UPDATES

ട്രെന്‍ഡിങ്ങ്

ആക്രമിക്കപ്പെടുന്നവരുടെ വേദന നിങ്ങൾക്ക് മനസിലാകില്ല; കൂടെ നിൽക്കുക തന്നെ വേണം

ഇതുപോലൊരു ചുറ്റുപാടിൽനിന്ന് കരകയറാൻ എന്നെ സഹായിച്ചത് ആ കലാകാരിയുടെ സഹോദരനായിരുന്നു

സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കു പ്രകാരം 2016ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരേയുള്ള ബലാത്സംഗത്തിനു രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസുകളുടെ എണ്ണം 1644. 2007ല്‍ ഇത് 500 ആയിരുന്നു. ലൈംഗിക പീഡനക്കേസുകളുടെ എണ്ണത്തിലും അതേ വര്‍ദ്ധനവു പ്രകടമായി കാണാം. 2007ല്‍ ഈ കണക്ക് 2604 ആയിരുന്നെങ്കില്‍ 2016 ല്‍ എത്തുമ്പോള്‍ കേസുകളുടെ എണ്ണം 4035 ല്‍ എത്തി. കുഞ്ഞുങ്ങൾ, പെണ്‍കുട്ടികള്‍, വൃദ്ധകള്‍ തുടങ്ങി ഏതു പ്രായത്തില്‍പ്പെട്ടവര്‍ക്കെതിരേയും കേരളത്തില്‍ നടന്നു വരുന്ന അക്രമങ്ങളുടെ എണ്ണം ദിനം പ്രതി വര്‍ദ്ധിച്ചു വരുന്നതിന്റെ കണക്ക് ഞെട്ടിക്കുന്നതാണ്. സൗമ്യ, ജിഷ എന്നീ പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരന്തങ്ങളില്‍ നാം ഏറെ ചര്‍ച്ച ചെയ്യുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇനിയങ്ങനെയൊന്ന് ഒരു സ്ത്രീക്കു നേരെയും ഉണ്ടാകില്ലെന്ന വിശ്വാസം തകര്‍ത്തു കൊണ്ട് കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്കാണ് സ്ത്രീകളുടെ ജീവിതം പോകുന്നതെന്നതിന് തെളിവായിരുന്നു കൊച്ചി പോലൊരു വലിയ നഗരത്തില്‍, പ്രശസ്തയായൊരു ചലച്ചിത്ര താരത്തിനു നേരിടേണ്ടി വന്ന പീഡനം. ഈ ഓരോ സംഭവവും ഒറ്റപ്പെട്ടവയായി കാണാനാകില്ല. കേരളത്തിന്റെ പൊതുസമൂഹത്തില്‍ ഓരോ സ്ത്രീയും നിരന്തരം നേരിടേണ്ടി വരുന്ന അതിക്രമങ്ങള്‍ പലതാണ്. സമൂഹത്തിന്റെ വിവിധധാരകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ അവയിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയാണ് അഴിമുഖം. കലാകാരിയും ബാലെ സംവിധായികയുമായ ശ്രുതി നമ്പൂതിരി പ്രതികരിക്കുന്നു.

ഒരു പെൺകുട്ടി ആക്രമണവിധേയയായാൽ ഉടനെയെന്തിന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട് ബുദ്ധിജീവി ചമയുന്നു/ആളാവുന്നു, എന്നൊക്കെയുള്ള വസ്തുതാവിരുദ്ധമായ ചോദ്യങ്ങൾ പലരും ഉന്നയിച്ചുകണ്ടു. ഇപ്പറഞ്ഞതിനുള്ള ഉത്തരം ആ ചോദ്യത്തിൽ തന്നെയുണ്ട്. എഴുതി പ്രസിദ്ധീകരിക്കുന്നതിലെ വാചാടോപം തന്നെയാണ് അതിനുള്ള ഉത്തരവും. അറിയപ്പെടുന്ന ഒരു കലാകാരി ഇവിടെ ആക്രമിക്കപ്പെട്ടപ്പോൾ എന്നെപ്പോലുള്ള ചിലരെയെങ്കിലും കുറിപ്പുകളെഴുതി തങ്ങളുടെ നിലപാടറിയിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടാവുക ആ പെൺകുട്ടി അനുഭവിച്ച ആത്മസംഘർഷത്തോടുള്ള ഇണക്കപ്പെടലായിരിക്കും. അവിടെ യുക്തിയേക്കാൾ സഹാനുഭൂതിയാവണം എന്നെപ്പോലുള്ളവരെ ഭരിക്കുന്ന വികാരം. ഇത്തരം കുറിപ്പുകളെഴുതുന്നവരും, വ്രണിതയായ പെൺകുട്ടിയോട് ഐക്യദാർഢ്യപ്പെടുന്നവരും ഒരുപക്ഷേ അവരുടെ വ്യക്തിജീവിതത്തിൽ സമാനമായ അവസ്ഥകളിലൂടെ കടന്നുപോയിട്ടുണ്ടാവാം.

ചർച്ചചെയ്തിട്ടെന്തുകാര്യം എന്ന് ചോദിക്കുന്നവരോട് ചർച്ചചെയ്യാതിരുന്നിട്ട് എന്തു പ്രയോജനം എന്ന് തിരിച്ചു ചോദിക്കട്ടെ. അപമാനിതയായ പെൺകുട്ടി തനിക്കുണ്ടായ ദുരനുഭവം പങ്കുവയ്ക്കുന്നതും അതിനോട് പ്രതികരിക്കുന്നതും അവളുടെ ആത്മാഭിമാനത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇതുപോലുള്ള ദുരവസ്ഥയിലൂടെ ഇനിയൊരു സ്ത്രീയും കടന്നുപോവാതിരിക്കട്ടെ എന്നുള്ള പ്രാർത്ഥനയുടെ പ്രതിഫലനമാണ് ഇത്തരം തുറന്നുപറച്ചിലുകൾ. ഇവിടെ ഒരു സ്ത്രീക്ക്, അവൾ ഏതു വിഭാഗത്തിൽ പെടുന്നവളുമാകട്ടെ, ലിംഗനീതിയുറപ്പാക്കാൻ കഴിയാതെ പോവുന്നത് വ്യവസ്ഥയുടെ പരാജയമാണ്. ക്രിയാത്മകമായ ചർച്ചകളിലൂടെ ഇത്തരം വിപത്തുകളെ നേരിടാനുള്ള വ്യവസ്ഥയെ പുനർനിർമ്മിക്കുക എന്നത് അതുകൊണ്ടു തന്നെ പൗരധർമമാണ്.

പൊതുവിടങ്ങളിൽ ഇടപെടുന്ന ഒരു സ്ത്രീ എന്ന നിലയിൽ ഇന്നലെയുണ്ടായ വിപത്തിന് സദൃശ്യമായ ഒരു സന്ദർഭത്തിലൂടെ ഞാൻ കടന്നുപോയപ്പോൾ, ഏതാനും വർഷം മുൻപ് ഒരു വൈകുന്നേരം പൊതുനിരത്തിൽ ആൾക്കൂട്ടത്തിനു നടുവിൽവച്ച് ഒരു പോലിസ് ഉദ്യോഗസ്ഥൻ മദ്യത്തിന്റെ ലഹരിയിൽ എന്നെ അപമാനിക്കാൻ ശ്രമിച്ചപ്പോൾ, എനിക്കൊപ്പം നിന്ന് ആ ചുറ്റുപാടിൽനിന്ന് കരകയറാൻ എന്നെ സഹായിച്ചത് കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട ആ കലാകാരിയുടെ സഹോദരനായിരുന്നു. അന്നും ലജ്ജിപ്പിക്കുന്ന പെരുമാറ്റമുണ്ടായിട്ടുള്ളത് ക്രമസമാധാനപാലകരുടെയും മാധ്യമങ്ങളുടെയും ഇടയിൽനിന്നുതന്നെയാണ്. അപമാനിതയാവുന്ന സ്ത്രീയും അവളുടെ ശരീരവും ആഘോഷമാക്കുന്ന നിയമപാലകരും മാധ്യമങ്ങളും എത്ര വലിയ ദുരന്തങ്ങളാണെന്നോർക്കണം. “അയാൾ നിങ്ങളുടെ എവിടെയാണ് തൊട്ടത്? മാറത്താണോ? പിടിച്ചുഞെരിച്ചപ്പോൾ നിങ്ങൾക്ക് ശക്തമായ വേദന അനുഭവപ്പെട്ടില്ലേ?” എന്നൊക്കെ ആലങ്കാരികമായി എഫ്ഐആറിൽ കുത്തിക്കുറിച്ച പൊലീസ് ഓഫീസർ അനുഭവിക്കുന്ന ആത്മരതി മുതൽ, “ഇവിടം മുതൽ ഇവിടംവരെ പെൺകുട്ടിയെ ഇത്രയാണുങ്ങൾ ഇത്രനേരം പീഡിപ്പിച്ചു” എന്നൊക്കെ പ്രസിദ്ധീകരിക്കുമ്പോള്‍ മാധ്യമങ്ങൾ കൊണ്ടാടുന്ന വൈകാരികോന്മത്തത വരെ നീണ്ടുനിൽക്കുന്ന അധഃപതനത്തെയോർത്താണ് നമ്മൾ ലജ്ജിക്കേണ്ടത്.

ഇതോടൊപ്പം തന്നെ അസുഖകരമായ ചില ചിന്തകളും എഴുതട്ടെ. ജിഷയും സൗമ്യയും ഉണ്ടായപ്പോൾ ഇത്തരമൊരു കൂട്ടായ്മ ഇന്നാട്ടിലെ പ്രമുഖരുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ജിഷയോ സൗമ്യയോ പ്രതിനിധീകരിക്കുന്ന വിഭാഗം ഒരു സാധാരണ സ്ത്രീയുടേതാണ് എന്നതുതന്നെ അതിന്റെ കാരണം. ഇതും നമ്മുടെയൊക്കെ പരാജയം തന്നെയാണെന്നോർക്കുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍