UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സംവരണം; മുസ്ലീം സ്ത്രീകള്‍ മാറിനില്‍ക്കണം എന്ന വാദം അബദ്ധം- ഡോ.ഹുസൈന്‍ മടവൂര്‍

Avatar

സ്ത്രീ സംവരണത്തിന്റെ കാര്യത്തില്‍ മുസ്ലിം മത മേലദ്ധ്യക്ഷന്മാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ എല്ലാകാലത്തും ചര്‍ച്ചാ വിഷയമാണ്. കാന്തപുരത്തിന്റേയും സിംസാറുല്‍ ഹഖ് ഹുദവിയുടേയും പ്രസ്ഥാവനകളാണ് ഈ തെരെഞ്ഞെടുപ്പ് കാലത്ത് ഈ ചര്‍ച്ച ഉയര്‍ത്തി കൊണ്ടുവന്നത്. പുരോഗമന മുസ്ലിം വിഭാഗമാണെന്ന് സ്വയം വിലയിരുത്തുന്ന ജമാഅത്തേ ഇസ്ലാമിപോലും സ്ത്രീ വിരുദ്ധമായ പ്രസ്ഥാവനകള്‍ നടത്തുന്നു. എന്നാല്‍ സ്ത്രീകള്‍ തെരെഞ്ഞടുപ്പില്‍ മത്സരിക്കുന്നത് അനിസ്ലാമികമല്ല എന്ന പ്രസ്ഥാവനയിലൂടെ ഇതില്‍ നിന്നും തീര്‍ത്തും വ്യത്യസ്ഥമായ നിലപാടാണ് മുജാഹിദ് വിഭാഗത്തിന്റെ നേതാവ് ഹുസൈന്‍ മടവൂര്‍ സ്വീകരിച്ചത്. യഥാര്‍ത്ഥത്തില്‍ മുസ്ലിം സ്ത്രീകള്‍ക്ക് തെരെഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്നത് മതപരമായി വിലക്കുള്ള കാര്യമാണോ? അവള്‍ വീടിനുള്ളില്‍ അടച്ചിടപ്പെടേണ്ടവളാണോ? 50 ശതമാനം സീറ്റ് സംവരണം ബാക്ക് സീറ്റ് ഡ്രൈവിങ്ങിന് വഴി വെക്കുമോ? മുസ്ലിം സ്ത്രീകള്‍ പൊതുരംഗത്തേക്ക് കടന്നുവരുമ്പോള്‍ തകര്‍ന്നു വീഴുന്നത് ഏതുതരം മൂല്യങ്ങളാണ്? സാമൂഹ്യ-സാംസ്‌കാരിക- മത-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരെ പങ്കെടുപ്പിച്ചുകൊണ്ട് അഴിമുഖം നടത്തുന്ന ചര്‍ച്ചയില്‍ നിലപാട് വ്യക്തമാക്കുകയാണ് ഡോ.ഹുസൈന്‍ മടവൂര്‍. തയ്യാറാക്കിയത് സുഫാദ് ഇ മുണ്ടക്കൈ(ഈ ചര്‍ച്ചയിലെ മുന്‍ ലേഖനങ്ങള്‍ ഇവിടെ വായിക്കാം- പുരുഷന്മാരുടെ കാലടിയില്‍ കിടക്കേണ്ടവരല്ല സ്ത്രീകള്‍യാഥാസ്ഥിതികരെ തിരുത്തി മുസ്ലിംലീഗിന് മുന്നോട്ട് പോകാന്‍ കഴിയുമോ? എം എന്‍ കാരശ്ശേരി സംസാരിക്കുന്നുലജ്ജിക്കേണ്ടത് ആര്? സ്ത്രീകളോ അതോ പൊതുസമൂഹമോ?കാന്തപുരവും സ്ത്രീവാദത്തിന്റെ പ്രതിസന്ധികളും ക്യാമൽ ടു കാഡില്ലാക് മുല്ലമാരും ആൺകോയ്മയുടെ കേരളീയ പരിസരവും)

ഇസ്ലാമില്‍ സ്ത്രീയെയും പുരുഷനേയും കുറിച്ച് വളരെ വിശദമായി തന്നെ ചര്‍ച്ച ചെയ്യുന്നുണ്ട്. ഇരുവിഭാഗത്തിന്റേയും മനസ്സും ശരീരവും വ്യത്യസ്തമായതുകൊണ്ട് സ്ത്രീക്ക് ഉപകാരപ്പെടുന്നതും, പുരുഷന് ഉപകാരപ്പെടുന്നതും, പൊതുസമൂഹത്തിന് ഉപകാരപ്പെടുന്നതുമായ നിയമങ്ങളുണ്ട്. സ്ത്രീയും പുരുഷനും എല്ലാകാര്യത്തിലും തുല്യരാണെന്ന് ഇസ്ലാം പറയുന്നില്ല. ഇസ്ലാം അല്ലാത്ത മതങ്ങളും അങ്ങനെ പറയുന്നില്ല, പൊതുരംഗത്തുള്ളവരും പറയുന്നില്ല. സ്ത്രീകള്‍ക്ക് സുരക്ഷിതത്വം കൂടുതല്‍ വേണം, അവരുടെ കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം, കൂടുതല്‍ അവകാശങ്ങള്‍ ഉറപ്പു വരുത്തണം എന്നൊക്കെ പറയുന്നത് സ്ത്രീ സ്ത്രീയാണ് എന്നതു കൊണ്ടാണ്. പെണ്‍കുട്ടികളുടെ കാര്യത്തില്‍ രക്ഷിതാക്കളും സ്‌കൂളുകളും കോളേജുകളുമെല്ലാം പ്രത്യേക ശ്രദ്ധനല്‍കുന്നത് ഇതുകൊണ്ടാണ്. അതുകൊണ്ട് സ്ത്രീയും പുരുഷനും എല്ലാകാര്യത്തിലും തുല്യമാണ് എന്നു പറഞ്ഞുകൊണ്ടുള്ള ബഹളങ്ങള്‍ക്ക് യാതൊരു ന്യായവും ഇല്ല.

ഭരണമായാലും വ്യവസായമായാലും പൊതുകാര്യമായാലും ശരീര ശാസ്ത്രപരവുമായുള്ള കഴിവുകള്‍ വച്ച് നോക്കുമ്പോള്‍ പുരുഷനാണ് സ്ത്രീയേക്കാള്‍ മുന്‍പന്തിയില്‍ ഉണ്ടാവുക. മാത്രവുമല്ല, സ്ത്രീക്ക് ഒരുപാട് അസൗകര്യങ്ങളും ഉണ്ടാകും. പുരുഷന് ചെയ്യാന്‍ കഴിയുന്നതിനേക്കാള്‍ വലിയൊരു ബാധ്യത സ്ത്രീക്കുണ്ട്, അത് ഭാവി തലമുറയെ സംസ്‌കാരമുള്ളവരാക്കി വളര്‍ത്തിയെടുക്കുക എന്നുള്ളതാണ്. അത് വലിയൊരു അദ്ധ്യാപനം കൂടിയാണ്. അത് നിര്‍വ്വഹിക്കുവാന്‍ പുരുഷനേക്കാള്‍ സ്ത്രീക്കാണ് സാധിക്കുക. കുഞ്ഞുങ്ങളുടെ ഭാവി, അവരുടെ സംസ്‌കാരം, പെരുമാറ്റം, സ്വഭാവം തുടങ്ങിയ കാര്യങ്ങളെല്ലാം സുഗമമാക്കല്‍ അവരുടെ ശാരീരികവും മാനസികവുമായ വളര്‍ച്ച ഉറപ്പു വരുത്തല്‍ തുടങ്ങി വലിയൊരു സേവനം ചെയ്യുന്ന ആളാണ് സ്ത്രീ. ആ ഒരു സേവനത്തില്‍ നിന്നും പൂര്‍ണ്ണമായും അവരെ മാറ്റിയിട്ട്, പുരുഷന്‍ ചെയ്യുന്ന കാര്യങ്ങള്‍ അതേ രൂപത്തില്‍ ചെയ്യാന്‍ കഴിയുന്നുമില്ല സ്ത്രീ ചെയ്യേണ്ട ധര്‍മ്മം ഉപേക്ഷിക്കുകയും ചെയ്യും എന്ന തരത്തിലുള്ള സ്ത്രീ വിമോചനമൊന്നും ആവശ്യമില്ല. സ്ത്രീകള്‍ക്ക് ആവശ്യമുള്ള എല്ലാ അവകാശങ്ങളും നല്‍കണം, അവര്‍ക്ക് വിദ്യാഭ്യാസം നല്‍കണം, സമൂഹത്തില്‍ ആവശ്യമായ സ്ഥാനം നല്‍കണം എന്നതാണ് മതപരമായി എനിക്ക് മനസ്സിലാകാന്‍ സാധിച്ചിട്ടുള്ള കാര്യം.

തെരഞ്ഞെടുപ്പിന്റെ സമയത്ത് ഇത്തരം ചര്‍ച്ചകള്‍ നിരന്തരം ഉണ്ടാവുക എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. ഇന്ത്യയൊരു ജനാധിപത്യ മതേതര രാജ്യമാണ്. മുസ്ലീങ്ങള്‍ ഇവിടെയൊരു ന്യൂനപക്ഷമാണ്. അവര്‍ക്ക് ഇവിടുത്തെ ജനാധിപത്യ പ്രക്രിയകളില്‍ പങ്കാളികളാവുക എന്നത് മതപരമായി വിലക്കുള്ള കാര്യമല്ല. എന്നാല്‍ മതം നിഷിദ്ധമാക്കിയ ഒരുകാര്യം ചെയ്യാന്‍ ഭരണകൂടം ആവശ്യപ്പെട്ടാല്‍ അത് ചെയ്യേണ്ടതുമില്ല. അത് സ്ത്രീയും പുരുഷനും ഒരുപോലെയാണ്. ഉദാഹരണത്തിന് ഇസ്ലാമികമായി മദ്യം വിലക്കപ്പെട്ടതാണ്, എന്നാല്‍ ഒരു മുസ്ലീം മദ്യം വില്‍ക്കണമെന്ന് ആരുപറഞ്ഞാലും അത് അംഗീകരിക്കാന്‍ കഴിയില്ല. കാരണം മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ദൈവത്തിന്റെ നിയമമാണ് വലുത്.

ജനാധിപത്യരീതിയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനവും അംഗീകാരങ്ങളും നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് സംവരണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സാഹചര്യത്തില്‍ എന്തു ചെയ്യണമെന്നത് ഒരു ന്യൂനപക്ഷ സമുദായം എന്ന നിലയില്‍ മുസ്ലിംകളുടെ നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നമാണ്. അത് ഉപയോഗിക്കാതെ മാറിനില്‍ക്കുന്നത് അബദ്ധമാണ്. അതുകൊണ്ടുതന്നെ സ്ത്രീകള്‍ മത്സരിക്കുകയും പൊതുരംഗത്ത് വരിക എന്നുള്ളതും ഇസ്ലാമിക നിയമം പാലിച്ചുകൊണ്ടായിരിക്കണം. സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍, അന്യപുരുഷന്മാരുമായി ഇടപഴകുമ്പോള്‍, പൊതുസമൂഹത്തില്‍ വരുമ്പോള്‍, ഇസ്ലാമികമായ ചിട്ടകളും മര്യാദകളും വസ്ത്രധാരണരീതികളും അച്ചടക്കങ്ങളും പാലിച്ചുകൊണ്ടായിരിക്കണം അതു ചെയ്യുന്നത്. സ്ത്രീ അവളുടെ മുഴുവന്‍ സൗന്ദര്യവും പ്രത്യക്ഷപ്പെടുത്തിക്കൊണ്ട് നാടുനീളെ ഫോട്ടോ പതിക്കല്‍ തുടങ്ങിയ മതപരമായ അച്ചടക്ക ലംഘനങ്ങളും മത മൂല്യങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ടുള്ള പൊതുപ്രവര്‍ത്തനവും പാടില്ല.

സ്ത്രീകള്‍ക്ക് അന്‍പത് ശതമാനം സംവരണത്തിന് സമയമായോ അല്ലയോ എന്നുള്ള ചര്‍ച്ചകളില്‍ മതരംഗത്തുള്ളവര്‍ ഇടപെടേണ്ട കാര്യമില്ല. അത് ചര്‍ച്ച ചെയ്യേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളാണ്. എനിക്ക് തോന്നുന്നത് 50 ശതമാനമോ അതിലധികമോ സ്ത്രീ സംവരണം വേണം എന്നൊക്കെ അവകാശപ്പെടുന്ന സംഘടനകളില്‍ 10 ശതമാനം പോലും സ്ത്രീകള്‍ക്ക് സംവരണം കൊടുക്കുകയോ, അവരെ നേതൃനിരയിലേക്ക്ഉയര്‍ത്തിക്കൊണ്ട് വരികയോ ചെയ്തിട്ടില്ല എന്നാണ്. പലരും അഭിപ്രായപ്പെടുന്നതുപോലെ ഒരു പിന്‍സീറ്റ് ഭരണത്തിനുള്ള സൗകര്യമൊരുക്കുന്ന സൂത്രം അതിലുണ്ടോ എന്ന് സംശയമുണ്ട്. അതുകൊണ്ട് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആദ്യം ചെയ്യേണ്ടത് അവരുടെ പ്രസ്ഥാനങ്ങളില്‍ ഇത്തരത്തിലുള്ള സംവരണങ്ങളോ പങ്കാളിത്തങ്ങളോ നല്‍കുകയാണ്. അവര്‍ അത് ചെയ്യാത്തത് ഒരു പക്ഷെ സ്ത്രീകള്‍ അതിനുമാത്രം പ്രാപ്തരല്ല എന്നുള്ളതിനാലായിരിക്കാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍