UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപരാജിതയും ഷഹലയും; ജെ എന്‍ യു സമരത്തിലെ പെണ്ണിടങ്ങള്‍

Avatar

ജിയ സുജന്‍

ജെ എൻ യു വിലെ സമരം കൊടുമ്പിരി കൊള്ളുകയാണ്. ഒരു വിദ്യാർഥി സമരം എന്നതിന് അപ്പുറത്ത്, ആശയപരമായ നേരിയ വ്യത്യാസങ്ങൾ മൂലം ചിതറിക്കിടന്നിരുന്ന ഇടത് ശക്തികളും ദളിത് ഗ്രൂപ്പുകളും ഒരു പ്ലാറ്റ്ഫോമിൽ കൈകോർക്കുന്നു എന്ന ചരിത്രപരമായ ഒരു പ്രത്യേകതയും ഈ സമകാലിക സംഭവങ്ങൾക്കുണ്ട്. ജനാധിപത്യത്തിന് ശക്തിപകരാൻ നടത്തപ്പെടുന്ന ഈ സമരങ്ങളിൽ പെണ്ണിടങ്ങൾ എവിടെയാണ്? ഇത് കൃത്യമായി അവലോകനം ചെയ്യപ്പെടേണ്ട ഒരു വസ്തുതയാണ്.

കനയ്യ കുമാർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോൾ ശക്തമായ പ്രതിഷേധമാണ് ഉണ്ടായത്. ഉമർഖാലിദ് അടക്കമുള്ള ചില വിദ്യാർഥികൾക്ക് നേരെ ലുക്ക് ഔട്ട് നോട്ടീസും വന്നു. കനയ്യയെക്കുറിച്ചും ഉമറിനെക്കുറിച്ചും ചർച്ചകൾ ഉണ്ടായി. അവരുടെ മുൻകാല പ്രവർത്തികൾ, കുടുംബം, സാഹചര്യങ്ങൾ, പ്രസംഗങ്ങൾ എന്നിവ വിശദമായി ചർച്ച ചെയ്യപ്പെട്ടു. ജാതി-മത സ്വത്വങ്ങൾ പോലും അവലോകനം ചെയ്യുകയുണ്ടായി.

കനയ്യയോടോ  ഉമറിനോടോ ഒപ്പമോ അതിനു മുകളിലോ ചേർത്തുവെക്കാൻ കഴിയുന്ന നേതാവാണ് അപരാജിത. ഡി രാജയുടെയും ആനി രാജയുടെയും മകൾ എന്ന വിശേഷണങ്ങൾക്കപ്പുറത്ത്, സ്വന്തമായ വ്യക്തിത്വം ഉള്ള നേതാവ് തന്നെയാണ് അപരാജിത. അപരാജിതയെക്കുറിച്ച് എന്തേ നാം ചർച്ച ചെയ്യുന്നില്ല? രാജ്യസ്നേഹം പ്രകടിപ്പിക്കാനായി മകളെ വെടിവച്ചു കൊല്ലണം എന്ന് രാജയോടു ഒരു ആർ എസ് എസ് നേതാവ് ആവശ്യപ്പെട്ടതിലും ഇങ്ങു കേരളത്തിൽ ഒരു ‘മ’ മാധ്യമം അപരാജിത ഉമറിന്റെ കൂട്ടുകാരിയാണ് എന്ന് ആക്രോശിച്ചതിലും ആ വനിതാ നേതാവ് ഒതുങ്ങി.

ജെ എൻ യു എന്ന മഹാ വിദ്യാഭാസ സ്ഥാപനത്തെ അവഹേളിച്ചു കൊണ്ട്, ഗർഭനിരോധന ഉറകളുടെ കണക്കെടുത്ത സംഘപരിവാർ ഭാവനക്കെതിരെ പ്രതികരിക്കുമ്പോൾ മാത്രമാണ് ജെ.എന്.യു യൂണിയൻ  വൈസ് ചെയര്മാന് ഷഹല റാഷിദ് എന്ന പെൺകുട്ടിയെ മാധ്യമങ്ങൾ ശ്രദ്ധിക്കുന്നത്. ‘ചാരിത്ര്യത്തെ’ ചോദ്യം ചെയ്യുമ്പോൾ അതിന് ഒരു പെണ്ണുതന്നെ മറുപടി നൽകണം എന്ന പിന്തിരിപ്പന്‍ യുക്തിബോധം അല്ലാതെ മറ്റെന്താണ് മാധ്യമങ്ങളെ നയിച്ചിരിക്കുക?

അപരാജിതയും ഷഹലയും ആഘോഷിക്കപ്പെടാത്തത്തിനു വ്യക്തമായ രാഷ്ട്രീയം ഉണ്ട്. അതിന്റെ അടിവേര് സവർണ്ണ രാഷ്ട്രീയത്തിന്റെ ഉള്ളിൽ മാത്രമല്ല, ഇടത്/ദളിത് പ്രസ്ഥാനങ്ങൾക്ക് അടിയിലേക്കും ആഴ്ന്നു കിടക്കുന്നു എന്നുതന്നെ വേണം പറയാൻ. സവർണ്ണരിൽ നിന്നും സ്വന്തം ജാതിയിലെ പുരുഷരിൽ നിന്നും നിരന്തര പീഡനം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവരാണ് അടിയാള സ്ത്രീകൾ എന്ന മേൽവർഗ/കീഴാള പുരുഷ രാഷ്ട്രീയത്തിന്റെ ഇരകൾ തന്നെയാണ്. രാഷ്ട്രത്തിന്റെ ഭാവിയിലേക്കുള്ള സമരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെ എൻ യു സമരത്തിന്റെ നേതൃത്വത്തിൽ അപരാജിതയും ഷഹലയും എണ്ണപ്പെടുകതന്നെ വേണം. ഷഹലയെ ഇടത് വാദികൾ വിശേഷിപ്പിക്കുന്നത് പെൺ പുലിയോടാണ്. സമരത്തിന്റെ പിന്നണിയിൽ ഷഹല ആണെന്നാണ് മാധ്യമങ്ങൾ പറയുന്നത്. ഇത് ഇരട്ടത്താപ്പും ഒരു തരം അടിച്ചമർത്തലും ആണ്.

സവർണ്ണ രാഷ്ട്രീയം പെൺ പുലികളെ ഭയപ്പെടുന്നു എന്നുള്ളത് നേരാണ്. എന്നാൽ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വാദിക്കുന്ന നാം ആൺ-പെൺ വ്യത്യാസമില്ലാതെ സമര ഇടങ്ങളിൽ തോളോട് തോൾ ചേർത്ത് മുന്നോട്ടു നീങ്ങുകയാണ് വേണ്ടത്. സമരങ്ങളുടെ പൂമുഖത്ത് ആൺ നേതാക്കളും മുദ്രാവാക്യങ്ങൾ പാചകം ചെയ്യുന്ന അടുക്കളയിൽ പെൺ നേതാക്കളും എന്ന രീതി മാറപ്പെടണം. എങ്കിലേ സമത്വം, സ്വാതന്ത്ര്യം എന്ന മുദ്രാവാക്യങ്ങൾക്ക് കൂടുതൽ ശുദ്ധി വരൂ.

(സ്വതന്ത്ര മാധ്യമ പ്രവർത്തകയാണ് ജിയ സുജൻ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍