UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വെറുമൊരു ആശംസാദിനം മാത്രമാക്കി വനിതാദിനത്തെ ഒതുക്കരുത്

Avatar

റമീസ് രാജയ്

വസ്ത്രധാരണം തൊട്ടു രതി സങ്കല്‍പ്പങ്ങള്‍ വരെ നീളുന്ന വിഷയങ്ങളില്‍ വിമോചന സ്ത്രീമനസിനെ നേരിടാന്‍ യാഥാസ്ഥിതിക പുരുഷനൊപ്പം പുരുഷാധിപത്യ സ്ത്രീമനസുകളും ഒന്നിക്കുന്നൊരു സാമൂഹിക അന്തരീക്ഷത്തിലെ പ്രക്ഷുബ്ധമാക്കപ്പെടുന്ന ചര്‍ച്ചകള്‍ക്കിടയില്‍ മാര്‍ക്കറ്റ് ചെയ്യാന്‍ ഒരു ദിനം കൂടി, സാര്‍വദേശീയ വനിതാ ദിനം!

20- ആം നൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ അമേരിക്കയില്‍ നടന്നൊരു വനിതാ തൊഴിലാളി സമരത്തിന്റെ ഓര്‍മ പുതുക്കലായിരുന്നു ചരിത്രത്തിലെ ആദ്യ വനിതാ ദിനം. സോഷ്യലിസ്റ്റ്‌ പാര്‍ട്ടി ഓഫ് അമേരിക്ക ആചരിച്ച വനിതാ ദിനം പിന്നീട് ബോള്‍ഷെവിക് വിപ്ലവ കാലത്ത് റഷ്യയിലും ആചരിക്കപ്പെട്ടു തുടങ്ങി. ലോകത്തിന്റെ പലഭാഗത്തും സ്ത്രീ സ്വതന്ത്ര്യതിന്റെയും പോരാട്ടത്തിന്റെയും വിളംബരമായി അത് മാറി. 1977- ല്‍ ഐക്യരാഷ്ട്ര സഭ മാര്‍ച്ച്‌  എട്ട് സാര്‍വദേശീയ വനിതാ ദിനമായി പ്രഖ്യാപിച്ചു. അങ്ങനെ ചരിത്രവും രാഷ്ട്രീയവുമുള്ള ഈ ദിനം, എന്നാല്‍ വെറുമൊരു ആശംസാ ദിനമായാണ് കടന്നു പോകാറുള്ളത്.

സ്ത്രീ, പുരുഷ തുല്യത എന്ന കേവലതയില്‍ മാത്രം ഒതുങ്ങിപ്പോകുന്ന പൊതുസമൂഹ വര്‍ത്തമാനങ്ങള്‍ക്കിടയില്‍  അവളുടെ പോരാട്ടങ്ങളോ അതിജീവനങ്ങളോ യഥാര്‍ത്ഥ സ്ത്രീപക്ഷ രാഷ്ട്രീയമോ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്താനുള്ള ഒരു ദിനമായെങ്കിലും അതുമാറണം.

ആധുനിക സമൂഹങ്ങള്‍ സ്വവര്‍ഗ്ഗരതിയെപോലും വിശാല മനസോടെ സമീപിക്കാന്‍ തുടങ്ങിയ ഇക്കാലത്തും മലയാളി സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യങ്ങളെ ചര്‍ച്ചയ്ക്ക് വിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്ന നാണക്കേട് തിരിച്ചറിയുകയും അതില്‍ നിന്നും ചര്‍ച്ചയെ മനുഷ്യന്റെ ജീവല്‍ പ്രശ്നങ്ങളിലെ സ്ത്രീ ഇടപെടലുകളിലേക്കും, ആവിഷ്കാര സ്വതന്ത്ര്യത്തിന്റെ സ്ത്രീ മുഖങ്ങളിലേക്കും മണ്ണും ജലവും സംരക്ഷിക്കാന്‍ അവള്‍ നടത്തുന്ന പോരാട്ടങ്ങളിലേയ്ക്കും കൊണ്ടുവരേണ്ടിയിരിക്കുന്നു.

കാലവും മാധ്യമങ്ങളും പൊതുസമൂഹ ചര്‍ച്ചകളിലേക്ക് അധികം അടുപ്പിക്കാതിരുന്ന ധീരരായ സ്ത്രീകള്‍ എക്കാലത്തെയും പോലെ നമ്മുടെ കാലത്തും ഉണ്ടായിട്ടുണ്ട്. ഗാസ മുനമ്പില്‍ ഇസ്രായേലി ബുള്‍ഡോസറിന് മുന്നിലേക്ക്‌ മറ്റൊരു ജനതയുടെ പോരാട്ടത്തിന്റെ ഭാഗമായി നടന്നു ചെന്ന് സയണിസ്റ്റ് ഭീകരതയുടെ ഇരയായ അമേരിക്കന്‍ സാമൂഹിക പ്രവര്‍ത്തക  റെയ്ച്ചല്‍ കോറിയും മനുഷ്യാവകാശത്തിനു വേണ്ടി ഒരു വ്യാഴവട്ട കാലമായി നിരാഹാരം അനുഷ്ടിക്കുന്ന ഇറോം ശര്‍മിളയും ഒന്നും തീവ്ര സ്ത്രീപക്ഷ നിലപാടുതറകളില്‍ പോലും കടന്നു വരുന്നില്ല എന്നതാണ് സത്യം.

ആവിഷ്കാര സ്വാതന്ത്ര്യ ത്തിനു നേര്‍ക്ക് ഏറ്റവും പൈശാചികമായ അതിക്രമങ്ങളാണ്  2015-ന്‍റെ തുടക്കത്തില്‍ തന്നെ ലോകം കണ്ടത്. വരകളും അക്ഷരങ്ങളും ഏറ്റവും അസഹിഷ്ണുതയോടെ വേട്ടയാടപ്പെടുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നമ്മുടെ അയല്‍രാജ്യമായ ബംഗ്ലാദേശിന്റെ തലസ്ഥാനത്ത് അവിജിത് റോയ് എന്ന ബ്ലോഗ്ഗര്‍ അരുംകൊല ചെയ്യപ്പെട്ടു. തുറന്ന മനസെന്ന പേരില്‍ തന്റെ ചിന്തകളെ ലോകത്തിനു മുന്നില്‍ അവതരിപിച്ചു എന്ന പാതകമാണ് ആ മനുഷ്യന്റെ  ജീവനെടുത്തത്. അവിജിതിനൊപ്പം അക്രമിക്കപെട്ട അദ്ദേഹത്തിന്റെ ഭാര്യ റഫിദ ചോരയില്‍ കുളിച്ചു അവിജിതിനെ താങ്ങി എടുക്കുന്ന ചിത്രവും മകള്‍ ത്രിഷ “അക്ഷരങ്ങളെ കൊല്ലാന്‍ സാധിക്കില്ല, എന്‍റെ അച്ഛന്റെ കഥ എല്ലാവരും അറിയണം” എന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതും സോഷ്യല്‍ മീഡിയയിലൂടെ മലയാളി കാണുകയാണ്. ചിന്തയുടെയും ആവിഷ്കാരത്തിന്റെയും  സ്വാതന്ത്ര്യത്തിനു മേല്‍വരുന്ന അതിരൂക്ഷ അക്രമണത്തെ പോലും പോരാട്ട മനസിന്റെ ബലം കൊണ്ട് നേരിടുന്ന ഇവരെ പോലുള്ള സ്ത്രീകള്‍  ഇന്ത്യ മഹാരാജ്യത്തും ഉണ്ടായിട്ടുണ്ട്. ആവിഷ്കാര സ്വതന്ത്ര്യത്തിന്റെ എക്കാലത്തെയും വലിയ രക്തസാക്ഷി സഫ്ദര്‍ ഹാഷ്മിയുടെ പ്രിയപത്നി മലായ്ശ്രീ ഹാഷ്മി. നമ്മുടെ തലസ്ഥാനത്തിനടുത്ത് ഗാസിയാബാദിന്‍റെ തെരുവുകളില്‍ നാടകം അവതരിപ്പിക്കുന്നതിനിടയില്‍ കൊല ചെയ്യപ്പെട്ട ഭര്‍ത്താവിന്റെ മരണം ഉണ്ടാക്കിയ മുറിവുകള്‍ ഉണങ്ങും മുന്‍പേ അതേ തെരുവില്‍ വന്നു നാടകം പൂര്‍ണമായി അവതരിപ്പിച്ച ധീരതയുടെ ഉടമ. 

കാലം മലായ്ശ്രീ ഹാഷ്മിയില്‍ നിന്നും ത്രിഷയില്‍ എത്തിനില്‍ക്കുന്നു. ചിന്തയും കാഴ്ചപ്പാടുകളും പുതിയ തലങ്ങളിലേക്ക് ഉയരുന്നു. അതിനിടയില്‍ സ്ത്രീപക്ഷ പോരാട്ടങ്ങളെ തുല്യാര്‍ത്ഥത്തില്‍ കാണാനുള്ള ബൌദ്ധിക പരിണാമ അവസ്ഥയിലേക്ക് മലയാളിയെ എത്തിക്കാന്‍ റഫിദയുടെ ചിത്രത്തിനും ത്രിഷയുടെ വാക്കുകള്‍ക്കും കഴിയണം. 

എല്ലാം വീക്ഷിക്കുകയും ചര്‍ച്ച ചെയ്യുകയും ചെയ്യുന്നവരെന്ന് അഭിമാനിക്കുന്ന നമ്മുടെ സാമൂഹിക ജീവിതത്തിനിടയിലും പോരാടുന്ന ഒരുപാട് സ്ത്രീ മുഖങ്ങളുണ്ട്. മധ്യവര്‍ഗ ആസക്തികള്‍ക്കും ആകര്‍ഷണീയ സ്വത്വബിംബങ്ങള്‍ക്കും ലഭിക്കുന്ന അമിത പ്രാധാന്യത്തിനിടയില്‍ അടിയാളന്റെ നിലയ്ക്കാത്ത പോരാട്ടങ്ങള്‍ക്ക് നേതൃത്വം ഏറ്റെടുക്കുന്ന, മലയാളിയുടെ കപട പൊതുബോധത്തെ നിന്നു തോല്പിച്ച സി കെ ജാനു പോരാട്ടവീര്യത്തിന്റെ ഉത്തമ ഉദാഹരണമാണ്. സ്വന്തം സ്വകാര്യതയില്‍ ഒതുങ്ങി കൂടാനാഗ്രഹിക്കുന്ന ശരാശരി മലയാളി സ്ത്രീയ്ക്കിടയിലേയ്ക്കാണ് ജാനു എന്ന ആദിവാസി സ്ത്രീ തന്‍റെ ജനതയുടെ സമരനായികയായി കടന്നുവരുന്നത്.

പൊതുവേ യാഥാസ്ഥിതികര്‍ എന്ന് മുദ്രകുത്തപ്പെട്ട ഒരു സമുദായത്തില്‍ നിന്നുമാണ് ജസീറ എന്ന ഓട്ടോ ഡ്രൈവര്‍ മണ്ണ് കാത്തുസൂക്ഷിക്കാനുള്ള സമരം സ്വയം ഏറ്റെടുത്ത് ഇന്ദ്രപ്രസ്ഥം വരെ പോയത്. തൊഴിലിടങ്ങളില്‍ ഒന്നിരിക്കാന്‍ സമരം ചെയ്യേണ്ടി വരുന്ന സ്ത്രീസമൂഹവും ഇവിടെത്തന്നെയാണ്.

സമൂഹം കല്പിച്ചു നല്‍കിയ ഉത്തരവാദിത്വങ്ങളും അതിനപ്പുറത്തെ സാമൂഹിക പോരാട്ടങ്ങളും ഏറ്റെടുക്കുന്ന ഇവരൊക്കെ പ്രതിനിധാനം ചെയ്യുന്ന സ്ത്രീപക്ഷ രാഷ്ട്രീയമാണ് തീക്ഷ്ണമായി ചര്‍ച്ചയ്ക്ക് വിധേയമാകേണ്ടത്!

സ്ത്രീ ജീന്‍സ് ഇടണോ, അവള്‍ ചുംബിക്കണോ, അവള്‍ക്കു സ്വയംഭോഗം ചെയ്യാമോ തുടങ്ങിയ പുരുഷാധിപത്യ സാമൂഹിക വര്‍ത്തമാനങ്ങള്‍ ചിന്തയെ മലിനമാകുന്നിടത്തേക്ക് ഇവരൊക്കെ കടന്നുവരട്ടെ. സ്ത്രീപക്ഷ ചിന്തകള്‍ കൂടുതല്‍ വിശാലമാവട്ടെ, ഈ സാര്‍വദേശീയ വനിതാ ദിനത്തിലെങ്കിലും.  

*Views are Personal

(ദുബായില്‍ സിവില്‍ എഞ്ചിനീയറാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍