UPDATES

പ്രവാസം

ബ്രിട്ടനില്‍ കുടിയേറ്റ വനിതകള്‍ക്ക് ഇംഗ്ലീഷ് പരീക്ഷ; പാസായില്ലെങ്കില്‍ രാജ്യത്തു നിന്ന് പുറത്താക്കും

അഴിമുഖം പ്രതിനിധി

ബ്രിട്ടനിലെ കുടിയേറ്റ വനിതകള്‍ക്ക് വെല്ലുവിളിയായി പുതിയ നിയമം. സര്‍ക്കാര്‍ നടത്തുന്ന ഇംഗ്ലീഷ് പരീക്ഷ പാസാകാത്തവരെ നാടുകടത്തുമെന്നാണ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ അറിയിച്ചിരിക്കുന്നത്. രാജ്യത്തേക്ക് കുടിയേറിയവരില്‍ രണ്ടര വര്‍ഷം കഴിഞ്ഞവര്‍ക്കാണ് പുതിയ പരീക്ഷ നടത്തുന്നത്. ഇതില്‍ വിജയിക്കാത്തവരെ പുറത്താക്കാനാണ് നീക്കം. എന്നാല്‍ ഈ നിയമത്തിലൂടെ ബ്രിട്ടന്‍ കണ്ണുവച്ചിരിക്കുന്നത് ബ്രിട്ടനിലേക്ക് കുടിയേറുന്ന മുസ്ലിം വനിതകളെയാണ്. വിവാഹിതയായി വരുന്ന വനിതളുടെ( സ്പൗസല്‍ വിസയില്‍ വരുന്നവര്‍) കുടിയേറ്റം കുറയ്ക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് അറിയുന്നു.

ഇതിനെ സാധൂകരിക്കുന്ന പ്രസ്താവനകള്‍ പ്രധാനമന്ത്രിയില്‍ നിന്നു തന്നെ വന്നിട്ടുണ്ട്. ബ്രിട്ടനില്‍ താമസിക്കുന്ന മുസ്ലിം വനിതകളില്‍ 190,000 പേര്‍ ഇംഗ്ലീഷ് ഒട്ടും അറിയാത്തവരും അല്‍പ്പസ്വല്‍പ്പം മാത്രം സംസാരിക്കുന്നവരാണ്. പലരും അടിസ്ഥാനപരമായി എന്തെങ്കിലുമൊക്കെ അറിഞ്ഞുവച്ചുകൊണ്ടാണ് രാജ്യത്തേക്ക് വരുന്നത്. ഇവരുമായി ഭര്‍ത്താക്കന്മാര്‍ക്ക് ആശയവിനിമയം നടത്താന്‍ പോലും ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ബ്രിട്ടനിലേക്ക് വരുന്നവര്‍ക്ക് ചില ഉത്തരവാദിത്വങ്ങള്‍ ഉണ്ട്. ഭാഷ അറിയാത്ത അവസ്ഥ രാജ്യത്ത് ഉണ്ടാകുന്നത് നല്ലതല്ല. അതുകൊണ്ട് സര്‍ക്കാര്‍ ഒരു പ്രത്യേക ഉത്തരവാദിത്വം ഏറ്റെടുക്കുകയാണ്. ഇംഗ്ലീഷ് പരിജ്ഞാനം ഇല്ലാത്തവര്‍ക്കും അതു മെച്ചപ്പെടുത്താന്‍ തയ്യാറായവരെയുമാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. നിങ്ങള്‍, നിങ്ങളുടെ ഭാഷാ പ്രവിണ്യം മെച്ചപ്പെടുത്താന്‍ തയ്യാറാകുന്നില്ലെങ്കില്‍ അതു നിങ്ങളെ ഈ രാജ്യത്ത് നിലനിര്‍ത്തുന്നതിന് തടസമാകും. കാമറൂണ്‍ ടൈംസില്‍ എഴുതിയ തന്റെ കോളത്തിലൂടെ മുന്നറിയിപ്പ് നടത്തുന്നു.

രാജ്യത്തേക്ക് അന്യദേശക്കാരായ ഭാര്യമാരുമായി വരുന്ന ബ്രിട്ടീഷ് പൗരന്മാരും രാജ്യത്തെ നിയമത്തെക്കുറിച്ച് ബോധവാന്മാകണമെന്നും കാമറൂണ്‍ ഉപദേശിക്കുന്നു. അല്ലെങ്കില്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവര്‍ക്ക് ഈ നിയമത്തിലൂടെ മനസിലാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുന്നു. 28 മില്യണാണ് ഇത്തരമൊരു ഇംഗ്ലീഷ് പരിജ്ഞാന ടെസ്റ്റിനായി ബ്രിട്ടന്‍ ചെലവാക്കുന്നത്. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ സ്പൗസല്‍ വീസയില്‍ എത്തുന്ന സ്ത്രീകള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പരീക്ഷയില്‍ പങ്കെടുക്കണം. ഇതില്‍ വിജയിച്ചാല്‍ മാത്രമെ അവര്‍ക്ക് രാജ്യത്ത് തുടരാന്‍ കഴിയുകയുള്ളൂ.

അതേസമയം ഇംഗ്ലീഷ് ഭാഷ മെച്ചപ്പെടുത്തണമെന്ന നിര്‍ദേശത്തിന് ഭീകരവാദവുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെടുത്താന്‍ ശ്രമിക്കേണ്ടതിലെന്നും കാമറൂണ്‍ വ്യക്തമാക്കുന്നുണ്ട്. ഇത് രാജ്യത്തിന്റെ ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം മാത്രമാണ്. ഭാഷയറിയുന്നതിലൂടെ നാടിന്റെ മഹത്വത്തെക്കുറിച്ചും ഇവിടെയെത്തുന്നവര്‍ ബോധവാന്മാരാകുമെന്നു കാമറൂണ്‍ ചൂണ്ടിക്കാണിക്കുന്നുമുണ്ട്.

എന്നാല്‍ കാമറൂണ്‍ സര്‍ക്കാരിന്റെ പുതിയ നിയമത്തിനെതിരെ ബ്രിട്ടനിലെ വിവിധ മുസ്ലിം സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. മുസ്ലീങ്ങളെ കരിവാരിതേക്കുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നതെന്ന് വിമര്‍ശനമുയരുന്നു. മുസ്ലിങ്ങള്‍ നാടിനായി നല്‍കുന്ന സേവനങ്ങളെ കാണാതെ പോവുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍