UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരു മോശം എഡിറ്ററെ എങ്ങനെ കൈകാര്യം ചെയ്യാം?

Avatar

കാര്‍ല എല്‍ മില്ലര്‍
(വാഷിംഗ്ടണ്‍ പോസ്റ്റ്‌)

ചോ: ഞാന്‍ ഒരു ഫ്രീലാന്‍സ് എഴുത്തുകാരിയാണ്. ഞാന്‍ ജോലി ചെയ്യുന്ന പ്രസാധകശാലയിലെ ഒരു എഡിറ്റര്‍ തെറ്റുകള്‍ വരുത്തുന്നു. തിരുത്തി ഞാന്‍ ഉദ്ദേശിച്ചതിന്റെ നേര്‍വിപരീത അര്‍ഥം കൊണ്ടുവരുന്നു. ഒരിക്കല്‍ അയാള്‍ എന്റെ ബൈലൈനില്‍ അക്ഷരപ്പിശക് വരുത്തി. വേറൊരിക്കല്‍ ബൈലൈന്‍ തന്നെ വിട്ടുകളഞ്ഞു. മൂന്നാമതൊരിക്കല്‍ പകരം വേറൊരു വാക്കുപയോഗിച്ച് എന്നെ ഒരു വിഢിയാക്കി തോന്നിച്ചതിന് അയാള്‍ സ്‌പെല്‍ ചെക്കിനെ പഴി പറഞ്ഞു. 

അയാളുടെ ബൈലൈന്‍ പിശകുകള്‍ ക്ഷമിച്ചുകൂടാത്തതാണെന്നും എന്നാല്‍ തിരുത്തുകള്‍ വരുത്തില്ലെന്നും ഒരു സംഗതി പ്രിന്റ് ചെയ്തു കഴിഞ്ഞാല്‍ അയാള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പറയുന്നു. എന്റെ ആര്‍ട്ടിക്കിളുകളില്‍ ഫൗള്‍ വരുത്തിയതിനുശേഷം അധികപണവും എനിക്ക് നല്‍കിയിട്ടില്ല. അയാള്‍ ഒരു കുഴപ്പക്കാരനല്ല. പക്ഷെ അയാള്‍ക്ക് പരിശീലനക്കുറവും ജോലിക്കൂടുതലുമുണ്ട്. മികച്ച ജോലി ആവശ്യമുള്ള ഒരു ഒന്നാം കിട പ്രസിദ്ധീകരണമാണിത്. എനിക്ക് എഴുതാന്‍ കഴിയുന്ന മറ്റനേകം പ്രസിദ്ധീകരണങ്ങള്‍ ഇല്ല താനും. 

അയാളോട് കൂടുതല്‍ കയര്‍ത്താല്‍ ചിലപ്പോള്‍ എന്റെ സാധ്യതകള്‍ നഷ്ടപ്പെടും. എന്നാല്‍ എഴുതി അച്ചടിച്ചുവരുന്നതില്‍ ഒരു മണ്ടിയെപോലെ തോന്നിച്ചാല്‍ എനിക്ക് മുന്നോട്ടു സാധ്യതകള്‍ ഉണ്ടായെന്നും വരില്ല. ഞാന്‍ അയാളോട് പലവട്ടം സംസാരിച്ചുവെങ്കിലും തെറ്റുകള്‍ തുടരുന്നു. 

ഒരു മോശം എഡിറ്ററെ എങ്ങനെ കൈകാര്യം ചെയ്യണം? 

ഉത്തരം: ഒരു എഴുത്തുകാരിയെ മോശമാക്കി കാണിക്കുന്നത് എഡിറ്റിങ്ങിലെ പ്രധാന പാപങ്ങളില്‍ ഒന്നാണ്. നിങ്ങള്‍ നല്‍കുന്ന വിവരങ്ങള്‍ തെറ്റോ അപര്യാപ്തമോ ആണെങ്കിലാണ് എഡിറ്റര്‍ തിരുത്ത് വരുത്തേണ്ടത്. എന്നാല്‍ തെറ്റ് വന്നതിന്റെ പേരില്‍ പണം കൂടുതല്‍ തരുന്നത് എന്തായാലും എന്റെ അറിവില്‍ നിലവിലുള്ള രീതിയല്ല. 

ഡെഡ്‌ലൈന്‍ അനുവദിക്കുമെങ്കില്‍ പല പ്രസിദ്ധീകരണങ്ങളും എഴുത്തുകാരെ എഡിറ്റിംഗ് പരിശോധിക്കാന്‍ അനുവദിക്കാറുണ്ട്. ഇത് സാധ്യമാണോ എന്ന് നിങ്ങളുടെ എഡിറ്ററോട് ചോദിക്കുക. നിങ്ങളുടെ തിരുത്തുകള്‍ ശരിയായ തിരുത്തുകളില്‍ മാത്രമേ വരുത്തൂ എന്ന് ഉറപ്പു നല്‍കുക. അതിനിടെ പോര്‍ട്ട്‌ഫോളിയോയില്‍ തെറ്റുതിരുത്തിയ സാമ്പിളുകള്‍ ഫയല്‍ ചെയ്യുക. നല്ല എഡിറ്റര്‍മാരുള്ള മറ്റുസ്ഥാപനങ്ങള്‍ അന്വഷിച്ചുകൊണ്ടേയിരിക്കുക.

ചോ: എന്റെ ബോസ് എന്നോട് ‘നിങ്ങള്‍ ഒരു നല്ല എഴുത്തുകാരനല്ല’ എന്ന് ഒരു ഗ്രൂപ്പ് മീറ്റിങ്ങില്‍ പറഞ്ഞു. എന്റെ സുഹൃത്തുക്കളും മുന്‍സഹപ്രവര്‍ത്തകരും പറയുന്നത് ഞാനൊരു ശരാശരി എഴുത്തുകാരനാണ്  എന്നാണ്. പ്രതിഭയുടെ തിളക്കമില്ലാത്ത കഴിവ്. എങ്ങനെ ഞാന്‍ എന്നെ മെച്ചപ്പെടുത്തും? പരിശീലനത്തില്‍ എച്ച് ആര്‍ അത്ര പോര. എനിക്ക് ഒരു എഴുത്ത് പരിശീലകനെ വയ്ക്കാനുള്ള പണമില്ല. ആളുകള്‍ പറയുന്നത് പുസ്തകങ്ങള്‍ വായിക്കാനാണ്. എന്നാല്‍ ഞാന്‍ ഇപ്പൊള്‍ തന്നെ ധാരാളം വായിച്ചിട്ടുണ്ട്. അതുമിതുമൊക്കെ പലയാവര്‍ത്തി എഴുതിക്കൊണ്ടേയിരുന്നാല്‍ കാര്യമുണ്ടോ?

ഉത്തരം: എഴുത്തും നിങ്ങളെ ഒരു പരിധിവരെയേ മുന്നോട്ടുകൊണ്ടുപോകൂ. നന്നാവണമെങ്കില്‍ നിങ്ങള്‍ക്ക് കൃത്യമായ, പ്രയോജനകരമായ പ്രതികരണം ശ്രദ്ധാലുവായ ഒരു വായനക്കാരനില്‍ നിന്ന് ലഭിക്കണം. നിങ്ങളുടെ ബോസിന് അത് സാധിക്കില്ലെങ്കില്‍ ഇതാ കുറച്ച് ആശയങ്ങള്‍: 

പ്ലാന്‍ ചെയ്യാനും തിരുത്തി എഴുതാനും സമയം നീക്കിവയ്ക്കുക. നിങ്ങളുടെ ആദ്യ ഡ്രാഫ്റ്റ് മണിക്കൂറുകളോ സാധിക്കുമെങ്കില്‍ ദിവസങ്ങളോ തൊടാതെ മാറ്റിവയ്ക്കുക. അത് ഉറക്കെ വായിച്ചുനോക്കുക. നിങ്ങളുടെ എഴുത്തിനെ തിരുത്താന്‍ ശ്രമിക്കുക. ആശയങ്ങളുടെ ഘടന മാറ്റിമറിച്ചുനോക്കുക. വാക്കുകളുടെ എണ്ണം മൂന്നിലൊന്നായി ചുരുക്കിനോക്കുക. അന്യോന്യം പ്രൂഫ് വായിക്കാമെന്ന് ഏതെങ്കിലും സഹപ്രവര്‍ത്തകരുമായി ഉടമ്പടി ഉണ്ടാക്കുക.

വായിക്കുന്നത് പ്രധാനമാണ്. എന്നാല്‍ ഒരു നല്ല അപസര്‍പ്പകനോവലും ഒരു നല്ല ബിസിനസ് മെമ്മോയും തമ്മില്‍ മാറ്റമുണ്ട്. വാക്കുകള്‍ ശ്രദ്ധിച്ചുപയോഗിക്കുകയും ദൃഢമായ ഘടനയുപയോഗിക്കുകയും ചെയ്യുന്ന എഴുത്ത് വാര്‍ത്തയോ എസ്സേകളോ വായിക്കുക. ഉപയോഗിക്കാന്‍ എളുപ്പമുള്ള ശൈലികള്‍ കണ്ടെത്തുക. 

എഴുത്തും മറ്റേത് ജോലിയും പോലെ, ഒറ്റയടിക്ക് ഒരു കാര്യമല്ല. നിങ്ങള്‍ ഒരിക്കലും മികച്ചതാകില്ല. എന്നാല്‍ നിങ്ങള്‍ക്ക് പടിപടിയായി ഉയരാം.

(ആധുനിക തൊഴിലിടങ്ങളില്‍ ജീവിക്കുന്നതിനെപ്പറ്റിയുള്ള ഒരു ഉപദേശകോളം എഴുതുന്നയാളാണു കാര്‍ല എല്‍ മില്ലര്‍. )

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍