UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തത്ക്കാലം മാധവിക്കുട്ടിയേയും ബഷീറിനേയും കുറിച്ചും പറയാമല്ലോ; ഇഞ്ചിപ്പെണ്ണിന് മറുപടി

Avatar

പ്രിയന്‍ അലക്സ്

 

അഴിമുഖം പ്രസിദ്ധീകരിച്ച വസന്തങ്ങള്‍ ചെറിമരങ്ങളോട് ഒരു പുല്ലും ചെയ്യുന്നില്ല എന്ന   ഇഞ്ചിപ്പെണ്ണിന്‍റെ ലേഖനത്തിന് ഒരു മറുപടി

 

നമ്മള്‍ തിരഞ്ഞെടുക്കാനാഗ്രഹിക്കാത്തതും എന്നാല്‍ നമ്മുടേതായ സ്വത്വത്തോടുമുള്ള അതൃപ്തി, അതിനെച്ചൊല്ലിയുള്ള അവകാശപ്പോരാട്ടത്തിന് വഴിതെളിക്കും. അത് സ്വാഭാവികമാണ്. സാംസ്‌ക്കാരികമായ സ്വത്വബോധമെന്നത് സാമൂഹികവും മാനസികവുമാണെന്ന് സിസെക് എഴുതുന്നു. Who am I എന്ന ചോദ്യം അതീവദുരൂഹമാവുന്നത് ആദ്യമായല്ല. ഗൌതമന്‍ ബുദ്ധനാവുന്നത് അത്തരമൊരു ചോദ്യത്തിലാണ്. രത്‌നാകരന്‍ വാത്മീകി ആവുന്നതും അത്തരമൊരു ചോദ്യത്തിലാണ്. താനെല്ലാം നല്ലതുപോലെ പഠിക്കുന്നു, ശ്രദ്ധിക്കുന്നു എന്ന് ക്ലാസിലെ ഒരു കുട്ടി അഭിനയിക്കുന്നതായി സാര്‍ത്ര് സങ്കല്പിക്കുന്നുണ്ട്. അപ്പോള്‍ നമ്മള്‍ ഭാവിക്കുന്നതാണ് സ്വത്വം എന്നും വരുന്നു. അങ്ങനെയൊരു അഭിനയം ഉദാത്തീകരിക്കപ്പെട്ട ഒരു പ്രതിഛായ നല്‍കുന്നു എന്ന വ്യാമോഹം സമ്മാനിക്കുന്നുണ്ട്. എപ്പോഴും അപകടത്തിലാകാവുന്ന വിഡ്ഡികളുടെ കപ്പല്‍ യാത്രയാണിതെന്ന് ഫൂക്കോ പറയുന്നു. സ്വത്വം മൂലം ഒരധികാരവും കൈവരുന്നില്ലെന്നും അധികാരം കൈവശത്താക്കാവുന്ന സ്വത്തല്ല, മറിച്ച് അതൊരു പ്രയോഗമോ ഇടപെടലോ ആണെന്നും വരുന്നു. സ്വത്വം എന്നത് സ്വന്തമായുള്ളതല്ലെന്നും അതും സാമൂഹികമായി നിര്‍മ്മിക്കപ്പെടുന്നതാണെന്നും ആയിപ്പോവുന്നു. അപ്പോള്‍ വിഡ്ഡികള്‍ കപ്പലില്‍ നിന്ന് രക്ഷപെടുന്നു. തന്നെത്തെന്നെ കണ്ടെത്താന്‍ കഴിയാത്ത ഒരു ഉത്ഭവത്തിലും അവര്‍ക്ക് താല്പര്യമില്ലാതെയാവുന്നു. അതുകൊണ്ടാണ് ചരിത്രം ചത്തുപോവുന്നതും അതിനുശേഷം ജീവിക്കുന്നവര്‍ക്ക് കഴിയുന്നത്ര ആത്മകഥാംശത്തോടെയും അനുതാപത്തോടെയും അത് വിവരിക്കാന്‍ കഴിയുന്നതും. ഇങ്ങനെയാണ് പല ചരിത്രങ്ങളുണ്ടാവുന്നത്. പല രാമായണങ്ങളുണ്ടാവുന്നത്.

 

ഇത് തന്നെയാണ് ലിംഗപരമായ വായന മാത്രമാണ് സാഹിത്യത്തില്‍ അന്വേഷിക്കാനുള്ളത് എന്നുകരുതുന്നതിന്റെ അപകടവും.

 

 

നമ്മള്‍ ഭാഷയെ ഉപയോഗിക്കുന്നത് പോലെ ഭാഷ നമ്മളെയും ഉപയോഗിക്കുന്നു എന്നതാണ് അത്ര സൂക്ഷ്മമല്ലാത്ത സത്യം. ഭാഷ, അതിലെ വാക്കുകള്‍, വ്യാകരണം എന്നിവ നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ നോര്‍മേറ്റീവ് ആണ്. അതില്‍ ഒത്തുപോകാനാവാത്ത കലാപസാധ്യത ഒട്ടും തന്നെയില്ല. എന്നാല്‍ ഭാഷയെ നമ്മള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ പൊരുളുകളും ധ്വനികളും മാത്രം മാറ്റം വരുത്തുന്ന, മരണക്കിണറിലും സാധാരണനിരത്തിലും ഓടിക്കാവുന്ന ഒരു മോട്ടോര്‍ സൈക്കിളാവുന്നു ഭാഷ, അത്രയും നിസാരമാണ്. പിന്നെ അതെന്തുകൊണ്ട് അലോസരപ്പെടുത്തുന്നു: ഭാഷ അതുമാത്രമല്ല, അത് അനുകരണം കൂടിയാണ്. എല്ലാ അഞ്ചാമത്തെയും കുട്ടി ചൈനീസ് സംസാരിക്കുന്നു എങ്കില്‍ക്കൂടി നമ്മുടെ കുട്ടി ചൈനീസ് സംസാരിക്കില്ല, കാരണം അവന് ലഭിക്കുന്ന ഭാഷ ചൈനീസല്ല. ഇതുതന്നെയാണ് നമ്മുടെ ബോധ്യങ്ങളുടെയും പ്രശ്‌നം. അത് ബോധപൂര്‍വ്വം ഉണ്ടാവുന്നതല്ല. അത് തീര്‍ച്ചയായും ഒരു മാപ്പപേക്ഷയില്‍ തീര്‍ക്കാവുന്ന പ്രശ്‌നമാണ്. അത് പ്രശ്‌നവല്‍ക്കരിക്കുമ്പോഴാണ് അക്ഷരത്തെറ്റ് ഒരു തെറ്റല്ല എന്ന് മനസിലാവുക. ഭാഷ നമ്മളെ ഉപയോഗിക്കുന്നത് നമ്മള്‍ പോലും തിരിച്ചറിയാത്ത തരത്തിലാണെന്ന് ബോധ്യം വരിക. അതുമാത്രമല്ല വ്യാഖ്യാനത്തിന്റെയോ ദുര്‍വ്യാഖ്യാനത്തിന്റെയോ (Hermeneutics) സാധ്യതകളിലൂടെ ഭാഷ നമ്മളെ ഉപയോഗപ്പെടുത്തുകയാണ്. വീണ്ടും ഒരു രക്ഷയുമില്ലാതെ ലിംഗം കിടന്നു പിടയുകയാണ്.

 

ലിംഗസ്വത്വത്തില്‍ പണി തരുന്ന സര്‍വ്വരും ലിംഗത്തെ ഒരു ചരിത്ര സംജ്ഞയായി കണക്കാക്കുന്നു. കണക്കുതീര്‍ക്കാന്‍ ഒരുമ്പെടുന്നു. പക്ഷെ ചരിത്രം ചത്തതല്ല, അത് വര്‍ത്തമാനവുമാണെന്നും അതിന് അനാട്ടമി ഇല്ലയെന്നും അറിയുന്നില്ല. അഥവാ മറച്ചുവെക്കുന്നു. അതും ഭാഷ നമ്മളെ ഉപയോഗപ്പെടുത്തുന്ന ഒരു ഏരിയയാണ്.

 

മറ്റൊന്ന് നമ്മുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. ആണ്‍-പെണ്‍, മിശ്രലൈംഗികത, ഭിന്നലൈംഗികത, എന്നിവയൊക്കെയും സ്വത്വപരമായ തിരഞ്ഞെടുപ്പാവുകയും ഏതുരീതിയിലേക്കും മാറാവുന്ന തരം സ്വാതന്ത്ര്യം നമ്മെ പിന്തുടര്‍ന്നു കീഴ്‌പ്പെടുത്താത്ത റിസ്‌ക് സമൂഹത്തില്‍, (മുന്‍ധാരണകള്‍ ദാരുണമായി തോല്‍ക്കുകയാണ്) പെണ്ണുങ്ങള്‍ തീരുമാനിക്കുന്ന കളിനിയമങ്ങള്‍ സാമൂഹിക ഇടപെടലിനെ മാറ്റിമറിക്കുന്നു. ഏതെങ്കിലും നോവല്‍/ കഥ/ കവിത അത് ഏതു ഭാഷയിലേതുമാവട്ടെ, ലേഡീ ചാറ്റര്‍ലീസ് ലവര്‍ എഴുതിയ ആള്‍ ക്ഷയം വന്നുമരിച്ചു എന്നതും മറ്റൊരു ഭിന്നസൂചനയാണ്, എത്ര വമിപ്പിക്കുന്ന ലിംഗപ്രേരണകള്‍ അതിലുണ്ടായാല്‍പ്പോലും (ഉദാഹരണത്തിന് ഫക്ക് എന്ന വാക്ക് അതില്‍ എത്രയോ ആവര്‍ത്തി വായിക്കുന്നുണ്ട്, അത് അക്കാലത്തെ സദാചാരവിമര്‍ശനം സാമ്പാറാക്കി ആവോളം ആസ്വദിച്ചെഴുതി). ഒരു സ്വാതന്ത്ര്യവും കീഴ്‌പ്പെടുത്തുന്നില്ല, അത് അതില്‍നിന്നും അതിജീവിക്കുകയാണ്. അഥവാ സ്ത്രീസ്വാതന്ത്ര്യം ലൈംഗികസ്വാതന്ത്ര്യം മാത്രമല്ലാത്ത രീതിയില്‍ റൂള്‍ ഗേള്‍സ് തിയറി പൊളിഞ്ഞു പാളീസാവുമ്പോള്‍, കുടുംബം അതിനങ്ങനെയൊരു പേരില്ലെങ്കില്‍പ്പോലും, മതാത്മകമായ കല്യാണമുണ്ടായില്ലെങ്കില്‍പ്പോലും നിലനിന്നുപോവുന്നു.

 

സ്വത്വമെന്നത് പ്രതികരണാത്മകമായ ഒരു ഇടപെടല്‍ മാത്രമാണ്. അത് എപ്പോഴും മുഴച്ചുനില്‍ക്കുന്ന ഒന്നല്ല. അതിനെ ആനമുടി പോലെയോ എവറസ്റ്റ് പോലെയോ ഒരു വെല്ലുവിളിയായി കാണേണ്ട ആവശ്യവുമില്ല. കാരണമുണ്ട്. അങ്ങനെയല്ലെന്ന് വിശ്വസിക്കുന്നവര്‍ രാജ്യത്തിന്റെയത്രയും വലിപ്പമുള്ള മാപ്പ് വേണമെന്ന് വാശിപിടിക്കുന്നവരാണ്. ലിംഗപരമായ പ്രസക്തി പുരുഷസമൂഹം നിര്‍ദേശിക്കുന്നതുപോലെ ‘ചരക്കാ’വുക എന്നതാണെങ്കില്‍ ചരക്കുകള്‍ക്ക് അത് പകര്‍ന്നുനല്‍കുന്ന ആത്മവിശ്വാസത്തെ സംബന്ധിച്ചും ലിംഗാധികാരചോദനയെക്കുറിച്ചും റിഫ്‌ലക്‌സീവ് ആകേണ്ടതല്ലേ. അങ്ങനയൊരു ചിന്ത ഇല്ലാതാവുന്നതും പുരുഷനില്‍ നിന്ന് പിടിച്ചെടുക്കേണ്ടതും സ്ത്രീയില്‍നിന്നും ഒഴിച്ചുനിര്‍ത്തപ്പെട്ടതാണ് അധികാരമെന്നു കരുതുന്നതും വളരെ സൌകര്യപ്രഥമാണ്. മനസില്‍ തോന്നുന്നമാത്രയില്‍ത്തന്നെ വ്യഭിചാരം ചെയ്തുകഴിഞ്ഞു എന്ന് കുറ്റപ്പെടുത്തുന്ന ക്രിസ്തു, പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് സൂപ്പര്‍ ഇന്‍ഡന്റ് ചെയ്യുകയാണ്.

 

എല്ലാ ദിവസവും പള്ളിമണി മുഴങ്ങണമെന്ന് ധരിക്കുന്ന ഒരു മതാത്മകമായ ധ്വനിയാണ് ലിംഗപരമായ ഭാഷയെക്കുറിച്ചും തോന്നുക. അത് ഇത്രമാത്രമേയുള്ളൂ: ഉദാഹരണത്തിന് മുസ്ലിങ്ങള്‍ തീവ്രവാദികളല്ല എന്ന് മുസ്ലിങ്ങള്‍ പറയുന്നതും ഫ്രാന്‍സിസ് മാര്‍പ്പാപ്പ പറയുന്നതും തമ്മില്‍ എന്താണ് വ്യത്യാസം. തിരുകിക്കയറ്റിയ അര്‍ത്ഥങ്ങളെക്കൊണ്ട് ഭാഷയെ ഉപയോഗിക്കുന്ന നമ്മളെ ഭാഷ ഉപയോഗിക്കുകയാണ്; അത് പ്രതികരണത്തോടുള്ള പ്രതികരണത്തെ സ്വയം ധ്വനിപ്പിക്കുന്നുണ്ട്. നിശ്ചയമായും അങ്ങനെയൊരു അപകടം കാംക്ഷിക്കുന്നില്ലയെങ്കിലും.

 

സ്വകാര്യത എന്നത് വ്യഭിചരിക്കാനുള്ളതും, അഭിപ്രായസ്വാതന്ത്ര്യം എന്നത് നുണ പറയാനുള്ളതും, മത വിശ്വാസത്തിനുള്ള സ്വാതന്ത്ര്യം കപടദൈവങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും ആകുന്നത് റിസ്‌ക് സമൂഹത്തിന്റെ ഭാഗമാണെന്ന് സിസെക് പറയുന്നുണ്ട്. കുടുംബം പാട്രിയാര്‍ക്കലാവുകയും, ഇണയെ ലൈംഗികമായി തൃപ്തിപ്പെടുത്തുക എന്ന ചിന്താഭാരം പുരുഷനില്‍ അധോബോധമാവുന്നതും നിമിത്തം വലിപ്പമില്ലായ്മയും, ശീഘ്രസ്ഖലനവും ഡോക്ടറോട് ചോദിക്കേണ്ട പ്രശ്‌നങ്ങളാവുന്നു. സഫേദ് മുസ്ലിയും പവര്‍മാള്‍ട്ടും ജീവന്‍ടോണും ഇത്തരമൊരു ലൈംഗികതയെ വിപണിവല്‍ക്കരിക്കുകയാണ്. ഈ ലൈംഗിക ഭീതി ഒഴിവാകുന്നത് റൂള്‍ ഗേള്‍സ് പുരുഷന്മാരുടെ പാപങ്ങള്‍ക്ക് മോചനം തരുന്നതുവഴിയാണ്. ലൈംഗികതയെ ഏറ്റെടുക്കുന്ന റിഫ്‌ലക്‌സിവിറ്റി അവര്‍ പ്രകടിപ്പിക്കുന്നു. പുരുഷനെ ഉദ്ധരിപ്പിക്കുന്നത് എന്ന് കരുതുന്ന സദാചാരവിരുദ്ധ വസ്ത്രരീതിയെ അവര്‍ എതിര്‍ക്കുന്നു. വസ്ത്രം സ്ത്രീയുടെ സ്വാതന്ത്ര്യമാണെന്ന് പ്രഖ്യാപിക്കുന്നു. പുരുഷനെ പ്രലോഭിപ്പിക്കേണ്ട പെറ്റി ആവശ്യം അവള്‍ക്കില്ലാതെയാവുന്നു. പുരുഷലിംഗത്തിന് ഇനി സ്വസ്ഥമായി മുള്ളാം. ഉദ്ധരിക്കാത്തത് ഒരു കുറ്റമേയല്ല. ആണത്തം അതുമൂലം ചോര്‍ന്നുപോവാനിടയില്ല.

 

അതായത് സ്ത്രീയെ ലൈംഗികമായി മോചിപ്പിക്കാനല്ല, പുരുഷനെ മോചിപ്പിക്കാനാണ് സ്ത്രീകള്‍ ശ്രമിക്കുന്നത്. വെല്‍ക്കം ടും ഊട്ടി, നൈസ് ടു മീറ്റ് യൂ. കാരണം നിങ്ങള്‍ക്കും ഞങ്ങള്‍ക്കും ഊട്ടിയെക്കുറിച്ച് ഒന്നുമറിയില്ല. പുരുഷനെ ലൈംഗികമായി മോചിപ്പിക്കുന്ന സ്ത്രീസുഹൃത്തുക്കള്‍ എത്ര നല്ലവര്‍ എന്നേ കരുതാന്‍ കഴിയൂ. എന്നാലോ സെക്ഷ്വല്‍ ഹരാസ്‌മെന്റ് എന്ന ഒരൊറ്റപദം മൂലം സകല ഉത്തരാധുനികചിന്തയെയും അട്ടിമറിച്ചിരിക്കുന്നു. പിന്നാമ്പുറത്തെ കാലിത്തൊഴുത്തിലേക്ക് മുള്ളിക്കൊണ്ട് ചുരത്തിനില്‍പ്പുണ്ട് ആ ഒരൊറ്റ പദപ്രഹേളിക. അല്ല, മുള്ളാനുള്ളത് നിങ്ങളോട് എന്തു ചെയ്തു. ചെറിമരത്തിന്റെ മൂട്ടില്‍ ആരാണ് മുള്ളിയത്?

 

 

സിതാര എസ് ഒരു കഥ എഴുതിയിട്ടുണ്ട്. പേര്: അഗ്‌നി. ‘ഇന്നലെ എങ്ങനെയുണ്ടായിരുന്നു. അയാള്‍ പെട്ടെന്നൊരാഭാസച്ചിരിയോടെ ചോദിച്ചു. മൂന്നു, നാലു സെക്കന്റ് അയാളുടെ കണ്ണുകളിലേക്കു വെറുതേ നോക്കി പ്രിയ സാധാരണ മട്ടില്‍ പുഞ്ചിരിച്ചു. ‘നിങ്ങള്‍ ഒട്ടും പോരായിരുന്നു’

 

അപ്പോള്‍ സംഗതികള്‍ വന്നുതുടങ്ങി. അക്രമികളും ഒരു ക്രമം നിര്‍ദേശിക്കുന്നു. നിയമങ്ങള്‍ എല്ലായ്‌പ്പോഴും ഒരു ക്രമം സൃഷ്ടിക്കുന്നു.. അത് മദ്യം നിരോധിക്കും, കുടിയന്മാരെ നിരോധിക്കില്ല. കാരണം നിയമത്തിനെ കണ്ണുകള്‍ കെട്ടിമൂടിയിരിക്കുന്നു. നിയമങ്ങളില്ലാതെ ഒരു ഹെഡോണിസത്തിനും സര്‍വ്വതോന്മാദത്തില്‍ ആഘോഷിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ചെറിമരങ്ങള്‍ പൂത്തുലയുന്നു. അഥവാ വസന്തത്തെ തടയാനാവില്ല എന്ന്‍ എഴുതിയതും നെരൂദയാണെന്ന് ഓര്‍മ്മിക്കുന്നു.

 

ലിംഗത്തിന്റെ രാഷ്ട്രീയം സ്ത്രീപക്ഷചിന്തകരെ അലോസരപ്പെടുത്താനിടയുണ്ട്. വനിതാക്ഷേമവും സാമൂഹികക്ഷേമവും തരമുണ്ടെങ്കില്‍ സ്ത്രീകളെ ഏല്‍പ്പിക്കുന്ന രാഷ്ട്രീയവകുപ്പുകളാണ്. അത് അവര്‍ക്കുമാത്രം നിര്‍വ്വഹിക്കാവുന്നത് എന്ന രീതിയില്‍ ടൈപ്പ് ചെയ്തിട്ടുണ്ട്. ആരും പ്രതിഷേധിക്കാനിടയില്ല. പ്രതിരോധവകുപ്പുകൂടി ഏല്‍പ്പിച്ചാല്‍ പുരുഷാധികാര ഭാഷയില്‍നിന്നുകൊണ്ട് താരതമ്യപ്പെടുത്തുന്നു എന്നതാവും പ്രശ്‌നം. കാരണം ഭാഷാചരിത്രം പുരുഷനെ ഏല്‍പ്പിച്ചുകൊടുത്തവര്‍ക്ക് അവനവനാത്മസുഖത്തിനാചരിക്കുന്നവ മാത്രമേ പ്രകടമായും പ്രസക്തമാവുകയുള്ളൂ. പുരുഷനെത്തന്നെ ശാക്തീകരിക്കുന്ന റിഫ്‌ലക്‌സിവിറ്റിയിലേക്കെത്തിക്കുന്നു. വീടുകളില്‍ അടച്ചുപൂട്ടി എന്‍ട്രന്‍സ്‌ മെഷീനുകളാക്കപ്പെടുന്ന മധ്യവര്‍ഗ ആണ്‍കുട്ടികള്‍ക്ക് ഈ ചേച്ചിമാരുടെ ട്യൂഷന്‍ ഉപകാരപ്പെടും. തീര്‍ച്ച. പക്ഷെ ഇതേ റിഫ്‌ലക്‌സിവിറ്റി ഒരു ഉത്തരാധുനിക ലിബറല്‍ സമൂഹത്തിന് ഏറ്റവും വലിയ പാരയാണ്. അത്രേം മനസിലാക്കണം.

 

എടാ എന്ന് തമ്മില്‍ത്തമ്മില്‍ വിളിക്കുന്നതില്‍ പെണ്‍കുട്ടികള്‍ക്ക് എന്തെങ്കിലും ആണ്‍കോയ്മ അശ്ലീലം (ugly male supremacy) തോന്നിയിട്ടുണ്ടാവില്ല. എടീ എന്നു വിളിക്കുന്നതില്‍നിന്ന് അതിന് എന്തെങ്കിലുമൊരു ശക്തി നല്‍കാനായിട്ടുണ്ടോ? നേര്‍ത്ത ചര്‍മ്മമുള്ള പല സദാചാരവ്രണങ്ങളും ഉള്ള, ഒരു ഭാഷായുക്തിയും പരിഗണിക്കാത്ത രീതിയില്‍ കുട്ടികള്‍ തിരുത്തുന്നുണ്ട്. കാരണം മായ്ക്കാവുന്ന ബോര്‍ഡുകളേ നമ്മുടെ ക്ലാസ്മുറികള്‍ക്കുള്ളൂ.

 

ഉണര്‍ന്നിരിക്കുമ്പോള്‍ സംഭവിക്കുന്ന വിവേചനം ഉറങ്ങാന്‍ കിടന്നാലും വിട്ടുപോവുന്നില്ല എന്നമട്ടിലാണ് ആണ്‍കുഞ്ഞുങ്ങളുടേത് എന്നുപറഞ്ഞ് താരാട്ടുപാട്ടുകളെ ആക്രമിക്കുന്നത്. പാവ്‌ലോവിന്റെ നായകളെപ്പോലെ അത് ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന അശ്ലീലമാവുന്നു എന്നതൊക്കെ വായിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ കരയുന്നു. ആര്‍ക്കും ഉറങ്ങാന്‍ കഴിയുന്നില്ല. ശ്ശൊ. ഉറങ്ങാനും സമ്മതിക്കില്ല. ഉറക്കം നടിക്കുകയാണെന്ന് ആരോപിച്ചുകളയും. അയ്യോ.

 

സത്യത്തില്‍ പെണ്മകളെ ആരെങ്കിലും നിര്‍ബന്ധിക്കുന്നുവെങ്കില്‍ അത് കണ്‍ഫോമിസ്റ്റുകളാവും. അവര്‍ കാല്‍നഖമെഴുതുന്ന നമ്രമുഖികളെ കാണുവാന്‍ കൊതിക്കുന്നുവോ? ജീന്‍സിട്ട പെണ്‍കുട്ടികളെ നമ്മള്‍ ഇഷ്ടപ്പെട്ടുകഴിഞ്ഞതല്ലേ. എന്നിട്ടിതാ, പിന്നെയും, ബസില്‍ വെവ്വേറെ സീറ്റുകള്‍, സ്ത്രീകളുടെ സീറ്റില്‍ പുരുഷന്മാര്‍ ഇരിക്കരുത് എന്ന മുന്നറിയിപ്പ്, എന്താ സീറ്റു കണ്ടാല്‍ ഇരിക്കാന്‍ തോന്നുന്നത് പുരുഷന് മാത്രമാണോ. അതോ പുരുഷന് നിഷേധിക്കാന്‍ കഴിയുന്ന സീറ്റുകളേ ഈ സ്ത്രീകള്‍ക്ക് ഉണ്ടാവൂ എന്നുമാണോ? വേറിട്ട വായന പെണ്മയെ സംബന്ധിച്ച് വേണമെന്ന് ആവശ്യപ്പെടുന്നവര്‍ ഭാഷയുടെ കാപട്യത്തെ വേറിട്ടുമനസിലാക്കുന്നില്ല. ഏതൊരു ഭാഷയും അന്യഭാഷയെപ്പോലെ അവിശ്വസിക്കപ്പെടുന്നതാണ്. കാരണം അത് ഒരു സ്‌ക്രിപ്റ്റാണ്. അത് ഒരു കോഡുമാണ്. അങ്ങനെയാവുമ്പോള്‍ പ്രോസ്‌തെറ്റിക് ആയ ബോധ്യം ചിലപ്പോള്‍ നമ്മള്‍ വിചാരിക്കാത്തയിടത്തേക്ക് ആശയങ്ങളെ വലിച്ചിഴക്കുന്നു. അതാണ് ലിംഗത്തെ ഉപേക്ഷിച്ച് വായിക്കാന്‍ കഴിയാത്തവിധം അന്ധരാവുന്ന, മങ്ങിയ കാഴ്ച്ചകള്‍ കണ്ടുമടുത്തവര്‍ക്ക് സംഭവിക്കുക. സ്ത്രീകള്‍ എഴുതുന്നത് വായിക്കാന്‍ ആളുകള്‍ ധാരാളമുള്ള, ഒരു പക്ഷെ ബഷീറിനെക്കാള്‍ മാധവിക്കുട്ടി വായിക്കപ്പെട്ട, ഒരു അധികാരശൂന്യതയുണ്ട് ഭാഷയില്‍. ചിലപ്പോള്‍ അതങ്ങനെയാണ്. നിഴല്‍യുദ്ധം തോക്ക് ആവശ്യപ്പെടുന്നില്ല. കുറച്ച് ഇരുട്ട് മാത്രമേ ആവശ്യമുണ്ടാവൂ.

 

(പയ്യന്നൂര്‍ സ്വദേശിയായ പ്രിയന്‍ അലക്‌സ് വെറ്ററിനറി സര്‍ജനായി ജോലി ചെയ്യുന്നു)

 

*Views are personal

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍