UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചരിത്രത്തില്‍ ഇന്ന്: പാക്കിസ്ഥാന്‍ സ്വാതന്ത്ര്യദിനവും വുഡ്‌സറ്റോക് മ്യൂസിക് ഫെസ്റ്റിവലും

Avatar

1947 ആഗസ്ത് 14 
പാക്കിസ്ഥാന്‍ സ്വാതന്ത്ര്യ ദിനം

1947 ആഗസ്ത് 14 ഉം 15 ഉം രണ്ട് സ്വതന്ത്ര രാജ്യങ്ങളുടെ പിറവി ദിനമാണ്; ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും. 1947 ലെ ഇന്‍ഡ്യന്‍ ഇന്‍ഡിപെന്‍ഡന്‍സ് ആക്ട് അംഗീകരിക്കപ്പെടുന്നത് ആഗസ്ത് 15 നാണ്. ഈ അക്ടില്‍ പറയുന്നത് ഇപ്രകാരമാണ്- 1947 ആഗസ്ത് 15 ന് രണ്ട് സ്വതന്ത്ര രാജ്യങ്ങള്‍ ഇന്ത്യയില്‍ നിലവില്‍ വന്നു. ഇവ ഇന്ത്യ, പാക്കിസ്ഥാന്‍ എന്ന് അറിയപ്പെടും. എന്നാല്‍ പാക്കിസ്ഥാന്‍ അതിന്റെ സ്വാതന്ത്ര്യദിനമായി ആഘോഷിക്കുന്നത് ആഗസ്ത് 14നാണ്.

യഥാര്‍ത്ഥത്തില്‍ പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് മുഹമ്മദാലി ജിന്ന രാഷ്ട്രത്തോടുള്ള തന്റെ ആദ്യ അഭിസംബോധനയില്‍ പ്രസംഗിച്ചതും; ആഗസ്ത് 15 പാക്കിസ്ഥാന്‍ എന്ന സ്വതന്ത്രരാജ്യത്തിന്റെ ജന്മദിനമാണെന്നാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മാതൃരാജ്യത്തിനായി മുസ്‌ലിം ജനത അുഭവിച്ച ദുരിതങ്ങളുടെയും ത്യാഗങ്ങളുടെയും ഫലസമാപ്തിയാണ് ഈ സ്വാതന്ത്ര്യം എന്നും അദ്ദഹം തന്റെ പ്രസംഗത്തില്‍ പ്രസ്താവിച്ചു. പാക്കിസ്ഥാന്‍ പുറത്തിറക്കിയ ആദ്യത്തെ സ്റ്റാമ്പിലും സ്വാതന്ത്ര്യ ദിനം ആഗസ്ത് 15 ന് എന്ന് തന്നെയാണ് പരാമര്‍ശിച്ചിരിക്കുന്നത്.

പിന്നീടാണ് ജിന്ന ഔദ്യോഗികമായി ആഗസ്ത് 14 ആണ് പാക്കിസ്ഥാന്റെ സ്വാതന്ത്ര്യ ദിനം എന്ന് പ്രഖ്യാപിക്കുന്നത്.
സ്വാതന്ത്ര്യ ദിനത്തെ സംബന്ധിച്ചെന്നപോലെ ദേശീയ ഗാനത്തെ സംബന്ധിച്ചും തര്‍ക്കം പാക്കിസ്ഥാനിലുണ്ടായിരുന്നു. 1952 ല്‍ ഹഫീസ് ജലന്ദരി എഴുതിയ ഗാനം ഓദ്യോഗികമായി അംഗീകരിക്കുന്നതിന് മുമ്പ് ലാഹോറിലെ ഹിന്ദു കവിയായിരുന്ന ജഗന്നാഥ് ആസാദ് എഴുതിയ ഗാനമായിരുന്നു പാക്കിസ്ഥാന്‍ തങ്ങളുടെ ദേശീയ ഗാനമായി സ്വീകരിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഇത് വിവാദങ്ങള്‍ക്ക് വഴിവച്ചു. സ്വാതന്ത്ര്യ ദിനത്തില്‍ പാക്കിസ്ഥാനി റേഡിയോ പ്രക്ഷേപണം ചെയ്തിരുന്നത് ജഗന്നാഥ് ആസാദ് എഴുതിയ ഗാനമായിരുന്നു.

ജഗന്നാഥ് ആസാദ് രചിച്ച ഗാനം പാക്കിസ്ഥാന്റെ ദേശീയഗാനമാക്കുന്നതില്‍ പ്രതിഷേധമുയര്‍ന്നു. ഇതിനെത്തുടര്‍ന്ന് സ്വാതന്ത്ര്യം നേടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം 1952 ല്‍ പാക്കിസ്ഥാന്റെ ദേശീയഗാനം അഥവ ഖ്വാമി തറാനയായി പാക് സര്‍ സമീന്‍ സസദ് ബാദ് എന്നു തുടങ്ങുന്ന ഹഫീസ് ജലന്ദരി രചിച്ച ഗാനം ഔദ്യോഗികമായി അംഗീകരിച്ചു.

1969 ആഗസ്ത് 14
വുഡ്‌സ്റ്റോക് മ്യൂസിക് ഫെസ്റ്റിവല്‍

ലോകപ്രശസ്തമായ വുഡ്‌സ്റ്റോക് മ്യൂസിക് ഫെസ്റ്റിവല്‍ 1969 ആഗസ്ത് 14 ന് ബേഥലിലെ ന്യുയോര്‍ക് ടൗണിലുള്ള വൈറ്റ്‌ലേക്ക് കൃഷിഭൂമിയില്‍ സംഘടിപ്പിക്കപ്പെട്ടു. സംഗീതലോകത്തെ കുലപതികളായവരെ ഈ ഫെസ്റ്റിവലില്‍ കൊണ്ടുവരിക എന്നതായിരുന്നു ഇതിന്റെ സംഘാടകരെ സംബന്ധിച്ചുള്ള ഏറ്റവും വലിയ ചുമതല. അതുപോലെ തന്നെ ഈ പരിപാടിയുടെ വേദി മറ്റൊരു ബുദ്ധിമുട്ടായിരുന്നു. വാള്‍കില്ലിന് സമീപത്തുള്ള വുഡ്‌സ്റ്റോകില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനുള്ള അനുവാദം ആദ്യം നിഷേധിക്കപ്പെട്ടിരുന്നു. പിന്നീട് നടന്ന ചര്‍ച്ചകളുടെ ഫലമായാണ് വുഡ്‌സ്റ്റോകിന് 50 മൈല്‍ അകലെയായുള്ള ബേഥലിലെ സുരക്ഷിതമായ 600 ഏക്കര്‍ പ്രദേശത്ത് പരിപാടി സംഘടിപ്പിക്കാന്‍ അനുമതി ലഭിക്കുന്നത്.


ഈ സ്ഥലം രണ്ട് ലക്ഷത്തോളം പേരെയാണ് അന്ന് ഉള്‍ക്കൊണ്ടത്. രണ്ടാം ദിവസമായ ആഗസ്ത് 15 ന് മാത്രമാണ് മ്യൂസിക് ഫെസ്റ്റിവലിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കപ്പെട്ടത്.പ്രതീക്ഷിച്ചതിനുമേലെ ജനക്കൂട്ടമായിരുന്നു ഈ പരിപാടിയിലേക്ക് തള്ളിക്കേറിയത്. അപൂര്‍വ്വമായ ഈ ജനപങ്കാളിത്തം കണ്ടതോടെ സംഘാടകര്‍ പരിപാടിയുടെ ടിക്കറ്റ് ചാര്‍ജ്ജ് നിലിവിലുണ്ടായിരുന്നതിനേക്കാള്‍ ഉയര്‍ത്തി.

വുഡ്‌സ്‌റ്റോക് 1960 കളിലും 70 കളിലും തരംഗമായ ഹിപ്പി സംസ്‌കാരത്തിന്റെ ആധാരശിലയായും മാറി. വിയറ്റ്‌നാം യുദ്ധത്തിനെതിരായുള്ള പ്രതിഷേധ ഭൂമിയായും ഈ ഫെസ്റ്റിവല്‍ മാറിയിരുന്നു. സാന്റാന, ജോ കോക്കര്‍, ക്രോസ്‌ബേ, സ്റ്റില്‍സ്,നാഷ്, റിച്ചെ ഹാവെന്‍സ്, ജോവാന്‍ ബെയ്‌സ് തുടങ്ങിയവരൊക്കെ ഈ മ്യൂസിക് ഫെസ്റ്റിവലിന്റെ ഭാഗമായിരുന്നു.

ഇതിഹാസതാരം ജിമ്മി ഹെന്‍ഡ്രിക്‌സ് ഗിത്താറില്‍ നടത്തിയ സോളോ പെര്‍ഫോമന്‍സോടുകൂടിയാണ് വുഡ്‌സ്‌റ്റോക് മ്യൂസിക് ഫെസ്റ്റിവലിന് തിരശ്ശീല വീഴുന്നത്.വുഡ്‌സ്റ്റോക് ഒരു തലമുറയെ ആകെ സ്വാധീനിച്ച സംഗീതലോകത്തെ ഇതിഹാസമായി മാറിയ ബോബ് ഡിലന്റെ ജന്മദേശം കൂടിയാണ്. മയക്കുമരുന്നിന്റെയും സെക്‌സിന്റെയും ആഘോഷങ്ങളുടെയും മൂന്നുദിവസം എന്ന മേല്‍വിലാസം കൂടി ഈ സംഗീതോത്സവത്തിന് മേല്‍ പതിഞ്ഞിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍