UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അതുകൊണ്ട് സ്ത്രീകളെ, ഇനിയും കാത്തിരിക്കണമെന്ന് പറയാന്‍ അനുവദിക്കരുത്

ചാര്‍മി ഹരികൃഷ്ണന്‍

പിന്നാക്ക സമുദായങ്ങള്‍ ക്ഷേത്രപ്രവേശനത്തിനായി സമരം ചെയ്യുകയും അതു നേടിയെടുക്കുകയും ചെയ്ത് 80 വര്‍ഷത്തിനുശേഷം കേരളത്തില്‍ രണ്ടാമതൊരു ക്ഷേത്രപ്രവേശന മുന്നേറ്റത്തിനുള്ള സമയമായിരിക്കുന്നു. ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് ‘സ്വാമിയേ ശരണമയ്യപ്പ’ എന്നു വിളിക്കാനും മലമുകളിലെത്തി ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാനുമുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണിത്. ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളെ മറികടക്കാന്‍ നിര്‍ലജ്ജമായ സ്ത്രീവിദ്വേഷത്തെ അനുവദിക്കണോ എന്നതാണ് ഈ വിഷയം പരിഗണനയ്‌ക്കെടുക്കുമ്പോള്‍ സുപ്രീം കോടതി ഉത്തരം പറയേണ്ട ചോദ്യം. ‘ശരിയായ വിശ്വാസികളെ’ന്ന് അവകാശപ്പെടുന്ന സ്ത്രീ, പുരുഷന്മാര്‍ ആചാരങ്ങളെ – അവ സ്ത്രീകളെ ഒഴിവാക്കുന്നവയായാലും – ബഹുമാനിക്കണമെന്നു വാശിപിടിക്കുമ്പോള്‍ കോടതിക്കും സമൂഹത്തിനും മുന്നിലുള്ള ചോദ്യം ലളിതമാണ് – ദൈവങ്ങള്‍ നമ്മുടെ അധമവികാരങ്ങളെയാണോ അതോ കുലീനമായ അഭിലാഷങ്ങളെയാണോ പ്രതിഫലിപ്പിക്കേണ്ടത്?

പത്തും അന്‍പതും വയസിനിടയിലുള്ള, പ്രത്യുത്പാദനക്ഷമതയുള്ള സ്ത്രീകളെ ക്ഷേത്രപ്രവേശനത്തില്‍ നിന്നു വിലക്കുക എന്ന ‘ക്ഷേത്രപാരമ്പര്യം’ നാം തുടരേണ്ടതുണ്ടോ? പ്രായമോ മതമോ അശ്ലീലചിന്തകളോ നോക്കാതെ ലക്ഷക്കണക്കിനു പുരുഷന്മാര്‍ക്കു പ്രവേശനം അനുവദിക്കുന്ന ക്ഷേത്രം ആര്‍ത്തവം നിലയ്ക്കാത്ത ശരീരമുണ്ട് എന്ന കാരണം പറഞ്ഞ് സ്ത്രീകളെ തടയുന്നു.

‘റെഡി ടു വെയ്റ്റ്’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ച് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്ന ഒരു ഡസന്‍ സ്ത്രീകളാണോ രാജ്യത്ത് എന്താണു ശരിയെന്നു തീരുമാനിക്കേണ്ടത്? അവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളും മുന്‍വിധികളും രാജ്യത്തെ സ്ത്രീകളുടെ ഭരണഘടനാപരവും മതപരവുമായ അവകാശങ്ങളെ ഹനിക്കാന്‍ പോന്നതാണോ?

‘അനാദികാല’മെന്ന കെട്ടുകഥ
1991-ല്‍ കേരള ഹൈക്കോടതി (എസ് മഹേന്ദ്രന്‍ Vs തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി) ശബരിമലയിലെ പാരമ്പര്യത്തെ ഉയര്‍ത്തിക്കാട്ടിയിരുന്നു. ’10-നും 50-നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമല ക്ഷേത്രപ്രവേശനത്തിലുള്ള വിലക്ക് അനാദികാലം മുതലുള്ള രീതിക്കനുസൃതമായാണ്.’

ഇത് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. അനാദികാലം എന്നതുകൊണ്ട് കോടതി എന്താണ് ഉദ്ദേശിച്ചത്? പഴയകാല പാരമ്പര്യങ്ങളെ, അവ എത്ര വസ്തുനിഷ്ഠമല്ലാത്തവയായാലും മുന്‍വിധി കലര്‍ന്നവയാണെങ്കിലും വിവേചനപരമായാലും വര്‍ത്തമാനകാലത്തും തുടരാന്‍ നാം അനുവദിക്കുമോ? പൗരസ്വാതന്ത്ര്യത്തെ ഹനിക്കാന്‍ തന്ത്രിമാരെയും ദേവപ്രശ്‌നത്തെയും അനുവദിക്കുമോ? അതോ ഭരണഘടന ‘എല്ലാവര്‍ക്കും’ ഉറപ്പുതരുന്ന ആരാധനാസ്വാതന്ത്ര്യത്തെ അംഗീകരിക്കുമോ? എല്ലാവര്‍ക്കും. ‘ഈ മാസമോ അടുത്തമാസമോ ആര്‍ത്തവമുണ്ടായേക്കാവുന്ന സ്ത്രീകള്‍ക്ക് ശബരിമലയില്‍ ഒഴികെ’ എന്ന് എവിടെയും പറയുന്നില്ല. സ്ത്രീകള്‍ക്ക് ഈ അവകാശം നിഷേധിക്കുന്നതിനെ സര്‍ക്കാരും മതവും സമുദായവും പിന്താങ്ങുന്നത് രാജ്യത്തെ സ്ത്രീകളെപ്പറ്റി എന്തു സൂചനയാണ് നല്‍കുന്നത്? പ്രത്യേകിച്ച് അവര്‍ക്കെതിരെയുള്ള കാലഹരണപ്പെട്ടതും പുരുഷമേല്‍ക്കോയ്മയുടെ ഉത്പന്നവുമായ വിവേചനത്തിന് ഹൈക്കോടതി നിയമസാധുത നല്‍കുമ്പോള്‍?

അനാദികാലമെന്നാണ് (time immemorial) കോടതി പറഞ്ഞത്. ഇത്തരം വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കേണ്ടവയാണ്. കഥകളുടെ ഉത്ഭവം നോക്കുക. മോഹിനി രൂപമെടുത്ത വിഷ്ണുവിന്റെയും ശിവന്റെയും പുത്രനാണ് ഹരിഹരസുതനെന്ന അയ്യപ്പന്‍ എന്നാണു പുരാണം. എന്നാല്‍ ബിബേക് ദെബ്‌റോയ് തുടങ്ങിയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നതുപോലെ പ്രധാനപ്പെട്ട 18 പുരാണങ്ങളിലെവിടെയും അയ്യപ്പനെപ്പറ്റിയോ ശാസ്താവിനെപ്പറ്റിയോ പരാമര്‍ശമേയില്ല. കാനഡയിലെ കാര്‍ലെട്ടന്‍ സര്‍വകലാശാലയില്‍ രാധിക സെകറിന്റേതായുള്ള പ്രബന്ധം പത്തൊന്‍പതാം നൂറ്റാണ്ടിലെ ‘ഭൂതാനന്തോപോഖ്യാനം’ എന്ന സംസ്‌കൃതഗ്രന്ഥത്തെയാണ് ഉദ്ധരിക്കുന്നത്. രാധികയുടെ പ്രബന്ധത്തെ ശ്രദ്ധേയമാക്കുന്നത് മറ്റൊരു കാര്യമാണ്. 1986-87 കാലത്ത് ഗവേഷണത്തിനായി രാധിക ക്ഷേത്രത്തിനകത്തു പ്രവേശിച്ചിരുന്നു. പ്രശസ്തമായ പതിനെട്ടാം പടി കയറാനായില്ലെങ്കിലും വടക്കുവശത്തെ കവാടത്തിലൂടെ അവര്‍ അകത്തുകടന്നു. പുലര്‍ച്ചെ ദര്‍ശനം നടത്തി. എന്നാല്‍ ‘എന്റെ സുരക്ഷയും തീര്‍ത്ഥാടകരുടെ വികാരങ്ങളും കണക്കിലെടുത്ത്’ വൈകിട്ടത്തെ പൂജയില്‍നിന്ന് ഒഴിവാക്കപ്പെട്ടു.’

ശബരിമല ഐതിഹ്യം എന്നതു കൂട്ടിച്ചേര്‍ക്കലുകളും നീക്കം ചെയ്യലുകളുമായി വര്‍ഷങ്ങളായി കൈമാറപ്പെടുന്ന കഥകളുടെയും പാട്ടുകളുടെയും ഭാഗമാണ്. പറയപ്പെടുന്നതുപോലെ അയ്യപ്പന് വാവര്‍ എന്ന മുസ്ലിം സുഹൃത്തുണ്ടായിരുന്നുവെങ്കില്‍ കഥ ആരംഭിച്ചത് ഏഴാം നൂറ്റാണ്ടില്‍ ഇസ്ലാമിന്റെ ആവിര്‍ഭാവത്തിനുശേഷമാകണം. അതേസമയം ശൈവ, വൈഷ്ണവ പാരമ്പര്യമനുസരിച്ച് അയ്യപ്പനില്‍ ബുദ്ധന്റെ അവതാരത്തെ കാണുന്നവരുമുണ്ട്. ‘സ്വാമിയേ ശരണമയ്യപ്പ’ എന്ന വിളി ‘ബുദ്ധം ശരണം ഗച്ഛാമി’ എന്ന ഉച്ചാരണത്തെ അനുസ്മരിപ്പിക്കുന്നു. 41 ദിവസത്തെ വ്രതം ബുദ്ധിസത്തിലെ ബ്രഹ്മചര്യത്തോടു സമാനമാണ്. അങ്ങനെയാണെങ്കില്‍ കഥ വന്നത് കേരളത്തില്‍ ബുദ്ധിസം ക്ഷയിച്ചു തുടങ്ങിയ എട്ടാം നൂറ്റാണ്ടിനും പന്ത്രണ്ടാം നൂറ്റാണ്ടിനും ഇടയ്ക്കാകണം.

നമ്മുടെ ഭൂതകാലം പുനര്‍ലേഖനം ചെയ്യപ്പെടുന്ന ഒന്നാണ്. പാരമ്പര്യങ്ങള്‍ പല തലത്തിലുള്ളവയും കഥകള്‍ നിരവധിയുമാണ്. അതിനാലാണ് ഒരു കഥ ആധികാരികമെന്ന് തീരുമാനിക്കപ്പെടുമ്പോള്‍ പ്രശ്‌നമുണ്ടാകുന്നത്. മുന്‍വിധികളെയും സ്ത്രീവിരുദ്ധതയെയും വിവേചനത്തെയും ഉറപ്പിക്കുന്നതാകുമ്പോള്‍, ഭഗവാനു മുന്നിലെത്താന്‍ പാടില്ലാത്ത അശുദ്ധജീവികളെന്നു മുദ്ര ചാര്‍ത്തി സ്ത്രീകളെ വലിച്ചെറിയുന്നതാകുമ്പോള്‍ കഥ വെല്ലുവിളിക്കപ്പെടേണ്ടതും ഇതിനാലാണ്.

പാരമ്പര്യങ്ങള്‍ ചീഞ്ഞഴുകിയതും സൃഷ്ടിക്കപ്പെട്ടതും
മധ്യകാല അന്ധകാരത്തിലും വിവേചനങ്ങളിലും ആഴ്ന്നിരിക്കുന്ന പാരമ്പര്യങ്ങളെ ആദരിക്കുമ്പോള്‍ കരുതല്‍ പാലിക്കേണ്ടിയിരിക്കുന്നു. നാം ദൂരെ വലിച്ചെറിഞ്ഞ ചില ‘അനാദികാല’ പാരമ്പര്യങ്ങള്‍ ഇവയാണ്. 1865 വരെ സ്ത്രീകള്‍ക്ക് മാറുമറയ്ക്കാന്‍ അവകാശമുണ്ടായിരുന്നില്ല. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം വരെ അവര്‍ണരുടെ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പ്രവേശനമുണ്ടായിരുന്നില്ല. 1936 വരെ താഴ്ന്ന ജാതിക്കാര്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം അനുവദിച്ചിരുന്നില്ല. ശബരിലയിലെ മറ്റൊരു മഹത്തായ പാരമ്പര്യം – എല്ലാ വര്‍ഷവും ജനുവരി 14-നു ലക്ഷക്കണക്കിനു തീര്‍ത്ഥാടകരുടെ മുന്നില്‍ തെളിഞ്ഞിരുന്ന മകരജ്യോതി – മനുഷ്യനിര്‍മിതമായിരുന്നെന്ന്‍ തെളിയിക്കപ്പെട്ടത് ഈയിടെയാണ്.

ഹൈക്കോടതി വിധിക്ക് നാലുവര്‍ഷം മുന്‍പ് രാധിക സേകറിന് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കാമെങ്കില്‍ രഹസ്യമായി സ്ത്രീകള്‍ക്ക് പ്രവേശനാനുമതി നല്‍കിയിരുന്ന ഇവിടെ പ്രവേശനം തടഞ്ഞുകൊണ്ടുള്ള ഏകപക്ഷീയമായ നിയമം വന്നത് അടുത്തിടെയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂ. കൃത്യമായിപ്പറഞ്ഞാല്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹൈക്കോടതി വിധി വന്നതുമുതല്‍. 1991-ലെ ദേവസ്വം കമ്മിഷണര്‍ ജെ ചന്ദ്രിക മറ്റു സ്ത്രീകളുടെ സാന്നിധ്യത്തില്‍ പേരക്കുട്ടിയുടെ അന്നപ്രാശം നടത്തിയതിനെത്തുടര്‍ന്നായിരുന്നു കേസ്. അന്ന് സ്ത്രീകളുടെ പ്രവേശനത്തെ ന്യായീകരിച്ച ദേവസ്വം ബോര്‍ഡ് എല്ലാമാസവും ആദ്യത്തെ അഞ്ചുദിവസം സ്ത്രീകള്‍ക്കു പ്രവേശിക്കാമെന്നും നവംബര്‍ മുതല്‍ ജനുവരി വരെയുള്ള ഉത്സവകാലത്ത് പ്രവേശനമില്ലെന്നും വാദിച്ചു. 1940-ല്‍ 45 വയസുമാത്രമുണ്ടായിരുന്ന തിരുവിതാംകൂര്‍ രാജ്ഞി 1940-ല്‍ ക്ഷേത്രം സന്ദര്‍ശിച്ചതായും പറയപ്പെടുന്നു.

പത്തിനും അന്‍പതിനുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ഇടയ്ക്ക് ആര്‍ത്തവം സംഭവിക്കുന്നതിനാല്‍ 41 ദിവസത്തെ വ്രതമെടുക്കാനാകില്ലെന്നാണ് ഇപ്പോഴത്തെ വാദം. എത്ര ‘ശുദ്ധമാണ്’ ഹൈക്കോടതി വിധിയെന്നതും ശ്രദ്ധേയം. ആര്‍ത്തവം എന്ന വാക്കുപോലും വിധിയിലില്ല. ‘ശാരീരിക കാരണങ്ങളാല്‍ പത്തിനും അന്‍പതിനുമിടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ക്ക് വ്രതാനുഷ്ഠാനം സാധ്യമല്ലെ’ന്നാണ് കോടതി പറഞ്ഞത്.

ഇതു പരസ്യമായി സ്ത്രീകളെ നാണം കെടുത്താനും അടിച്ചൊതുക്കാനുമുള്ള ഉപകരണമായി മാറിയിരിക്കുന്നു. ആര്‍ത്തവശുദ്ധി കണ്ടെത്താനുള്ള യന്ത്രം വരുന്നതുവരെ സ്ത്രീകളുടെ പ്രവേശനം അനുവദിക്കില്ലെന്നു പറയാന്‍ പോലുമുള്ള അവിവേകവും ധാര്‍ഷ്ട്യവും ഇപ്പോഴത്തെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനുണ്ടായി. പുരുഷന്മാരുടെ ശുദ്ധതയും ശരീരദ്രവങ്ങളും അളക്കാനുള്ള യന്ത്രം പ്രയാറിന്റെ പക്കലുണ്ടോ? പുരുഷന്മാര്‍ തുമ്മുകയോ തുപ്പുകയോ മൂത്രമൊഴിക്കുകയോ സ്വയംഭോഗം ചെയ്യുകയോ ഈറന്‍ സ്വപ്‌നങ്ങള്‍ കാണുകയോ ചെയ്തവരാണോ എന്നു പരിശോധിക്കാന്‍ പ്രയാര്‍ ക്ഷേത്ര ശ്രീകോവിലില്‍ നില്‍ക്കുമോ?

സംരക്ഷണം ഭഗവാനോ പുരുഷാധിപത്യത്തിനോ?
അയ്യപ്പന്‍ ബ്രഹ്മചാരിയാണെന്നും അതിനാല്‍ സ്ത്രീകളില്‍നിന്നു സംരക്ഷിക്കപ്പെടേണ്ടയാളാണെന്നുമാണ് കോടതിയില്‍ വന്ന മറ്റൊരു വാദം. നമ്മുടെ അധമവികാരങ്ങള്‍ അയ്യപ്പനില്‍ ചാര്‍ത്തുകയും ഒരു സ്ത്രീയെ കണ്ടാലുടന്‍ പ്രലോഭനീയനാകുന്ന യുവാവായി അയ്യപ്പനെ ചിത്രീകരിക്കുകയും ചെയ്യാതിരിക്കുക. പുരുഷനെയും ദൈവത്തെയും വശീകരിക്കുകയല്ലാതെ മറ്റൊരു കാര്യവും ചെയ്യാനില്ലാത്തവരായി സ്ത്രീകളെയും ചിത്രീകരിക്കാതിരിക്കുക. നിങ്ങളുടെ കെട്ടുകഥയെ ഖണ്ഡിക്കാന്‍ മറ്റൊരു കെട്ടുകഥ കൂടിയേ തീരൂവെങ്കില്‍ ഇതാ: അയ്യപ്പനെ പ്രണയിക്കുന്ന സ്ത്രീ, മാളികപ്പുറത്തമ്മ, തൊട്ടപ്പുറത്ത് കാത്തിരിക്കുന്നു. അവരുടെ ആകര്‍ഷണത്തെ ചെറുക്കാന്‍ അയ്യപ്പനാകുന്നുണ്ടെങ്കില്‍ കറുപ്പണിഞ്ഞ് ഏതാനും അനുഗ്രഹങ്ങള്‍ മാത്രം തേടിവരുന്ന മറ്റനേകം സ്ത്രീകളെ കൈകാര്യം ചെയ്യാനും അദ്ദേഹത്തിനാകും.

വീടുകളിലും ഓഫിസുകളിലും തുല്യത നേടുന്നതിനു പകരം കേരളസ്ത്രീകള്‍ ക്ഷേത്രപ്രവേശനത്തിനുവേണ്ടി പോരാടുന്നതെന്തിന് എന്ന മുറവിളികളും കേള്‍ക്കുന്നുണ്ട്. പോരാട്ടം എല്ലാ തലങ്ങളിലുമുണ്ട്. എന്നാല്‍ ഭരണകൂടം ലൈംഗികവിവേചനത്തിന് അനുമതി നല്‍കുന്നിടത്താണ് യുദ്ധകാഹളം ഏറ്റവും ഉച്ചത്തില്‍ മുഴങ്ങുക. ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്താണ്. സ്ത്രീകളുടെ ക്ഷേത്രപ്രവേശനത്തെ ശക്തമായി എതിര്‍ക്കുന്ന ഒരു സമൂഹത്തിനു നടുവിലാണ് എന്നതിന്റെ ഞെട്ടലിലുമാണ്. സ്ത്രീയും പുരുഷനും തുല്യരല്ല എന്ന ഹാനികരമായ മനോഭാവത്തോടുള്ള വിട പറയലാണ് ക്ഷേത്രപ്രവേശനം അനുവദിക്കുന്നതിലൂടെ സാധ്യമാകുന്നത്. സ്ത്രീകള്‍ കാത്തിരിക്കരുത്. അവര്‍ക്ക് കാത്തിരിക്കേണ്ടതായി വരരുത്.

(ചാര്‍മി ഹരികൃഷ്ണന്‍ ഇക്കണോമിക് ടൈംസില്‍ ജോലി ചെയ്യുന്നു)

 

(www.thewire.in-ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പരിഭാഷ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍