UPDATES

സിനിമ

മലയാളത്തിന് ഒരു മികച്ച നടി എന്ന് വരും?

Avatar

ശിവന്‍ മുസിരിസ്

ബോളിവുഡിൽ ഖാൻ ത്രയങ്ങളുടെ ആരവങ്ങൾക്കിടയിലേക്കാണ് രണ്ടായിരത്തി എട്ടിൽ മധുർ ഭണ്ഡാർക്കർ എന്ന സംവിധായകൻ തികഞ്ഞ നിശബ്ദതയോടെ  ‘ഫാഷൻ’ എന്ന സ്ത്രീപക്ഷ സിനിമയുമായി കടന്നു വന്നത്. പുരുഷതാരാധിപത്യമില്ലെങ്കിൽ സിനിമകൾ വിജയിക്കില്ല എന്ന പൊതു തത്വത്തെ ലംഘിച്ചു കൊണ്ട് ഭണ്ഡാർകർ നടത്തിയ ആ മുന്നേറ്റത്തെ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. ഫലമോ, പതിനെട്ടു കോടി ചിലവിൽ നിർമ്മിച്ച ചിത്രം ബോക്സ്‌ ഓഫീസിൽ അറുപതു കോടി നേടി ലാഭം കൊയ്തു. മാത്രമല്ല, മികച്ച നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയ ഫാഷൻ ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡ്‌ പ്രിയങ്ക ചോപ്രക്കും, മികച്ച സഹനടിക്കുള്ള അവാർഡ്‌ കങ്കണ റണോത്തിനും (എന്റെ അഭിപ്രായത്തിൽ പ്രിയങ്കയെക്കാളും  മികച്ച  പ്രകടനം നടത്തിയത് കങ്കണയാണ്) നേടി കൊടുക്കുകയുണ്ടായി.  

ഫാഷനിൽ നിന്നുള്ള ഊർജ്ജമാവണം മിലൻ ലുഥെരിയ എന്ന സംവിധായകന്, 2011ൽ , വിദ്യാ ബാലനെ നായകനാക്കി ‘ഡർട്ടി പിക്ചർ’ എന്ന സിനിമ ഒരുക്കാൻ ധൈര്യം പകർന്നത്. വിദ്യാ ബാലനെ നായകനാക്കി എന്ന് വെറുതെ എഴുതിയതല്ല. ബോളിവുഡിലെ താര രാജാക്കന്മാരുടെ കുത്തകയായ നൂറു കോടി ക്ലബ്ബിലേക്കാണ് ഡർട്ടി പിക്ചർ അനായാസം നടന്നു കയറിയത്.  “വിദ്യാജി തോ ഡർട്ടി പിക്ചർ കാ ഹീറോ ഹെ” എന്നൊരു സംഭാഷണവും അക്കാലത്ത് ബോളിവുഡിൽ  രൂപപ്പെട്ടിരുന്നു. വിദ്യാ ബാലൻ എന്ന നായകൻ ബോക്സ്‌ ഓഫീസ് കീഴടക്കിയപ്പോൾ രേഷ്മ എന്ന ശക്തമായ നായികാ കഥാപാത്രം കീഴടക്കിയത് ദേശീയ അവാർഡ്‌ ജൂറിയുടെ ഹൃദയമായിരുന്നു. അങ്ങനെ ആ വർഷത്തെ മികച്ച നടിക്കുള്ള ദേശീയ അവാർഡ്‌ ജേതാവായി മാറി വിദ്യാ ബാലൻ.

ചക്ക വീണു മുയൽ ചത്തപ്പോൾ ഉണ്ടായ നായികയല്ല എന്ന് തെളിയിക്കുന്നതായിരുന്നു വിദ്യാ ബാലന്റെ അടുത്ത സിനിമ. വെറും എട്ടു കോടി രൂപ മുതൽ മുടക്കിൽ സുജോയ് ഘോഷ് ഒരുക്കിയ ‘കഹാനി’ എന്ന സിനിമയും നൂറു കോടി ക്ലബ്ബിൽ ഇടം നേടുന്നത് അമ്പരപ്പോടെയും അവിശ്വസനീയതയോടെയും ആണ് ബോളിവുഡ്  നോക്കി കണ്ടത്.  നായക സങ്കല്പ്പങ്ങളുടെ പൂർണ്ണതയിലേക്ക് ഒരു നായിക എങ്ങനെ എത്തിച്ചേരുന്നു എന്ന് ദൃശ്യവൽകരിച്ച ക്ലൈമാക്സ്‌ തന്നെയായിരുന്നു ചിത്രത്തിൽ ഏറ്റവും ശ്രദ്ധയാകർഷിച്ച ഘടകം. ഗൌരി ഷിൻഡേയുടെ ‘ഇംഗ്ലീഷ് വിംഗ്ലീഷ്’ 2012ൽ മറ്റൊരു ബോക്സോഫീസ് വിസ്മയം സൃഷ്ടിച്ചു. തൊണ്ണൂറു കോടി നേടിയതിനു പുറമേ നിരവധി അന്താരാഷ്ട്ര മേളകളിൽ പ്രദർശിപ്പിക്കുകയും ഓസ്കറിലെ മികച്ച വിദേശ ഭാഷ ചിത്രത്തിലേക്കുള്ള  ഇന്ത്യയുടെ ഔദ്യോഗിക ചിത്രമായി പരിഗണിക്കപ്പെടുകയും ചെയ്തു ഗൌരി ഷിൻഡേയുടെ ഈ കന്നിച്ചിത്രം.

മുകളിൽ പ്രതിപാദിച്ച ചിത്രങ്ങളുടെ വിജയം ഹിന്ദി സിനിമയിൽ വലിയൊരു മാറ്റത്തിനു കളമൊരുക്കുകയാണ് ചെയ്തത്. നായികാ പ്രാധാന്യമുള്ള സിനിമകൾക്കും തുല്യ വിപണി ഉണ്ട്, അഥവാ വിപണി സാധ്യത കൂടുതലാണ് (കാരണം ചിത്രം ഒരുക്കുന്ന ചിലവ് കുറവ് തന്നെ) എന്നുള്ള ഒരു തിരിച്ചറിവ്  അണിയറയിൽ ഉള്ളവർക്ക് ഉണ്ടായി.  തുടർന്ന്  ഗുലാബ് ഗ്യാംഗ്, ഫൈണ്ടിംഗ് ഫാന്നി, ക്വീൻ , റിവോൾവർ റാണി, ബോബി ജാസൂസ്‌, മർദാനി, ക്രിയേച്ചർ, ഖൂബ് സൂരത് എന്നിങ്ങനെ നിരവധി സ്ത്രീപക്ഷ/ നായികാ പ്രാധാന്യ സിനിമകൾ ഇറങ്ങുകയും അവയിൽ ഭൂരിഭാഗവും ബോക്സ്‌ ഓഫീസ് വിജയങ്ങൾ ആവുകയും ചെയ്തു.

ഇവയിൽ എടുത്തു പറയേണ്ട ഒരു സിനിമയാണ് ‘ക്വീൻ’. 2008ൽ തലനാരിഴക്ക് നഷ്ടപ്പെട്ട മികച്ച നടിക്കുള്ള ദേശീയ അവാർഡ്‌ കങ്കണ റണോത്ത് തിരിച്ചു പിടിച്ചത് ഈ ചിത്രത്തിലൂടെ ആണ്. മാത്രമല്ല, പുരുഷകേന്ദ്രീകൃത ഉത്തരേന്ത്യൻ വിവാഹ രീതികളോടുള്ള ഒരു പെണ്‍കുട്ടിയുടെ  തനിച്ചുള്ള പോരാട്ടം കൂടിയാണ് ‘ക്വീൻ’ എന്ന സിനിമ. പുരുഷന്റെ താല്പ്പര്യങ്ങൾക്കനുസരിച്ചു ചിട്ടപ്പെടുത്താതെയും സ്ത്രീക്ക് ജീവിക്കാൻ കഴിയും എന്ന് തുറന്നു കാണിക്കുന്ന ഈ സിനിമ നൂറു കോടി ക്ലബ്ബിനു തൊട്ടടുത്ത് എത്തുകയുണ്ടായി.

ക്വീൻ, ഫാഷൻ, ഡർട്ടി പിക്ചർ എന്നീ മൂന്നു സിനിമകളെ പരിഗണിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. മൂന്നു സിനിമകളും ബോക്സ്‌ ഓഫീസിൽ വൻ വിജയങ്ങൾ ആകുക മാത്രമല്ല, അതിലെ നായികമാർക്ക് മികച്ച നടിക്കുള്ള ദേശീയ അവാർഡ്‌ നേടി കൊടുക്കുകയും കൂടി ചെയ്തു എന്നതാണ് അത്.  കഴിഞ്ഞ നാല് വർഷത്തിനിടെ മൂന്നു വട്ടവും ഹിന്ദി സിനിമയാണ്  ഈ അവാർഡ്‌ കൊണ്ട് പോയത് എന്നത് കൂടി എടുത്തു പറയേണ്ട കാര്യമാണ്. അതിൽ 2013ലെ അവാർഡ്‌ ഹിന്ദിയിൽ എത്തിച്ചത്  മലയാളിയായ  ഗീതു മോഹൻദാസ്‌ (ചിത്രം – ലയഴ്സ് ഡയസ്, നടി – ഗീതാഞ്ജലി ഥാപ്പ ) ആണ് എന്നുള്ളതും ശ്രദ്ധേയമാണ്. 

ഈ ഒരു സാഹചര്യത്തിൽ ആണ് മലയാള സിനിമയിലേക്ക് മികച്ച നടിക്കുള്ള അവാർഡ്‌ അവസാനമായി  എത്തിയത് എന്നാണ് എന്നുള്ള പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത്. 2003ൽ “പാഠം ഒന്ന് ഒരു വിലാപം” എന്ന സിനിമയിലൂടെ മീര ജാസ്മിൻ ആണ് അത് നേടിയത്. അതായതു കഴിഞ്ഞ ഒരു വ്യാഴവട്ടക്കാലമായി ദേശീയ തലത്തിലേക്ക് ഒരു മികച്ച നടിയെ സംഭാവന ചെയ്യാൻ മലയാളത്തിനു കഴിഞ്ഞില്ല എന്ന് സാരം.

ഈ കാലയളവിൽ രണ്ടു പ്രാവശ്യം വീതം തമിഴ്, കന്നഡ, മറാത്തി സിനിമകളിൽ നിന്ന് മികച്ച നടിയുണ്ടായി എന്ന് കൂടി ഓർക്കേണ്ടതുണ്ട്. എന്തുകൊണ്ട് മലയാളത്തിൽ നിന്ന് മികച്ച നടിമാർ ഉണ്ടാവുന്നില്ല? ‘നായികാ പ്രാധാന്യമുള്ള സിനിമകൾ മലയാളത്തിൽ ഉണ്ടാവുന്നില്ല’ എന്ന വളരെ ലളിതമായ ഉത്തരമാണ് ഈ ചോദ്യത്തെ നേരിടുമ്പോൾ നമുക്ക് ലഭിക്കുന്നത്.  മലയാളത്തിലെ ഒരു പ്രശസ്ത സംവിധായകനോട് ഒരവസരം കിട്ടിയപ്പോൾ ഞാൻ ഈ ചോദ്യം നേരിട്ട് ചോദിക്കുകയുണ്ടായി . അദ്ദേഹം പറഞ്ഞ മറുപടി “നിർമ്മാതാക്കൾ തയ്യാറാവില്ല , അവർ ലാഭത്തിനു വേണ്ടിയല്ലേ സിനിമ എടുക്കുന്നത്..നായകൻ ഇല്ലെങ്കിൽ മുടക്ക് മുതൽ തിരിച്ചു പിടിക്കാൻ പറ്റില്ല” എന്നതായിരുന്നു. അപ്പോൾ എന്റെ മനസ്സിലേക്ക് അടുത്തിടെ ഇറങ്ങിയ ബോക്സ്‌ ഓഫീസ് വിജയം നേടിയ ചില സ്ത്രീപക്ഷ മലയാള സിനിമകൾ കടന്നു വന്നു. സംവിധായകൻ പറഞ്ഞത് ശരിയാണ്. സ്ത്രീപക്ഷ സിനിമകൾ ആയിരുന്നിട്ടു കൂടി 22 ഫീമെയിൽ കോട്ടയം, ഓം ശാന്തി ഓശാന, ഹൗ ഓൾഡ്‌ ആർ യു എന്നീ സിനിമകളിൽ വിപണി വിലയുള്ള നായകന്മാരെ കൂടി  ഉൾപ്പെടുത്തിയത് നായികമാർ മാത്രം പ്രശസ്തരും നായകന്മാർ പുതുമുഖങ്ങളോ ഉയർന്നു വരുന്നവരോ ആയാൽ ചിത്രങ്ങൾ ബോക്സ്‌ ഓഫീസിൽ തകരുമോ എന്ന ഭയം നിർമ്മാതാവിനും സംവിധായകനും ഉള്ളത് കൊണ്ട് കൂടിയാണ്. പക്ഷെ, പുരുഷ താരങ്ങളെ  ഉൾപ്പെടുത്തുമ്പോൾ നിർമ്മാണ ചിലവിൽ വരുന്ന കുത്തനെ ഉള്ള വർദ്ധനവിനെ കുറിച്ച് ഇവരൊന്നും ബോധവാന്മാരല്ലേ എന്നുള്ള ഒരു ചോദ്യം ഇവിടെ ഉയരുന്നുണ്ട്. ഹിന്ദിയിൽ അമ്പതു കോടി മുടക്കി എടുക്കുന്ന നായക പ്രാധാന്യമുള്ള സിനിമകൾ നൂറു കോടി നേടുന്നു എന്നതിൽ അതിശയോക്തിയില്ല. പക്ഷെ, വെറും എട്ടു കോടി മുടക്കി എടുത്ത കഹാനിയും നൂറു കോടി നേടുമ്പോൾ അതിനർത്ഥം പ്രേക്ഷകർ അംഗീകരിക്കുന്നത്,നായകനോ നായികയോ നിർമ്മാണ ചിലവോ എന്നതിനപ്പുറം, സിനിമയുടെ കഥയിലും അവതരണത്തിലും ഉള്ള ശക്തിയെയാണ്. അതിവിടത്തെ നിർമ്മാതാക്കളും സംവിധായകരും മനസ്സിലാക്കേണ്ടിയിരിക്കുന്നു എന്ന് തോന്നുന്നു.

ശക്തവും ജീവിത ഗന്ധിയുമായ  പ്രമേയങ്ങളെ മലയാളി പ്രേക്ഷകർ അപൂർവ്വമായേ തള്ളിക്കളയൂ എന്നിരിക്കെ ഇപ്പോൾ നിലനില്ക്കുന്ന ഈ പ്രവണത മലയാള സിനിമ അവസാനിപ്പിക്കേണ്ടതുണ്ട്. നായികാ പ്രാധാന്യമുള്ള മുഖ്യധാര സിനിമകൾ ഒരുക്കാൻ ഇവിടത്തെ സംവിധായകരും നിർമ്മാതാക്കളും തയ്യാറാവാത്തിടത്തോളം മലയാള സിനിമയിൽ നിന്ന് ഒരു മികച്ച നടിക്കുള്ള ദേശീയ അവാർഡിനായി വ്യാഴവട്ടങ്ങൾ പലത് കാത്തിരിക്കേണ്ടി വരും.

(തൃശൂര്‍ സ്വദേശിയാണ് ലേഖകന്‍. സെക്കന്ധരബാദില്‍ ജോലി ചെയ്യുന്നു)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍