UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയില്‍ നിന്നും ‘ഭാരത് മാത’യെ രക്ഷിക്കുക

Avatar

ടീം അഴിമുഖം

ഉറപ്പിച്ച് പറയാവുന്ന ഒരു കാര്യം ജിഷയുടെ അതിക്രൂരമായ കൊലപാതകം ഒരൊറ്റപ്പെട്ട സംഭവമല്ല എന്നതാണ്. സ്വന്തം വീടുകളില്‍, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള വഴികളില്‍, പൊതുഗതാഗത സംവിധാനങ്ങളില്‍, തൊഴിലിടങ്ങളില്‍ ‘ഭാരത് മാത കീ ജയ്’ എന്നവര്‍ അലറിയാല്‍പ്പോലും തീര്‍ത്തൂം അരക്ഷിതരായ ഭാരതമാതയുടെ പെണ്‍മക്കളുടെ, ഈ രാജ്യത്തെ ദശലക്ഷക്കണക്കിന് സ്ത്രീകളുടെ ദുരിതമയമായ ജീവിതങ്ങളുടെ പ്രതീകമാണവള്‍. 

സ്വന്തം വീട്ടിലാണു ജിഷ കൊല്ലപ്പെട്ടത്. നിര്‍ഭയ ബസില്‍ വെച്ചു നേരിട്ട ആക്രമണത്തെ തുടര്‍ന്നും. പക്ഷേ നമ്മള്‍ അറിയാതെപോകുന്ന ഭയജനകമായ കഥകളുള്ള പതിനായിരങ്ങളുണ്ട്. പുറത്തുവെച്ചു അപമാനിക്കപ്പെടുകയും ബാലാത്സംഗത്തിന് ഇരയാവുകയും ചെയ്ത, അത് പുറത്തുപറയാന്‍ ഭയക്കുന്ന സ്ത്രീകളാണവര്‍. ഒരു കുളിമുറിയില്ലാത്ത ലോകത്തെ നൂറുകോടി ജനങ്ങളില്‍ 600 ദശലക്ഷവും ഇന്ത്യയിലാണ്. പൊതുസ്ഥലങ്ങളില്‍ വിസര്‍ജിക്കേണ്ട ഗതികേട് 2019 ഓടെ അവസാനിപ്പിക്കുമെന്ന് സര്‍ക്കാര്‍ പറയുന്നു. ഇതിന് മുമ്പും പല സര്‍ക്കാരുകളും ഇത്തരത്തില്‍ സമയപരിധികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇന്ത്യ വിജയത്തിന്റെ അടുത്തൊന്നുമല്ല. കണക്കുകളനുസരിച്ച് ഗ്രാമീണ ഇന്ത്യക്കാരില്‍ 72 ശതമാനവും വെളിമ്പ്രദേശത്താണ് വിസര്‍ജ്ജനം ചെയ്യുന്നത്. 

രാജ്യത്തു പലയിടത്തും ഇതിനായി പുറത്തിറങ്ങുന്നത് ജീവനു തന്നെ ഭീഷണിയാണ്. പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാനായി പുറത്തിറങ്ങവേ പീഡനത്തിരയാവുകയും ബലാത്സംഗത്തിനിരകളാവുകയും ചെയ്ത ആയിരക്കണക്കിന് സ്ത്രീകളുണ്ട്. പക്ഷേ നാമമാത്രമായ എണ്ണം മാത്രമാണു പൊതുസമൂഹത്തിന് മുമ്പാകെ കേള്‍ക്കുന്നത്. അനുതാപരഹിതമായ രാഷ്ട്രീയമുള്ള ഇന്ത്യപോലൊരു വലിയ രാജ്യത്ത് ഇതൊന്നും പലപ്പോഴും പ്രസിദ്ധപ്പെടുത്താന്‍ പോലും മൂല്യമുള്ളതായി കണക്കാക്കുന്നില്ല. 

ഭാരതമാതയുടെ പെണ്‍മക്കള്‍ക്ക് കുളിമുറികള്‍ മാത്രമല്ല ഇല്ലാത്തത്. ആധുനികജീവിതത്തിന്റെ ഏത് വശമെടുത്താലും ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും വിശിഷ്യാ സ്ത്രീകള്‍ക്കും ദുരിതമയമായ നിലനില്‍പ്പാണുള്ളത്. പുതിയ കണക്കുകള്‍ അനുസരിച്ച് രാജ്യത്തെ ഗ്രാമീണരില്‍ 66 ശതമാനത്തിനും ആവശ്യമരുന്നുകള്‍ ലഭ്യമല്ല. 31% പേര്‍ക്കും ചികിത്സാ സൗകര്യങ്ങള്‍ക്കായി 30 കിലോമീറ്ററിലേറെ യാത്രചെയ്യേണ്ടി വരുന്നു. ജിഷയെപ്പോലുള്ളവര്‍ ആശുപത്രിയിലെത്തും മുമ്പേ മരിക്കുന്നു. 

പാവപ്പെട്ടവരുടെ ക്ഷേമത്തിനായി, അവരുടെ സാമ്പത്തിക നില ഉയര്‍ത്താന്‍, കുടിവെള്ളം, റോഡുകള്‍, വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ശൗചാലയങ്ങള്‍ എന്നിവയെല്ലാം നല്‍കാന്‍ ഇന്ത്യന്‍ സര്‍ക്കാരിന് 40 ഓളം പദ്ധതികളുണ്ട്. സാമൂഹ്യ മേഖലയില്‍ ജി ഡി പിയുടെ 1.7% ചെലവഴിക്കുന്നു. 

പക്ഷേ നമ്മുടെ സ്ത്രീകളുടെ സുരക്ഷാ ഉറപ്പാക്കാന്‍ ഒരു സാമൂഹ്യമേഖല പദ്ധതിയുമില്ല. എണ്ണത്തില്‍ക്കുറഞ്ഞ പൊലീസ് വിഐപികളുടെ സംരക്ഷണത്തിനാണ് ഉപയോഗിക്കപ്പെടുന്നത്. സ്ത്രീകളുടെ സുരക്ഷക്ക് പൊലീസിന്റെ സാന്നിധ്യം പോലും ഉറപ്പ് നല്‍കുന്നില്ല. 

ഇന്ത്യ വിദഗ്ധരെ അത്ഭുതപ്പെടുത്തുകയാണ്. കാരണം പോഷകാഹാരക്കുറവ്, ദാരിദ്ര്യ നിര്‍മ്മാര്‍ജനം, നിരക്ഷരത തുടങ്ങിയവയുടെ കാര്യത്തില്‍ ഇത്ര മോശമായ നിലവാരം പുലര്‍ത്തുന്ന അതോടൊപ്പം ഇത്ര വേഗത്തില്‍ വളരുന്ന ഒരു സമ്പദ്‌രംഗം അപൂര്‍വമാണ്. ആഗോള പട്ടിണി സൂചികയില്‍ 2014ല്‍ ഇന്ത്യയുടെ സ്ഥാനം 55 ആയിരുന്നു. അയല്‍രാജ്യങ്ങളായ ശ്രീലങ്കയ്ക്കും നേപ്പാളിനും പിറകില്‍. അതിനു തൊട്ടുപിറകിലെ വര്‍ഷത്തേക്കാള്‍ നേരിയ മുന്നേറ്റം മാത്രം. പട്ടിണിമൂലം ഉറങ്ങിപ്പോകുന്നവരില്‍ ജിഷയെ പോലുള്ള പെണ്‍കുട്ടികളാണ് ഏറെയും. 

ഭൂതകാല കാല്പനിക കഥകളുടെ മായികതയില്‍ നിന്നും എത്രയോ ഭീതിദമാണ് വാസ്തവം. ഭാരതമാത തെരുവുകളിലും വയലുകളിലും പീഡിപ്പിക്കപ്പെടുന്നു. വേണ്ട ചികിത്സ കിട്ടാതെ അവള്‍ പ്രസവത്തിനിടയില്‍ മരിക്കുന്നു. വിദ്യാലയങ്ങളില്‍ പോകാനാകാത്ത അവരില്‍ മിക്കവരും നിരക്ഷരരാണ്. ഭീകരവാദമല്ല, സ്ത്രീധനകൊലപാതകങ്ങളാണ് അവളുടെ ജീവനെടുക്കുന്നത്. 

ഇന്ത്യയെന്നാല്‍ ഭാരതമാതയാണെങ്കില്‍, അബനീന്ദ്രനാഥ ടാഗോര്‍ വരച്ച എല്ലാ ചരിത്രശക്തിയും ആവാഹിച്ച സിംഹത്തിനൊപ്പം നില്‍ക്കുന്ന നാല് കൈകളുള്ള ആ സ്ത്രീയാണെങ്കില്‍, വന്ദേമാതരത്തില്‍ ആകര്‍ഷണീയമായി വരച്ചെടുത്തതാണെങ്കില്‍, സൈനികരുടെ യുദ്ധാക്രോശങ്ങളാണെങ്കില്‍, അതിനെ ഒരു പ്രദര്‍ശനശാലയിലെ ചില്ലുകൂട്ടില്‍ ഭദ്രമായി സൂക്ഷിക്കുകയാകും നല്ലത്. 

പുറത്ത്, ആധുനിക ഇന്ത്യയുടെ തെരുവുകളില്‍ അവളെ പീഡിപ്പിക്കുകയും, ബലാത്സംഗം ചെയ്യുകയുമാണ്. അഴിമതി നിറഞ്ഞ സംവേദനക്ഷമമല്ലാത്ത, അനുതാപരഹിതമായ ഒരു ഭരണകൂടം എന്നിട്ടും ഈ ക്രൂരമായ പീഡനങ്ങളുടെ ഇരയായ അവളെ നിര്‍ബന്ധിച്ചു വിളിപ്പിക്കുന്നത് ‘ഭാരത് മാത കീ ജയ്’ എന്നാണ്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍