UPDATES

ന്യൂസ് അപ്ഡേറ്റ്സ്

രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ എവിടെയാണ്? ഇതൊരു പി എസ് സി ചോദ്യം മാത്രമല്ല

Avatar

കെ.പി.എസ്. കല്ലേരി

1973 ഒക്ടോബര്‍ 27. ഇന്ത്യയുടെ ഉരുക്ക് വനിതയും പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധിയേയും വഹിച്ച് ഒരു ഹെലികോപ്ടര്‍ കോഴിക്കോട്ടേക്ക് പറന്നെത്തി. ഉദ്ദേശം ഏതെങ്കിലുമൊരു തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കലായിരുന്നില്ല. മറിച്ച് ഒരു പോലീസ്‌ സ്റ്റേഷന്‍ ഉദ്ഘാടനം. രാജ്യത്ത് ഇക്കാലമത്രയും ഏതെങ്കിലുമൊരു പോലീസ് സ്റ്റേഷന്‍ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി വന്നിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് ഉത്തരം. അ‌പ്പോള്‍ പിന്നെ കോഴിക്കോട്ടെ പൊലീസ് സ്റ്റേഷന് എന്തായിരുന്നു പ്രത്യേകത. അന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത് ഒരു വനിതാ പോലീസ് സ്റ്റേഷനായിരുന്നു. അതും രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍.

മുമ്പൊരു പിഎസ്‌സി പരീക്ഷയ്ക്ക് ഒരു ചോദ്യം വന്നു. രാജ്യത്തെ ആദ്യ വനിതാ പോലീസ് സ്റ്റേഷന്‍ ഏതാണ്..? ഭൂരിപക്ഷം പേരും എഴുതിയത് ഡല്‍ഹി, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നൊക്കെയാണ്. ആരും കേരളമെന്നുപോലും കുറിച്ചിട്ടില്ല. പിന്നയല്ലേ കോഴിക്കോടിന്റെ കാര്യം. വര്‍ഷം നാല്‍പതുകഴിയുമ്പോഴും അങ്ങനെയൊരു നേട്ടം കോഴിക്കോടിന്റേതാണെന്ന് കോഴിക്കോട്ടുകാര്‍ക്കുപോലും അറിയില്ല. അത്തരമൊരു നേട്ടത്തിനുടമയായ പൊലീസ്‌ സ്റ്റേഷന് ഇപ്പോള്‍ 40 വയസ്സ് കഴിഞ്ഞിരിക്കുന്നു. 

രാജ്യത്ത് വനിതകള്‍ക്കുനേരം വര്‍ധിച്ചുവരുന്ന കുറ്റകൃത്യങ്ങള്‍ തടയാനായി ഇന്ദിരാഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് വനിതാ പോലീസ് സ്റ്റേഷനുകള്‍ എന്ന ആശയം ഉണ്ടായത്. വനിതകള്‍ക്ക് അഭിമാനിക്കാന്‍ വകയുള്ളതെന്ന് പ്രഖ്യാപിച്ചാണ് പ്രധാനമന്ത്രി  ഇന്ദിരാഗാന്ധി കോഴിക്കോട്ടെ വനിതാ പോലീസ്‌ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. കേരള മുഖ്യമന്ത്രി സി.അച്യുതമേനോന്‍, ആഭ്യന്തരമന്ത്രി കെ.കരുണാകരന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രൌഡോജ്വലമായ ഉദ്ഘാടനം. അതിനുശേഷം വര്‍ഷം 40 കഴിയുമ്പോള്‍ രാജ്യത്ത് ആകമാനം അഞ്ഞൂറിലേറെ വനിതാ പൊലീസ്‌ സ്റ്റേഷനുകള്‍ നിലവില്‍ വന്നു. വനിതാസെല്ലുകള്‍ വേറേയും. കേരളത്തിന്റെ അയല്‍പക്കത്ത് തമിഴ്‌നാട്ടില്‍ 197 വനിതാ സ്റ്റേഷനുകളായി. എന്നിട്ടും ആദ്യ സ്റ്റേഷന്‍ സ്ഥാപിക്കപെട്ട സാക്ഷര കേരളത്തില്‍ ഇപ്പോഴും അഞ്ചെണ്ണംമാത്രം. അതും രണ്ടെണ്ണം കഴിഞ്ഞവര്‍ഷം നിലവില്‍ വന്നത്. സൗമ്യമാര്‍ ആവര്‍ത്തിക്കപ്പെടുന്ന കേരളത്തില്‍ സ്ത്രീസുരക്ഷയെക്കുറിച്ച് അധികാരികള്‍ വാതോരാതെ സംസാരിക്കുമ്പോള്‍ അതീവ പ്രധാന്യമുള്ള വനിതാ സ്റ്റേഷനുകള്‍ കേരളത്തില്‍ അഞ്ചെണ്ണത്തില്‍ ഞെങ്ങി ഞെരുങ്ങുന്നത് ശരിയാണോയെന്ന ചോദ്യം തത്ക്കാലം നമ്മള്‍ക്ക് വിട്ടുകളയാം.

കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിനോട് ചേര്‍ന്ന കണ്‍ട്രോള്‍ റൂം കെട്ടിടത്തിലാണ് ഒരു എസ്‌ഐ അടക്കം പത്ത് പോലീസുകാരുമായി സ്റ്റേഷന്‍ തുടങ്ങുന്നത്. ഇന്ദിരാഗാന്ധിയില്‍ നിന്നും സ്റ്റേഷന്‍ റജിസ്റ്റര്‍ ഏറ്റുവാങ്ങി വനിതാ പൊലീസ്‌ സ്റ്റേഷനിലെ ആദ്യ എസ്‌ഐ ആവാന്‍ ഭാഗ്യമുണ്ടായത് തിരുവനന്തപുരം സ്വദേശിനി പത്മിനി അമ്മയ്ക്ക്. 73 മുതല്‍ 79 വരെ കോഴിക്കോട്ട് എസ്‌ഐ ആയി തുടര്‍ന്ന പത്മിനി അമ്മ പോലീസില്‍ എസ്പി ആയാണ് വിരമിച്ചത്. ഇപ്പോള്‍ ശിഷ്ടജീവിതം തിരുവനന്തപുരത്ത്. 79 മുതല്‍ 83വരേയും 86 മുതല്‍ 87 വരേയും 88 മുതല്‍ 89 വരേയും എസ്‌ഐ ആയത് ഇപ്പോള്‍ കോഴിക്കോട്ട് സ്ഥിരതാമസമാക്കിയ കുട്ടി അമ്മ. പൂവാലന്‍മാരുടെ പേടിസ്വപ്നമായിരുന്നു കുട്ടി അമ്മ എസ്‌ഐ എന്നാണ് പഴയ ആളുകള്‍ പറയുന്നത്.എസ്‌ഐയ്ക്ക് ഇന്നത്തെപോലെ പാന്റും ഷര്‍ട്ടും തൊപ്പിയുമൊക്കെയായിരുന്നു വേഷമെങ്കില്‍ കോണ്‍സ്റ്റബിളിന് വെള്ളസാരിയായിരുന്നു യൂണിഫോം. പിന്നീടത് പച്ചക്കരയുള്ള സാരിയും തുടര്‍ന്ന് കാക്കി സാരിയും ബ്ലൗസുമായി. വര്‍ഷങ്ങള്‍ക്കിപ്പുറത്താണ് കാക്കിപാന്റും ഷര്‍ട്ടിലേക്കും വനിതാ പോലീസും മാറിയത്.

ഉദ്ഘാടനവും ഉപദേശങ്ങളുമെല്ലാം കഴിഞ്ഞ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമെല്ലാം പോയശേഷം സ്റ്റേഷനില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസ് ഏറെ രസകരവും ശ്രമകരവുമായിരുന്നു. സ്ത്രീകളുടെ സുരക്ഷയും സംരക്ഷണത്തിനുമായി രാജ്യത്തെ ആദ്യ വനിതാ പോലീസ്‌ സ്റ്റേഷന്‍ കോഴിക്കോട്ട് തുറക്കുന്നതറിഞ്ഞ് സ്ത്രീകളുടെ വലിയൊരു കൂട്ടം തന്നെ സ്റ്റേഷന്‍ പരിസരത്തെത്തിയിരുന്നു. പോലീസ്‌ സ്റ്റേഷന്‍ ഉദ്ഘാടനത്തിനപ്പുറത്ത് രാജ്യത്തിന്റെ  ഉരുക്കു വനിത ഇന്ദിരാഗന്ധിയെ കാണുകയായിരുന്നു ലക്ഷ്യം. ഉദ്ഘാടനവും കോലാഹലങ്ങളുമെല്ലാം കഴിഞ്ഞ് ആള്‍ക്കൂട്ടം പിരിഞ്ഞുതുടങ്ങിയപ്പോഴാണ് അതില്‍ മൂന്ന് കുട്ടികളെ കാണാതായുള്ള വിവരം അറിയുന്നത്. കൂട്ടം തെറ്റിപ്പോയതായിരുന്നു. മക്കളെക്കാണാതെ സ്ത്രീകള്‍ സ്റ്റേഷന്‍മുറ്റത്ത് അലമുറകൂട്ടാന്‍ തുടങ്ങി. അങ്ങനെ എസ്‌ഐ പത്മിനി അമ്മയുടെ നിര്‍ദ്ദേശപ്രകാരം ആദ്യകേസായി കുട്ടികളുടെ മിസ്സിങ് രജിസ്റ്റര്‍ ചെയ്തു.

അതിനുശേഷം വര്‍ഷത്തില്‍ ശരാശരി 150എങ്കിലും വെച്ച് ആയിരക്കണക്കിന് കേസുകള്‍ വനിതാ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടതായി  സ്റ്റേഷനിലെ 29ാമത്തെ എസ്‌ഐ സി.ടി.ഉമാദേവി പറഞ്ഞു. പൂവാല ശല്യം, അനാശാസ്യം, രണ്ടു കക്ഷികളും സ്ത്രീകളായിട്ടുള്ള അടിപിടി അടക്കമുള്ള കേസുകള്‍, സ്ത്രീകള്‍ മദ്യപിച്ചുണ്ടാക്കുന്ന ബഹളങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും കൈകാര്യം ചെയ്യുന്ന കേസുകള്‍. പൂവാലശല്യം കൂടുതലായുള്ള ഏരിയകളില്‍ വനിതാ പോലീസുകാര്‍തന്നെ വേഷംമാറി ചെന്ന് പൂവാലന്‍മാരെ പൊക്കുന്ന കേസുകള്‍ ഇവിടെ അനവധിയാണ്.

 

കണ്‍ട്രോള്‍ റും കെട്ടിടത്തില്‍ ഞെങ്ങി ഞെരുങ്ങിയ സ്റ്റേഷന് പൊലീസ്‌ ക്ലബിന്റെ എതിര്‍വശത്തായി ഇപ്പോള്‍ സ്വന്തം കെട്ടിടമുണ്ട്. ആവശ്യത്തിന് വാഹനങ്ങളും സൗകര്യങ്ങളുമുണ്ട്. രണ്ട് എസ്‌ഐമാരടക്കം 26 പേരുണ്ട് ഡ്യൂട്ടിയില്‍. 1997ല്‍ മുഖ്യമന്ത്രി ഇ.കെ.നായനാരാണ് ഇന്നത്തെ സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

 

*Views are personal

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍