UPDATES

ആഴക്കടലില്‍ വലയെറിയുന്ന പെണ്ണിന്റെ ജീവിതം

ഉൾക്കടലിലെ അവസ്ഥ ഭീതിതമാണെന്നാണ് രേഖ പറയുന്നത്. ശക്തമായ കാറ്റിൽ തിരമാലകൾ വള്ളത്തെ ഇളക്കി മറിച്ചെന്ന് വരാം, നിർത്താതെ നമ്മൾ ഛർദ്ദിചെന്നു വരാം. ഛർദ്ദിച്ച്, ഛർദ്ദിച്ച് ചോര വരെ തുപ്പേണ്ടി വന്നേക്കാം.

അനു ചന്ദ്ര

അനു ചന്ദ്ര

പ്രകമ്പനങ്ങള്‍ക്കും കാറ്റിന്റെ ഇരമ്പലിനുമിടയിലും മുക്കുവകുടുംബങ്ങളെ അന്നവും സമ്പത്തും ചൈതന്യവും നല്‍കി അനുഗ്രഹിക്കുന്നവളാണ് കടലമ്മ. ആഴക്കടൽ കടലമ്മ  പതിച്ചു നല്കിയിരിക്കുന്നത് മുക്കുവനാണെന്നാണ് ചൊല്ല്. മുക്കുവൻ കടലിൽ പോകുമ്പോൾ മുക്കുവന്റെ ജീവിതം വീട്ടിലിരിക്കുന്ന മുക്കുവത്തിയുടെ കൈയിലും എന്നാണ് സങ്കല്പം. എന്നാൽ പരമ്പരാഗതമായ ആ സങ്കൽപ്പത്തെ അപ്പാടെ ഭേദിച്ചു കൊണ്ട് കുടുംബം പുലര്‍ത്താന്‍  ഭര്‍ത്താവിനൊപ്പം പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയിക്കൊണ്ടാണ് രേഖ കാരത്തികേയന്‍ എന്ന വനിത ചർച്ച ചെയ്യപ്പെടുന്നത്. ഇവിടെ, തനിയെ നടുക്കടലിൽ മത്സ്യം പിടിക്കാന്‍ പോകുന്ന അരയനുമില്ല, കുടിലിൽ കാത്തിരിക്കുന്ന അരയത്തിയുമില്ല. പകരം അവർ തുല്യരാണ്. ആഴക്കടലിൽ അവർ വല വീശുന്നത് ഒന്നിച്ചാണ്. ലോക വനിതാ ദിനത്തോടനുബന്ധിച്ച് അഴിമുഖം വായനക്കാർക്ക് പരിചയപ്പെടുത്തുന്നത് അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും അപ്പാടെ വകഞ്ഞുമാറ്റി നടുക്കടലിൽ മൽസ്യബന്ധനത്തിനായി ചങ്കൂറ്റത്തോടെ ഇറങ്ങിയ രേഖ കാർത്തികേയനെയാണ്.

ജീവിതം ഒരു ഫ്ലാഷ്ബാക്കിലേക്കെടുത്താൽ നീന്തൽ അറിയാത്ത, വെള്ളത്തിലിറങ്ങാൻ വശമില്ലാതെ ഭയന്നിരുന്ന ഒരു പെണ്‍കുട്ടിയുണ്ടായിരുന്നു. തൃശൂർ ചേറ്റുവ കടപ്പുറത്ത് പരമ്പരാഗത മത്സ്യബന്ധന തൊഴിലാളി കാർത്തികേയന്റ ഭാര്യയാകുന്നതിനും മുമ്പേയുള്ള രേഖയുടെ ഒരു പെണ്‍കുട്ടിക്കാലം. അമ്മാവന്റെ വീട്ടിൽ വിരുന്നിനായി ഇടയ്ക്കൊക്കെ വന്നു നില്‍ക്കാറുള്ള ആ പെണ്‍കുട്ടി എപ്പോഴോ കാർത്തികേയനുമായി പ്രണയത്തിലകപ്പെട്ടു. പ്രണയത്തിന്റെ തീവ്രതയിലെത്തിയ ഒരു ഘട്ടത്തിൽ വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ച് ധീവര സമുദായാംഗമായ തൃശൂര്‍ കുണ്ടഴിയൂര്‍ കരാട്ട് വീട്ടില്‍ കെ.വി കാര്‍ത്തികേയനെന്ന
പരമ്പരാഗത മൽസ്യ തൊഴിലാളിയായ വിവാഹം ചെയ്തതോടെ തീയ്യ സമുദായാംഗമായ രേഖയെന്ന ആ പെണ്‍കുട്ടിയുടെ ജീവിതം പോരാട്ടമായി; വലിയൊരു പോരാട്ടം. കുടുംബങ്ങൾ അകന്നു, ജീവിത പ്രാരാബ്ധം ഏറി വന്നു. നാലു പെണ്മക്കൾക്ക് ജന്മം കൂടി നല്കിയതിൽ പിന്നെ മുന്‍പോട്ടുള്ള ജീവിതം തന്നെ പ്രതിസന്ധിയിലായി.

ആറംഗ കുടുംബം, കടബാധ്യതകൾ… ആ നിവൃത്തികേടിൽ അതിജീവനത്തിനായുള്ള നിശ്ചയത്തിലാണ് രേഖ കാർത്തികേയനോട് 10 വർഷങ്ങൾക്ക് മുൻപ് ഒരിക്കൽ ആവശ്യപ്പെടുന്നത്, ഞാനും വരുന്നു കൂടെയെന്ന്. കാർത്തികേയൻ ആ ആവശ്യത്തെ അംഗീകരിച്ചു, അങ്ങനെ അവർ ഒരുമിച്ച് പുറപ്പെട്ടു; ആ യാത്രയിലൂടെ അങ്ങനെ കടലില്‍ മത്സ്യബന്ധനത്തിനിറങ്ങുന്ന ഇന്ത്യയിലെ ആദ്യ ദമ്പതികളായി അവർ മാറി. നിസാരമല്ലായിരുന്നു വിഷയം. പെണ്ണാണ് കടലിൽ പോകുന്നത്. അതും കടലീപ്പോയ ആളുടെ ജീവന്റെ ബലത്തിനായി കടലമ്മയെ കരയിലിരുന്ന് ഉള്ളുരുകി പ്രാർത്ഥിക്കേണ്ടവളാണ് പെണ്ണ് എന്ന് പറഞ്ഞുറപ്പിച്ചു വച്ചിരിക്കുന്ന കാലത്ത്. പക്ഷെ അവൾ ഇറങ്ങി. അങ്ങനെ ഒരാളുടെ മാത്രം അധ്വാനം പോര ഇന്നത്തെ കാലത്ത് അടുപ്പു പുകയാൻ എന്ന തിരിച്ചറിവിൽ നീന്തലറിയാത്ത, വെള്ളത്തിലിറങ്ങാൻ ഭയന്നിരുന്ന ആ പെണ്‍കുട്ടി ഉറച്ച മനകരുത്തോടെ നടുക്കടലിൽ ഇറങ്ങുമ്പോൾ, ഇറങ്ങാൻ തിരിച്ചപ്പോൾ ഒന്നേ വിശ്വസിച്ചിരുന്നുള്ളൂ; “നീതി പുലർത്തുന്നവരെ കടലമ്മ കാത്തു കൊള്ളും”.

എന്നാല്‍ യാഥാസ്ഥിതികരായ നാട്ടുകാർ പരിഹസിക്കാനും തടയാനുമെല്ലാം പലതവണ ശ്രമിച്ചു. “പെണ്ണുങ്ങൾ കടലിൽ പോകുന്നത് ശരിയല്ലെന്നു പറഞ്ഞു, ഇവൾക്ക് വേറെ പണിയൊന്നും ചെയ്തു കൂടെ” എന്നു ചോദിച്ചു. പക്ഷെ ഒരു കൂരയ്ക്കകത്തെ ആറു വയറുകൾ ഒട്ടാതിരിക്കണമെങ്കിൽ അവൾക്കിത് ചെയ്തേ മതിയാകുമായിരുന്നൊള്ളൂ. കടലിൽ മീൻ പിടിക്കാൻ പോണ പെണ്ണ് എവിടെ, എങ്ങനെ മൂത്രമൊഴിക്കുമെന്ന കളിയാക്കലുകൾ, അതിനുള്ളിലെ സ്ത്രീവിരുദ്ധത ഒക്കെ ആവോളം കേൾക്കേണ്ടി വന്നു. കാർത്തികേയനോടൊത്തുള്ള  ജീവിതം തുടങ്ങിയതിന്റെ നാലാം വർഷമാണ് രേഖ വള്ളത്തിൽ കയറിയത്. കാർത്തികേയനു തുടർച്ചയായി വള്ളം ഇറക്കാൻ കഴിയാതെ വന്നതോടെ സാമ്പത്തിക നില തകരുകയായിരുന്നു. ഒറ്റയ്ക്കു പണിക്കു പോയാൽ കടം വീടില്ലെന്നു വന്നതോടെ രേഖയും ഒപ്പം കൂടി.

ഉൾക്കടലിലെ അവസ്ഥ ഭീതിതമാണെന്നാണ് രേഖ പറയുന്നത്. ശക്തമായ കാറ്റിൽ തിരമാലകൾ വള്ളത്തെ ഇളക്കി മറിച്ചെന്ന് വരാം, നിർത്താതെ നമ്മൾ ഛർദ്ദിചെന്നു വരാം. ഛർദ്ദിച്ച്, ഛർദ്ദിച്ച് ചോര വരെ തുപ്പേണ്ടി വന്നേക്കാം. എന്നാലും പുലർച്ചെ നാലു മണിയോടെ തുടങ്ങുന്ന ജോലി ഉച്ചയോടെ അവസാനിപ്പിക്കും. ദിവസം രണ്ട് നേരം വച്ചാണ് ജോലി ചെയ്യുന്നത്. മത്സ്യബന്ധനത്തിന് പോണമെങ്കിൽ ദിവസം 800 രൂപയുടെ പെട്രോളും 38 ലിറ്റർ മണ്ണെണ്ണയും വേണം. പലപ്പോഴും ഇത്രയും ചിലവിൽ പോയാലും വെറും കൈയോടെ വരേണ്ട അവസ്ഥയാണ്. ഒരിയ്ക്കൽ നടുക്കടലിൽ വെച്ച് എഞ്ചിന്റെ പങ്ക ഊരിപ്പോയി. നീന്തലറിയാത്ത രേഖ വള്ളത്തിൽ പറ്റിപ്പിടിച്ചു നിന്നു. ഒടുവിൽ രക്ഷയ്ക്കെത്തിയത് മറ്റു വഞ്ചിക്കാരാണ്.

മറ്റൊരിക്കല്‍ നിറയെ മീനുമായി തിരിച്ചുവരുമ്പോള്‍ കടലിന്റെ ഭാവം മാറി. കടല്‍ ആർത്തലച്ചു, പലപ്പോഴും ബോട്ട് മറിയാനൊരുങ്ങി. കൂറ്റന്‍ തിരമാലകള്‍ ബോട്ടിനു മുകളിലൂടെ ആഞ്ഞടിച്ചു. നീന്തലറിയാത്ത രേഖയോട് കാര്‍ത്തികേയന്‍ പറഞ്ഞു; “കടലമ്മയോട് പ്രാര്‍ത്ഥിക്ക്. നമ്മുടെ മക്കള് കരയില്‍ കാത്തിരിക്കുന്നുണ്ടെന്ന് പറ”. മനസുരുകി പ്രാര്‍ഥിച്ചെന്ന് രേഖ പറയുന്നു. നീണ്ട നിശബ്ദതയ്ക്കു ശേഷം കടല്‍ ശാന്തമായി. ഓഖി ചുഴലിക്കാറ്റ്‌ സമയത്ത് കടലിന്റെ ഭാവം മാറിയപ്പോഴേ രേഖ തുടക്കത്തിൽ തന്നെ അത് തിരിച്ചറിഞ്ഞു. കൂടുതൽ ആപത്തിൽ പെടുന്നതിനും മുൻപേ അവർ തിരിച്ചു കര പറ്റി.

അങ്ങനെ ആരും അറിയാത്ത എത്രയോ കാലങ്ങൾ ആ ദമ്പതികൾ ഒന്നിച്ചു കടലിൽ പോയി, കരയിലെത്തി. ഇടയ്ക്കൊക്കെ പെണ്മക്കളെ കൊണ്ടു പോയി. അങ്ങനെ ഒരിക്കൽ സെൻട്രല്‍ മറൈന്‍ ഫിഷറീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍ കടലില്‍ വലയെറിയുന്ന രേഖയെന്ന പെണ്ണിനെ കാണുന്നത് അപ്രതീക്ഷിതമായായിരുന്നു. ആ കാഴ്ച അവരെ അദ്ഭുതപ്പെടുത്തി, പിന്നെ അത് അംഗീകാരമായി മാറി. വലിയൊരു ചടങ്ങില്‍ വച്ച് കേന്ദ്രമന്ത്രി സുദര്‍ശന്‍ സിങ്ങ് പൊന്നാടയണിയിച്ചു. ഇവർക്ക് കൂട് മത്സ്യകൃഷി നടത്തുന്നതിന് കാളാഞ്ചി മീൻ കുഞ്ഞുങ്ങളെ മന്ത്രി സമ്മാനിച്ചു. കടലിലെ മീൻപിടിത്തത്തിനൊപ്പം ഇതിലൂടെയും കുടുംബ ചെലവിനു പണം കണ്ടെത്തുന്നതിന് കാർത്തികേയനും രേഖയും കടലിൽ കൂടു മത്സ്യകൃഷി തുടങ്ങി.

കുടുംബം

പഴഞ്ചന്‍ ഫൈബര്‍ വള്ളവും 25 വര്‍ഷം പഴക്കമുള്ളൊരു യമഹ എഞ്ചിനുമായാണ് അവർ മത്സ്യബന്ധനത്തിന് പോകുന്നത്.അതും സാഹസികമായ ഒരു യാത്ര. പുതിയൊരു വള്ളം വാങ്ങണമെന്ന മോഹമുണ്ട്. പുതിയൊരു എഞ്ചിൻ വാങ്ങണം. അതിന് വേണം  1,27,000 രൂപ. ഇപ്പോൾ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന വല മാറ്റണമെങ്കിൽ പോലും വേണം 1,25,000 രൂപ. പ്രതിസന്ധികൾ ഇനിയും പലതുമുണ്ടാകാം.

പ്ലസ് ടുക്കാരിയായ മൂത്ത മകളെ താഴെയുള്ള മൂന്നു പേരെയും ഏല്‍പ്പിച്ച് രേഖയും കാരത്തികേയനും വീട്ടില്‍ നിന്ന് കടലിലേക്കിറങ്ങുമ്പോൾ അവരുടെ പ്രതീക്ഷകളേയും സ്വപ്നങ്ങളേയും കടലമ്മ ഇനിയും കാക്കുക തന്നെ ചെയ്യും. രേഖയുടെ പോരാട്ടത്തെ കണ്ടില്ലെന്നു നടിക്കാൻ കടലമ്മക്കാകില്ലല്ലോ. ലോക വനിതാ ദിനത്തോടനുബന്ധിച്ച് രേഖ അഴിമുഖത്തോട് ഇങ്ങനെ പറഞ്ഞു: “സ്ത്രീ അബലയല്ല, ശക്തിയാണെന്നുള്ള ആശയം സമൂഹം ഏറ്റെടുക്കണം. കടലും കരയും എല്ലാം അവളുടേതാണെന്നും അവൾക്കിഷ്ടപ്പെട്ട തൊഴില്‍ അവളുടെ മനക്കരുത്തനുസരിച്ച് ചെയ്യാനുള്ള സ്വാതന്ത്ര്യം അവൾക്ക് വിട്ടു കൊടുക്കണം. ആത്മവിശ്വാസം കൈമുതലായി നൽകിക്കൊണ്ട് അവളെ നിങ്ങൾ വളർത്തിയെടുക്കുക. എങ്കിൽ നാളെകളിൽ വ്യക്തിത്വമുള്ള കഥാപാത്രങ്ങളായി ഏതു മേഖലയിലും അവര്‍ തിളങ്ങി നില്‍ക്കുക തന്നെ ചെയ്യും”.

അനു ചന്ദ്ര

അനു ചന്ദ്ര

എഴുത്തുകാരി, ചലച്ചിത്ര സഹസംവിധായിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍