അഫ്ഗാനില്‍ സമാധാനത്തിനായി യുഎസും താലിബാന്‍ പ്രതിനിധികളും തമ്മില്‍ ദോഹയില്‍ ഒന്‍പതു വട്ടം ചര്‍ച്ച നടത്തിയിരുന്നു.
യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭാവിയില്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ തങ്ങളുടെ വാതിലുകള്‍ എപ്പോഴും തുറന്നുതന്നെയാണ് ഇരിക്കുന്നതെന്ന് താലിബാന്‍. അഫ്ഗാനിസ്താനില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ഏക പോംവഴി ചര്‍ച്ചകള്‍ മാത്രമാണെന്ന് ചീഫ് നെഗോഷ്യേറ്റര്‍ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനിക്‌സായി പറഞ്ഞു. അതേസമയം ഇനി ചര്‍ച്ചകള്‍ക്കൊന്നും യാതൊരു സാധ്യതയുമില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു.
അഫ്ഗാനിസ്താനില്‍ സമാധാനത്തിനായി യുഎസും താലിബാന്‍ പ്രതിനിധികളും തമ്മില്‍ ദോഹയില്‍ ഒന്‍പത് തവണ ചര്‍ച്ച നടത്തിയിരുന്നു. ഇരുകൂട്ടരും തത്വത്തില്‍ അംഗീകരിച്ച ഉടമ്പടി തയ്യാറാണെന്ന് യുഎസ് മധ്യസ്ഥന്‍ സല്‍മയ് ഖലിസാദ് പ്രഖ്യാപിച്ചതുമാണ്. മുതിര്‍ന്ന താലിബാന്‍ നേതാക്കളേയും അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഘാനിയെയും സെപ്റ്റംബര്‍ 8-ന് ക്യാമ്പ് ഡേവിഡിലേക്ക് ട്രംപ് ക്ഷണിച്ചതുമാണ്. പക്ഷെ, സെപ്റ്റംബര്‍ 6-ന് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ ഉണ്ടായ താലിബാന്‍ ആക്രമണത്തില്‍ യുഎസ് സൈനികനടക്കം 11 പേര്‍ കൊല്ലപ്പെട്ടു. അതോടെ കൂടിക്കാഴ്ചയില്‍നിന്നും പിന്മാറുന്നതായി ട്രംപ് പ്രഖ്യാപിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്താന്‍ പ്രസിഡന്റ് പങ്കെടുത്ത റാലിയില്‍ താലിബാന്‍ ആക്രമണം നടത്തി 24 പേരെയാണ് കൊന്നത്. മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. തിരഞ്ഞെടുപ്പ് റാലിക്ക് എത്തിയതായിരുന്നു പ്രസിഡന്റ് അഷ്‌റഫ് ഗനി. അതിനിടെ കാബൂളിലെ അതീവ സുരക്ഷാമേഖലയായ ഗ്രീന്‍ സോണില്‍ മറ്റൊരു സ്ഫോടനമുണ്ടായി. യുഎസ് എംബസി, നാറ്റോ ആസ്ഥാനം, അഫ്ഗാനിസ്താന്‍ പ്രതിരോധ മന്ത്രാലയം എന്നിവ സ്ഥിതി ചെയ്യുന്ന മേഖലയാണിത്. യുഎസ് സൈന്യം രാജ്യം വിടുംവരെ ആക്രമണം തുടരുമെന്ന് താലിബാന്‍ ഭീഷണി മുഴക്കിയിരുന്നു.
കൂടാതെ സെപ്റ്റംബര്‍ 28ന് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് അഫ്ഗാന്‍ ജനതയോട് അവര്‍ ആവശ്യപ്പെടുന്നുണ്ട്. അക്രമങ്ങളെ അപലപിച്ച യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ, ‘സമാധാനത്തോടുള്ള ആത്മാര്‍ത്ഥമായ പ്രതിബദ്ധത പ്രകടിപ്പിക്കാന്‍ താലിബാന്‍ തയ്യാറാവണമെന്ന്’ ആവശ്യപ്പെട്ടു.