UPDATES

ന്യൂസ് അപ്ഡേറ്റ്സ്

യുദ്ധങ്ങളും കലാപങ്ങളും: കുടിയിറക്കപ്പെട്ടവരുടെ എണ്ണം 68.5 ദശലക്ഷം

2017 അവസാനത്തോടെ 68.5 ദശലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്.

യുദ്ധങ്ങളും അക്രമങ്ങളും മൂലം കുടിയിറക്കപ്പെട്ടവരുടെ എണ്ണം 2017-ല്‍ 68.5 ദശലക്ഷമായി ഉയർന്നതായി യുഎന്‍ മനുഷ്യാവകാശ സംഘടനയുടെ റിപ്പോര്‍ട്ട്. തൊട്ടു മുന്‍പത്തെ വര്‍ഷത്തെ അപേക്ഷിച്ച് 2.9 മില്യൻ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

ഈ നിരക്ക് തുടര്‍ച്ചയായി അഞ്ചാമത്തെ വര്‍ഷവും ഉയര്‍ന്നുതന്നെ നില്‍ക്കുകയാണെന്നും ഒരു വര്‍ഷത്തിനുള്ളിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമാണ് നടന്നതെന്നും അഭയാർഥികൾക്കായുള്ള യുഎൻ ഹൈക്കമ്മീഷണർ പറഞ്ഞു.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ പ്രതിസന്ധിയും, തെക്കൻ സുഡാനിലെ യുദ്ധവും, ബംഗ്ലാദേശിലേക്ക് മ്യാന്മറിൽ നിന്നുള്ള റോഹിങ്ക്യ അഭയാർഥി പ്രവാഹവുമൊക്കെയാണ് ഈ നിലയ്ക്കുള്ള വര്‍ധനവിലേക്കെത്തിച്ചത് എന്നാണ് വിലയിരുത്തുന്നത്. വികസ്വര രാജ്യങ്ങളേയാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നതെന്നും അഭയാർഥി സംരക്ഷണവുമായി ബന്ധപ്പെട്ട പുതിയ ആഗോള കരാർ അനിവാര്യമാണെന്നും ലോക അഭയാര്‍ത്ഥി ദിനത്തില്‍ യു.എൻ.എച്.സി.ആർ പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2017 അവസാനത്തോടെ 68.5 ദശലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. സംഘർഷങ്ങളില്‍നിന്നും പീഡനളില്‍നിന്നും രക്ഷനേടാനായി ഇതര രാജ്യങ്ങളിലേക്ക് ചേക്കേറിയത് മൊത്തം 25.4 മില്യൺ ആളുകളാണ്. ഓരോ ദിവസവും 44,500 പേരെ മാറ്റിപ്പാർപ്പിക്കേണ്ടിവരുന്നു. 2017-ല്‍ മാത്രം അഭയാര്‍ത്ഥികളാകാന്‍ വിധിക്കപ്പെട്ടവരുടെ എണ്ണം തായ് ലാന്‍ഡിലെ ജനസംഖ്യയോളം വരും. ലോക ജനസംഖ്യയുടെ ഓരോ 110-ൽ ഒരാൾ കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുയാണെന്ന ദുരന്ത യാഥാര്‍ഥ്യമാണ് റിപ്പോര്‍ട്ടിലൂടെ വ്യക്തമാക്കപ്പെടുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍