UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സി.ഇ.ടി അധികാരികളേ: തുറന്നിടൂ അവള്‍ക്ക് മുന്നില്‍ വാതിലുകള്‍

Avatar

ഐശ്വര്യ കെ കെ

പെണ്ണ് ഇരുട്ടിനെ ഭയക്കേണ്ടവളാണെന്ന ബോധം ഊട്ടയുറപ്പിക്കപ്പെടുകയാണ് നമ്മുടെ സമൂഹത്തില്‍. നിന്റെ സുരക്ഷിതത്വത്തെയോര്‍ത്ത് എന്ന പല്ലവിയോടെയാണ് എവിടെയും അവളെ പൂട്ടിയിടുന്നത്. യാഥാര്‍ത്തില്‍ അവളെ സംരക്ഷിക്കുകയാണോ ചെയ്യുന്നത്? അല്ല, ഇരുട്ടുമുറിയില്‍ സൂക്ഷിക്കുന്ന ചെടി എങ്ങനെ മുരടിച്ചുപോകുന്നുവോ അതു തന്നെയാണ് സമൂഹം സ്ത്രീയോട് കാണിക്കുന്ന ഈ ‘സംരക്ഷണ’ത്തിന്റെയും ഫലം. ലോകത്ത് നിന്ന് ഒഴിച്ചുമാറ്റിനിര്‍ത്തപ്പെടുന്ന വിഭാഗമായി പെണ്ണ് മാറുമ്പോള്‍, അവള്‍ക്കായി ഒരു ദിനം ആഘോഷിക്കുന്നത് പോലും പരിഹാസ്യമാണ്.

വീടുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങളിലുമെല്ലാം പെണ്ണ് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടൊരു വസ്തുവായി കണക്കാക്കപ്പെടുകയാണ്. അവളുടെ സ്വതന്ത്ര്യത്തെക്കുറിച്ചോ അവള്‍ക്ക് ഈ ലോകവുമായി പരിചയുമുണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചോ ആരും ചിന്തിക്കുന്നില്ല, അത് ബോധപൂര്‍വമാകാം. എതിര്‍ത്തു ചോദിച്ചാല്‍ ഈ ‘സംരക്ഷകര്‍ക്ക്’ പറയാന്‍ എത്രയോ സാരോപദേശങ്ങളുണ്ടാകും, അങ്ങോട്ടുമിങ്ങോട്ടും ചൂണ്ടിക്കാണിച്ച്, പിച്ചിച്ചീന്തപ്പെട്ട സ്ത്രീശരീരങ്ങളുടെ കഥകള്‍ പറയാന്‍ കാണും. ഒരുമതിരിപ്പെട്ടവരെ ഭയപ്പെടുത്താന്‍ ഇതൊക്കെ ധാരാളം.

അങ്ങനെ ഭയന്നു പിന്മാറാന്‍ ഞങ്ങള്‍ ഒരുക്കമല്ല, ഞങ്ങളെ നിങ്ങള്‍ സംരക്ഷിച്ച് ബുദ്ധിമുട്ടണ്ട, പകരം ഞങ്ങള്‍ക്ക് അവകാശപ്പെട്ട സഞ്ചാരസ്വാതന്ത്ര്യം തടസ്സപ്പെടുത്താതിരുന്നാല്‍ മതി. ഒരു പെണ്‍കുട്ടയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നെന്നു കേട്ടാലും നിങ്ങള്‍ ആദ്യം ചോദിക്കുന്നത് എപ്പോഴായിരുന്നുവെന്നാണ്. രാത്രിയിലാണെങ്കില്‍ അതവള്‍ അര്‍ഹിച്ചത് എന്നാണല്ലോ സ്ട്രീറ്റ് റൗഡി തൊട്ട് നിയമം പഠിച്ചവര്‍ വരെ പറയുക. അതേ, ഇരുട്ട് സ്ത്രീയുടെ ശവക്കല്ലറയാണ്. ആരും അറിഞ്ഞുകൊണ്ട് അതിനകത്ത് പോയി കിടക്കരുത്, ഉപദേശമാണ്. അഹങ്കാരികള്‍ ഇത് ലംഘിക്കുകയും ഏതെങ്കിലും സ്ഥലപ്പേരായി മാറി ചര്‍ച്ചകള്‍ക്കുള്ള വിഷയമാവുകകയും ചെയ്യും. 

എന്നാല്‍ ഞങ്ങള്‍ പറയുന്നു, ഉറക്കെ, ഉറച്ച്; ഇരുട്ടുവീണാലും സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം ഞങ്ങള്‍ക്ക് വേണം. കാരണം ഞങ്ങള്‍ വിദ്യാര്‍ത്ഥികളാണ്. കേരളത്തിന്റെ അഭിമാനസ്തംഭമായി നിലകൊള്ളുന്ന ഒരു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍. കേരളത്തില്‍ നിന്ന് ആദ്യമായി വനിത എഞ്ചിനീയര്‍മാരെ സംഭാവന ചെയ്ത അതേ കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരത്തെ വിദ്യാര്‍ത്ഥികള്‍. സ്ത്രീകളുടെ പേരില്‍ അഭിമാനം കൊള്ളുന്ന ഒരു കേളേജിലെ വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ആറര കഴിഞ്ഞ് കോളേജ് ഹോസ്റ്റലിലെ തടങ്കലില്‍ ആണെന്നത് എത്ര വിരോധാഭാസം! എഴുപത്തിയഞ്ച് വര്‍ഷത്തിന്റെ തിളക്കം പേറുന്ന ഈ കേളേജില്‍ ഈ ‘പൂട്ടിയിടല്‍’ തുടര്‍ന്നുവരുന്നൊരു ആചാരമാണ്. എന്തിന് എന്നുചോദിച്ചാല്‍ ഉത്തരം പാടിപ്പതിഞ്ഞ പല്ലവി തന്നെ- പെണ്‍കുട്ടികളുടെ സുരക്ഷ!

കേള്‍ക്കുന്നവരില്‍ പലര്‍ക്കും ഇതൊരു നല്ലതീരുമാനം തന്നെയായിരിക്കും. എന്തെങ്കിലും സംഭവിച്ചിട്ട് പിന്നെ പറഞ്ഞിട്ടു കാര്യമുണ്ടോ? എന്താണ് ഹേ സംഭവിക്കുക. ഇരുട്ടത്ത് പുറത്തിറങ്ങുന്ന പെണ്ണിനെ ബലാത്സംഗം ചെയ്യണമെന്ന നിങ്ങളുടെ കറുത്ത മനസിനെ ഒന്നു നേരായാക്കിയാല്‍ മതി. ഒരു പെണ്ണും ആണിനെക്കൊണ്ട് അവളെ ബലാത്സംഗം ചെയ്യിപ്പാക്കാറില്ല.

സിഇടി( കോളേജ് ഓഫ് എഞ്ചിനീയറിംഗ് തിരുവനന്തപുരം)യില്‍ നടക്കുന്നത് ശരിക്കും മനുഷ്യാവകാശ ലംഘനമാണ്. പെണ്‍കുട്ടികളായ വിദ്യാര്‍ത്ഥികളുടെ സഞ്ചാരസ്വാതന്ത്ര്യത്തെ തടയലാണ്. ക്യാമ്പസിനകത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഹോസ്റ്റലിനകത്ത് വൈകിട്ട് 6.30 ന് തന്നെ കയറിക്കൊള്ളണം. അതുകഴിഞ്ഞുള്ള സമയത്ത് ഹോസ്റ്റിലില്‍ പ്രവേശിക്കാനോ അവിടെ നിന്ന് പുറത്തിറങ്ങാനോ അനുവാദമില്ല. എന്നാല്‍ ആണ്‍കുട്ടികള്‍ക്ക് ഇങ്ങെയൊരു പ്രശനവും ഇല്ല, ഇതേ ക്യമ്പസിലെ ഐസറിലുള്ള പെണ്‍കുട്ടികള്‍ക്കും ഈ കര്‍ഫ്യു അനുഭവിക്കേണ്ട. തടവറ ഞങ്ങള്‍ക്ക് മാത്രം. രാത്രി 8 വരെ ലൈബ്രറിയും 9വരെ കമ്പ്യൂട്ടര്‍ സൗകര്യവും ഉപയോഗിക്കാമെങ്കിലും ഞങ്ങള്‍ക്കതിനുള്ള ഭാഗ്യമല്ല. രാത്രി 9 വരെ ക്യാമ്പസ് സജീവമാണ്, പാര്‍ട്ട് ടൈം ക്ലാസുകള്‍ നടക്കാറുണ്ട്. എന്നാലും ഞങ്ങള്‍ അതില്‍ നിന്ന് അന്യവത്കരിക്കപ്പെട്ടവര്‍.

നാലു മണിക്ക് ക്ലാസുകള്‍ കഴിഞ്ഞാല്‍ ബാക്കിയുള്ള രണ്ടര മണിക്കൂറിനുള്ളില്‍ ചെയ്യാനുള്ളതെല്ലാം തീര്‍ത്ത് ഹോസ്റ്റല്‍ ഗേറ്റ് കടന്നിരിക്കണം. അക്കാഡമിക് വര്‍ക്കുകളും കള്‍ച്ചറല്‍ പ്രോഗ്രാമുകളുമെല്ലാം ഞങ്ങള്‍ അതിനുള്ളില്‍ തീര്‍ത്തിരിക്കണം. വെറും രണ്ടര മണിക്കൂറിനുള്ളില്‍. സാമാന്യബുദ്ധിയുള്ളവര്‍ക്കെല്ലാം മനസിലാകും തികച്ചും അപര്യാപത്മായ ഈ സമയം എഞ്ചിനീയറിംഗ്‌പോലുള്ള കോഴ്‌സുകള്‍ ചെയ്യുന്ന ഒരു വിദ്യാര്‍ത്ഥിക്ക് ധൃതി കൊണ്ട് അവളുടെ ശ്വാസം നിലയ്ക്കാന്‍ മാത്രമെ ഉപകരിക്കൂവെന്ന്. പക്ഷെ, അതൊന്നും വേണ്ടപ്പെട്ടവര്‍ മനസ്സിലാക്കുന്നില്ലെന്നുമാത്രം.

ഞങ്ങള്‍ ചോദിക്കുന്ന സഞ്ചാര സ്വാതന്ത്ര്യം കറങ്ങിനടക്കാനല്ല, ഞങ്ങളുടെ കരിയറിന് വേണ്ടിയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തീസിസുകള്‍ സമര്‍പ്പിക്കാനായി നല്‍കുന്ന വിഷയങ്ങളില്‍ പോലും വേര്‍തിരിവു വരാന്‍ കാരണം മറ്റൊന്നല്ല. പെണ്‍കുട്ടികള്‍ക്ക് കിട്ടുന്നത് സിംപിളായ, അധികം ബുദ്ധമുട്ടൊന്നും കൂടാതെ പുറത്തൊന്നും അധികസമയം ചെലവഴിക്കേണ്ടതില്ലാത്തത്. എന്തുകൊണ്ടാണ് ഈ സൗജന്യം, ഞങ്ങള്‍ അറര കഴിഞ്ഞാല്‍ അകത്തു കയറേണ്ടവരാണെന്ന് ഈ തീസിസുകള്‍ നിശ്ചയിക്കുന്ന ടീച്ചേഴ്‌സിന് അറിയാം. അങ്ങിനെയുള്ളപ്പോള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കരുതല്ലോ! അതുകൊണ്ട് കൂടുതല്‍ വര്‍ക്ക് ചെയ്യാനുള്ളത് ആണ്‍കുട്ടികള്‍ക്ക് കൊടുക്കും. പുറത്തുനിന്നു നോക്കുന്നവര്‍ക്ക് ഈ ആചാരം മനോഹരമായി തോന്നാം, ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്കെ ഈ വേര്‍തിരിവിന്റെ കയ്പ്പ് രുചി മനസ്സിലാകൂ.

സേഫ്റ്റി, അതാണല്ലോ പ്രശ്‌നം. അങ്ങനെയാണെങ്കില്‍ ചില സംശയങ്ങളുണ്ട്. മലബാര്‍ ഭാഗത്ത് നിന്ന് വരുന്ന ഒട്ടനവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടല്ലോ നമ്മുടെ ക്യാമ്പസില്‍. ഇവര്‍ക്ക് നാട്ടില്‍ പോകാനുള്ള ട്രെയിന്‍/ ബസ് ഏഴിനോ എട്ടിനോ അതു കഴിഞ്ഞോ ആണെന്നിരിക്കട്ടെ, ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ ആറരയ്ക്ക് മുമ്പ് ഹോസ്റ്റലില്‍ നിന്ന് ഇറങ്ങണം. എന്നിട്ട് മണിക്കൂറുകളോളം റെയില്‍വേ സ്‌റ്റേഷനിലോ ബസ്റ്റാന്‍ഡിലോ പോയിരിക്കണം. മണിക്കൂറുകളോളം ഇങ്ങനെ പൊതുവിടങ്ങളില്‍ കഴിയുന്നതില്‍ പേടിക്കാനൊന്നുമില്ലേ? വീട്ടില്‍ പോയി തിരിച്ചുവരുന്നവര്‍ ആറര കഴിഞ്ഞാണ് നഗരത്തില്‍ എത്തുന്നതെങ്കില്‍ അവര്‍ റയില്‍വേ സ്‌റ്റേഷനിലും ബസ്റ്റാന്‍ഡിലും അല്ലെങ്കില്‍ ഏതെങ്കിലും പരിചയക്കാരുടെ വീടുകളിലും കഴിയേണ്ടി വരുന്നതിലും നിങ്ങള്‍ക്ക് പേടിയില്ലേ? ആര്‍കിടെക്ചര്‍ വിദ്യാര്‍ത്ഥികളുടെ കാര്യമെടുക്കു, അവര്‍ പലപ്പോഴും വരച്ചു കഴിഞ്ഞ് അതേയിടത്ത് തന്നെ കിടന്നുറങ്ങേണ്ടി വരികയാണ്. അല്ലാതെന്തു ചെയ്യാന്‍? കൃത്യം ആറരയ്ക്ക് വര്‍ക്കുകളെല്ലാം തീര്‍ക്കാന്‍ പറ്റുന്ന മാജിക് ഒന്നും ആരും പഠിച്ചിട്ടില്ല. വേണമെങ്കില്‍ പെര്‍മിഷന്‍ കിട്ടും, പക്ഷെ അതിനവേണ്ടി വരുന്ന നൂലാമാലകളില്‍ കുരുങ്ങുക്കിടക്കുന്നതിനേക്കാള്‍ ഭേദം ഏതെങ്കിലും തറയില്‍ ചുരുണ്ടുകിടക്കുന്നത് തന്നെ.

ഈ ബുദ്ധിമുട്ടുകളൊക്കെ തന്നെയാണ് ഞങ്ങളെ പ്രതിഷേധിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. കേവലം സിഇടിയിലെ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നമല്ലയിത്. ഇന്ത്യയിലെ മിക്ക കോളേജുകളിലും ഇതേ അവകാശലംഘനങ്ങള്‍ നടക്കുന്നുണ്ട്. പലരും മിണ്ടുന്നില്ലെന്നു മാത്രം. കേരളത്തില്‍ ഇത്തരമൊരു മൂവ്‌മെന്റ് ആരംഭിക്കാന്‍ എന്തുകൊണ്ടും സിഇടി യോഗ്യം. വിദ്യാര്‍ത്ഥിനികളെ സംരക്ഷിച്ചു പൂട്ടിയിടുന്ന ഈ സ്ഥാപനത്തില്‍ നിന്നു തന്നെയാണല്ലോ കേരളത്തിന് ആദ്യമായി വനിത എഞ്ചിനീയര്‍മാരെ സംഭവാന ചെയ്തതും. ചരിത്രം അപഹാസ്യമാകുന്നത് പലപ്പോഴും ഇങ്ങനെയാണല്ലോ.

വളരെ ചെറിയൊരു മൂവ്‌മെന്റ് ആയിരുന്നു ഞങ്ങള്‍ ആരംഭിച്ചത്. ഏതാനും വിദ്യാര്‍ത്ഥികള്‍ മാത്രമായിരുന്നു കൂട്ടത്തില്‍. പിന്നീട് ഞങ്ങള്‍ ഇതിന്റെ ക്യാമ്പയിന്‍ ആരംഭിച്ചു.80 ഓളം പേര്‍ പങ്കെടുത്ത ഒരു സൈക്കിള്‍ റാലിയും ഇതിനോടനുബനന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഫേസ്ബുക്കില്‍ ‘ബ്രേക്ക് ദി കര്‍ഫ്യു’ എന്ന പേജ് ഞങ്ങള്‍ ആരംഭിച്ചു. ഇതോടെ പലരും, ആണ്‍കുട്ടികളടക്കം ഞങ്ങള്‍ക്ക് പിന്തുണയുമായി എത്തി. ശശി തരൂര്‍ എംപി ഞങ്ങള്‍ക്ക് പിന്തുണയറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്തതോടെ ദേശീയതലത്തിലും ഈ മൂവ്‌മെന്റ് ശ്രദ്ധിക്കപ്പെട്ടു. പ്രമുഖ ദേശീയമാധ്യമങ്ങള്‍ ഇതിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ നല്‍കി. കേരളത്തിലെ മാധ്യമങ്ങളും വിഷയം ഏറ്റെടുത്തു. കലാ-സാംസ്‌കാരിക-സാമൂഹ്യ-സിനിമ രംഗത്തുള്ള പ്രമുഖര്‍ ഞങ്ങള്‍ക്ക് പിന്തുണ നല്‍കി. ബിആര്‍പി ഭാസ്‌കര്‍ സാര്‍ ഈ മൂവ്‌മെന്റിനെ കേരളത്തിലെ രണ്ടാം നവോഥാനഘട്ടം എന്നാണ് വിശേഷിപ്പിച്ചത്.

ഈ മൂവ്‌മെന്റിന്റെ രണ്ടാം ഘട്ടമെന്ന നിലയിലാണ് വനിതാദിനത്തിന് മാനവീയം വീഥിയില്‍ ഒരു കള്‍ച്ചറല്‍ പ്രൊട്ടസ്റ്റ് സംഘടിപ്പിക്കുന്നത്. തെരുവ് നാടകങ്ങളും ചിത്രപ്രദര്‍ശനങ്ങളും ഇന്‍സ്റ്റ്യുലേഷനുകളുമൊക്കെയൊരുക്കിയാണ് ഈ സാസംകാരികപ്രതിഷേധം സംഘടിപ്പിക്കുന്നത്.സിഇടിയിലെ കള്‍ച്ചറല്‍ ഫോറമായ ധ്വനിയും ഞങ്ങള്‍ക്കൊപ്പം അണിചേരുന്നുണ്ട്. ഞങ്ങളുടെ പ്രശ്‌നങ്ങള്‍ സമൂഹത്തെ അറിയിക്കണം, അതിനാണ് ഈ വഴി. സമൂഹത്തിലെ വിവിധിരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ ഞങ്ങള്‍ക്ക് പിന്തുണയര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രതിഷേധങ്ങള്‍ ഫലം കാണുമെന്ന ശുഭാപ്തി വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഒന്നും പിടിച്ചുവാങ്ങാനല്ലല്ലോ ഈ പ്രതിഷേധങ്ങള്‍, അര്‍ഹതപ്പെട്ട അവകാശം തടയരുതെന്നുമാത്രമല്ലേ ആവശ്യപ്പെടുന്നുള്ളു. അടച്ചുപൂട്ടിയിട്ട് സംരക്ഷിക്കുന്നത് അടിമകളാക്കുന്നതിന് തുല്യമാണെന്ന് നിങ്ങള്‍ മനസ്സിലാക്കണം. സ്ത്രീയോടുള്ള മനോഭാവം മാറിയാല്‍ അവള്‍ക്ക് ഈ സമൂഹത്തെ ഭയക്കാതെ തന്നെ ഏതുരാത്രിയിലും പുറത്തിറങ്ങി നടക്കാനാകും.

തുറന്നിടൂ അവള്‍ക്ക് മുന്നില്‍ വാതിലുകള്‍… ഈ ലോകത്ത് കാണാനുള്ളതെല്ലാം ഞങ്ങളും കാണട്ടെ…

(സി ഇ ടി യില്‍ അവസാന വര്‍ഷ ഇലക്‌ട്രോണിക് വിദ്യാര്‍ത്ഥിയാണ് ലേഖിക)

 

*Views are persoanl

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍