UPDATES

ഇന്ത്യ

വനിതാ ദിനത്തില്‍ ആയിരത്തിലേറെ സ്ത്രീകളെ ഗുജറാത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തു

നടപടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന ഭയം കൊണ്ട്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രതിഷേധിക്കുമെന്ന ഭയം കൊണ്ട് സോഷ്യല്‍ ആക്ടിവിസ്റ്റുകളും അംഗനവാടി ആശ വര്‍ക്കര്‍മാരും ഉള്‍പ്പെടെ ആയിരത്തോളം പേരെ ഗുജറാത്ത് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മാര്‍ച്ച് ഏഴ്, എട്ട് ദിവസങ്ങളിലായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ഗുജറാത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇത്രയേറെയാളുകളെ പൊലീസ് കസ്റ്റഡയിലെടുത്തത്.

മോദിയുടെ സന്ദര്‍ശനം കാരണമായി പറഞ്ഞ് ഗുജറാത്തില്‍ മാര്‍ച്ച് എഴിന് ശബരി സംഗതം എന്ന വനിതാ എന്‍ ജി ഒ സംഘടിപ്പിച്ച ഒരു റാലിക്ക് ഗുജറാത്ത് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. പിന്നോക്ക, കീഴ്ജാതിയില്‍പ്പെട്ട സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒ ആണ് ശബരി സംഗതം. അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി ഗുജറാത്തില്‍ നടത്താനിരുന്ന വനിതാ റാലി റദ്ദാക്കിയ പൊലീസ് ഒട്ടേറെ വനിതാ ആക്ടിവിസ്റ്റുകളെയും അംഗനവാടി, ആശ വര്‍ക്കര്‍മാരെയും കസ്റ്റഡിയിലെടുക്കുകയും വീട്ടുതടങ്കലിലാക്കുകയും ചെയ്തിരുന്നു.

മാര്‍ച്ച് 7ന് പുലര്‍ച്ചെ 3.30 ഓടെ ഗുജറാത്തിലെ ആം ആദ്മി പാര്‍ട്ടിയുടെ വനിതാ സെല്ലിന്റെ ചുമതലയുള്ള വന്ദന പാട്ടീലിനെ 100 ഓളം പൊലീസുകാര്‍ വീട്ടിലേക്കു അതിക്രമിച്ചു കയറിയാണ് അറസ്റ്റ് ചെയ്തത്. ഗുജറാത്തിലെ ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട നളിയ കൂട്ടബലാത്സംഗത്തിനെതിരെ വന്ദനയും എ എ പി പ്രവര്‍ത്തകരും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. വൈകുന്നേരം ആറിനും പുലര്‍ച്ചെ ആറിനും ഇടയ്ക്ക് സ്ത്രീകളെ അറസ്റ്റു ചെയ്യുകയോ കസ്റ്റഡിയിലെടുക്കുകയോ ചെയ്യരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശം ലംഘിച്ചായിരുന്നു അറസ്റ്റ്. 20 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് വന്ദനയെ വീട്ടില്‍ നിന്നും പിടിച്ചുകൊണ്ടു പോകുന്നതെന്നും ഒരു തവണ അവരുടെ രണ്ട് കുട്ടികളുടെ മുമ്പില്‍വെച്ചാണ് അവരെ അറസ്റ്റു ചെയ്തതെന്നും കുട്ടികളെ പൊലീസുകാര്‍ ചീത്തവിളിച്ചെന്നും ഗുജറാത്തിലെ എ എ പി മീഡിയ കോഡിനേറ്റര്‍ ഹര്‍ഷില്‍ നായക് പറയുന്നു.

വിവിധ ജില്ലകളില്‍ നിന്നും അഹമ്മദാബാദിലേക്കു വരികയായിരുന്ന അംഗനവാടി ജീവനക്കാരില്‍ പലരെയും പൊലീസ് തടഞ്ഞു. എന്നാല്‍ പോലീസിനെ വകവെക്കാതെ ഏതാണ്ട് 3000 ത്തോളം അംഗനവാടി ജീവനക്കാര്‍ ഒത്തുകൂടി. അഹമ്മദാബാദിലെ കലക്ടറുടെ ഓഫീസിനു മുമ്പില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കവെയാണ് അംഗനവാടി ജീവനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തത്. മോദിയുടെ സന്ദര്‍ശനം കാരണം ഞങ്ങള്‍ക്ക് റാലി നടത്താന്‍ അനുമതി നല്‍കിയില്ലെന്നുമാത്രമല്ല ഞങ്ങളെ കസ്റ്റഡിയിലെടുത്ത് സാഹിബാങ് ഹെഡ്ക്വാട്ടേഴ്‌സിലേക്കു കൊണ്ടുപോകുകയും ചെയ്തു. കസ്റ്റഡിയിലാണ് ഞങ്ങള്‍ വനിതാ ദിനം ആഘോഷിച്ചത് ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഓഫ് അംഗനവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സിന്റെ ജനറല്‍ സെക്രട്ടറി എ ആര്‍ സിന്ധു പറഞ്ഞു.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടിയില്‍ തട്ടമിട്ട് കയറിയ സ്ത്രീകളെ തടഞ്ഞ നടപടി വിവാദമാകുന്നു. അഹമ്മദാബാദില്‍ വനിതാ ദിനത്തോടനുബന്ധിച്ച് രാജ്യത്തെ വനിതാ ജനപ്രതിനിധികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിച്ച സ്വച്ഛ് ശക്തി ക്യാമ്പിലാണ് സംഭവം.വയനാട് മൂപ്പയ്‌നാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശഹര്‍ബാനത്ത്, കാസര്‍കോട് ജില്ലയിലെ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലിം, തൃക്കരിപ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൌസിയ എന്നിവരെയാണ് തടഞ്ഞത്. സുരക്ഷാ പ്രശ്നമുണ്ടാകും എന്ന പേരില്‍ 6000 വനിതാ പ്രതിനിധികള്‍ പങ്കെടുക്കുന്ന ചടങ്ങിലാണ് തട്ടമിട്ടതിന് സംഘാടകര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നതെന്നും ഇവര്‍ വ്യക്തമാക്കുന്നു. പിന്നീട് സ്ഥലം എസ്പിക്ക് പരാതി നല്‍കിയതിന് ശേഷമാണ് തട്ടമിട്ട് പങ്കെടുക്കാനായത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍