UPDATES

വിശ്വാസികള്‍ ആ പെണ്‍കുട്ടിയെ തടയുമെന്നുപറയുന്നതുപോലെയല്ല സംസ്ഥാനത്തെ ഒരു മന്ത്രി പറയുന്നത്

ശബരിമലയില്‍ പ്രവേശിക്കാന്‍ ഒരു പെണ്‍കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ നിഷേധിക്കാന്‍ എങ്ങനെയാണ് ഒരു ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന് സാധിക്കുക

ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവും സ്ത്രീവിമോചന പ്രവര്‍ത്തകയുമായ തൃപ്തി ദേശായിയോട് ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും അവരെ ശബരിമലയില്‍ കയറ്റില്ലെന്നു പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ പി ഗീത. പി ഗീത അഴിമുഖം പ്രതിനിധിയോട്-

‘ശബരിമലയില്‍ പ്രവേശിക്കാന്‍ ഒരു പെണ്‍കുട്ടി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനെ നിഷേധിക്കാന്‍ എങ്ങനെയാണ് ഒരു ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരിന് സാധിക്കുക. ആചാരങ്ങള്‍ക്ക് വേണമെങ്കില്‍ ആ പെണ്‍കുട്ടിയെ നിഷേധിക്കാം. ആചാരങ്ങള്‍ പിന്തുടരുന്ന വിശ്വാസികള്‍ ആ പെണ്‍കുട്ടിയെ തടയുമെന്നുപറയുന്നതുപോലെയല്ല സംസ്ഥാനത്തിന്റെ ഒരു മന്ത്രി തടയുമെന്ന് പറയുന്നത്. പണ്ടുമുതലെ ഇങ്ങനെ ആചാരങ്ങള്‍ കൃത്യമായി സംരക്ഷിക്കപ്പെട്ടിരുന്നുവെങ്കില്‍ ഇന്നത്തെ ദേവസ്വം വകുപ്പുപോലുമുണ്ടാകുമായിരുന്നില്ല. ഏക്കാലത്തും നമ്മള്‍ ആചാരങ്ങള്‍ സംരക്ഷിക്കുമായിരുന്നുവെങ്കില്‍ കേരളത്തില്‍ ശ്രീനാരയണ ഗുരു ഉണ്ടാകുമായിരുന്നില്ല, അയ്യന്‍ങ്കാളിയുണ്ടാകുമായിരുന്നില്ല, ക്ഷേത്ര പ്രവേശന വിളംബരവും, വൈക്കം സത്യാഗ്രഹവും, ഇഎംഎസും,വി ടി ഭട്ടത്തിരിപ്പാടും ഒന്നുമുണ്ടാക്കുമായിരുന്നില്ല; ദേവസ്വം വകുപ്പും അതിനൊരു മന്ത്രിയുമുണ്ടാകുമായിരുന്നില്ല. ആചാരങ്ങള്‍ക്കപ്പുറത്തേക്ക് പോകുമ്പോഴായിരിക്കും ഒരുപക്ഷെ മനുഷ്യര്‍ കൂടുതല്‍ വികസിക്കുകയും രാജ്യം ജനാധിപത്യപരമായി തീരുകയും ചെയ്യുക.’

സര്‍ക്കാരിന്റെ നിലപാടിനെ വിമര്‍ശിച്ച് പി ഗീത ഫെയ്‌സ്ബുക്കിലും പോസ്റ്റ് ഇട്ടിരുന്നു-

‘എനിക്ക് തൃപ്തി ദേശായി എന്ന പെണ്‍കുട്ടിയെ വ്യക്തിപരിചയമില്ല. എനിക്ക് ശബരിമലയില്‍ പോകണമെന്നും ഇല്ല. കുട്ടിയായിരിക്കുമ്പോള്‍ അച്ഛന്‍ എന്നെ കൊണ്ടു പോയിട്ടുണ്ട്. ആ പോക്കിന്റെ അരനൂറ്റാണ്ടാഘോഷിക്കാന്‍ ഇനി കുറച്ചു വര്‍ഷങ്ങള്‍ മാത്രമേ ബാക്കിയുള്ളൂ.അന്നത്തെ മലയും മരങ്ങളും കാറ്റും കിളികളും പുഴയും മണ്ണും ഒന്നും തന്നെ ഇന്നവിടെ ബാക്കിയില്ല. എങ്കിലും ഞാന്‍ തൃപ്തി ദേശായിയെ പിന്തുണക്കുന്നു.

കാരണം ഏതെങ്കിലും ഒരു സ്ത്രീയെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ അവള്‍ ഏതു പ്രായമോ ജാതിയോ മതമോ രാഷ്ട്രമോ ആകട്ടെ, അവള്‍ക്കു ശബരിമലയില്‍ പ്രവേശിക്കാന്‍ കഴിയണം. അതുകൊണ്ടുതന്നെ ദേവസ്വം വകുപ്പു മന്ത്രിയോടു വിയോജിക്കാതിരിക്കാന്‍ സാധ്യമല്ല. ആചാരങ്ങള്‍ അവളെ തടുത്തു കൊള്ളട്ടെ, പക്ഷേ ഒരു ജനാധിപത്യ സര്‍ക്കാര്‍ അവളെ തടുത്തു കൂടാ എന്നു ഞാന്‍ കരുതുന്നു. പ്രത്യേകിച്ചും ‘ഇടതുപക്ഷം ‘ എന്നു സ്വയം വിശേഷിപ്പിച്ചു കൊണ്ട്.

തൃപ്തി ദേശായി ആ പേരുള്ള ഒരു കേവല വ്യക്തിയല്ല. അവള്‍ ഒരു പ്രതീകമാണ്. അങ്ങനെ ആഗ്രഹിക്കുന്നവരും എന്നാല്‍ ആണ്‍കോയ്മയാല്‍ നിശബ്ദീകരിക്കപ്പെടുകയും ചെയ്ത വലിയൊരു വിഭാഗം സ്ത്രീകളുടെ മനസാണവള്‍ പ്രതിനിധീകരിക്കുന്നത്. ബഹു. മന്ത്രി പറഞ്ഞതുപോലെയാണെങ്കില്‍, കേരളത്തില്‍ അയ്യങ്കാളിയും ഗുരുവും വിടിയും ഇ എം എസ്സും ഉണ്ടാകില്ലായിരുന്നു. ഇവിടെ വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങള്‍ നടക്കില്ലായിരുന്നു. ക്ഷേത്രപ്രവേശന വിളംബരം പാസ്സാകുമായിരുന്നില്ല.അതെ സുഹൃത്തുക്കളേ ഇന്നിങ്ങനെ ഒരു മന്ത്രിക്കു കൊടി പാറിച്ചു ഭരിക്കാന്‍ ദേവസ്വംവകുപ്പും ഉണ്ടാകുമായിരുന്നില്ല.

അതെ സര്‍, ഇപ്പറഞ്ഞ എല്ലാം അസാധുവും ചരിത്രത്തിനു പുറത്തും ആകുമായിരുന്നു. ഇത് താങ്കളെ ഓര്‍മ്മിപ്പിക്കേണ്ടത് ഒരു പൗരയെന്ന നിലയില്‍ എന്റെ ചുമതലയാകുന്നു.’

chintha-geetha

ശബരിമലയില്‍ പ്രവേശിക്കുമെന്ന് പറഞ്ഞ തൃപ്തി ദേശായിയുടെ നിലപാടിനോട് സുപ്രീംകോടതി വിധി ഉണ്ടാവാതെ ആചാരങ്ങളില്‍ മാറ്റം വരുത്താന്‍ കഴിയില്ലെന്നും ശബരിമലയില്‍ കയറ്റില്ലെന്നുമായിരുന്നു കടകംപള്ളി പറഞ്ഞത്. ശബരിമലയില്‍ പ്രവേശിക്കുന്നതിന് പിന്തുണ തേടി തൃപ്തി ദേശായി കേരള സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ദേവസ്വം മന്ത്രി സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയം നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണുള്ള കേസാണ്. ദേവസ്വം ബോര്‍ഡിന്റെ നിലപാടും ശബരിമലയിലെ ആചാരങ്ങളും എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണെന്നാണ് കടകംപള്ളി വ്യക്തമാക്കിയിരിക്കുന്നത്.
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരിക്കേണ്ടത് ഭക്തരാണെന്നാണ് കേരള സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍ പേഴ്‌സണ്‍ചിന്താ ജെറോം അഴിമുഖത്തോട് പറഞ്ഞു. ഭക്തന്മാര്‍ ഈ വിഷയം ഏറ്റെടുക്കുന്ന ഘട്ടത്തില്‍ മാത്രമെ താന്‍ പ്രതികരിക്കേണ്ട കാര്യമുള്ളൂവെന്നും ഇത് വിശ്വാസികളെ ബാധിക്കുന്ന വിഷയമായതുകൊണ്ട് തന്റെ വ്യക്തിപരമായ നിലപാട് പരസ്യമായി പറയുന്നില്ലെന്ന് ചിന്ത കൂട്ടിച്ചേര്‍ത്തു.

നിലവിലുള്ള ആചാരങ്ങള്‍ ലംഘിച്ച് തൃപ്തിയെ ശബരിമലയില്‍ കയറാന്‍ അനുവദിക്കില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും മുമ്പ് അറിയിച്ചിരുന്നു. വൃതമെടുത്തു ശബരിമല ക്ഷേത്രദര്‍ശനം നടത്തുമെന്ന് തൃപ്തി മുമ്പുതന്നെ വ്യക്തമാക്കിയിരുന്നു. ആര്‍ത്തവം സ്ത്രീ വിശുദ്ധിയുടെ അളവുകോല്‍ അല്ലെന്നും താന്‍ ശബരിമലയില്‍ കഠിനമായ വൃതത്തിന് ശേഷമായിരിക്കും പ്രവേശിക്കുകയെന്നുമായിരുന്നു തൃപ്തി അറിയിച്ചത്. സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിച്ചിരുന്ന മുബൈയിലെ ഹാജി അലി ദര്‍ഗയിലും ശനീശ്വര ക്ഷേത്രത്തിലും ദര്‍ശനം നടത്തിയതിനു ശേഷം ശബരിമലയില്‍ എത്തുമെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നുമാണ് തൃപ്തി പറഞ്ഞിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍