക്ഷണം കഴിക്കാനും വിസര്‍ജ്ജിക്കാനും നടക്കാനും ഇരിക്കാനും, ഇണ ചേരാനുമുള്ള ശരീരം. ഏറ്റവും വലിയ വ്യത്യാസം അവള്‍ക്കു പ്രസവിക്കാമെന്നതാണ്. അത് അവളുടെ വിശാലതയല്ല. അതവളില്‍ ജൈവികമായി ഉള്ള ധര്‍മ്മമാണ്. ഭൂമിയിലെ ഒട്ടുമിക്ക ജീവി സമൂഹങ്ങളിലും കാണപ്പെടുന്ന അതേ ധര്‍മ്മങ്ങള്‍. ഇതിലധികം എന്തെങ്കിലും അവളുടെ ശരീരത്തില്‍ കാണുന്നുണ്ടെങ്കില്‍ അത് തികച്ചും സാമൂഹികമായ ഘടകങ്ങളാണ്.
അങ്ങനെ വരുമ്പോള്‍ ഒരു പെണ്ണിന് രണ്ടു ശരീരമുണ്ടെന്നു വേണം കരുതാന്‍. ഒന്ന് പ്രകൃത്യാ അവള്‍ക്കുള്ളത്. രണ്ട് അവളുടെ സമൂഹം അവള്‍ക്കു ചാര്‍ത്തിക്കൊടുക്കുന്നത്. ആദ്യത്തേതില്‍ തര്‍ക്കമില്ല. രണ്ടാമത്തേതില്‍ തര്‍ക്കമേയുള്ളൂ.
ജനിക്കുന്നതോടൊപ്പം മതം അവള്‍ക്കൊരു ശരീരം നിര്‍ബന്ധമായി ദാനം ചെയ്യുന്നു. മത-ജാതി ചിട്ടപ്രകാരം കുടുംബവും സമുദായവും അവളുടെ ശരീരത്തെ വീണ്ടും പൊതിഞ്ഞു പിടിച്ചവതരിപ്പിക്കുന്നു. സ്‌കൂളില്‍, കോളേജില്‍, യാത്രകളില്‍, പൊതുനിരത്തില്‍ എല്ലാം അവള്‍ നഗ്നതയെക്കുറിച്ച് സദാ ബോധവതിയാകുന്നു. കന്യാകാത്വത്തിന്റെ അത്ര തന്നെ മഹനീയത, വെളിപ്പെടാത്ത ശരീരത്തിനുമുണ്ടാകുന്നു. അതുകൊണ്ടാണല്ലോ ഒളിക്യാമറകളെ അവള്‍ ഇത്രമാത്രം പേടിക്കുന്നത്.
നേരത്തേ പറഞ്ഞ ഭക്ഷണംകഴിപ്പ്, വിസര്‍ജിക്കല്‍, നടപ്പ്, ഇരിപ്പ് ഇതിലെല്ലാം രണ്ടാം ശരീരത്തിന് കൃത്യമായ നിയമാവലിയുണ്ട്. കുളിമുറിയിലോ, കണ്ണാടിയിലോ സ്വന്തം നഗ്നത കാണുമ്പോള്‍ ഭയപ്പെടുന്ന മാനസികാവസ്ഥ വരെ പ്രസ്തുത നിയമാവലി സൃഷ്ടിക്കുന്നു.
ഈ വള്ളിക്കെട്ടുകളില്‍ പിണഞ്ഞു മുറുകിക്കിടക്കുന്ന ശരീരത്തെ അവള്‍ക്ക് മരണത്തോടെ മാത്രമേ പിന്നീട് സ്വതന്ത്രയാക്കാനാവുന്നുള്ളൂ. (പലപ്പോഴും മരണത്തിലുമില്ല)
അതേസമയം ആണിന്റെ നഗ്നത ഇതിലൊന്നും പെടുന്നില്ല. അവന്‍ പെണ്ണിന്റെ നഗ്നത ഭാവനയില്‍ കണ്ട് സ്വയംഭോഗം ചെയ്യുമ്പോള്‍ പെണ്ണ് പെണ്ണിന്റെ തന്നെ ശരീരമാണ് ലൈംഗികതയുടെ ചിഹ്നമായി ഉള്‍ക്കൊള്ളുന്നത്. അവളെ സംബന്ധിച്ചിടത്തോളം പലപ്പോഴും ആണ്‍ നഗ്നതയെന്നത് ഭീഷണിയുടേയും അപമാനപ്പെടുത്തലിന്റേയും പ്രതീകമാണ്. മിക്ക പെണ്‍കുട്ടികളും വഴിയിലോ, ബസിലോ, പറമ്പിലോ വച്ചായിരിക്കും ആദ്യമായി ആണിന്റെ ലിംഗം കാണുന്നത്. അവള്‍ക്കത് ഷോക്കാണ് നല്‍കുക. (അവളുടെ ആ ഷോക്കാണ് കാണിക്കുന്നവന്റെ രതി മൂര്‍ച്ഛ).
പിന്നീട് സ്വകാര്യ നിമിഷങ്ങളില്‍ ആണ്‍ ശരീരം കാണുമ്പോഴും അതേ ഷോക്കു തന്നെ തികട്ടിവരുന്നു. നടക്കാന്‍ പോകുന്നത് ഒരു ആക്രമണമാണെന്നും അവന്റെ ലിംഗമാണ് ആയുധമെന്നും പ്രത്യാക്രമണത്തിനു സാധ്യതയില്ലെന്നും കരുതുന്നതില്‍ അതുകൊണ്ടു തന്നെ പെണ്‍കുട്ടികളെ കുറ്റപ്പെടുത്താനുമാവില്ല.
പോണ്‍ എന്ന പേരില്‍ ലഭ്യമായ മിക്ക ദൃശ്യങ്ങളും പരിശോധിച്ചാല്‍ മനസിലാവും. അതിലെല്ലാം സ്ത്രീയാണ് ഒബ്ജക്ട്. അഥവാ ഉപയോഗിക്കപ്പെടുന്ന സാധനം. പുരുഷന്‍ ഉപഭോക്താവായിരിക്കും. അവളുടെ നഗ്നതയായിരിക്കും ലൈംഗികതയുടെ ഏറ്റവും വലിയ ഉത്തേജകമായി കാണിക്കുക.
ഇവിടെയാണ് ആദ്യമുന്നയിച്ച ചോദ്യങ്ങളിലെ രണ്ടാമത്തെ ചോദ്യം പ്രസകത്മാവുന്നത്. ആരാണ് സ്ത്രീ ലൈംഗികതയെ നിര്‍വചിക്കുന്നത്.
യഥാര്‍ത്ഥത്തില്‍ സെക്‌സിലേര്‍പ്പെടുമ്പോള്‍ ശരീരമെന്ന മാധ്യമം രണ്ട് വ്യക്തികള്‍ക്ക് എങ്ങനെയാണ് രണ്ടായി അനുഭവപ്പെടുക. അങ്ങനെ രണ്ടായി അനുഭവപ്പെടുന്നതിനെ സെക്‌സ് എന്നു വിളിക്കാനാവുമോ? ഒരാള്‍ മുകളില്‍ കയറിക്കിടക്കുകയും മറ്റേയാള്‍ അതു താങ്ങി താഴെ ശ്വാസം മുട്ടിക്കിടക്കുകയും ചെയ്യുന്നതോ, ഒരാള്‍ മറ്റേയാളുടെ കൈകള്‍ ബലമായി പിടിച്ചു വെച്ചുകൊണ്ട് ചെയ്യുന്നതോ ആണ് പൊതുബോധത്തിന് പലപ്പോഴും സെക്‌സ്. (ഇങ്ങനെയൊക്കെയാണ് റേപ് സെക്‌സിന്റെ ഭാഗമാവുന്നതും)
അങ്ങിനെ ചിന്തിക്കുന്നതിലൂടെ തങ്ങള്‍ക്കു നഷടപ്പെട്ടു പോകുന്നത് ഏറ്റവും ആര്‍ദ്രമായ ഒരു ചുംബനമോ, അനുഭൂതിയോ ആണെന്ന് അവര്‍ ഓര്‍ക്കുന്നതുമില്ല.
‘പുരുഷന്റെ ഇംഗിതത്തിന് വഴങ്ങുക’ എന്നതാണ് നാടന്‍ പ്രയോഗം. അപ്പോള്‍ താന്‍ ഒരാളുടെ ഇംഗിതത്തിനു വഴങ്ങാനുള്ള എന്തോ ആണ്; അയാളുടെ ഇംഗിതത്തിനു വേണ്ടിയാണ് തന്റെ ശരീരം നില കൊള്ളുന്നത് എന്നിങ്ങനെ പെണ്ണ് ധരിച്ചു വെക്കുന്നു. ഈ ധാരണയില്‍ നിന്നും പുറത്തു കടക്കാനുള്ള ഓരോ പഴുതുകളും പല മാതിരി മെഴുകുകള്‍ വച്ച് ചുറ്റുപാടുകള്‍ അടച്ചു വെക്കുന്നു. ഇങ്ങനെ പെണ്ണും ആണുമടങ്ങുന്ന ആണ്‍കോയ്മാ സംസ്‌കാരമാണ് സ്ത്രീ ലൈംഗികതയെ നിര്‍വചിക്കുന്നത്.
പല പല ഉപകരണങ്ങള്‍ വച്ചാണ് സ്ത്രീ ലൈംഗികതയെ ആണ്‍താളത്തിനൊത്ത് ഇവര്‍ തുള്ളിക്കുന്നത്. അതിലൊന്നാണ് ‘മഹനീയമായ മാതൃത്വം’. നിങ്ങളുടെ ജീവിതം തകര്‍ക്കാന്‍ എനിക്ക് പത്തു നിമിഷം പോലും വേണ്ടെന്ന് ഒരു പുരുഷന്‍ സ്ത്രീയോട് പറയുമ്പോള്‍ അങ്ങനെ നിങ്ങള്‍ എന്നെ ഗര്‍ഭിണിയാക്കിയാല്‍ ഞാനത് കൈകാര്യം ചെയ്‌തോളാമെന്നു പറയുന്നതിനു പകരം ചൂളിപ്പോകുന്നു എന്നതാണ് അവളുടെ പരാജയം. അവിടെ ‘മാനുഷികത’ കടന്നു വരുന്നു. നിനക്ക് ഞാന്‍ പണി തരുമെന്നു പറയുന്നവനില്ലാത്ത മാനുഷികത ഗര്‍ഭിണിയാകുന്ന അവള്‍ക്കുണ്ടായിരിക്കണം. താത്പര്യമില്ലെങ്കിലും കുഞ്ഞിനെ പ്രസവിച്ച് അതിനെ പോറ്റണം.
മറ്റൊരു പ്രധാന ആയുധം ശാരീരികമായ ദൗര്‍ബല്യങ്ങളാണ്. പ്രകൃത്യാലുള്ള വ്യത്യാസത്തിനു പുറമേ പുരുഷന് ഉപയോഗിക്കാന്‍ പാകത്തില്‍ സ്ത്രീയെ പരുവപ്പെടുത്തിയെടുക്കാനാണ് അവളുടെ സമൂഹം ശ്രമിക്കുന്നത്. കായികമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് അവളെ സ്ഥിരമായി മാറ്റി നിര്‍ത്തിക്കൊണ്ട് ശാരീരികമായി അവളെ തകര്‍ക്കുന്നു. എന്തിനധികം കാലിന്മേല്‍ കാല്‍ കയറ്റി വച്ചാല്‍ ഗര്‍ഭപാത്രത്തിനു പ്രശ്‌നമാണെന്ന് ഏതെങ്കിലുമൊരു രജിത് കുമാര്‍ പറയേണ്ട താമസമേയുള്ളൂ അത് നമുക്കേറ്റു പാടാന്‍. വാസ്തവം അറിയുക പോലും ആവശ്യമല്ല.
ഇത്തരത്തില്‍ പെണ്‍ ശരീരം, അവളുടെ നഗ്നത, ലൈംഗികത ഇവയെല്ലാം അങ്ങേയറ്റത്തെ അസ്വാതന്ത്യങ്ങളാണ് നേരിടുന്നത്. നമ്മള്‍ നമ്രമുഖികളായി പുരുഷനു വേണ്ടി കാത്തിരിക്കേണ്ടവരല്ലെന്നും ശരീരത്തിന്റെ അളവുകള്‍ വച്ച് രേഖപ്പെടുത്തപ്പെടേണ്ടവരല്ലെന്നും ചിന്തിക്കാനും അതിനു വേണ്ടി പ്രവര്‍ത്തിക്കാനും അത്ര പെട്ടെന്ന് നമ്മുടെ സ്ത്രീകള്‍ക്കു കഴിയാത്തത്  ഈ കെട്ടിപ്പൂട്ടലുകള്‍ അത്രത്തോളം ശക്തമാണ് എന്നതിനാലാണ്. എന്നാല്‍ നഗ്നതയെ ഭയപ്പെടാത്ത, ലൈംഗികതയെ കുറിച്ചും ആണ്‍-പെണ്‍ ശരീരങ്ങളെ കുറിച്ചും സ്വസ്ഥമായി ചര്‍ച്ച ചെയ്യുന്ന ഒരു കൂട്ടം പെണ്ണുങ്ങള്‍ നമുക്കിടയില്‍ ഉണ്ടായി വരുന്നു എന്നത് പ്രതീക്ഷകള്‍ തന്നെയാണ് നല്‍കുന്നത്. അവിടെ രജിത് കുമാറുമാരും അവരുടെയെല്ലാം മൂടുതാങ്ങികളും നാക്കുകള്‍ കൊണ്ട് കല്ലേറും ചെരിപ്പുമാലയും ഏറ്റുവാങ്ങേണ്ടി വരുമെന്നതിലും സംശയമില്ല.
മായ ലീല

മായ ലീല

പാവപ്പെട്ടവരെ എല്ലാക്കാലത്തും ചൂഷണം ചെയ്യുന്നതും അസമത്വം വളര്‍ത്തുന്നതും സ്ത്രീകളോട് മനുഷ്യത്വരഹിതമായി പെരുമാറുന്നതും അവരെ സമൂഹത്തിന്റെ പാര്‍ശ്വധാരയിലേക്ക് തള്ളി മാറ്റുന്നതുമായ വ്യവസ്ഥിതിയോട് ഒരു തരത്തിലുള്ള സന്ധിയും പാടില്ല. അതാണ് എന്റെ രാഷ്ട്രീയവും എന്റെ ഐഡന്റിറ്റിയും. അത്തരം വ്യവസ്ഥിതിയോടുള്ള കലഹങ്ങളും പോരാട്ടങ്ങളുമാണ് Perpendicular to the system. അത് സമൂഹത്തിന്റെ മുഖ്യധാരയോട് ചേര്‍ന്നു നില്‍ക്കുന്നതായിക്കൊള്ളണമെന്നുമില്ല. അധ്യാപികയും ഗവേഷകയുമാണ് മായ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍