UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കൊത്തം കല്ല് കളിക്കുന്ന പെണ്‍കുട്ടി !

Avatar

ലാ ജെസ്

ഒരു കൈപ്പിടിയില്‍ ഒരായിരം സ്വപ്‌നങ്ങളെ ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും കൈക്കുമ്പിളില്‍ ഒതുങ്ങാതെ ചിതറി വീണുടഞ്ഞുപോവുന്ന സ്വപ്നങ്ങളെ നിസ്സഹായതയോടെനോക്കി നില്‍ക്കുന്ന പെണ്‍കുട്ടി!

അവള്‍ വളര്‍ന്നു. ദേ, ആ കാണുന്നതാണാകാശമെന്നും അതപകടംപിടിച്ചതാണെന്നും അവളെ പഠിപ്പിച്ചു. കൃത്രിമമായുണ്ടാക്കിയ ഒരാകാശം അവള്‍ക്കുചുറ്റും നിര്‍മ്മിച്ച് അതിന്മേല്‍ കുടുംബവും കുടുംബത്തിന്റെ മാനവും എന്ന ഭാരമേല്‍പ്പിച്ച് അവളെ ‘സ്വതന്ത്ര്യയാക്കി’ വിട്ടു. ചിതറിപ്പോയ പഴയ സ്വപ്നങ്ങളെല്ലാം വാരിയെടുക്കാന്‍ ആവതെ വന്നപ്പോള്‍ അവളൊന്നെത്തി നോക്കി, മേലെ ആകാശത്തേക്ക്, താഴെ ഭൂമിയിലേക്ക്…

ദേ കിടക്കുന്നു കുടുംബവും കുടുംബത്തിന്റെ മാനവും താഴെ! ഇടിഞ്ഞു വീണ ‘മാനം’ നോക്കി അവള്‍ പൊട്ടിച്ചിരിച്ചു. ചിരിച്ചു ചിരിച്ചവളൊരു സ്വപ്നം കണ്ടു.

അന്തിക്ക് വഴി നടന്നപ്പോള്‍ കണ്ട നിലാവിന്റെ തെളിച്ചം! കാറ്റും മഴയും കൊണ്ടു നടന്നു കണ്ടനാടുകള്‍, കാണാക്കാഴ്ചകള്‍! മുക്കിലെ കലുങ്കിലൊന്നിച്ചിരുന്നു മിണ്ടിപ്പറഞ്ഞത്, നക്ഷത്രങ്ങളെണ്ണി മലര്‍ന്നുകിടന്നത് ,കടലില്‍ കുളിച്ചത് ,കാറ്റിനോടൊപ്പം പറന്നത്…കഞ്ഞി തിളച്ചില്ലയെന്നും പാത്രം കഴികിയില്ലയെന്നും അവളെ വീട് വിളിച്ചില്ല, തുണിയലക്കീലയെന്നും നെലം തൊടച്ചീലയെന്നും വീട് പറഞ്ഞില്ല. എങ്ങോട്ട് പോവുന്നു എന്തിനുപോവുന്നു എന്നാരും തിരക്കിയില്ല ,അപ്പനും വന്നില്ല ആങ്ങളയും വന്നില്ല കൂട്ട് , കൈ വീശി ഒറ്റയ്ക്കു നടന്നുപോയൊരു സ്വപ്നം! സ്വപ്നങ്ങളിലേയ്ക്ക് കൂട്ട് കൂടാന്‍ ഒരു സംഘടനയുടെയോ പാര്‍ട്ടിയുടെയോ പിന്‍ബലമില്ലാതെ ഉള്ളിലെ ആത്മാവിന്റെ വിളി തിരിച്ചരിഞ്ഞ് അവരോത്തു കൂടി. കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് നിന്നും, തെരുവോരങ്ങളിലൂടെ പാടിയും പറഞ്ഞും കളിച്ചും ചിരിച്ചും കൊട്ടിയും മുട്ടിയും അവര്‍ നടന്നു …

‘പെണ്ണേ… മ്മടെ തെരുവ്! മ്മക്ക് കൂടാം!’ അതായിരുന്നു വളരെ പരിമിതമായ ദിവസങ്ങള്‍കൊണ്ട് സോഷ്യല്‍ മീഡിയ വഴി ഒത്തു ചേര്‍ന്നൊന്നായ ആ കൂട്ടിന്റെ പേര്.

മത പൗരോഹിത്യത്തിന്റെയും അധികാരവര്‍ഗത്തിന്റെയും ധാര്‍ഷ്ട്യത്തിന് മീതെ, നേരുംനെറിയുമുള്ള രാഷ്ട്രീയം പറഞ്ഞും പാടിയുമവര്‍ കോഴിക്കോടിന്റെ തെരുവോരങ്ങളെ ചിന്തിപ്പിച്ചു. അഴിമതി നിറഞ്ഞ, അധികാരക്കൊതി മൂത്ത, അവസരവാദികളായ പുരുഷാധിപന്മാരുടെ ആധിപത്യവ്യവസ്ഥയ്ക്ക് നേര്‍ക്ക് തിരിച്ചുവെച്ച കണ്ണാടിയിലൂടെ അവള്‍ ചൂണ്ടിക്കാണിച്ചു. ചോദ്യം ചെയ്തു.

തങ്ങള്‍ പറയുന്ന രാഷ്ട്രീയം പുരുഷമേലാളന്മാരെ, അധികാരികളായി സ്വയം അരിയിട്ടു വാഴ്ത്തിയവരെയൊക്കെ വ്രണപ്പെടുത്തുമെന്നറിഞ്ഞു കൊണ്ടുതന്നെ, എങ്കില്‍ ആ വ്രണങ്ങള്‍ പഴുത്തു ചീയട്ടെ എന്നുറക്കെ പറഞ്ഞു കൊണ്ട് തന്നെ അവളൊഴുക്കി വിട്ട ലാവാ പ്രവാഹം നാടിന്റെ നാനാഭാഗത്തേക്കും വ്യാപിക്കുവാന്‍ പോകുന്നു എന്നതിനുള്ള മുന്നറിയിപ്പായി മാറി കോഴിക്കോടിനെ ഒരേ സമയം രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പെണ്‍കൂട്ടായ്മ.

പുരുഷ ജനങ്ങളെ മുഴുവന്‍ സാമാന്യവത്കരിക്കുകയോ അടച്ചാക്ഷേപിക്കുകയോ ചെയ്യുന്നില്ല; മനസില്‍ സൗഹാര്‍ദത്തിന്റെ മഞ്ഞു കണങ്ങള്‍ സൂക്ഷിക്കുന്നവന്‍, പെണ്ണിനെ മനുഷ്യരായികാണുന്നവന്‍ , അവളുടെ അവകാശങ്ങളെ, ഇഷ്ടങ്ങളെ, ഇഷ്ടക്കേടുകളെ അറിയുകയും അംഗീകരിക്കുകയും മാനിക്കുകയും ചെയ്യുന്നവന്‍, അവളുടെ സ്വാതന്ത്ര്യത്തെ തട്ടിപ്പറിച്ചെടുക്കാത്തവന്‍… സ്‌നേഹമായി സഹകരണമായി കൂടെ നിന്നു.

‘ദൈവമേ എന്റെ കാലിന്റെടെയിലെക്കിങ്ങനെ നോക്കല്ലേ ‘എന്നുപറഞ്ഞവള്‍ യാചിക്കുകയായിരുന്നില്ല, അപേക്ഷിക്കുകയായിരുന്നില്ല, പ്രതിഷേധിക്കുകയിരുന്നില്ല, പകരമവള്‍ പ്രഖ്യാപിക്കുകയായിരുന്നു! സ്വാതന്ത്ര്യ പ്രഖ്യാപനം!

പുരുഷാധിപത്യ വ്യവസ്ഥിതിയുടെ ബീജവാഹകാരോ, പെറ്റു കൂട്ടാനുള്ള ബീജഫാക്റ്ററികളോ അല്ല താനെന്നവള്‍ തിരിച്ചറിഞ്ഞിരുന്നു. ആര്‍ത്തവം അശ്ലീലമോ അശുദ്ധമോ അല്ലെന്നും, തന്റെ ശരീരം തന്റെ അവകാശം ആണെന്നും തന്റെ ലൈംഗികത തന്റെ തീരുമാനമാണെന്നും തന്റെ വസ്ത്രം തന്റെ തെരഞ്ഞെടുപ്പാണെന്നും അവള്‍ തിരിച്ചറിഞ്ഞിരിക്കുന്നു.

ഒന്നും തട്ടിപ്പറിക്കാന്‍ വന്നതായിരുന്നില്ല അവള്‍. ആകാശവും ഭൂമിയും തങ്ങള്‍ക്കും പ്രിയപ്പെട്ട അവകാശമാനെന്നവള്‍ ഓര്‍മിപ്പിക്കുകയായിരുന്നു. ചോരയുണ്ട്, മജ്ജ്ജയുണ്ട്, മാംസമുണ്ട്. മനുഷ്യരാണെന്നും, ഭാര്യയും അമ്മയും മകളും പെങ്ങളുമാവുന്നതിനു മുന്‍പേ മനുഷ്യരായി കാണുന്നതല്ലേ നീതിയെന്നും ഉറച്ച ശബ്ദത്തിലവള്‍ വിളിച്ചു ചോദിച്ചപ്പോള്‍ കൂടിനിന്ന പൊതുബോധത്തിനു സമ്മതിക്കാന്‍ മടിയൊന്നും കണ്ടില്ല .

ലിംഗസമത്വം ഔദ്യാരമല്ലെന്നും അവകാശമാണെന്നും തിരിച്ചരിഞ്ഞ് തിരുവനന്തപുരത്തു നിന്നും തൃശൂര്‍ നിന്നും കൊച്ചിയില്‍ നിന്നും പാലക്കാട്ട് നിന്നും മലപ്പുറത്ത് നിന്നും കൈക്കുഞ്ഞുങ്ങളെയുമെടുത്തും തൊഴിലിടങ്ങളില്‍ നിന്ന് അവധിയെടുത്തും വന്ന കേരളത്തിലങ്ങോളമിങ്ങോളമുള്ള ഒരായിരം പെണ്‍ ശബ്ദങ്ങളുടെ പ്രതിനിധിയായവള്‍; സ്വപ്‌നങ്ങള്‍ കാണാനും അവയെത്തിപ്പിടിക്കാനും കരുത്തും കര്‍മ്മധീരതയുമുള്ളവള്‍; തെരുവുകളെ, പൊതു ഇടങ്ങളെ, രാത്രികളെ, രാത്രി മഴകളെ, നക്ഷത്രങ്ങളെ , നിലാവിനെ, ഇരുട്ടിനെ തന്റേത് കൂടിയാക്കി. അവള്‍ പ്രതിഷേധം പ്രകടിപ്പിക്കുക മാത്രമായിരുന്നില്ല, അവള്‍ പ്രക്ഷാളനത്തിനു പ്രതിരോധം തീര്‍ക്കുകയായിരുന്നു. അവള്‍ യുദ്ധം പ്രഖ്യാപിക്കുകയായിരുന്നില്ല, സ്വാതന്ത്ര്യം പ്രാഖ്യാപിക്കുകയായിരുന്നു.

കേളി കേട്ട കേരള ജനതയുടെ പ്രുബദ്ധത ഇനിയുള്ള കാലം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുക സ്ത്രീ മുന്നേറ്റങ്ങളിലൂടെ ആയിരിക്കും എന്നതിനുള്ള വ്യക്തമായ സൂചനയായിരുന്നു അവള്‍ മുന്നോട്ട് വെച്ച രാഷ്ട്രീയവും ആ കണ്ണുകളിലെ നക്ഷത്രങ്ങളും!

(കടപ്പാട് : ‘പെണ്ണേ… മ്മ്‌ടെ തെരുവ് മ്മക്ക് കൂടാം ‘കൂട്ടായ്മയ്ക്ക്)

(സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയും ആകാശവാണിയില്‍ പ്രോഗ്രാം അനൗണ്‍സറുമാണ് ലാ ജെസ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍