UPDATES

യാക്കോബ് തോമസ്

കാഴ്ചപ്പാട്

യാക്കോബ് തോമസ്

ന്യൂസ് അപ്ഡേറ്റ്സ്

അണിയിച്ചൊരുക്കുന്ന പെണ്‍/ശരീരം അഥവാ ലേഡീസ്/ഫാന്‍സിസെന്ററുകളുടെ നോട്ടം

നാട്ടിന്‍പുറത്ത്‌ ആവശ്യക്കാരേറെയുണ്ടായിരുന്നു അന്ന്‌ കുപ്പിവളകള്‍ക്ക്‌. പല നിറത്തിലുള്ള വളകള്‍ നിറച്ച വലിയ വട്ടിയും തലയില്‍ ചുമന്ന്‌ വള വേണോ വള…കരിവള… കല്ലുവള… കുപ്പിവള… എന്ന്‌ ഓരോ വീടിന്റെ വാതില്‍ക്കല്‍ വന്ന്‌ ഇവര്‍ വിളിച്ച്‌ ചോദിക്കും. വള വില്‍ക്കാനെത്തുന്നവരില്‍ യുവതികളും മധ്യവയസ്ക്കരുമുണ്ട്‌. കടലാസു ചുരുട്ടി ഉണ്ടാക്കിയ കുഴലില്‍ കോര്‍ത്ത കുപ്പിവളകള്‍ തുണിയില്‍ പൊതിഞ്ഞാണ്‌ സൂക്ഷിക്കുന്നത്‌. വള മാത്രമല്ല സിന്ദൂരം, കണ്‍മഷി, ചീര്‍പ്പ്‌, കമ്മല്‍,ഹെയര്‍ ക്ലിപ്പുകള്‍,റിബ്ബണ്‍, കണ്ണാടി, പൊട്ടുകള്‍, മുത്തുമാലകള്‍, പാറ്റാഗുളിക തുടങ്ങി നിരവധി സാധങ്ങളുമുണ്ടാകും. സിനിമാ പേരുകളുള്ള വളകള്‍ക്കായിരുന്നു അന്ന്‌ ആവശ്യക്കാരേറെ. യുവതികള്‍ക്കാകട്ടെ കരിവളകളോടായിരുന്നു പ്രിയം. അഗ്രഹാരങ്ങളുടെ ജില്ലയായ പാലക്കാട്ട്‌ ബ്രാഹ്മണകുടുംബങ്ങളില്‍ ശീമന്തം എന്ന ചടങ്ങ്‌ കുപ്പിവളയണിയിക്കലിന്‌ വലിയ പ്രാധാന്യമുള്ള ഒന്നായിരുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വളക്കാരികളെ നേരത്തെ തന്നെ വിളിച്ചുവരുത്താറുണ്ടായിരുന്നു- (വള വേണോ വള; കേള്‍ക്കുന്നുണ്ടോ ആ വിളി- ജന്മഭൂമി)

“ഹ! എനിക്ക് ഒരു പുരുഷന്റെ ജന്മം കിട്ടിയാല്‍ എത്ര സുഖവും സ്വാതന്ത്ര്യവും ഉണ്ടായിരിക്കും. ഗൃഹം വിട്ടു പുറത്തു യഥേഷ്ടം സഞ്ചരിക്കാം, എല്ലാവരുടെയും നേരെ ദൃഷ്ടിപതിപ്പിക്കാം, ചുരുട്ടുവലിക്കാം, ഇംഗ്ലണ്ടില്‍പോകാം, പാട്ടുപാടി നടക്കാം, ചായക്ലബില്‍ കയറാം, സൈക്കിള്‍ ഓടിക്കാം, കാലുറ ധരിക്കാം, ടൈ കെട്ടാം, ഖിലാഫച്ചുതൊപ്പിവയ്ക്കാം, ചൂരല്‍വടി ധരിക്കാം, ഏതു പുരുഷരോടും നേരിട്ടു സംസാരിക്കാം, വലുതായ ഉദ്യോഗത്തില്‍ പ്രവേശിക്കാം, പത്രം നടത്താം, ശീട്ടുകളിക്കാം…..ഗൃഹഭരണം കൂടാതെ സവാരി അടിക്കാം, കുതിരപ്പുറത്തുകയറാം, ഇപ്രകാരമുള്ള സ്വാതന്ത്ര്യം ലഭിക്കുന്നതാലോചിച്ചാല്‍ അനന്തമ്മാമനും പണിപറവാന്‍ എന്നു മാത്രമേ പറയേണ്ടതുള്ളു”. 1912 കുംഭം-മീനം ലക്കത്തില്‍ ശാരദയില്‍ വന്ന ഞാന്‍ ഒരു ആണായിരുന്നെങ്കില്‍ എന്ന ലേഖനത്തിലെ ഒരു ഭാഗമാണിത്. ആണായാല്‍ അപരിമിതമായ സ്വാതന്ത്ര്യത്തിന്റെ അവസ്ഥയാണെന്നാണ് ഇവിടെ പറയുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ആണിന്റെ അവസ്ഥയില്‍ ഒരുക്കത്തെക്കുറിച്ചോ സൗന്ദര്യത്തെക്കുറിച്ചോ ഒന്നും പറയുന്നില്ലെന്നാണ്. ഇത് ഒരു കാര്യം വ്യക്തമാക്കുന്നു, ആണിന് സൗന്ദര്യം- ചമയം പ്രധാനമല്ല. മറിച്ച് പുറത്തിറങ്ങി പെരുമാറുവാനുള്ള കരുത്താണ് അവനു വേണ്ടത്. അതാണ് അവന്റെ സ്വാതന്ത്ര്യത്തിന്റെ അടയാളം. “അല്ലാതെ തന്നെ അവളെ എവിടെയെല്ലാം കൊണ്ടുപോമെന്നോ? നല്ല നല്ല സിനിമകള്‍, മറ്റും കലാ പ്രദര്‍ശനങ്ങള്‍, ഇങ്ങനെ സന്തോഷത്തിനും വിജ്ഞാനത്തിനും വകയുള്ള പലതിനും ഞാനവളെ കൊണ്ടുപോകും. പതിവായി പുറത്തുപോയി ശീലമുള്ള അവള്‍ക്ക് അണിഞ്ഞൊരുങ്ങാന്‍ എന്റെയത്ര സമയം വേണ്ടതാനും… ആഭരണക്കടയിലും തുണിക്കടയിലും മറ്റു ഭര്‍ത്താക്കന്മാര്‍ കൊണ്ടുകളയുന്നതിന്റെ ഇരട്ടിപ്പണം ചെലവാക്കി ഞാന്‍ വീട്ടില്‍ നല്ലൊരു ലൈബ്രറി ഉണ്ടാക്കിക്കൊടുക്കും…” സരസ്വതിയമ്മ എഴുതിയ ഞാനൊരു ഭര്‍ത്താവായിരുന്നെങ്കില്‍ എന്ന ലേഖനത്തിലെ ഒരുഭാഗമാണിത്. മേല്‍പ്പറഞ്ഞ ഭാഗത്തിന്റെ പൂരകമായിട്ടു വായിക്കാം. ഭാര്യമാരുടെ സൗന്ദര്യഭ്രമത്തെ താനാകുന്ന ഭര്‍ത്താവ് ഇല്ലാതാക്കി അവളെ പുതിയ ശീലങ്ങളിലേക്കു നയിക്കും എന്നാണിവിടെ പറയുന്നത്. ഒരു കാര്യം വ്യക്തമാകുന്നു, സ്ത്രീയെ കുറിച്ചുള്ള സംസാരത്തില്‍ ആദ്യമേ കടന്നുവരുന്നത് അവളുടെ സൗന്ദര്യശീലങ്ങളും ചമയങ്ങളുമാണ്. സാമ്പ്രദായികമായ നമ്മുടെ സാമൂഹ്യഘടനയില്‍ പെണ്ണിനെയും ആണിനെയും വേര്‍തിരിക്കുന്നതില്‍ നിര്‍ണായകമായ സംഗതി സൗന്ദര്യവും അനുബന്ധകാര്യങ്ങളുമാണ്. സുന്ദരി , മനോഹരി എന്ന സൂചനയാണ് സ്ത്രീയെക്കുറിച്ചുള്ള വിശേഷണങ്ങളിലും കാവ്യപ്രയോഗങ്ങളിലും ഏറെ കാണുക. ഏണനയന പോലെ സ്ത്രീയുടെ കണ്ണിനെ സൗന്ദര്യത്തിന്റെ പ്രധാന ഭാഗമാക്കിക്കൊണ്ടും ശരീരത്തെ മൊത്തം കാഴ്ചാഭംഗിയുടെ മാത്രം ഇരിപ്പിടമാക്കുകയും ചെയ്യുന്ന ഭാവനകളാണ് പെണ്‍ വിശേഷങ്ങളില്‍ കാണുന്നത്. അതായത് പെണ്ണിന്റെ ശരീരം അടിസ്ഥാനപരമായി, ചമയിക്കാനുള്ള സൗന്ദര്യ പ്രധാനമാണെന്നും ആണിന്റെ, ചമയം ആവശ്യമില്ലാത്ത കരുത്തുള്ളതുമാണ് എന്ന ദ്വന്ദ്വത്തിലാണ് വിഭജനം പ്രവര്‍ത്തിക്കുന്നത്. ഈ വിഭജനത്തിന്റെ മൂശയില്‍ പ്രവര്‍ത്തിക്കുന്ന ഭിന്ന ശരീര, ലൈംഗികപരമായ ആശയാവലികളുടെ ആകെത്തുകയാണ് നമ്മുടെ സമൂഹത്തിലെ സ്ത്രീ പുരുഷ ബന്ധം.

ഏണാങ്കോജ്വലമായ പട്ടൊരുമരം കാണിച്ചു മംഗല്യകം
താനേ വന്നിതു കാലിണക്കണിയുമച്ചെഞ്ചാറു മറ്റൊന്നിലും
നാനാഭൂഷകള്‍ തന്നു ചെന്തളിരുപോല്‍ ശാഖാഗ്രഭാഗങ്ങളില്‍
കാണിക്കും വനദേവതാകരതലം കൊണ്ടന്യവൃക്ഷങ്ങളും….

അനസൂയ- ഈയുള്ളവര്‍ ആഭരണങ്ങളെടുത്തു പെരുമാറീട്ടില്ല, ചിത്രങ്ങളിലെ പരിചയമനുസരിച്ച് ഓരോന്നും ഓരോ സ്ഥാനത്തണിയിക്കുകയാണ്.
ശകുന്തള- നിങ്ങളുടെ മിടുക്കെനിക്കറിയാമല്ലോ…(ശാകുന്തളം, വിവ. ആറ്റൂര്‍ കൃഷ്ണപിഷാരടി)

 

കാളിദാസന്റെ വിഖ്യാതമായ ശാകുളന്തളത്തിലെ നാലാമങ്കത്തിലെ പ്രഖ്യാതമായ ശകുന്തളയുടെ ആശ്രമ വിടപറയല്‍ രംഗത്തിലെ ഒരു ഭാഗമാണിത്. ദുഷന്ത്യന്റെ കൊട്ടാരത്തിലേക്കു പോകുന്ന ശകുന്തളയ്ക്ക് പ്രകൃതി തന്നെ അണിയാനുള്ള വസ്ത്രങ്ങളും ആഭരണങ്ങളും നല്കുകയാണിവിടെ. ആശ്രമവാസികള്‍ക്കു ആഭരണം പാടില്ലെങ്കിലും ശകുന്തളയെ നന്നായി അണിയിച്ചൊരുക്കിയാണ് യാത്രയാക്കുന്നത്. ആശ്രമത്തില്‍ വളര്‍ന്നവളെ നഗരത്തില്‍ ഭര്‍ത്താവിന്റെ ഭവനത്തിലേക്കു യാത്രയയ്ക്കുമ്പോള്‍ സംഭവിക്കുന്ന ഈ അണിയിക്കല്‍ വളരെ ‘സ്വാഭാവിക’മായിട്ടാണ് വായനയില്‍ അനുഭവപ്പെടുക എന്നുകാണാം. പെണ്ണ് അണിഞ്ഞൊരുങ്ങല്‍ ഉള്ളവളാണെന്നും അതെവിടെയായാലും ‘പ്രകൃതിദത്ത’മായ ശീലംപോലെയുള്ള ഒന്നാണെന്നും ശാകുന്തളം വായിക്കുന്ന കേരളീയ സാമൂഹികതയില്‍ ഉറച്ചിരിക്കുന്നു എന്നുള്ളതാണ്.

 

 

1.
നമ്മുടെ നാട്ടിലെ ഏതു ചെറിയ കവലകളിലും കാണുന്ന ലേഡീസ് സെന്ററുകളെ സാധാരണ ഒരു കച്ചവടസ്ഥാപനം പോലെയാണ് നാം കാണുന്നത്. പുരുഷന്മാര്‍ക്കു കാര്യമായി പ്രവേശനമില്ലാത്ത, എന്നാല്‍ മിക്കപ്പോഴും പുരുഷന്മാരാല്‍ നടത്തപ്പെടുന്ന ഈ സ്ഥാപനങ്ങള്‍ പറയുന്നതെന്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ? സ്ത്രീകള്‍ എന്തൊക്കെ ആഭരണമാക്കണം, ഏതൊക്കെ അവയവങ്ങളെ അലങ്കരിക്കണം, സ്ത്രൈണത എങ്ങനെയായിരിക്കണം എന്നൊക്കെ തീരുമാനിക്കുന്ന, ആ അര്‍ഥത്തില്‍ സ്ത്രീകളെ സവിശേഷമായി മെരുക്കുന്ന വലിയ റോള്‍ ചെയ്യുന്ന സ്ഥാപനമാണ് ഇവ. ശരീരത്തിന്മേല്‍ ആശുപത്രി കഴിഞ്ഞാല്‍ വലിയ അധികാരം കാണിക്കുന്ന, സ്ത്രീയുടെ സൗന്ദര്യത്തെ സവിശേഷമായി അണിയിച്ചൊരുക്കിക്കൊണ്ട്, ആണില്‍ നിന്ന് ഭിന്നയാണ് പെണ്ണ് എന്നു പഠിപ്പിച്ചുകൊണ്ട് ലിംഗപദവിയുടെ നിലവിലുള്ള ആണ്‍ പാഠങ്ങള്‍ ഉറപ്പിക്കുകയും പുതിയ ശീലങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു ഇവ. നമ്മുടെ നാട്ടില്‍ ‘പെണ്‍കട’പോലെ ആണുങ്ങള്‍ക്ക് ‘ആണ്‍കട’യില്ലെന്നുള്ള വസ്തുത, പെണ്ണിനെ പ്രത്യേകമായി മെരുക്കിയെടുക്കേണ്ടതുണ്ടെന്ന പാഠമാണ് അവതരിപ്പിക്കുന്നത്. സ്ത്രീയെന്നത് വേറിട്ട ഒരു ചരക്കാണെന്ന് ഇവ അടിവരയിടുന്നു.

 

കഴുത്ത്, കൈയ്, കാല്, പാദം, നഖം, ചെവി, തലമുടി, നെറ്റി. മൂക്ക് തുടങ്ങി പുറത്തുകാണുന്ന മിക്ക അവയവങ്ങളും സൗന്ദര്യവല്കരിക്കേണ്ടതാണെന്നും അങ്ങനെ പെണ്ണെന്നു പറയുന്നത് സൗന്ദര്യാദികളുടെ ഇരിപ്പിടമാണെന്നും ഈ കടകളിലെ ഓരോ പെട്ടിയും സാധനങ്ങളും പറയുന്നു. അതേസമയം പുരുഷന്റെ അവയവങ്ങളെല്ലാം അലങ്കരിക്കാനില്ലാതെ ‘കരുത്തിന്റെ’ അടയാളങ്ങളായി വെറുതേ കിടക്കുന്നു. അലങ്കാരങ്ങളൊക്കെയിട്ട് ആ അലങ്കാരങ്ങളെ ശ്രദ്ധിച്ചുകൊണ്ടും പരിപാലിച്ചുകൊണ്ടും അവളുടെ സമയത്തിന്റെ നല്ലൊരു പങ്കും അപഹരിച്ചുകൊണ്ട് പെണ്ണിനെ ദുര്‍ബലതയുടെ ശരീരമായി അവതരിപ്പിക്കുന്നു. പെണ്ണ് ഇങ്ങനെ അലങ്കരിക്കപ്പെടേണ്ടവളാണോ? പെണ്ണിന്റെ മൃദുലതയുടെ ആഭരണങ്ങളല്ലാതെ കരുത്തിന്റെ അടയാളങ്ങളായ ഉപകരണങ്ങള്‍ ഇവിടെയുണ്ടോ? ചില കച്ചവട താത്പര്യങ്ങള്‍ക്കനുസരിച്ച് വിട്ടുകൊടുക്കേണ്ടതാണോ അവളുട ശരീരത്തെ? വീട്, മതം, വിദ്യാലയം എന്നിവയേക്കാള്‍ സ്ത്രീയുടെ സ്ത്രീത്വത്തെ ഉല്പാദിപ്പിക്കുന്ന സ്ഥാപനമായി നില്‍ക്കുന്ന ലേഡീസ് സെന്ററുകളെ എങ്ങനെയാണ് നാം വായിക്കുന്നത്, കാണുന്നത്? ഒരുകാര്യം വ്യക്തമാണ്, സാമ്പ്രദായികമായ പെണ്ണത്തത്തെ ഉത്പാദിപ്പിക്കുന്നതില്‍ സാരമായ പങ്കുവഹിക്കുന്നുണ്ട് ഈ കടകള്‍. ഉത്സവപറമ്പുകളിലും പള്ളിപറമ്പുകളിലും എന്നുവേണ്ട എവിടെയും പ്രത്യക്ഷപ്പെടുന്ന ഇവ പെണ്‍ ശരീരത്തെ സവിശേഷവല്കരിക്കുന്നു എന്നതാണ് സംഗതി. പെണ്ണെന്നു പറയുന്നതിനെ കൂടുതല്‍ സൗന്ദര്യവല്കരിക്കുന്നതില്‍ ദത്തശ്രദ്ധമായ ഈ കടകള്‍ ആ അര്‍ഥത്തില്‍ നിലവിലെ പുരുഷാധിപത്യത്തിന്റെ ശക്തമായ ഉപകരണമാണ്. നിലവിലുള്ള പെണ്ണത്തത്തെ പൊളിച്ചെഴുതുന്ന ഒരു പെണ്‍കട സാധ്യമാകുമോ? അഥവാ ആണിനും പെണ്ണിനും ഒന്നിച്ചു ചമയം ചെയ്യാനുള്ള ഒരു പീടിക സാധ്യമാകുമോ എന്നീ ചോദ്യങ്ങള്‍ ഇവിടെ അനിവാര്യമാകുന്നു.

 

2.
ചരിത്രത്തിലെ ആഭരണങ്ങള്‍
സമൂഹരൂപീകരണത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആഭരണങ്ങളും ചമയിക്കലും ഉണ്ടായിട്ടുണ്ട്. കേരളചരിത്രത്തില്‍ ഇത്തരത്തില്‍ വൈവിധ്യമാര്‍ന്ന പെണ്‍ ചമയിക്കലുകള്‍ കാണാം. ജാതി വ്യവസ്ഥ നിയന്ത്രിച്ച ഫ്യൂഡല്‍ കാലത്ത് ജാതി അടയാളങ്ങളായിരുന്നു ആഭരണങ്ങള്‍. പി.ഭാസ്കരനുണ്ണി എഴുതുന്നു- കുറിയിടയിലിലും ആഭരണമണിയലിലുമെല്ലാം ഉണ്ട് ഈ വിവേചനം. ആഢ്യവിഭാഗത്തില്‍ പെട്ട അന്തര്‍ജനങ്ങള്‍ക്ക് കൈകളില്‍ പിച്ചള വളകളാണ്. അതു വലതുകൈത്തണ്ടയില്‍ പതിനെഞ്ചെങ്കില്‍ ഇടതുകൈത്തണ്ടയില്‍ പതിനാലാണ്…. ഇവര്‍ക്കു താലി കമുത്തി താലിയാണ്. ആസ്യവിഭാഗത്തിന്റെ അന്തര്‍ജനങ്ങള്‍ക്കാണെങ്കില്‍ ഓട്ടുവളകളാണുണ്ടാവുക. അതിന് നിയതമായ എണ്ണമാണുണ്ടാവുക. വലതുകൈയില്‍ പത്തെങ്കില്‍ ഇടതുകൈയില്‍ ഒമ്പത്… താലിയാണെങ്കില്‍ ഇക്കട്ടര്‍ക്ക് മലത്തിത്താലിയും. ഇരുവിഭാഗത്തിലെയും വിധവകള്‍ക്ക് കരയും കസവുവുമുള്ള വസ്ത്രമില്ല. ആഭരണവും അവര്‍ക്കില്ല- കവിഞ്ഞാല്‍ ഒരു തുളസിമാല അല്ലെങ്കിലൊരു രുദ്രാക്ഷമാല.
പൊന്നരഞ്ഞാണവും വള്ളിയരഞ്ഞാണവും പാലയ്ക്കാമോതിരവും തണ്ടും മോതിരവും നാഗപടത്താലിയും പപ്പടത്താലിയും ആമത്താലിയും പൂത്താലിയും രൂപംകൊത്തിയ വളയും ഒഴുക്കന്‍ വളയും കാതിലയും തക്കയും തോടയുമെല്ലാം പദവിയും അവസ്ഥയും പോലെ. സാധുക്കള്‍ക്ക് അരയ്ക്കു കെട്ടാന്‍ കറുപ്പുചരടും കഴുത്തിലണിയാന്‍ കല്ലുമാലയുമായിരുന്നു- സാധുക്കളെന്നാല്‍ അധഃകൃതവിഭാഗങ്ങളെന്നു താത്പര്യം. ആണും പെണ്ണും കാതുകുത്തിയിരുന്നു. സ്ത്രീകള്‍ കാതറുത്ത് വലിയ തുളയാക്കി- തുള എത്രകണ്ടു വലുതോ അത്രയും യോഗ്യത കൂടുമെന്നായിരുന്നു വിശ്വാസം- അതില്‍ സ്വര്‍ണത്തകിടുമുതല്‍ പനയോലച്ചുരുള്‍വരെ ആഭരണമായി ധരിച്ചിരുന്നു (പി. ഭാസ്കരനുണ്ണി, പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം, പു. 64).

 

വടക്കന്‍പാട്ടില്‍ വര്‍ണിച്ചിരിക്കുന്ന ഉണ്ണിയാര്‍ച്ചയുടെ ചമയം അന്നത്തെ ആചാരരീതിയെ സൂചിപ്പിക്കുന്നു. ‘തലനിറയെ ചിറ്റെള്ളിന്റെ എണ്ണ തേച്ചതിനുശേഷം, ഈഞ്ചപുളിഞ്ചിക്ക വാകതാളി -ഇരിപ്പപ്പിണ്ണാക്കോടു കോഴിമുട്ട -വേലിമേല്‍ താളി തിരുതാളിയും’ തളികയിലെടുത്ത് കുളക്കടവിലേക്കുപോയി. അവിടെ താളിക്കല്ലിലിരുന്ന്, ‘താളിപതച്ചു കുറുമ്പരിച്ചു -താളിയും തേച്ചു മെഴുക്കിളക്കി’ കുളിച്ചതിനുശേഷം ‘ചന്ദനക്കല്ലിന്റെ അരികെചെന്ന് -ചന്ദനം ഉരസിക്കുറിവരച്ചു, /കണ്ണാടിനോക്കി തിലകം തൊട്ടു, /പീലിത്തിരുമുടി കെട്ടിവച്ചു; അഞ്ജനം കൊണ്ടവള്‍ കണ്ണെഴുതി, -കുങ്കുമം കൊണ്ടവള്‍ പൊട്ടുകുത്തി, -കസ്തൂരികളഭങ്ങള്‍ പൂശുന്നുണ്ടേ’. പിന്നീട് ഏഴുകടലോടിവന്ന പച്ചോലപ്പട്ട് ഒട്ടും ചുളിവില്ലാതെ പൂക്കിലഞൊറിവച്ച് ഉടുത്ത്, അതിനുമീതെ അഴകിന്റെ കസവുപോലെ കോട്ടമ്പടിവച്ച പൊന്നരഞ്ഞാണ്‍ എടുത്തുചാര്‍ത്തി കഴുത്തില്‍ ഏഴുചുറ്റുള്ള പൊന്‍മാലയും മുത്തുപതിച്ച മാലകളും കൈകളില്‍ രാമായണംകൊത്തിയ വളകളും വിരലുകളിലാറും പൊന്‍മോതിരങ്ങളും അണിഞ്ഞ് സര്‍വാഭരണവിഭൂഷിതയായി നില്ക്കുന്ന ഉണ്ണിയാര്‍ച്ചയെയാണ് വടക്കന്‍പാട്ടില്‍ വര്‍ണിച്ചിരിക്കുന്നത്. അതായത് പ്രാചീനകാലം മുതലേ പെണ്ണിന് അലങ്കാരം നിര്‍ബന്ധമായിരുന്നു. അത് സമൂഹം ഏറെ പ്രധാന്യത്തോടെ നോക്കിനടത്തിയിരുന്നു.

 

നമ്പൂതിരി സ്ത്രീകള്‍ക്ക് അധികം പുറത്തേക്ക് പോക്കുകള്‍ ഇല്ലാത്തതിനാല്‍ ആഭരണങ്ങള്‍ ധരിക്കേണ്ടുന്ന ആവശ്യം വളരെ കുറവാണെന്നും വിവാഹവേളയിലാണ് ഇത് കാര്യമായി ഉണ്ടാകുന്നതെന്നു പറഞ്ഞുകൊണ്ടാണ് കാണിപ്പയ്യൂര്‍, നമ്പൂതിരിമാരിലെ ആഭരണത്തെപ്പറ്റി വിവരണം നിര്‍വഹിക്കുന്നത്. അന്തര്‍ജനങ്ങള്‍ക്കു പണ്ടങ്ങള്‍ അഞ്ച് തരമാണ്. ഇവ വിവാഹാദി വിശേഷ ദിവസങ്ങളില്‍ മാത്രമേ അണിയുകയുള്ളൂ. കാശാലി, പൂത്താലി, കെട്ടരുമ്പ്, കഴുത്തില, മണി എന്നിവയാണ് ആ അഞ്ചതരം ആഭരണങ്ങള്‍…. സാധാരണ ദിവസങ്ങളില്‍ അന്തര്‍ജ്ജനങ്ങള്‍ കഴുത്തില്‍ ചെറുതാലി മാത്രമേ ധരിക്കുകയുള്ളൂ. കൈകളലില്‍ വളകളും കാതില്‍ ചിറ്റുകളുമുണ്ടാകും. ആഢ്യന്മാര്‍ കൈകളില്‍ പിച്ചളവളകളും ആസ്യന്മാര്‍ ഓട്ടുവളകളും ധരിക്കുന്നു.

കേരളീയ ആഭരണ ചരിത്രത്തില്‍ കീഴാള ഇടപെടലാണ് ചമയത്തിന്റെ ജാതി രാഷ്ട്രീയത്തെ കൃത്യമായി പ്രശ്നവല്കരിക്കുന്നത്. ‘ഗോപാലദാസന്‍, പെരിനാട് പ്രദേശത്ത് കല്ലയും മാലയും ബഹിഷ്‌ക്കരണത്തിന് ആഹ്വാനം ചെയ്യുന്ന ഒരു മഹാ സമ്മേളനം വിളിച്ച് കൂട്ടുവാനുളള ശ്രമങ്ങള്‍ ആരംഭിച്ചു. 1915 ഒക്‌ടോബര്‍ 23 ന് കല്ലുമാല ബഹിഷ്‌കരണത്തിനുള്ള ആദ്യമഹാ സമ്മേളനം അങ്ങനെ അവിടെ വച്ചു നടന്നു. സമ്മേളനം നടക്കുന്നതറിഞ്ഞ് കരിക്കോലി കുഞ്ചുപിള്ള നായന്മാരുടെ രഹസ്യയോഗം വിളിച്ചുകൂട്ടി. സര്‍വ്വശക്തിയും ഉപയോഗിച്ച് സമ്മേളനം അലങ്കോലപ്പെടുത്താനും സംഘാടകരെ വകവരുത്താനു മായിരുന്നു തീരുമാനം…. സമ്മേളനം മുന്‍നിശ്ചയപ്രകാരം 1915 ഡിസംബര്‍ 19 ന് ഞായറാഴ്ച ചേര്‍ന്നു. ഏതാണ്ട് 4000 ത്തോളം ജനങ്ങളാണ് പുലയരിലും നായന്മാരിലുംപെട്ടവര്‍ അവിടെ കൂടിയത്. യോഗത്തിന്റെ അദ്ധ്യക്ഷത വഹിച്ചത് ചങ്ങനാശ്ശേരിയാണ്. പുലയരും നായന്മാരും സഹകരിച്ച് ജീവിക്കേണ്ടതിന്റെ ആവശ്യകത പരമേശ്വരന്‍പിള്ള വിശദീകരിച്ചു. കല്ലുമാല ബഹിഷ്‌കരണത്തിന് പെരിനാട് സംഘടിപ്പിച്ച സമ്മേളനത്തിന്റെ ഉദ്ദേശ ലക്ഷ്യങ്ങള്‍ അയ്യന്‍കാളി തന്റെ പ്രസംഗത്തില്‍ കൂടി വിശദീകരിച്ചു. ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികള്‍, വക്കം മൗലവി എന്നിവര്‍ തങ്ങളുടെ സമുദായങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ നടത്തിയ ബോധവത്കരണം പോലെ, എന്റെ സമുദായത്തിലെ സ്ത്രീകള്‍ ധരിക്കുന്ന അപരിഷ്‌കൃതമായ വേഷഭൂഷാധികള്‍ നീക്കം ചെയ്യാന്‍ വേണ്ടി മാത്രമാണ് ഇത്തരം പരിപാടികള്‍ വഴി ഉദേശിച്ചിട്ടുള്ളതെന്നും, അര്‍ദ്ധ നഗ്‌നരായി നടക്കുന്ന സ്ത്രീകള്‍ ഇപ്പോള്‍ അവരുടെ മാറിടങ്ങള്‍ മറച്ചിരിക്കുന്നത് കല്ലയും മാലയും കൊണ്ടാണെന്നും ആയത് ഉപേക്ഷിച്ച് അവര്‍ക്ക് മറ്റുള്ള സ്ത്രീകളെപ്പോലെ റൗക്ക ധരിച്ച് മാന്യമായി നടക്കുന്നതിന് വേണ്ടിയാണെന്ന് അയ്യന്‍കാളി സദസ്സില്‍ വച്ച് വിശദീകരിക്കുകയുണ്ടായി. വേദിയില്‍ സന്നിഹിതരായിരുന്ന എല്ലാ വിശിഷ്ട വ്യക്തികളും അയ്യന്‍കാളിയുടെ ആവശ്യത്തോട് നീതി പുലര്‍ത്തി. തെക്കന്‍ തിരുവിതാംകൂറില്‍ സാധുജന പരിപാലന സംഘം ഇടപെട്ട് ഈ ആഭരണങ്ങള്‍ ധരിക്കുന്നത് തീരെ അവസാനിപ്പിച്ചിരിക്കുന്നതായും അയ്യന്‍കാളി ഓര്‍മ്മപ്പെടുത്തി. കല്ലയും മാലയും ധരിച്ചുവന്ന സ്ത്രീകളില്‍ രണ്ടു പേരോട് അദ്ധ്യക്ഷന്റെ അനുവാദത്തോടെ സ്റ്റേജിലേക്ക് വരുവാനും തങ്ങളുടെ കഴുത്തില്‍ അണിഞ്ഞിരിക്കുന്ന ആഭരണങ്ങള്‍ പൊട്ടിച്ച് സ്റ്റേജിന് താഴെ പ്രത്യേകം തയ്യാറാക്കിയിരുന്ന സ്ഥലത്ത് ഇടുവാനും ആഹ്വാനം ചെയ്തു. നിമഷങ്ങള്‍ക്കകം രണ്ടു സ്ത്രീകള്‍ അരികിലേക്ക് വരികയും കഴുത്തിലും കാതിലും അണിഞ്ഞിരുന്ന ആഭരണങ്ങള്‍ ഊരി അവിടെ ഇടുകയും ചെയ്തു. പിന്നീട് സദസ്സില്‍ ഉണ്ടായിരുന്ന മുഴുവന്‍ പുലയ സ്ത്രീകളും ഇങ്ങനെ ചെയ്തു. സ്റ്റേജിലിരുന്ന നേതാക്കളെ കാണാന്‍പറ്റാത്തവിധം അവിടെ കല്ലയും മാലയും കൂമ്പാരമായി ‘ എന്നാണ്  ‘കൊല്ലം ചരിത്രത്തിന്റെ നാഴികകല്ലുകള്‍’ എന്ന പുസ്തകത്തില്‍ റ്റി.ടി സദാശിവന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. – (പുലയരുടെ കല്ലമാല സമരം ശതാബ്ദിയുടെ നിറവില്‍ – ഒര്‍ണ കൃഷ്ണന്‍കുട്ടി)

മറ്റൊരു വിവരണം ഇതാ- സ്ത്രീ സൗന്ദര്യത്തെപ്പറ്റി അന്നുള്ള സങ്കല്പങ്ങളും മാനദണ്ഡങ്ങളും ഇന്നത്തേതില്‍ നിന്ന് വ്യത്യസ്തങ്ങളായിരുന്നു…. മുഖത്തുനോക്കിയാല്‍ ഐശ്വര്യമുണ്ടായിരിക്കണണമെന്നതു കഴിച്ചാല്‍ അവര്‍ അളന്നു നോക്കിയിരുന്നത് തലമുടിയുടെ നീളവും കാതിന്റെ വിലപ്പവുമാണ്. കാതുതുളച്ചു ക്രമേണ ദ്വാരം വളര്‍ത്തി അക്കാലങ്ങളില്‍ പ്രചാരത്തിലിരുന്ന തക്ക, തോട മുതലായ ആഭരണങ്ങള്‍ ഇടത്തക്കവിധം പാകപ്പെടുത്തിയെടുക്കണം. കാതു തോളില്‍ വന്നു മുട്ടണം എന്നുള്ളതായിരിക്കണം ലക്ഷ്യം… ഈ കാതുവളര്‍ത്തലിനെതിരായ ഒരു മഹാ പ്രസ്ഥാനത്തിനു സ്ത്രീകളുടെയിടയില്‍ അന്നു വളരെ പ്രചാരം സിദ്ധിച്ചിരുന്നു. തക്കയുടെയും തോടയുടെയും സ്ഥാനത്തു കമ്മല്‍ എന്ന മുദ്രാവാക്യത്തിന് ഏകകണ്ഠമായ സ്വീകരണമാണ് അന്നത്തെ യുവതികളില്‍ നിന്ന് ലഭിച്ചത്. അങ്ങനെ കമ്മല്‍ ഇടത്തക്ക വലിപ്പത്തില്‍ കാതു വളര്‍ത്തുക സാധാരണമായി. (എമ്മന്റെ ആത്മകഥ, 37). ജാതിപരമായ ആഭരണ, ചമയങ്ങളില്‍ നിന്നും പുറത്തുകടക്കുമ്പോഴാണ് കമ്മല്‍പോലുള്ള ആഭരണങ്ങള്‍ എല്ലാവരും ധരിക്കുന്നതിലേക്ക് എത്തുന്നത്. ഇതാണ് ചമയത്തിലെ നവോത്ഥാനം. ഈ നവോത്ഥാനം കേരളീയ നവോത്ഥാനത്തിന്റെ അടിയൊഴുക്കുകളിലൂടെയാണ് രൂപപ്പെടുന്നത്.

ഫ്യൂഡല്‍ കാലത്ത് പലതരം ആഭരണങ്ങള്‍ അണിഞ്ഞവരായിരുന്നു കേരളീയ ആണുങ്ങള്‍. കാതില്‍ കടുക്കനും മറ്റും ജാതിയും പദവിയും അനുസരിച്ച് അണിഞ്ഞിരുന്നു. എന്നിരുന്നാലും ആഭരണങ്ങള്‍ പൊതുവില്‍ പുരുഷനു വേണ്ടതല്ലെന്നും പുരുഷന്റെ കഴിവാണ് അവന്റെ സൗന്ദര്യത്തിന്റെ മാനദണ്ഡം എന്നുമാണ് പൊതു ഭാഷ്യം. ഇന്ദുലേഖ നോവലില്‍ ഇന്ദുലേഖയുടെ സൗന്ദര്യം പേജുകളിലൂടെ വിവരിക്കുന്ന നോവലിസ്റ്റ് മാധവന്റെ സൗന്ദര്യത്തെക്കുറിച്ച് ഇങ്ങനെയാണ് എഴുതുന്നത്- ഒരു പുരുഷന്റെ ഗുണദോഷങ്ങളെ വിവരിക്കുന്നതിൽ അവന്റെ ശരീരസൌന്ദര്യവർണ്ണന വിശേഷവിധിയായി ചെയ്യുന്നതു സാധാരണ അനാവശ്യമാകുന്നു. ബുദ്ധി, സാമർത്ഥ്യം , പഠിപ്പ് , പൌരുഷം , വിനയാദിഗുണങ്ങൾ ഇതുകളെപ്പറ്റി പറഞ്ഞാൽ മതിയാവുന്നതാണു്  (ഒന്നാം അധ്യായം). ആധുനികതയും പുരുഷന്റെ ശരീര സൗന്ദര്യത്തിന് വേണ്ട ഊന്നല്‍ കൊടുത്തില്ല. കരുത്തും ബുദ്ധിയുമാണ് പുരുഷന്റെ സൗന്ദര്യം എന്ന നിലപാടായിരുന്നു. പുരുഷന്റെ ആഭരണം ഒരു മാലയിലും മോതിരത്തിലും ഒതുങ്ങി. ചുരുക്കത്തില്‍ കാണാന്‍ കൊള്ളാവുന്നതായിരിക്കേണ്ടത് പെണ്ണാണ്. ആണിനാകട്ടെ സൗന്ദര്യം കൂടുതലായി ഉണ്ടാകുന്നത് പെണ്ണത്തത്തിന്റെ ലക്ഷണമായും വ്യാഖ്യാനിക്കപ്പെടുന്നു. ‘അഴകിയരാവണന്‍’ പോലെയുള്ള പ്രയോഗങ്ങള്‍ സൂചിപ്പിക്കുന്നത് അതാണ്. പെണ്ണിനെയും മറ്റും ഭരിക്കാനുള്ള മിടുക്കാണ് ആണിന്റെ ശരിയായ സൗന്ദര്യം എന്നായിരുന്നു ഊന്നല്‍. 

(തുടരും)

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions

 

യാക്കോബ് തോമസ്

യാക്കോബ് തോമസ്

പത്തനംതിട്ട സ്വദേശി, ഇപ്പോള്‍ കൊടുങ്ങല്ലൂർ കെ കെ ടി എം കോളേജില്‍ അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍