UPDATES

യാത്ര

‘പ്രണയത്തിന്റെ ദ്വീപി’ലേക്ക് സഞ്ചാരികളെ ആകർഷിക്കാൻ വൻ പദ്ധതിയുമായി ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥ

ടൂറിസം മേഖലയെ വളർത്താനുള്ള പദ്ധതിയാണെങ്കിലും അത് അടിസ്ഥാന സൗകര്യ വികസനമെന്ന രാജ്യത്തിന്റെ എക്കാലത്തെയും വലിയ പ്രതിസന്ധിക്കും ഒരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ

‘പ്രണയത്തിന്റെ ദ്വീപ്’ എന്നാണ് ഇന്തോനേഷ്യയിലെ ബാലി അറിയപ്പെടുന്നത്. ‘സമാധാനത്തിന്റെ ദീപ്,’ ‘ദൈവത്തിന്റെ ദ്വീപ്,’ ‘ഹൈന്ദവ ദ്വീപ്’ എന്നൊക്കെ ബാലിക്ക് വിളിപ്പേരുകളുണ്ട്. പാരമ്പര്യ കലകളാലും, ശില്പ ചാതുര്യത്താലും സമ്പന്നമായ ബാലി വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്.

ബാലിയെ കൂടുതൽ അണിയിച്ചൊരുക്കി സഞ്ചാരികളെ ആകർഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകൂടിയായ ഇന്തോനേഷ്യ. അതിനായി പ്രസിഡന്റ് ജോക്കോ വിഡോഡോ അതിബൃഹത്തായൊരു പദ്ധതി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ്. ’10 ന്യൂ ബാലീസ്’ എന്നാണ് പദ്ധതിയുടെ പേര്. വിമാനത്താവളങ്ങളുടെ നവീകരണം, പുതിയ അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണം, തിരഞ്ഞെടുത്ത കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത സംവിധാനം വികസിപ്പിക്കൽ എന്നിവയെല്ലാം പദ്ധതിയുടെ പ്രഥമ പരിഗണനാ വിഷയങ്ങളാണ്. പദ്ധതി വിജയിച്ചാൽ ഇന്തോനേഷ്യയിലെ 18,307 ദ്വീപുകളിലേക്കും അത് വ്യാപിപ്പിക്കും. 40% ൽ കൂടുതൽ സന്ദർശകർ, അതായത് ആറ് ദശലക്ഷം ആളുകളാണ്, കഴിഞ്ഞ വർഷം മാത്രം ബാലി സന്ദർശിച്ചത്. ഈ പ്രാധാന്യം കണക്കിലെടുത്തു കൊണ്ടാണ് ’10 ന്യൂ ബാലീസ് അവതരിപ്പിച്ചിരിക്കുന്നത്. ഒപ്പം ബാലി സന്ദർശിക്കുന്നവരെ മറ്റു ദ്വീപുകളും സന്ദർശിക്കാൻ പ്രേരിപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്.

ടൂറിസം മേഖലയെ വളർത്താനുള്ള പദ്ധതിയാണെങ്കിലും അത് അടിസ്ഥാന സൗകര്യ വികസനമെന്ന രാജ്യത്തിന്റെ എക്കാലത്തെയും വലിയ പ്രതിസന്ധിക്കും ഒരു പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. നുസ തെൻഗാരയിലെ ലോംബോക് മണ്ഡലികയും ലബാൻ ബാജോയും, ജാവയിലെ തൻജംഗ് ലെസുങ് ബീച്ച്, നോർത്ത് സുമാത്രയിലെ തോബ തടാകം, ജക്കാർത്തയിലെ ആയിരം ദ്വീപുകൾ, തൻജംഗ് കേലയാംഗ് ബാന്റനിലെ ബീച്ച്, വടക്കൻ മാലുക്കിലെ വകടോബി, മൊറോട്ടായ് ദ്വീപ് തുടങ്ങിയവയെല്ലാം പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കും.

യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ ബോറോബുദൂർ ക്ഷേത്ര സമുച്ചയത്തിലേക്കും സമീപത്തുള്ള യോഗകാർത്തയിലേക്കും യാത്രക്കാർക്ക് കൂടുതൽ എളുപ്പത്തിൽ എത്തിച്ചേരാനുള്ള സൗകര്യമൊരുക്കും. യോഗകാർത്തയിൽ ഈ വർഷം അവസാനം തുറക്കാനിരിക്കുന്ന രണ്ടാമത്തെ വിമാനത്താവളം കൂടുതൽ സഞ്ചാരികളെ രാജ്യത്തേക്ക് എത്തിക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍