UPDATES

വനിത പോലീസുകാര്‍ കടുത്ത ലൈംഗീക പീഢനത്തിന് ഇരയാകുന്നതായി റിപ്പോര്‍ട്ട്

ഇന്ത്യയിലെ വനിത പോലീസുകാര്‍ കടുത്ത ലൈംഗീക പീഢനത്തിനും ലിംഗവിവേചനത്തിനും അവകാശ നിഷേധത്തിനും വിധേയരാകുന്നതായി കോമണ്‍വെല്‍ത്ത് ഹ്യൂമണ്‍ റൈറ്റ്‌സ് ഇനിഷ്യേറ്റീവ് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നു. എണ്ണത്തില്‍ വളരെ കുറവായ ഇവരെ ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടുപണികള്‍ക്കും മറ്റും ഉപയോഗിക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു. എന്നാല്‍ ഭയം മൂലം പീഢനത്തിനെതിരെ പരാതി നല്‍കാന്‍ പലരും തയ്യാറാവുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പലര്‍ക്കും അര്‍ഹമായ ജോലിക്കയറ്റം പോലും നിഷേധിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

വനിത പോലീസിന്റെ അനുപാതം 33 ശതമാനമായി ഉയര്‍ത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം ഉണ്ടായിട്ടും മൊത്തം 2.3 മില്യണ്‍ വരുന്ന പോലീസ് സേനയില്‍ സ്ത്രീകളുടെ സാന്നിധ്യം വെറും ആറ് ശതമാനം മാത്രമാണ്. യുഎസിലെ പോലീസ് സേനയില്‍ പന്ത്രണ്ടും പാകിസ്ഥാനില്‍ 0.9 ഉം മാലി ദ്വീപില്‍ 7.4 ശതമാനവുമാണ് സ്ത്രീ സാന്നിധ്യം.

റിക്രൂട്ട്‌മെന്റിന്റെ സമയത്ത് തന്നെ തുടങ്ങുന്ന ലിംഗവിവേചനം അവരുടെ ഔദ്ധ്യോഗിക ജീവിതത്തില്‍ ഉടനീളം തുടരുന്നതായി റിപ്പോര്‍ട്ട് തയ്യാറാക്കിയവരില്‍ ഒരാളായ ദേവിക പ്രസാദ് പറയുന്നു. റിക്രൂട്ട്‌മെന്റ് നടപടികളിലോ ഇ്ന്റര്‍വ്യൂ ബോര്‍ഡിലോ സ്ത്രീ സാന്നിധ്യം ഇല്ലാത്തതാണ് തങ്ങള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് അഞ്ച് സംസ്ഥാനങ്ങളിലെ വനിത പോലീസുകാര്‍ക്കിടയില്‍ നടത്തിയ സര്‍വെയില്‍ ഭൂരിപക്ഷവും അഭിപ്രായപ്പെടുന്നു.

എഴുത്തുപണികള്‍ മാത്രമാണ് ഇവര്‍ക്ക് പലപ്പോഴും അനുവദിക്കാറുള്ളതെന്നും പ്രമുഖ അന്വേഷണങ്ങളില്‍ നിന്നും അവരെ അകറ്റി നിറുത്തകയാണ് പതിവെന്നും ദേവിക പ്രസാദ് പറയുന്നു.

എണ്‍പത് ശതമാനം വനിത പോലീസുകാരും കോണ്‍സ്റ്റബിള്‍ റാങ്കില്‍ ജോലി ചെയ്യുന്നവരാണ്. 7.8 ശതമാനം ഹെഡ്‌കോണ്‍സ്റ്റബിള്‍മാരായും 3.35 ശതമാനം സബ് ഇന്‍സ്‌പെക്ടര്‍മാരായും ജോലി നോക്കുമ്പോള്‍ വെറും 0.02 ശതമാനം മാത്രമാണ് ഉന്നത തസ്തികകള്‍ അലങ്കരിക്കുന്നത്. പഠനത്തിലെ കണ്ടെത്തലുകള്‍ അലോസരപ്പെടുത്തുന്നതാണെന്ന് പഠനറിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍