UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബിഎംഎസിനെ ഇനി തൊഴിലാളി സംഘടനയെന്ന് വിളിക്കാമോ?

Avatar

അഴിമുഖം പ്രതിനിധി

രാജ്യമൊട്ടാകെ തൊഴിലാളി സംഘടനകളുടെ പൊതുപണിമുടക്ക് നടക്കുന്ന ദിവസം (കഴിഞ്ഞ 6 മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിച്ചതാണിത്) ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ കുത്തകയുടെ പരസ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യക്ഷപ്പെട്ടതും തൊഴിലാളി സമരത്തെ വഞ്ചിച്ചുകൊണ്ട് സംഘപരിവാറിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ് സര്‍ക്കാരിനൊപ്പം നിന്നതും ഒട്ടും യാദൃശ്ചികമല്ല.

1955-ല്‍ സംഘപരിവാര്‍ ബുദ്ധിജീവി ഡി ബി ഡെംഗ ഡി രൂപം കൊടുത്ത ബിഎംഎസ് തൊഴിലാളിവര്‍ഗ ആശയത്തെയും കാള്‍ മാര്‍ക്സിന്റെ വര്‍ഗ സിദ്ധാന്തത്തെയുമൊക്കെ തള്ളിക്കളയുന്നു. പകരം, എല്ലാ മേഖലകളിലും തൊഴിലാളികള്‍ക്കെതിരായ അനീതിക്കെതിരാണ് തങ്ങളെന്ന് അവര്‍ അവകാശപ്പെടുന്നു. “അരാഷ്ട്രീയമാണ് എന്നതുകൊണ്ട് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഏത് സര്‍ക്കാരിനോടുമുള്ള സമീപനം ഉത്തരവാദിത്തമുള്ള സഹകരണത്തിന്‍റേതായിരിക്കും,” ബിഎംഎസ് പറയുന്നു.

2015-ലും 2016-ലും നടന്ന പൊതുപണിമുടക്കുകള്‍ക്ക് മുമ്പേ ബിഎംഎസ് സര്‍ക്കാരുമായി പിന്‍വാതില്‍ ഒത്തുതീര്‍പ്പ്ചര്‍ച്ചകള്‍ നടത്തി. കഴിഞ്ഞ 10 വര്‍ഷമായി സര്‍ക്കാരിന് മുന്നില്‍ കെട്ടിക്കിടക്കുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാരിന് വീണ്ടും സമയം നല്‍കണമെന്ന പക്ഷക്കാരായിരുന്നു അവര്‍. പക്ഷേ ഇത്തവണ സംഘപരിവാര്‍ തൊഴിലാളി സംഘടനക്ക് മേലുള്ള സമ്മര്‍ദം കൂടുതല്‍ വ്യക്തമായിരുന്നു. അരുണ്‍ ജെയ്റ്റ്ലി പി. ചിദംബരത്തെപ്പോലെയാണ് പെരുമാറുന്നതെന്ന് പറഞ്ഞ ഒരു തൊഴിലാളി സംഘടനയ്ക്ക് അതിന്റെ കേന്ദ്ര സമിതിയുടെ തീരുമാനം പോലും മാറ്റേണ്ടിവന്നു. ബിഎംഎസിന്റെ ചില അവകാശവാദങ്ങളും യാഥാര്‍ത്ഥ വസ്തുതകളും താഴെ വിശദീകരിക്കുന്നു. 

ബിഎംഎസ് അവകാശവാദം: ബോണസ് ഭേദഗതി നിയമം കര്‍ശനമായി നടപ്പാക്കും. പുതുക്കിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് 2014-15, 2015-16 വര്‍ഷത്തേക്കുള്ള ബോണസ് കേന്ദ്ര സര്‍ക്കാര്‍ നല്കും. ഇത് സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും.

വസ്തുത: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കഴിഞ്ഞ വര്‍ഷങ്ങളിലെ ബോണസ് നല്‍കുന്നത് കേന്ദ്രസര്‍ക്കാരിന്റെ മഹാമനസ്കതയൊന്നുമല്ല. ബോണസ് നല്‍കല്‍ നിയമപ്രകാരം ഉയര്‍ത്തിയ പരിധി നടപ്പാക്കാനാണ് സര്‍ക്കാര്‍ അത് ചെയ്തത്. അതവര്‍ ഏറെ മുമ്പുതന്നെ ചെയ്യേണ്ടതായിരുന്നു. സര്‍ക്കാര്‍ കുറെ ആവശ്യങ്ങള്‍ പരിഗണിക്കുന്നു എന്ന തോന്നലുണ്ടാക്കാനുള്ള തട്ടിപ്പായാണ് ഇപ്പോള്‍ ഈ ഉത്തരവ് പ്രസിദ്ധീകരിച്ചത്. ഇത് സംബന്ധിച്ച കോടതി വ്യവഹാരങ്ങള്‍ കണക്കിലെടുത്താല്‍ പാര്‍ലമെന്‍റ് അംഗീകരിച്ച നിയമത്തെ ന്യായീകരിക്കുകയും നടപ്പാക്കേണ്ടതും കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇതിനവര്‍ക്ക് പ്രത്യേക നേട്ടമൊന്നും അവകാശപ്പെടാനില്ല. മധ്യപ്രദേശിലെയും രാജസ്ഥാനിലേയും ബിജെപി സര്‍ക്കാരുകള്‍ അവര്‍ക്ക് ബാധകമല്ലാത്ത കേരള, കര്‍ണാടക ഹൈക്കോടതി വിധികള്‍ ചൂണ്ടിക്കാട്ടി ബോണസ് നിയമം 2014-15 വര്‍ഷത്തില്‍ നടപ്പാക്കുന്നത് നിര്‍ത്തിവെച്ചു എന്നുകൂടി അറിഞ്ഞാലെ ഈ നടപടിയിലെ കാപട്യം പൂര്‍ണമായി വെളിച്ചത്താകൂ.

ബിഎംഎസ് അവകാശവാദം: കേന്ദ്ര തൊഴില്‍ സഹമന്ത്രിയുടെ അദ്ധ്യക്ഷതയില്‍  കേന്ദ്ര തലത്തില്‍ അടിസ്ഥാന കുറഞ്ഞകൂലി (minimum wages) നിശ്ചയിക്കുന്നതിന് ചേര്‍ന്ന, കുറഞ്ഞകൂലി ഉപദേശക സമിതിയുടെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ‘സി’ വിഭാഗത്തില്‍പ്പെട്ട അവിദഗ്ധ, കാര്‍ഷികേതര തൊഴിലാളികള്‍ക്ക് കുറഞ്ഞ കൂലി പ്രതിദിനം 350 രൂപയാക്കി നിശ്ചയിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

വസ്തുത: കേന്ദ്ര തലത്തിലെ തൊഴിലാളികളുടെ കുറഞ്ഞ കൂലി 42 ശതമാനം ഉയര്‍ത്തിയെന്ന് തൊഴില്‍ മന്ത്രി പ്രഖ്യാപിച്ചതായാണ് അവകാശവാദം. എന്നാലത് തൊഴിലാളികളെ സംബന്ധിച്ചും രാജ്യത്തെ എല്ലാ തൊഴിലാളികള്‍ക്കും പ്രതിമാസം കുറഞ്ഞ വേതനം 18,000 രൂപയാക്കണമെന്ന് ആവശ്യപ്പെടുന്ന തൊഴിലാളി സംഘടനകളെ സംബന്ധിച്ചും എന്താണര്‍ത്ഥമാക്കുന്നത്? ‘സി’ വിഭാഗത്തിലെ തൊഴിലാളികളുടെ കുറഞ്ഞ വേതനം 18,000 രൂപയാകുമ്പോള്‍ ‘ബി’, ‘എ’ വിഭാഗങ്ങളില്‍ അതിന്റെ അനുപാതത്തില്‍ ഉയര്‍ന്ന് യഥാക്രമം 22,320 രൂപയും 26,500 രൂപയും ആകുന്നു. എന്നാല്‍ ‘സി’,‘ബി’,‘എ’ വിഭാഗങ്ങളില്‍ യഥാക്രമം 9,100 രൂപ, 11,362, 13,598 എന്നാണ് സര്‍ക്കാര്‍ വാഗ്ദാനം. ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകള്‍ കഴിഞ്ഞ അഞ്ചുവര്‍ഷമായി ആവശ്യപ്പെട്ടതിന്റെ പകുതിപോലും ആകുന്നില്ല ഇത് എന്നതാണു വാസ്തവം. ഇക്കഴിഞ്ഞ ആഗസ്ത് 29-നു നടന്ന ഉപദേശക സമിതി യോഗത്തിലും അവരിത് ശക്തമായി ആവശ്യപ്പെട്ടിരുന്നു. തങ്ങളുടെ ആവശ്യങ്ങളെ ഇങ്ങനെ അപഹാസ്യമായ രീതിയില്‍ ഒതുക്കിക്കെട്ടിയ ഒരു സര്‍ക്കാര്‍ തീരുമാനത്തെ ഇത്ര  ലജ്ജാരഹിതമായി സ്വീകരിക്കാന്‍ ഒരു തൊഴിലാളി സംഘടനക്ക് എങ്ങനെയാണ് കഴിയുന്നത്?

 

ബി എം എസ് അവകാശവാദം: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ നല്‍കുന്നതിനെക്കുറിച്ച്  (അംഗന്‍വാടി, ഉച്ചഭക്ഷണ പദ്ധതി, ആഷ സന്നദ്ധ സേവകര്‍) ഒരു സമിതി പരിശോധിച്ചു എത്രയും വേഗം റിപ്പോര്‍ട് നല്കും.

 

വാസ്തവം: അംഗന്‍വാടി, ഉച്ചഭക്ഷണ പദ്ധതി, ആഷ സന്നദ്ധ സേവകര്‍ തുടങ്ങിയവര്‍ക്ക് കുറഞ്ഞ കൂലിക്കുള്ള അവകാശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇവരെല്ലാം സന്നദ്ധ സേവകരാണെന്നും തൊഴിലാളികളല്ലെന്നും പറഞ്ഞു തള്ളിക്കളയുകയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ചെയ്തത്. ഈ പദ്ധതി പ്രവര്‍ത്തകരെ തൊഴിലാളികളായി കണക്കാക്കി കുറഞ്ഞ കൂലിയും മറ്റ് ആനുകൂല്യങ്ങളും ഉറപ്പുവരുത്തണമെന്ന മുന്‍ ഇന്ത്യന്‍ തൊഴില്‍ സമ്മേളനത്തിന്റെ ആവശ്യം എന്‍ഡിഎ ഭരണകാലത്ത് നടന്ന 46-മത് സമ്മേളനത്തിലും ആവര്‍ത്തിച്ചിരുന്നു.

പദ്ധതി പ്രവര്‍ത്തകര്‍ക്ക് സാമൂഹ്യ സുരക്ഷാ ആനുകൂല്യങ്ങള്‍ നല്കാന്‍ ഒരു സമിതി ഉണ്ടാക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞു. ഏതാണ്ട് ഇതേ പ്രസ്താവന ഒരു വര്‍ഷം മുമ്പും (2015 ആഗസ്റ്റ് 26-27) പണിമുടക്കിന് മുന്നോടിയായി ധനമന്ത്രി നടത്തിയിരുന്നു. ഒന്നും ചെയ്തില്ല. മറിച്ച് അംഗന്‍വാടി, ഉച്ചഭക്ഷണ  ജീവനക്കാരുടെ തുച്ഛമായ പ്രതിമാസവേതനത്തില്‍ നിന്നും 250 രൂപ പിടിച്ചാണ് (ശമ്പളത്തിന്റെ 8.33 ശതമാനം, അംഗനവാടി സഹായികളുടെ ശമ്പളത്തിന്റെ 16 ശതമാനവും ഉച്ചഭക്ഷണ ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനവും വരുമിത്) തികച്ചും ഭാഗികമായ ESI ആനുകൂല്യങ്ങള്‍ നല്കിയത്. ESIC നിയമത്തിന്നു കീഴില്‍ വരുന്ന തൊഴിലാളികള്‍ എല്ലാവിധ ESI ആനുകൂല്യങ്ങള്‍ക്കുമായി ശമ്പളത്തിന്റെ 1.75 ശതമാനം നല്‍കുന്ന സമയത്താണിത്. സാമൂഹ്യസുരക്ഷാ അനുകൂല്യങ്ങള്‍ അവര്‍ക്ക് നിഷേധിക്കാനുള്ള ഈ തട്ടിപ്പാണ് ഇപ്പോഴും തുടരുന്നത്.

 

ബിഎംഎസ് അവകാശവാദം: തൊഴിലാളി സംഘടനകളുടെ രെജിസ്ട്രേഷന്‍ 45 ദിവസത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും നിര്‍ദേശം നല്കും.

 

വാസ്തവം: ഇതിന് നിയമപരമായി അനുസരിക്കേണ്ട ബാധ്യത ഉണ്ടാകില്ല. ബിഎംഎസ് അടക്കം ഇന്നലെ വരെ ആവശ്യപ്പെട്ടിരുന്നത് നിയമപരമായ ബാധ്യതയുള്ള സംവിധാനമായിരുന്നു. പക്ഷേ തൊഴില്‍ നിയമപരിഷ്കരണത്തില്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഒരു തൊഴിലാളി സംഘടന രെജിസ്റ്റര്‍ ചെയ്യുന്നത് ഏതാണ്ട് അസാധ്യമാക്കുന്ന തരത്തിലുള്ളതാണ്.

 

ബിഎംഎസ് അവകാശവാദം: കരാര്‍ തൊഴിലാളികളെയും അവരെ ഏര്‍പ്പാടാക്കുന്ന ഏജന്‍സികളുടെയും രെജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കും. സംസ്ഥാനങ്ങള്‍ക്ക് ഇത് നടപ്പാക്കാന്‍ കര്‍ശന നിര്‍ദേശം നല്കും. പിഴവ് വരുത്തുന്ന കരാറുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും.

 

വാസ്തവം: കരാര്‍ തൊഴിലാളികള്‍ക്കും തുല്യവേതനം ഉറപ്പുവരുത്തണമെന്നും കരാര്‍വത്കരണം തൊഴില്‍രംഗത്തുനിന്നും ഒഴിവാക്കണമെന്നും തൊഴിലാളി സംഘടനകള്‍ ആവശ്യപ്പെടുന്നു. ഉദാഹരണത്തിന്, എണ്ണ, പ്രകൃതിവാതക മേഖലയില്‍ തൊഴിലെടുക്കുന്ന 1.65 ലക്ഷം പേരില്‍ 60 ശതമാനം കരാര്‍ തൊഴിലാളികളാണ്. തോട്ടം മേഖലയിലെ 20 ലക്ഷം തൊഴിലാളികളില്‍ പകുതിയോളവും കരാര്‍ പണിക്കാരാണ്.

 

അതുകൊണ്ട് തൊഴിലാളികളുടെ ആവശ്യങ്ങള്‍ സംബന്ധിച്ച് സര്‍ക്കാരും ബിഎംഎസും നടത്തിയ പ്രഖ്യാപനങ്ങള്‍ വെറും തട്ടിപ്പ് മാത്രമാണ്. പണിമുടക്കിന്റെ തലേന്ന് ജനങ്ങളെയും തൊഴിലാളികളെയും പറ്റിക്കാനും ആശയക്കുഴപ്പത്തിലാക്കാനുമുള്ള സ്ഥിരം നാടകമായിരുന്നു അത്. ഇത്തവണ പണിമുടക്കില്‍ പങ്കെടുത്ത 18 കോടിയോളം തൊഴിലാളികള്‍ക്ക് ഈ ദല്ലാള്‍പ്പണിയുടെ തട്ടിപ്പുകള്‍ പുതുമയല്ല. അതുകൊണ്ടുതന്നെ 2015-ലേതിനേക്കാള്‍ മൂന്നു കോടി തൊഴിലാളികള്‍ ഇത്തവണ കൂടുതലായി പണിമുടക്കി. പല ബി എംഎസ് അഫിലിയേറ്റഡ് സംഘടനകളും പണിമുടക്കില്‍ പങ്കെടുത്തു.

 

ഇതൊക്കെയായാലും മൂന്നു കോടി തൊഴിലാളികള്‍ അംഗങ്ങളായ, ലോകത്തിലെ തന്നെയും വലിയ തൊഴിലാളി സംഘടനയുമാണ് ബി എം എസ്. ഇത് ഇടതു തൊഴിലാളി സംഘടനകളുടെ കണ്ണു തുറപ്പിക്കേണ്ട കാര്യമാണ്. ചില സമയങ്ങളില്‍ പൊളിറ്റിക്കല്‍ ഇക്കോണമി വര്‍ഗീയതയ്ക്കെതിരായ പ്രതിരോധമൊരുക്കും. തൊഴിലാളികള്‍ക്കൊപ്പമല്ല കുത്തക കോര്‍പ്പറേറ്റ് വ്യവസായ സ്ഥാപനങ്ങള്‍ക്കും അത്തരം വ്യവസായ കുത്തകകള്‍ തീറ്റിപ്പോറ്റുന്ന കേന്ദ്രസര്‍ക്കാരിനുമൊപ്പമാണ് തങ്ങളെന്ന് ബിഎംഎസ് നിരന്തരം തെളിയിക്കുകയാണ്. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍