UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തൊഴിലാളി ഐക്യം മുദ്രാവാക്യങ്ങളില്‍ ഒതുങ്ങുന്ന കാലത്ത് ഓര്‍ക്കേണ്ട ചിലത്

Avatar

രാകേഷ് സനല്‍

മേയ് ദിനം അതിന്റെ ചരിത്രം ഓര്‍മിപ്പിക്കാത്ത വെറുമൊരു ആഘോഷമായി മാറിക്കഴിഞ്ഞ ഇന്നുകളില്‍ തൊഴിലാളികള്‍ മുതലാളിത്ത പീഡനങ്ങളില്‍ നിന്നും മുക്തരായിട്ടില്ല എന്ന വാസ്തവം നമ്മളെ എത്രകണ്ട് ആകുലപ്പെടുത്തുന്നുണ്ട്? സംഘടിത പ്രവര്‍ത്തനത്തിലൂടെയാണ് തൊഴിലാളികള്‍ അവരുടെ അവകാശങ്ങള്‍ നേടിയെടുത്തിട്ടുള്ളതെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. അതാണ് നാം പഠിച്ചതും ആവര്‍ത്തിച്ചതും. എന്നാല്‍ ഈ കാലഘട്ടത്തില്‍ പാര്‍ട്ടികളുടെ, ബഹുജനങ്ങളുടെ പിന്തുണയില്ലാതെ നടക്കുന്ന ചെറിയ കൂട്ടത്തിന്റെതാണെങ്കിലും വലിയ ആവശ്യങ്ങള്‍ക്കായുള്ള നിരവധി സമരങ്ങള്‍ ഈ കേരളത്തില്‍ നടക്കുകയും അവ പൂര്‍ണമായി പരാജയപ്പെടുകയോ ഭാഗികമായി മാത്രം വിജയിക്കുകയോ ചെയ്യുകയാണ് എന്ന കാര്യത്തെക്കുറിച്ചും നാം എത്രകണ്ട് ആശങ്കപ്പെടുന്നുണ്ട്.

ആദിവാസി നില്‍പ്പ് സമരം, കല്യാണ്‍ സില്‍ക്‌സ്, സീമാസ് എന്നിവിടങ്ങളിലെ സ്ത്രീകള്‍ ഇരിക്കാനുള്ള അവകാശത്തിനുവേണ്ടി നടത്തിയ സമരം, വസ്ത്രമുരിഞ്ഞുള്ള ദേഹപരിശോധനയ്ക്ക് വിധേയരായ കാക്കനാട് സെസിലെ സ്ത്രീകള്‍ നടത്തിയ സമരം, എറണാകുളം ഇന്‍ഫോപാര്‍ക്കിലെ ടിസിഎസ് ജീവനക്കാര്‍ നടത്തിയ സമരം തുടങ്ങി കേരളത്തില്‍ കഴിഞ്ഞ വര്‍ഷം നടന്ന സമരങ്ങള്‍ പലതുണ്ട്. ഈ സമരങ്ങള്‍ക്കൊന്നും രാഷ്ട്രീയപ്രസ്ഥാനങ്ങളുടെയോ അവയുടെ തൊഴിലാളി സംഘടനകളുടെയോ പൊതുസമൂഹത്തിന്റെയോ പൂര്‍ണ പിന്തുണ കിട്ടിയിരുന്നില്ല.

മേല്‍പ്പറഞ്ഞ സമരങ്ങള്‍ വീണ്ടും ചര്‍ച്ച ചെയ്യപ്പെടേണ്ടത്, അവിടെ സമരം നയിച്ചതും ഇരകളാക്കപ്പെട്ടതും സ്ത്രീകള്‍ ആയിരുന്നു എന്നിടത്താണ്. നവലിബറല്‍ കാലത്ത് നമ്മുടെ തൊഴിലിടങ്ങള്‍ കൂടുതല്‍ തൊഴിലാളി വിരുദ്ധ കേന്ദ്രങ്ങളായി മാറുമ്പോള്‍ അവിടങ്ങളില്‍ കൂടുതലായി അടിച്ചമര്‍ത്തപ്പെടുന്നത് സ്ത്രീകളാണെന്ന വസ്തുത ശ്രദ്ധിക്കേണ്ടതാണ്. സ്ത്രീകളുടെ പോരാട്ടത്തോട് സമൂഹത്തിന് എത്രമാത്രം ആവേശം ഉണ്ടാകുന്നുണ്ടെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്. രാഷ്ട്രീയപ്രസ്ഥാനങ്ങളാണെങ്കിലും സമൂഹമാണെങ്കിലും കുറച്ചു സിംപതി കാണിക്കുന്നു എന്നല്ലാതെ സ്ത്രീകളുടെ വിഷയങ്ങളില്‍ ആത്മാര്‍ത്ഥമായ ഇടപെടല്‍ നടത്തുന്നില്ല.

ഒന്നാമതായി നമ്മൂടെ ഭൂരിഭാഗം തൊഴിലിടങ്ങളും ആണിടങ്ങളാണ്. അവിടെ സ്ത്രീകള്‍ രണ്ടാംതരം മാത്രമാണ്. രണ്ടാംതരക്കാരുടെ അവകാശപ്പോരാട്ടം അതുകൊണ്ട് തന്നെ പ്രസക്തി കുറഞ്ഞതായി പോകുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ നാം കേട്ടതും ഞെട്ടിയതുമായ ഒരു സംഭവം കാക്കനാട് സാമ്പത്തിക മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അസ്മ റബര്‍ എന്ന സ്വകാര്യ സ്ഥാപനത്തില്‍ സ്ത്രീജീവനക്കാരെ ദേഹപരിശോധന നടത്തിയതായിരുന്നു. സ്ത്രീകള്‍ ആര്‍ത്തവ സമയത്ത് ഉപയോഗിക്കുന്ന സാനിട്ടറി നാപ്കിന്‍ ആരോ ടോയ്‌ലറ്റില്‍ ഉപേക്ഷിതിന്, ആ ‘കുറ്റവാളി’യെ കണ്ടെത്തുന്നതിനായിട്ടായിരുന്നു സ്ത്രീ ജീവനക്കാരെ വസ്ത്രമുരിഞ്ഞ് ദേഹപരിശോധന നടത്തിയത്. കടുത്ത മനുഷ്യാവകാശ ലംഘനവും സ്ത്രീത്വത്തോടുള്ള അപമാനവും ആയിരുന്നിട്ടും നമ്മുടെ പ്രമുഖ മാധ്യമങ്ങളും പ്രധാന രാഷ്ട്രീയ-തൊഴിലാളി പ്രസ്ഥാനങ്ങളും ബഹുജനങ്ങളും ആ സ്ത്രീകളെ ആത്മാര്‍ത്ഥമായി പിന്തുണച്ചില്ല. എന്നാലും 17-ഓളം വരുന്ന സ്ത്രീ ജീവനക്കാര്‍ സ്ഥാപനത്തിനെതിരെ സമരം നടത്തി. ആ സമരം വിജയമാണോ പരാജയമാണോ എന്നു ചോദിച്ചാല്‍, ഇപ്പോള്‍ ഒരു വര്‍ഷത്തിനിപ്പുറം അതില്‍ കൃത്യമായൊരു ഉത്തരം നല്‍കാന്‍ അന്നു സമരത്തിലുണ്ടായിരുന്നവര്‍ക്ക് കഴിയുന്നില്ല. കേസ് ഇപ്പോഴും നടക്കുന്നുണ്ട്. പക്ഷെ തെറ്റു ചെയ്തവര്‍ ശിക്ഷിക്കപ്പെട്ടില്ല. അവര്‍ പണം ഉപയോഗിച്ചു. പണമാണ് നീതി നിര്‍ണയിക്കുന്നത്. തെറ്റുകാര്‍ ശിക്ഷിക്കപ്പെട്ടില്ല എന്നു വരുമ്പോള്‍ ഞങ്ങള്‍ ജയിച്ചു എന്നു പറയുന്നതില്‍ കാര്യമില്ല? സമരക്കാരില്‍ ഒരാളായിരുന്ന പ്രീന പറയുന്നു. “അവര്‍ ഞങ്ങളെ അപമാനിക്കുകയായിരുന്നു, സ്ത്രീകളോട് മൊത്തത്തിലുള്ള അപമാനമായി അത് സമൂഹം കാണേണ്ടതായിരുന്നു, പക്ഷേ അതുണ്ടായില്ല. ഞങ്ങള്‍ കുറച്ചുപേരുടെ മാത്രം പ്രശ്‌നമായി നിന്നു. ഇതാണ് നമ്മുടെ നാട്ടില്‍ നടക്കുന്നത്. ആരാണോ സമരം ചെയ്യുന്നത്, അതവരുടെ മാത്രം പ്രശ്‌നമായി കണ്ട് മറ്റുള്ളവര്‍ മാറി നില്‍ക്കുകയാണ്. വലിയ വിഭാഗം മാറി നില്‍ക്കുമ്പോള്‍ ന്യൂനപക്ഷത്തിന്റെതാകും പോരാട്ടം. ചെറുസംഘങ്ങളെ എതിരാളികള്‍ക്ക് പരാജയപ്പെടുത്താം,സെസിലും നടന്നത് അതാണ്- പ്രീന പറയുന്നു.

എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തൊഴിലാളി സംഘടനകളുണ്ട്. പക്ഷേ അവര്‍ക്ക് അവരുടെതായ രാഷ്ട്രീയവുമുണ്ട്. ആ രാഷ്ട്രീയത്തോട് താതപര്യമുള്ളവരുടെ കാര്യത്തില്‍ മാത്രമാണ് സംഘടനകളുടെ സഹായം ഉണ്ടാവുന്നത്. തൊഴിലാളി എല്ലായിടത്തും ഒന്നാണെന്നു പറയുന്നതൊക്കെ വെറുതെയാണ്. ബഹുജന പിന്തുണ എന്നത് ഇന്ന് ഒരു സമരത്തിനും കിട്ടുന്നില്ല. പല ഘടകങ്ങളാണ് ഈ പിന്തുണ നിശ്ചയിക്കുന്നത്. സെസില്‍ തന്നെ മറ്റൊരു കമ്പനിയില്‍ ജോലി ചെയ്തിരുന്ന വാസന്തി ഇതുപോലെ സമരം ചെയ്തതിന് ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതയായ സ്ത്രീയാണ്. വാസന്തി ഉള്‍പ്പെടെ പതിനാലു പേരാണ് കമ്പനിയില്‍ നിന്നും പിരിയേണ്ടി വന്നത്. “മാനേജ്‌മെന്റ് അത്ര ശക്തമാണ്. ഞങ്ങളാകട്ടെ ആള്‍ബലം കൊണ്ടും പുറമെ നിന്നുള്ള പിന്‍ബലം കൊണ്ടും ദുര്‍ബലരും. പിന്നെ എങ്ങനെയാണ് അവരോട് ഏറ്റുമുട്ടി നില്‍ക്കാന്‍ പറ്റുന്നത്. ഒന്നുകില്‍ മാനേജ്‌മെന്റിന് കീഴടങ്ങി നില്‍ക്കുക, അല്ലെങ്കില്‍ പിരിഞ്ഞുപോവുക, നമ്മുടെ അഭിമാനം നോക്കുമ്പോള്‍ രണ്ടാമത്തെ വഴിയാണ് തെരഞ്ഞെടുക്കാന്‍ തോന്നുക- വാസന്തി പറയുന്നു.

നവമാധ്യമങ്ങളില്‍ കൂടിയെങ്കിലും കേരളം വളരെയേറെ ചര്‍ച്ച ചെയ്ത ഒരു സമരമായിരുന്നു തൃശൂര്‍ കല്യാണ്‍ സില്‍ക്‌സിലെ സെയില്‍സ് ഗേള്‍സ് നടത്തിയ ഇരിക്കല്‍ സമരം. രണ്ടര മാസത്തോളം നീണ്ടു നിന്ന സമരം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ തൊഴിലാളി ചൂഷണം നടക്കുന്നയിടം ടെക്‌സറ്റൈല്‍ ഷോപ്പുകളാണ്. രാവിലെ 8.30-9 മണി മുതല്‍ വൈകിട്ട് 6-7 മണി വരെ നീളുന്ന ജോലി സമയത്ത് ഒന്നിരിക്കാന്‍ പോലും അനുവാദമില്ലാതെ കഷ്ടപ്പെടുന്നവരാണ് സെയില്‍സ് ഗേള്‍സ്. ആര്‍ത്തവ സമയത്തുപോലും കഠിനമായ വേദന സഹിച്ചു നിന്നു ജോലി ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ തുണിക്കടകളില്‍ ഉണ്ടെന്നത് നാം ശ്രദ്ധിക്കുന്നതു തന്നെ കല്യാണിലെ ഇരിക്കല്‍ സമരത്തിലൂടെയായിരുന്നു. ആ നിലയ്ക്ക് വലിയൊരു തൊഴില്‍ പീഢനം പുറംലോകത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ അവിടുത്തെ സ്ത്രീ തൊഴിലാളികള്‍ക്ക് കഴിഞ്ഞെങ്കിലും അവരുടെ പ്രശ്‌നത്തില്‍ മുന്‍ പറഞ്ഞതുപോലെ രാഷ്ട്രീയ-സാമൂഹിക ഇടപെടല്‍ ഫലപ്രദമായി ഉണ്ടായില്ല. കല്യാണ്‍ എന്ന മനേജ്‌മെന്റിനോട് അവര്‍ക്ക് 90 ദിവസത്തിനടുത്ത് സമരം ചെയ്യേണ്ടി വന്നതും അതുകൊണ്ടാണ്. ഇവിടെയും പ്രശ്‌നം ആ സ്ത്രീകളുടെതു മാത്രമായി ഒതുങ്ങുകയും ബാക്കിയുള്ളവര്‍ കാഴ്ച്ചക്കാരും കേള്‍വിക്കാരുമായി മാറി നില്‍ക്കുകയും ചെയ്തു.

നിലനില്‍ക്കുന്ന നിയമ വ്യവസ്ഥിതി പ്രകാരം സ്ത്രീ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും തൊഴിലിടങ്ങളില്‍ അവര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും വളരെ സജീവമായ ഒരു ചര്‍ച്ച തുടങ്ങി വയ്ക്കാന്‍ ഇരിക്കല്‍ സമരത്തിനു കഴിഞ്ഞു എന്നതാണ് ആ സമരത്തിന് പിന്നീട് കിട്ടിയ പ്രസക്തി. പക്ഷേ തൊഴിലാളിക്ക് അനുകൂലമായ ന്യായ വ്യവസ്ഥകള്‍ എല്ലാം പാലിക്കപ്പെടുന്നുണ്ടെന്നും സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളില്‍ ലഭിക്കേണ്ടുന്ന അവകാശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും നമുക്ക് ഉറപ്പു വരുത്താന്‍ കഴിഞ്ഞില്ല. അതിന്റെ ഫലമായിരുന്നു ആലപ്പുഴ സീമാസില്‍ ഉണ്ടായ തൊഴിലാളി സമരം. കല്യാണിലേതിനു സമാനമായിരുന്നു സീമാസിലെ തൊഴില്‍ പീഡനങ്ങളും. ഇവിടെ തൊളിലാളികള്‍ക്ക് പരസ്പരം സംസാരിക്കാന്‍ പോലും അനുവാദമില്ലായിരുന്നു. മുതലളി എഴുതിവച്ചിരിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് പിഴത്തുക അടയ്‌ക്കേണ്ട സാഹചചര്യം. എന്നാല്‍ സീമാസിലെ സമരത്തില്‍ കണ്ടൊരു അത്ഭുതം, സിഐടിയുവിന്റെ ഇടപെടലായിരുന്നു, തോമസ് ഐസക് എംഎല്‍എയുടെ പിന്തുണയും പാര്‍ട്ടി സമരത്തിനു നല്‍കിയ സഹായവും സീമാസിലെ പ്രശ്‌നങ്ങള്‍ അധികം നീളാതെ അവസാനിപ്പിക്കാന്‍ കാരണമായി. പക്ഷേ അവിടെ ഉയര്‍ന്നൊരു ചോദ്യം, ഇതേ സമീപനം എന്തുകൊണ്ട് കല്യാണില്‍ ഉണ്ടായില്ല എന്നതാണ്.

രാഷ്ട്രീയത്തിന് അതിന്റെതായ താതപര്യമുണ്ട്. ആ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു നോക്കിയാണ് പിന്തുണകളും സഹായങ്ങളും അവര്‍ നല്‍കുന്നത്. ഇവിടെയാണ് തൊഴിലാളി ഐക്യം എന്ന മുദ്രാവാക്യം താമശയായി തോന്നുന്നത്. തൊഴിലാളികള്‍ കമ്പാര്‍ട്ട്‌മെന്റലൈസ് ചെയ്യപ്പെടുമ്പോള്‍ മുതലാളിത്തമെന്ന ഒറ്റശക്തിക്ക് അവരെ വേഗത്തില്‍ പരാജയപ്പെടുത്താം. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍. കേരളം സമീപകാലത്ത് നിരവധി സമരങ്ങളാണ് കണ്ടത്. അതെല്ലാം ഒറ്റപ്പെട്ട സമരങ്ങളായി മാറിപ്പോയത് അവിടെ പൊതുതാത്പര്യം പ്രകടമാക്കപ്പെടാതെ പോയതു കൊണ്ടാണ്. അതെന്തുകൊണ്ട് എന്നതാണ് നാം ഗൗരവമായി ചര്‍ച്ച ചെയ്യേണ്ടത്. തൊഴിലാളി ദിനം എന്നത് കേവലം കലണ്ടറില്‍ ചുവപ്പില്‍ അടയാളപ്പെടുന്ന ഒരു അവധി ദിവസമല്ല. കാതലില്ലാത്ത ഒരു മുദ്രാവാക്യം വിളിയില്‍ ഇവിടെ തൊഴിലാളികള്‍ ഐക്യപ്പെടുന്നുമില്ല.

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് ലേഖകന്‍)

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍