UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പോര്‍വിമാനം പറത്തിയാലും സ്ത്രീകള്‍ക്ക് ഇന്ത്യ താലിബാന്‍ രാജ്യം

Avatar

ടീം അഴിമുഖം

ഇന്ത്യന്‍ വ്യോമസേനയില്‍ 2017, ജൂണ്‍ മാസത്തോടെ സ്ത്രീ വൈമാനികരുടെ ആദ്യ സംഘത്തെ യുദ്ധവിമാനം പറത്താന്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഒരു താലിബാന്‍ സമാന രാജ്യം എന്ന നിലയില്‍ നിന്നും തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ക്ക് തുല്യ അവസരം ലഭിക്കുന്ന ഒരു ആധുനിക ജനാധിപത്യരാജ്യം എന്ന നിലയിലേക്ക് വളരാന്‍ സഹായിക്കുന്ന ഒരു വിപ്ലവകരമായ മാറ്റത്തിന് ഈ നീക്കം സഹായിക്കുമോ എന്നതാണു ചോദ്യം.

സ്ത്രീ വൈമാനികരെ യുദ്ധവിമാനം പറത്താന്‍ അനുവദിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പ്രതീകാത്മകമായ തരത്തില്‍ ശക്തമായ നടപടിയാണ്. വ്യോമസേന മേധാവികളും രാഷ്ട്രീയ നേതൃത്വവും ഏറെക്കാലം തടയിട്ട ഒരു നടപടിയാണിത്. അതുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന്റെ പെട്ടന്നുള്ള നീക്കം അഭിനന്ദനമര്‍ഹിക്കുന്നു.പക്ഷേ ഇന്ത്യയിലെ തൊഴിലിടങ്ങളിലെ സ്ത്രീകളുടെ പങ്കാളിത്തത്തെയും അന്തസ്സിനെയും സൌദി അറേബ്യയിലെയോ താലിബാന്‍ വാഴ്ച്ച നിലനിന്നിരുന്ന അഫ്ഗാനിസ്ഥാനിലെയോ സാഹചര്യങ്ങളുമായി മാത്രമേ താരതമ്യം ചെയ്യാനാകൂ.

വ്യോമസേന തീരുമാനം
“ഇന്ത്യന്‍ വ്യോമസേനയുടെ പോരാട്ട വിഭാഗത്തിലേക്ക് സ്ത്രീകളെക്കൂടി ഉള്‍പ്പെടുത്താന്‍ പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നു,” ശനിയാഴ്ച പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ ഇതേ പ്രഖ്യാപനം ഒക്ടോബര്‍ 8-നു 83-ആം വ്യോമസേന ദിനത്തില്‍ നടത്തിയിരുന്നു.

പ്രസ്താവനയനുസരിച്ച് ഇപ്പോള്‍ ഹൈദരാബാദില്‍ പരിശീലനം നടത്തുന്നവരില്‍ നിന്നായിരിക്കും ആദ്യ വനിതാ വൈമാനികരെ തെരഞ്ഞെടുക്കുക. “തുടക്കം മുതലുള്ള പരിശീലനത്തിന് ശേഷം പോര്‍വിമാന ധാരയിലേക്ക് ജൂണ്‍ 2016-ഓടെ അവരെ ഉള്‍പ്പെടുത്തും. അതിനു ശേഷം ഒരു വര്‍ഷത്തെ നൂതനമായ പരിശീലനം ലഭിക്കുന്ന അവര്‍ 2017-ജൂണില്‍ പോര്‍വിമാനങ്ങള്‍ പറത്തും,” പ്രസ്താവനയില്‍ പറയുന്നു.

വ്യോമസേനയില്‍ ഇപ്പോള്‍ത്തന്നെ ചരക്ക് വിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും വൈമാനികരായി സ്ത്രീകളുണ്ട്. ഈ രംഗത്ത് അവരുടെ സേവനം അവരുടെ പുരുഷ സഹപ്രവര്‍ത്തകര്‍ക്ക് തതുല്യവും പ്രശംസനീയവുമാണെന്ന് മന്ത്രാലയം പറയുന്നു.പോര്‍വിമാന വൈമാനികരായി സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത്   “പോരാട്ട രംഗത്തും തങ്ങളുടെ കഴിവ് തെളിയിക്കാന്‍ അവര്‍ക്ക് അവസരം നല്കും,” എന്നും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

ഈ നീക്കം ഇന്ത്യന്‍ സൈന്യത്തില്‍ തന്നെ പോരാട്ട ധാരയിലേക്കുള്ള സ്ത്രീകളുടെ ആദ്യത്തെ കടന്നുവരവാണ്. നിലവില്‍ കാലാള്‍പ്പട, യുദ്ധക്കപ്പലുകള്‍, പോര്‍വിമാനങ്ങള്‍ എന്നിവയില്‍ സ്ത്രീകളെ അനുവദിക്കുന്നില്ല.

സ്ത്രീകളെ സേനയില്‍ ഉള്‍പ്പെടുത്തുന്നത്  സംബന്ധിച്ച് സമഗ്രമായ ഒരു പുനരവലോകനം നടത്തുമെന്നും അന്തിമ തീരുമാനമെടുത്താല്‍ സ്ത്രീകള്‍ക്ക് രാജ്യത്തെ സായുധ സേനയില്‍ അവരര്‍ഹിക്കുന്ന സ്ഥാനം നല്‍കാന്‍ പാകത്തില്‍ ഉള്‍പ്പെടുത്താനായി കൂടുതല്‍ ശാഖകള്‍ തുറന്നു നല്‍കുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

പോര്‍ വിമാനങ്ങളില്‍ സ്ത്രീ വൈമാനികരെ അനുവദിക്കുന്നതിനെതിരെ വ്യോമസേന നേതൃത്വം നിരവധി കാരണങ്ങള്‍ വര്‍ഷങ്ങളായി ഉയര്‍ത്തിയിരുന്നു. ഒരു പോര്‍ വിമാന വൈമാനികനെ പരിശീലിപ്പിക്കാന്‍ ചെലവ് 13 കോടിയോളമാണ്. സ്ത്രീ വൈമാനികര്‍ വിവാഹം കഴിച്ച് പ്രസവിക്കുകയും അങ്ങനെ ആ നിക്ഷേപം പൂര്‍ണമായും പ്രയോജനപ്പെടുത്തുന്നതിന് മുമ്പ് ജോലിയില്‍ തടസങ്ങളും ഇടവേളകളും ഉണ്ടാവുകയും ചെയ്യും എന്നൊക്കെ അവയില്‍ ഉള്‍പ്പെടും. വ്യോമസേനയില്‍ ഇപ്പോള്‍ 1500 വനിത ഓഫീസര്‍മാരുണ്ട്. ഇതില്‍ 94 പേര്‍ ചരക്കുവിമാനവും ഹെലികോപ്റ്ററും പറത്തുന്നവരാണ്.

തൊഴിലിടത്ത് തങ്ങള്‍ നേരിടുന്ന വിവേചനത്തിനും തങ്ങള്‍ക്ക് പെര്‍മനന്‍റ് കമ്മീഷനും പോര്‍വിഭാഗത്തില്‍ അനുമതി നിഷേധിക്കുന്നതിനും എതിരെ വനിത ഓഫീസര്‍മാര്‍ നിരവധി കേസുകളും നല്കിയിട്ടുണ്ട്. ഈയടുത്ത വര്‍ഷങ്ങളില്‍ ഡല്‍ഹി ഹൈക്കോടതി രണ്ടു സുപ്രധാന ഉത്തരവുകള്‍ ഇറക്കി: കരസേനയിലും വ്യോമസേനയിലും സ്ത്രീകള്‍ക്ക് പെര്‍മനന്‍റ് കമ്മീഷന്‍ നല്‍കണമെന്നുള്ളതായിരുന്നു 2010-ലെ ഉത്തരവ്. കഴിഞ്ഞ മാസം ഇറക്കിയ രണ്ടാമത്തെ ഉത്തരവില്‍ സമാനമായ നിര്‍ദേശം നാവികസേനയ്ക്കും ബാധകമാക്കി.

കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിനായി പെരുകിവരുന്ന സമ്മര്‍ദത്തിന് സാവധാനത്തിലും വൈമനസ്യത്തോടെയും സൈന്യം വഴങ്ങുകയാണ്. ആഗസ്തില്‍ പ്രതിരോധ മന്ത്രി പാര്‍ലമെന്റിന് നല്കിയ കണക്ക് പ്രകാരം സായുധ സേനകള്‍ 340 വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്‍റ് കമ്മീഷന്‍ നല്കിയിട്ടുണ്ട്. സൈന്യത്തില്‍ 60,000-ത്തിലേറെ ഇത്തരം ഓഫീസര്‍മാരുണ്ട് എന്നറിയുമ്പോഴാണ് സ്ത്രീകളുടെ എണ്ണം എത്ര തുച്ഛമാണെന്ന് മനസിലാവുക.

ചരിത്രപരമായി സായുധ സേനകള്‍ സ്ത്രീകളെ ഡോക്ടര്‍മാരും നഴ്സുമാരും മാത്രമായാണ് ഉപയോഗിച്ചിരുന്നത്.  1990-കളില്‍ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ ഓഫീസര്‍ ആകാന്‍ ഇവരെ അനുവദിച്ചു.

ലോകത്തെ നിരവധി രാഷ്ട്രങ്ങള്‍ സ്ത്രീകളെ പോര്‍വിമാന വൈമാനികരായടക്കമുള്ള പോര്‍മുഖ ജോലികള്‍ക്കായി അനുവദിക്കുന്നുണ്ട്. പാകിസ്ഥാന്‍, യു എ ഇ, ഇസ്രയേല്‍, യു കെ, കാനഡ, ജര്‍മ്മനി, യു.എസ് എന്നിവയെല്ലാം ഈ ഗണത്തില്‍ പെടും.

പൊതുചിത്രം
വളരുന്ന വിപണികളിലും വികസ്വര രാജ്യങ്ങളിലും വെച്ച് തൊഴില്‍ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തം (FLFP) ഇന്ത്യയില്‍ വളരെ കുറവാണ്. 2012-ല്‍ 33% ഇത് 50% എന്ന ആഗോള ശരാശരിയില്‍ നിന്നും, 63% എന്ന കിഴക്കന്‍ ഏഷ്യ ശരാശരിയില്‍ നിന്നും ഏറെ താഴെയായിരുന്നു. 1.26 ബില്ല്യണ്‍ ജനങ്ങളോടെ ജനസംഖ്യയില്‍ ലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇപ്പോള്‍ ഇന്ത്യ. അപ്പോള്‍ 33% എന്ന ഈ FLFP നിരക്ക് കാണിക്കുന്നത് തൊഴിലെടുക്കാവുന്ന പ്രായത്തിലുള്ള 380 ദശലക്ഷം സ്ത്രീകളില്‍ 125 ദശലക്ഷം മാത്രമേ ഇപ്പോള്‍ തൊഴിലുകളില്‍ ഏര്‍പ്പെടുന്നുള്ളൂ എന്നാണ്.

ജി-20 രാജ്യങ്ങളില്‍ ഇന്ത്യയുടെ ഈ 50% വരുന്ന തൊഴില്‍ പങ്കാളിത്തത്തിലെ ലിംഗ വിവേചനം അതിലെ ഏറ്റവും മുന്നിട്ടുനില്‍ക്കുന്ന ഒന്നാണ്. തീര്‍ന്നില്ല, മറ്റ് പ്രദേശങ്ങളില്‍ നിന്നും വ്യത്യസ്തമായി സ്ത്രീകളുടെ തൊഴില്‍ പങ്കാളിത്തം ഇന്ത്യയില്‍ കുറഞ്ഞുവരികയാണ്. പ്രത്യേകിച്ചും 2004/05-നു ശേഷം. ജനസംഖ്യയിലെ യുവജന ശേഷിയില്‍ നിന്നും നേട്ടം കൊയ്യാന്‍ ലക്ഷ്യമിടുന്ന ഇന്ത്യ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന പരിഷ്കാരങ്ങള്‍ക്കൊപ്പം കൂടുതല്‍ സ്ത്രീകളെ തൊഴില്‍ സേനയിലേക്ക് എത്തിക്കുകയും വേണം.

സാമ്പത്തിക വളര്‍ച്ചയില്‍ ലിംഗസമത്വം വലിയ പങ്ക് വഹിക്കുന്നു എന്നത് തത്വത്തില്‍ എല്ലാവരും അംഗീകരിച്ചിട്ടുണ്ട്. തൊഴില്‍ സേനയിലെ സ്ത്രീകളുടെ പങ്കാളിത്തക്കുറവ് സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു എന്നു കാണിക്കുന്ന നിരവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ലോക സാമ്പത്തിക ഫോറത്തിന്റെ 2014-ലെ ആഗോള ലിംഗഭേദ വിടവ് റിപ്പോര്‍ട് ലിംഗ സമത്വവും പ്രതിശീര്‍ഷ ജി ഡി പി വളര്‍ച്ചയും, മത്സരക്ഷമതയുടെ നിലയും, മനുഷ്യ വികസന സൂചകങ്ങളും തമ്മില്‍ ഗുണപരമായ ഒരു ബന്ധം നിലനില്‍ക്കുന്നതായി കാണിക്കുന്നുണ്ട്. ഒരു ഉദാര ജനാധിപത്യ രാജ്യം എന്ന നിലയിലും, മുന്‍നിരയിലുള്ള ഒരു സാമ്പത്തിക ശക്തി എന്ന നിലയിലുമുള്ള സ്ഥാനം നേടാനാണ് ഇന്ത്യ ശ്രമിക്കുന്നതെങ്കില്‍ രാജ്യത്തെ തൊഴിലിടങ്ങളില്‍ സ്ത്രീകളോടുള്ള വിവേചനം അവസാനിപ്പിച്ചേ മതിയാകൂ. സ്ത്രീകളെ പോര്‍വിമാനം പറത്താന്‍ അനുവദിക്കുന്നത് പ്രതീകാത്മകമാണ്. പക്ഷേ സ്ത്രീകളെ സംബന്ധിച്ച് ഒരു ആധുനിക രാഷ്ട്രമാകാന്‍ ഇന്ത്യ ഇനിയും ഏറെ ദൂരം പോകേണ്ടിയിരിക്കുന്നു. നിലവില്‍, സ്ത്രീകള്‍ക്ക് ഇന്ത്യയൊരു താലിബാന്‍ രാജ്യമാണ്.

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍