UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെന്തുനീറുന്ന അവള്‍ എനിക്കയച്ച കത്തുകള്‍

പ്രിയപ്പെട്ട അനീ….

കുറേക്കാലം ആയില്ലേ നമ്മള്‍ ഒന്ന് മിണ്ടിയിട്ട്. അതാ ഞാന്‍ വിചാരിച്ചേ, ഒന്നെഴുതാം എന്ന്. എന്തൊക്കയോ മനസിലിങ്ങനെ വിങ്ങുന്നുണ്ട് പറയാന്‍…

 

ഞാന്‍ ഇവിടെ ഗ്രാമീണ സേവനം തുടങ്ങിയിട്ട് ഇന്ന് കൊല്ലം രണ്ടു തികഞ്ഞു. ഹോ എത്ര പെട്ടെന്നാ. എന്തൊക്കെ തരം അനുഭവങ്ങള്‍, അറിവുകള്‍, ചിലപ്പോ രാത്രി ഉറങ്ങാനേ പറ്റില്ല..

എന്റെ ഇവിടെയുള്ള കുഞ്ഞു സുഹൃത്തിനെക്കുറിച്ച് ഞാന്‍ പറഞ്ഞിട്ടില്ലേ? നേലു;  അവള്‍ക്ക് ഇന്നലെ 13 വയസ്സായി. വീടുകാര് കല്യാണാലോചന തുടങ്ങി. ഇവിടെ ഇങ്ങനെ ആണ്; പെണ്‍കുട്ടി അല്‍പം വളര്‍ന്നാല്‍ അവളെ വിവാഹം ചെയ്ത് അയക്കും. ഇല്ലെങ്കില്‍ നശിച്ചു പോകുമത്രേ. ചിലപ്പോള്‍ നിയന്ത്രണം വിടും നമ്മുടെ. അവളിന്നലെ വന്നു കുറെ കരഞ്ഞു. അവള്‍ക്കിനിയും പഠിക്കണം. ഇപ്പോള്‍ എട്ടാംക്ലാസ് കഴിഞ്ഞേ ഉള്ളു. അവളുടെ വരന് മുപ്പത്തിനാല് വയസ്സുണ്ട്. ഒരു ആശുപത്രിയിലെ ഡ്രൈവര്‍ ആണ്. ഞാന്‍ ഒരുപാട് നിര്‍ബന്ധിച്ചിട്ടാണ് അവളെ പഠിക്കാന്‍ അയച്ചത്. വിവാഹത്തിനു സമ്മതിക്കരുത് എന്ന് പറയാന്‍ ഞാനും എന്റെ സുഹൃത്തും കൂടി അവളുടെ അമ്മയെ കാണാന്‍ പോയി. ഇന്നലെ ഇതേ ചൊല്ലി അവളുടെ വീട്ടില്‍ അടിയും വഴക്കും നടന്നു. അവളുടെ അമ്മയുടെ വിരലുകള്‍ മുറ്റത്തെ കല്ലില്‍ കുത്തിയോടിച്ചിട്ടാണ് അവളുടെ അച്ഛന്‍ പോയതത്രേ. ഞാന്‍ ചെല്ലുമ്പോള്‍ പാതി ഒടിഞ്ഞ കയ്യുമായി കല്ല് ചുമക്കുകയാണ് അമ്മ. തൊണ്ട വരെ വന്ന കരച്ചില്‍ അടക്കാന്‍ ഞാന്‍ പാടുപെട്ടു. ഇത് അവളുടെ മാത്രം കഥയല്ല. ഇവിടെ ഉള്ള എല്ലാ പെണ്‍കുട്ടികള്‍ക്കും ഇങ്ങനെ ഒരുപാട് പറയാനുണ്ട്.

നേലൂന്റെ ചേച്ചിയെ നീ അന്ന് വന്നപ്പോള്‍ കണ്ടില്ലേ?? ചീത… അവള്‍ കഴിഞ്ഞ മാസം പ്രസവത്തിനിടെ മരിച്ചു. പതിവ് കഥ തന്നെ, ചോരപോക്ക്. എന്താ പറയ്ക… 17 വയസ്സ് പ്രായം. നിനക്ക് ഓര്‍മ്മയുണ്ടോ നമ്മള്‍ ഡിഗ്രിക്ക് ചേര്‍ന്ന കൊല്ലമാണ് നിനക്ക് 17 തികഞ്ഞത്. നമ്മുടെ സൗഹൃദം തുടങ്ങിയതും. അന്ന് നമ്മള്‍ എത്ര ‘സില്ലി’ ആയ പെണ്‍കുട്ടികള്‍ ആയിരുന്നു. ഇവിടെ ആ പ്രായത്തില്‍ ഒരു വീടിന്റെ മുഴുവന്‍ ഉത്തരവാദിത്തം, വിവാഹം, കുട്ടികള്‍… എനിക്ക് പേടിയാണ് ഇവരുടെ കണ്ണുകളെ നേരിടാന്‍; എന്തോ ഒരു കുറ്റബോധം.

കഴിഞ്ഞ കൊല്ലം ആണ് നേലൂ വയസ്സറിയിച്ചത് (മാസമുറ തുടങ്ങിയത്). അവളുടെ അമ്മ പരിഭ്രമത്തോടെ എന്നെയാണ് വിളിച്ചത്. ഞാന്‍ ചെല്ലുമ്പോള്‍ അച്ഛന്റെ പഴയ ഒരു അടിവസ്ത്രം ഇട്ടു ഇരിക്കുകയാണ് അവള്‍. അതാണ് അവര്‍ ഉപയോഗിക്കുന്ന ‘സാനിട്ടറി നാപ്കിന്‍’. ഇവിടെ ആരും തുണിപോലും ഉപയോഗിക്കില്ല. തുണി വാങ്ങാന്‍ കാശുണ്ടെങ്കില്‍ എത്ര ദിവസം ഭക്ഷണം കഴിച്ചേനെ ഇവര്‍. ഞാന്‍ പെട്ടന്ന് എന്റെ അനിയത്തി പ്രിയങ്കയെ ഓര്‍ത്തു. ചിലപ്പോള്‍ ഇവര്‍ വയ്‌ക്കോല്‍ ചുരുട്ടി പൈജാമയില്‍ തിരുകി ആണ് ആ നാല് ദിവസം തള്ളി നീക്കുക. കാട്ടില്‍ ചുള്ളിയൊടിക്കാന്‍ പോകുന്ന സ്ത്രീകള്‍ ചില കാട്ടിലകള്‍ കൊണ്ട് വരും. ചിലപ്പോള്‍ അത് ഉപയോഗിക്കും. ചിലപ്പോള്‍ മണ്ണ് പൊത്തി വയ്ക്കാറുണ്ട് ഇവര്‍. അങ്ങനെയാണ് ഗ്രാമത്തില്‍ ഒരു സാനിട്ടറി നാപ്കിന്‍ നിര്‍മാണ യൂണിറ്റ് തുടങ്ങുന്ന കാര്യം ഞാന്‍ ആലോചിച്ചത്. അധികാരികളുടെ നിസീമമായ സഹകരണം കൊണ്ട് അതെവിടേം എത്തിയിട്ടില്ല. എന്നാലും വീട്ടില്‍ ഇരുന്നു ഞങ്ങള്‍ ഒരു പത്തു പേര്‍ സ്വന്തം ആവശ്യത്തിനുള്ള പാഡൊക്കെ ഉണ്ടാക്കും.

ദാരിദ്ര്യം ആണെടോ ഏറ്റവും പ്രശ്‌നം. ഒന്നും തിന്നാന്‍ ഇല്ലാതെ എത്ര ദിവസാ വെറും വെള്ളം കുടിച്ചു ഇവിടെ ആളുകള്‍ ജീവിക്കണേ. പ്രതേകിച്ചു സ്ത്രീകള്‍. എന്തെങ്കിലും ഉണ്ടെങ്കില്‍ അത് ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും കൊടുത്ത്, വയറ്റില്‍ നനഞ്ഞ തുണി കെട്ടി കിടക്കും. പണ്ട് ദോശേല് ഉപ്പു കൂടിയേന് നമ്മള്‍ എത്ര തല്ലുണ്ടാക്കിയിട്ടുണ്ട് ഹോസ്റ്റലില്‍. സര്‍ക്കാര്‍ ഓരോ കൊല്ലോം സ്‌കീം ഒക്കെ പറയുന്നുണ്ട്. ഇവിടെ എത്തുമ്പോഴേക്കും ഒന്നും കിട്ടാറില്ല. എന്തെങ്കിലും ചോദിച്ചു വാങ്ങാന്‍ ഇവര്‍ ശീലിച്ചിട്ടുമില്ല. ഇവരുടെ തനതായ ഭക്ഷണശീലം ഇവര്‍ക്ക് നല്ല പോഷണം നല്‍കിയിരുന്നു. ഇപ്പൊ കാട്ടിലേക്കിറങ്ങിയാല്‍ ഒന്നും കിട്ടാറില്ല. എല്ലാം തേക്കും മറ്റും വച്ച് പിടിപ്പിക്കുന്നതിനായി വെട്ടികളഞ്ഞു. അല്ല നമുക്ക് അത്യാവശ്യം തേക്കൊക്കെ തന്നെ അല്ലേ?

അധികാരികളുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത്, ഇവിടെ പെണ്‍കുട്ടികള്‍ക്ക് ഞങ്ങള്‍ കുറച്ചു പേര്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ട്. എങ്ങനെ നമ്മളെ ശുചിയായി സൂക്ഷിക്കാം? എന്താണ് മാസമുറ, ലൈംഗികത, എങ്ങനെയാണ് പ്രജനനം നടക്കുന്നത്, നമ്മുടെ ശരീരത്തിലെ ഭാഗങ്ങളുടെ പേര്… ഇതൊക്കെയാണ് പറഞ്ഞു കൊടുക്കുന്നത്. പല പെണ്‍കുട്ടികളും സ്വന്തം ശരീരം ഒരു പ്രായത്തിനു ശേഷം കണ്ടിട്ടില്ല. ഈ വിഷയങ്ങളെക്കുറിച്ച് ഒന്നും അറിയില്ല. നമ്മുടെ പി ജി സമയത്ത് നമ്മള്‍ ഈ വിഷയത്തില്‍ ക്ലാസ്സ് എടുത്തത് നീ ഓര്‍ക്കുന്നുണ്ടോ? പൊക്കിള്‍ക്കൊടി വഴിയാണ് പ്രസവിക്കുക എന്ന് പറഞ്ഞ ഒരു കുട്ടിയെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. ഈ കാര്യത്തിലൊക്കെ നമ്മുടെ കേരളവും അത്രയ്ക്ക് മുന്നിലൊന്നും അല്ല. ആണ്‍കുട്ടി തൊട്ടാല്‍ ഗര്‍ഭിണിയാകും എന്ന് ഉറച്ചു വിശ്വസിച്ചിരുന്ന സുമയും എന്റെ കൂടെ ഇവിടെ ഉണ്ട്. അവളെപ്പോഴും പറയും, അറിവില്ലാത്തതിനേക്കാള്‍ ഭീകരമാണ് പാതി അറിവുകള്‍ കൊണ്ട് ജീവിക്കുന്നത് എന്ന്. ഈ ക്ലാസുകള്‍ക്കെതിരെ ഈയിടെ കുറെ കുറിതൊട്ടപ്പന്മാര്‍ വാലും കുന്തോം കുറുവടിയൊക്കെയായി വന്നു വഴി തടഞ്ഞു. ഞങ്ങള്‍ അവരുടെ സ്ത്രീകളെ ‘വഴി തെറ്റിക്കുക’യാണത്രെ, സ്ത്രീകള്‍ക്ക് എന്തെങ്കിലും തരത്തില്‍ അറിവുണ്ടാകുന്നത് ഇവരെ എത്രമാത്രം ഭയപ്പെടുത്തുന്നുണ്ടെന്നു നോക്കണേ… ഞാന്‍ പറഞ്ഞത് ഭീഷണിയുടെ കാര്യമല്ല. ഇവിടെ പോലീസും മറ്റു ശക്തികളുമൊക്കെ അവരുടെ കൂടെയാണ്. കൂടി വന്നാല്‍ കൊല്ലും, അത്രയല്ലേ ഉണ്ടാകൂ എന്ന പൊട്ട ധൈര്യത്തിന്റെ പുറത്ത് മുന്നോട്ടു പോകുന്നു. കേരളത്തിലും സ്ഥിതി മോശമാകുന്നു എന്ന് കഴിഞ്ഞ മാസം അഫീദ പറഞ്ഞു. എന്താണ് ആളുകള്‍ ഇങ്ങനെ അസഹിഷ്ണുക്കള്‍ ആകുന്നത്?

ഛത്തീസ്ഗഢില്‍ നവംബറില്‍ 13 സ്ത്രീകള്‍ മരിച്ചത് നീയല്ലേ എന്നോട് ആദ്യം പറഞ്ഞത്? നിനക്കറിയോ കഴിഞ്ഞ ആഴ്ച ഇവിടെ ഒരു ക്യാമ്പ് നടന്നു. ഇവിടെ വെളിച്ചം ഇല്ലായിരുന്നു. എന്നിട്ട് മൊബൈല്‍ ഫ്‌ളാഷില്‍ ആണ് അന്ന് വന്ധ്യംകരണം നടന്നത്. അതും 66 സ്ത്രീകളെ. അതില്‍ അഞ്ചുപേര്‍ക്ക് ഇന്നലെ മുതല്‍ നിര്‍ത്താത്ത ഛര്‍ദ്ദി ആണ്. ശസ്ത്രക്രിയക്കിടെ ഗര്‍ഭപാത്രത്തില്‍ ഒരു ചെറിയ അളവില്‍ കാറ്റ് നിറയ്ക്കും , ഇവിടെ അതിനുപയോഗിച്ചത് സൈക്കിള്‍ പമ്പ് ആണ്. ഇനിയും എത്ര മരണങ്ങള്‍ നാം കാണേണ്ടി വരും? ഒരാളുടെ ശസ്ത്രക്രിയക്ക് ശേഷം ആ ഉപകരണം ഇരുപതു മിനിറ്റ് അണുനാശിനിയില്‍ ഇട്ടു തിളപ്പിക്കണം എന്നാണ് നിയമം. ഒരു ദിവസം, അതും വൈകിട്ട് 4 മണിക്ക് ശേഷം രാത്രി 2 മണി വരെ നീളുന്ന ക്യാമ്പില്‍ എന്ത് അണുനാശിനി, എന്ത് നിയമം… എന്റെ സ്ഥാനത്തു നീ ആയിരുന്നെങ്കില്‍ ആ ഡോക്ടറെ ഒക്കെ തല്ലിയേനെ എന്ന് ഞാന്‍ ആലോചിച്ചിട്ടുണ്ട്. 

കഴിഞ്ഞ ദിവസം ഞാന്‍ ഒരു വാര്‍ത്ത അറിഞ്ഞു. പ്രീഡിഗ്രി പരീക്ഷക്കുപോയ ഒരു ദളിത് പെണ്‍കുട്ടിയെ ഇവിടെയുള്ള സവര്‍ണ യുവാക്കള്‍ തീവച്ചു കൊന്നു. ആദ്യായിട്ടാണ് ഈ ഗ്രാമത്തില്‍ നിന്ന് ഒരു ദളിത് പെണ്‍കുട്ടി പത്താംക്ലാസ് പാസായി പോകുന്നത്. ഞങ്ങള്‍ക്കൊക്കെ വല്യ അഭിമാനം ആയിരുന്നു അവളെ കുറിച്ചോര്‍ത്ത്. ഈ വാര്‍ത്തയറിഞ്ഞു ഞാന്‍ സ്തംഭിച്ചു പോയി. പക്ഷെ ഇവിടെ ആര്‍ക്കും വലിയ ഷോക്ക് ഒന്നും കണ്ടില്ല. എല്ലാം സഹിച്ചു സഹിച്ച് എല്ലാവര്‍ക്കും നിസ്സംഗതയാണ്. എനിക്ക് പേടിയാണ് അനീ… ഞാനും അങ്ങനെ ആയിത്തീരുമോ എന്നാലോചിച്ചു. കേസ് കൊടുക്കാന്‍ പോലും ഇവര്‍ക്ക് അവകാശമില്ല. പോലീസ് പറഞ്ഞത് ആത്മഹത്യ എന്നെഴുതാമെന്നാണ്. പിന്നെ കുട്ടിയുടെ അച്ഛന് ഒരു നിസ്സാര തുക നഷ്ടപരിഹാരം. കേസ് കഴിഞ്ഞു. ഇന്നലെ ആ കുറ്റവാളികളില്‍ ഒരാളെ ഞാന്‍ കണ്ടു. എന്തോ വല്യ കാര്യം ചെയ്ത ഭാവത്തിലാണ് അവന്റെ നില്‍പ്പ് . എനിക്കൊന്നും ചെയ്യാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് എന്നോട് തന്നെ പുച്ഛം തോന്നി. ഞാനൊക്കെ എന്ത് പ്രവര്‍ത്തനമാണ് ചെയ്യുന്നേ? ദിനംപ്രതി ഇത്തരം അതിക്രമങ്ങള്‍ കൂടി വരുന്നേ ഉള്ളൂ. പെണ്‍കുട്ടികള്‍ മനുഷ്യര്‍ അല്ലെ? അവര്‍ക്ക് ജീവിക്കാന്‍ പോലും അവകാശം ഇല്ലേ?

ഇതൊക്കെ നിനക്ക് എഴുതിയപ്പോള്‍ നെഞ്ചില്‍ വല്യഭാരം ഒഴിഞ്ഞ ആശ്വാസം. നിന്റെ വിശേഷം ഒന്നും ചോദിച്ചില്ല. വനിതാദിനത്തിന് എന്തൊക്ക്യാ പരിപാടി? ഈ കഥകള്‍ക്ക് നടുവിലാണ് എന്റെ വനിതാ ദിനം. എന്താലെ… ജീവിക്കാന്‍… മനുഷ്യനായി അംഗീകരിക്കാന്‍ കഴിയാത്ത സമൂഹത്തിലെ വനിതാദിനം. എന്നാലും പറയട്ടെ നിനക്ക് എന്റെ ആശംസകള്‍. ഒരിക്കല്‍ സഫലമാകാന്‍ പോകും എന്ന് നാം കിനാവ് കാണുന്ന ആ നാളേക്കായുള്ള ആശംസകള്‍.

കരിയാതെ എന്‍ മനസേ, കരഞ്ഞിടാതെ
ഇന്നില്ല പകല്‍, നിറം… എങ്കിലും
വന്നുചേരുമാ നാളെ… സ്വച്ഛന്ദമാം പകല്‍
പുണര്‍ന്നിടാം മുള്‍ക്കൂട്ടത്തെ, നാളെ വിടരും ആ പൂവിനായ്
കരിയാതെ കരഞ്ഞിടാതെ താണ്ടുക നീ കല്‍പ്പാത…
ആ ചക്രവാളത്തില്‍ കണ്ടിടാം നിന്റെ സ്വപ്നത്തെ

ഒരുപാട് സ്‌നേഹത്തോടെ …
ഇന്ത്യന്‍ ഗ്രാമത്തില്‍ നിന്ന് നിന്റെ കൂട്ടുകാരി.

അനശ്വര കൊരട്ടിസ്വരൂപം

അനശ്വര കൊരട്ടിസ്വരൂപം

എഴുത്തുകാരി, ഇപ്പോള്‍ പുസ്തകപ്രസാധന രംഗത്ത് പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍